Monday, November 25, 2024

ad

Homeചിത്രകലകാഴ്‌ചാനുഭവങ്ങൾ രൂപവർണങ്ങളാകുമ്പോൾ

കാഴ്‌ചാനുഭവങ്ങൾ രൂപവർണങ്ങളാകുമ്പോൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

സംസ്‌കാരം വളരുന്നതും വികാസം പ്രാപിക്കുന്നതും പ്രകൃതിയിലൂടെ, മനുഷ്യരിലൂടെ വിവിധ കലാവിഷ്‌കാരങ്ങളിലൂടെയുമാണ്‌. ഇതര കലകളെന്നപോലെ ചിത്ര‐ശിൽപകലകളുടെ വളർച്ചയും ഈയൊരു കലാവഴികൾ തന്നെയാണ്‌ പിൻബലമാകുന്നത്‌. മാത്രമല്ല, കലകളിലെ വികാസപരിണാമ ഘട്ടങ്ങൾക്ക്‌ തുടക്കമാവുന്നു. ഒപ്പം ചിത്ര‐ശിൽപകലകൾക്ക്‌ പ്രാധാന്യമർഹിക്കുകയും ചെയ്യുന്നു. നമ്മുടെ നാടിന്റെ ഊർജം പേറുന്ന കലകൾ, നമ്മുടെ ചുറ്റുപാടുകളെ, ജീവിതാവബോധ മുഹൂർത്തങ്ങളെ മാത്രമല്ല, അമ്പരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ലോകക്കാഴ്‌ചകൾ വരെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉൾക്കരുത്തിൽ ഇഴചേർത്തുകൊണ്ട്‌ സർഗാത്മകമാകുന്നു. ഇന്നിപ്പോൾ ഇത്തരം ചിന്തകൾ സജീവമാകുന്ന കാലത്താണ്‌ ചിത്രശിൽപകാരർ മണ്ണിലും ജീവനിലും വേരൂന്നിനിന്ന്‌ തുടിക്കുന്ന ജനതയുടെ ജീവിതം ആവിഷ്‌കരിക്കുന്നത്‌. ആശയപരമായ ഒരു ലോകത്തുനിന്ന്‌ കലാവിഷ്‌കാരങ്ങൾ രൂപമെടുക്കുന്നത്‌ എന്നതുപോലെയാണ്‌ ആശയങ്ങൾക്കപ്പുറത്തേക്കുള്ള ജാലകങ്ങൾ തുറന്ന്‌ പുതിയ കാഴ്‌ചകൾ നമ്മെ കാട്ടിത്തരുന്ന പ്രമുഖരായ ചിത്രകാരർ/കലാകാരർ. അവർക്കിടയിലൊരാളാണ്‌ ശ്രദ്ധേയനായ ചിത്രകാരൻ ഗായത്രി: അടിക്കുറിപ്പിനോട്‌ ചേർന്നും അടിക്കുറിപ്പില്ലാതെയും ആസ്വാദകരുമായി സംവദിക്കാൻ കഴിയുന്ന ചിത്രപരമ്പരകളാണ്‌ ഗായത്രി പലപ്പോഴും ഒരുക്കിയിട്ടുള്ളത്‌. അമ്പതുവർഷത്തെ തന്റെ കലാജീവിതത്തിന്റെ പരിഛേദമാകുന്നു ആഗസ്‌ത്‌ മാസം കൊച്ചി ദർബാർ ഹാൾ ഗ്യാലറിയിൽ ഒരുക്കിയിട്ടുള്ള ഏകാംഗ ചിത്രപ്രദർശനം. ചിത്രകാരനെന്നതിലുപരി മികച്ച നോവലിസ്റ്റും ശിൽപിയും അധ്യാപകനുമാണ്‌ ഗായത്രി.

ഗായത്രിയുടെ ചിത്രങ്ങൾ, തന്റെ അതിതീവ്രമായ കാഴ്‌ചാനുഭവങ്ങളെ സമകാലികതയിലേക്കും സാംസ്‌കാരിക‐രാഷ്‌ട്രീയാവബോധത്തിലേക്കും നമ്മെ കൂട്ടുന്നവയാണ്‌. കാലികമായ ഓർമപ്പെടുത്തലുകൾ ചിത്രതലങ്ങളിൽ നമുക്ക്‌ വായിച്ചെടുക്കാനാവുന്നു. എന്താണ്‌ ഗായത്രിയുടെ കലയിലെ കരുത്ത്‌? വർണോത്സവത്തിന്‌ പ്രാധാന്യമുള്ളവയാണ്‌ അദ്ദേഹത്തിന്റെ പ്രർശനത്തിലുള്ള കൂടുതൽ ചിത്രങ്ങളും. സമൂഹത്തിലെ കാഴ്‌ചകൾ, പ്രകൃതി കാഴ്‌ചകൾ, നിത്യജീവിത കാഴ്‌ചകൾ ഇവയൊക്കെച്ചേർന്ന രൂപവർണ പ്രയോഗത്തിൽ ഗായത്രി കാലത്തെ കാഴ്‌ചകളിൽ ഗ്രാമവഴികളും, വയൽവരമ്പും, ജലാശയങ്ങളും പച്ചപ്പിന്റെ വിവിധ ടോണുകളും ചേരുന്ന ചിത്രങ്ങൾ ആസ്വാദകനെ കൂടി ചേർത്തുപിടിച്ചുകൊണ്ടാണ്‌ പൂർണ പ്രാപിക്കുന്നത്‌. ഇവിടെ പ്രകൃതിയുമായി ആസ്വാദകൻ സംവദിക്കുകയും ചെയ്യുന്നു. അതിജീവനത്തിന്റെ ഉൾക്കരുത്തോടെയാണ്‌ പ്രകൃതിയെയും മനുഷ്യനെയും തന്റെ ചിത്രങ്ങളിൽ ഗായത്രി ആവാഹിച്ച്‌ അവതരിപ്പിച്ചിരിക്കുന്നത്‌. രേഖകളെക്കാൾ ശക്തമായ നിറക്കടുപ്പം സ്വതന്ത്രമായൊഴുകുന്ന പുഴപോലെ ഭാവനയുടെ സ്വതന്ത്രമായ കൽപനകൾ ദൃശ്യമാക്കിത്തരുന്നു.

പ്രതിഷേധത്തിന്റെ/പ്രതിരോധത്തിന്റെ രേഖാരൂപങ്ങളും ഗായത്രി ആവാഹിച്ചവതരിപ്പിക്കുന്നുണ്ട്‌. പാരമ്പര്യത്തെ അട്ടിമറിക്കാനോ പുതിയ ശൈലീസങ്കേതങ്ങൾ മാറ്റിമറിക്കാനോ ശ്രമിക്കാതെ കേരളീയ ജീവിതവഴികളിലൂടെ സഞ്ചരിച്ചുകൊണ്ടാണ്‌ അദ്ദേഹം തന്റെ രചനകൾ രൂപകൽപന ചെയ്‌തിരിക്കുന്നത്‌. പ്രസാദാത്മക നിറങ്ങളുടെ ധാരാളിത്തവും ചങ്ങാത്തവുമുള്ള ഗായത്രിയുടെ ചിത്രങ്ങൾ യഥാതഥമായ രൂപനിർമിതികളുമായാണ്‌ ആസ്വാദകരുമായി സംവദിക്കുന്നത്‌. സ്വപ്‌ന പശ്ചാത്തലമൊരുക്കി ഭാവനയുടെ ക്രിയാത്മക രൂപകൽപനകളോടെയാണ്‌ മാറുന്ന ലോകത്തെയും ജിവിതത്തെയും വരച്ചിടുന്നത്‌. തെളിമയാർന്ന മനസ്സിന്റെ ഉടമകളാണ്‌ ഗായത്രിയുടെ ചിത്രങ്ങൾ, ഒപ്പം ശക്തമായ രാഷ്‌ട്രീയവും പറയുന്നു ഈ ചിത്രതലങ്ങൾ.

നേർരേഖകളിൽനിന്ന്‌ വക്രരേഖകളിലൂടെ ആസ്വാദകമനസ്സിലേക്കെത്തുന്ന രൂപവർണമേളനങ്ങളിൽ വിഷയത്തോടു പുലർത്തുന്ന സമീപനത്തോടൊപ്പമാണ്‌ നിറങ്ങളുടെ തിരഞ്ഞെടുക്കലും. മനുഷ്യനും പ്രകൃതിയും ചേരുന്ന ചിത്രങ്ങളിൽ മഞ്ഞയും പച്ചയുമൊക്കെ അധികരിച്ചുകാണുന്നത്‌ സ്വാഭാവികമായി സംഭവിക്കുന്നതാണ്‌. പ്രകൃതിയുടെ കാഴ്‌ചകളിൽ കാണുന്ന പച്ചയുടെ നൂറുകണക്കിനുള്ള ടോണുകൾ ലയിച്ചുചേർന്നിരിക്കുന്നു ഓരോ ചിത്രതലങ്ങളിലുമായി. ആഴത്തിൽ പതിയിരിക്കുന്ന അനുഭവങ്ങളും ഋതുഭേദങ്ങളുടെ നിറക്കൂട്ടുകളും മനോഹരമായി ഗായത്രി ആവിഷ്‌കരിക്കുന്നു. തീവ്രമായ നിറച്ചാർത്തും ചില ചിത്രങ്ങളിൽ പ്രകടമാകുന്നുണ്ട്‌.

ജനാധിപത്യവും മതേതരത്വവും മാനവികതയുമൊക്കെ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ സാംസ്‌കാരികരംഗത്ത്‌ പ്രത്യേകിച്ച്‌ കലാവിഷ്‌കാരങ്ങളിൽ പ്രകടമാകുന്ന കാലത്താണ്‌ ഗായത്രിയുടെ ചിത്രപ്രദർശനവും ചേർത്തുവായിക്കേണ്ടത്‌‐ കാണേണ്ടത്‌. ഈ ചിത്രങ്ങളിലും പ്രതിഷേധത്തിന്റെ നിറക്കാഴ്‌ച ദൃശ്യമാണ്‌. ഒപ്പം സത്യവും ഫാന്റസിയും യാഥാർഥ്യവും സൗന്ദര്യവും മനസ്സും ചിന്തയും ധാർമികതയുമൊക്കെച്ചേരുന്ന സമകാലിക ജീവിതയാഥാർഥ്യങ്ങളുടെ ചിത്രഭാഷയാണവ, വരയിലും എഴുത്തിലും സജീവമായ ഗായത്രി തന്റെ സഞ്ചാരവഴി കൂടുതൽ വർണാഭമാക്കുന്നു‐ കുടുംബമായി ഗുരുവായൂരിൽ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + four =

Most Popular