കൂടുതൽ ഉയരങ്ങളും ദൂരങ്ങളും താണ്ടാനുള്ള മനുഷ്യരാശിയുടെ അഭിലാഷമാണ് ഒളിമ്പിക്‌സ് എന്ന ലോക കായികമാമാങ്കത്തിൽ പ്രതിഫലിക്കുന്നത്. ഈ വർഷത്തെ ഒളിമ്പിക് ഗെയിംസ് നടക്കുന്ന പാരീസിൽ അത് പക്ഷേ, കുടിയേറ്റക്കാരും ദരിദ്രരും പാർശ്വവൽകൃതരുമായ വലിയൊരു ജനവിഭാഗം തങ്ങളുടെ പാർപ്പിടങ്ങളിൽനിന്ന് ആട്ടിയോടിക്കപ്പെടുന്നതിനിടയാക്കിയിരിക്കുകയാണ്. 2023 മുതൽ തന്നെ 2024ലെ ഒളിമ്പിക്‌സ് ഉദ്‌ഘാടനവേദിക്കും കായികതാരങ്ങളും ടൂറിസ്റ്റുകളും തങ്ങുന്ന ഇടങ്ങൾക്കും ചുറ്റുമുള്ള പ്രദേശങ്ങളിലെ പാവപ്പെട്ട മനുഷ്യരെയാകെ അവർ പാർത്തിരുന്ന ഇടങ്ങളിൽനിന്ന് ആട്ടിയോടിക്കാൻ തുടങ്ങിയിരുന്നു, ശരിക്കുമൊരു മുഖംമിനുക്കൽ പ്രക്രിയ.
ഏറ്റവും ഒടുവിലായി, 2024 സെപ്‌തംബറിൽ പാരീസിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പാരാ ഒളിമ്പിക്‌സ് മാരത്തോണിനായി പാരീസിന്റെ പ്രാന്തപ്രദേശങ്ങളിൽ കഴിയുന്ന റോമ വിഭാഗത്തിന്റെ (നാടോടികൾ) ക്യാമ്പുകളാണ് ഒഴിപ്പിക്കപ്പെടുന്നത്. ഇരുന്നൂറോളം റോമ വിഭാഗത്തിൽപെട്ടവർ ഒളിമ്പിക്‌സിനായി നേരത്തെ കുടിയിറക്കി പാർപ്പിച്ചിരിക്കുന്ന ഇടത്തിൽനിന്ന് വീണ്ടും ആട്ടിയോടിക്കപ്പെടുമെന്ന ആശങ്കയിലാണ്. അഞ്ചാംപനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും മറ്റു ഗുരുതരരോഗങ്ങളും നേരിടുന്നവർ ഉൾപ്പെടെ കുടിയിറക്കപ്പെടുന്നു; ഇവരിൽ ചെറിയ കുട്ടികളും വൃദ്ധരുമെല്ലാം ഉൾപ്പെടുന്നു.
2023 മുതൽ കുടിയൊഴിപ്പിക്കപ്പെട്ട 12,000ത്തിൽപരം ആളുകളിൽ മൂവായിരത്തിലധികം കുട്ടികളുമുണ്ട്. ഒളിമ്പിക്‌സ് തയ്യാറെടുപ്പുകളുടെ ഭാഗമായി ഒഴിപ്പിക്കപ്പെട്ടവരെ സംബന്ധിച്ച വിശദമായ കണക്കെടുപ്പ് Other side of the medal (മെഡലുകൾക്കുമപ്പുറം) എന്ന കൂട്ടായ്‌മ നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. താൽക്കാലികമായെങ്കിലും സംരക്ഷണം ലഭിക്കുന്നത് ഗർഭിണികൾക്ക് മാത്രമാണ്‐ സംരക്ഷണം കുടിയൊഴിപ്പിക്കലിൽനിന്നല്ല, മറിച്ച് അവർക്ക് എന്തെങ്കിലുമൊരു മേൽക്കൂരയ്‌ക്ക് കീഴിൽ കഴിയാൻ അവസരം നൽകുമെന്നു മാത്രം! ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ ഏതെങ്കിലുമൊരിടത്ത് സ്ഥിരമായി കഴിയാൻ പോലും അനുവദിക്കുന്നില്ല എന്നാണ് റോമ വിഭാഗത്തിന്റെ അനുഭവം കാണിക്കുന്നത്. മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞുപോലും ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ടവരിലുണ്ട്. പാരീസിൽ നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെ മുഖം കായികതാരങ്ങളിൽനിന്നും ടൂറിസ്റ്റുകളിൽനിന്നും മൂടിവെക്കാനാണ് മാക്രോൺ സർക്കാർ ഇത്തരത്തിൽ കൊടും ക്രൂരതകൾക്ക് തുനിയുന്നത്. ♦