അമേരിക്കയിലെ ഭരണ‐പ്രതിപക്ഷ പാർട്ടികളുടെ ക്ഷണമനുസരിച്ച് അമേരിക്കയിലെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അവിടത്തെ പ്രധാന പരിപാടി അമേരിക്കൻ പാർലമെന്റിനെ അഭിസംബോധനചെയ്യലാണ്. ആദരണീയനായ വിശിഷ്‌ടാതിഥിയായാണ് നെതന്യാഹുവിനെ രണ്ട് ഭരണവർഗ പാർട്ടികളും കാണുന്നത്. നെതന്യാഹു പാർലമെന്റിനെ (കോൺഗ്രസ്) അഭിസംബോധന ചെയ്‌ത ജൂലൈ 24ന് അമേരിക്കൻ പാർലമെന്റ് സ്ഥിതിചെയ്യുന്ന വാഷിങ്‌ടണിലെ ക്യാപ്പിറ്റോൾ മന്ദിരത്തിനു ചുറ്റും പ്രതിഷേധപ്രകടനവുമായെത്തിയത് ആയിരക്കണക്കിനാളുകളാണ്. സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളും പലസ്‌തീൻ ഐക്യദാർഢ്യസംഘടനകളും സംയുക്തമായാണ് ഈ പ്രകടനത്തിന് ആഹ്വാനം നടത്തിയത്.
അതേസമയം തന്നെ നെതന്യാഹുവിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഡസൻകണക്കിന് കലാകാരരും ട്രേഡ് യൂണിയൻ നേതാക്കളും മാധ്യമപ്രവർത്തകരും പണ്ഡിതരും സർവകലാശാലാ അധ്യാപകരും രാഷ്‌ട്രീയപ്രവർത്തകരും ഒപ്പുവെച്ച ഒരു തുറന്ന കത്തും പ്രസിദ്ധീകരിക്കപ്പെട്ടു. ആ തുറന്ന കത്ത് അനസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘‘ഞങ്ങൾ, ഈ നാട്ടിലെ ജനങ്ങൾ ആവശ്യപ്പെടുന്നത് അന്താരാഷ്‌ട്ര നിയമങ്ങൾ അമേരിക്കയും നടപ്പാക്കണമെന്നും അതനുസരിച്ച് നെതന്യാഹുവിനെ അറസ്റ്റു ചെയ്യണമെന്നുമാണ്’’. ഫ്രെഡറിക് ജെയിംസണെപോലുള്ള അക്കാദമിക്കുകളും റോജർ വാട്ടേഴ്‌സിനെയും സാറാ റാമിറെസിനെയും പോലെയുള്ള മാധ്യമപ്രവർത്തകരും ഒട്ടേറെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളും ഈ തുറന്ന കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ♦