രക്തനക്ഷത്രങ്ങൾ- 1
ജർമ്മനിയിലെ വിവിധയിടങ്ങളിലെ ഡെമോക്രാറ്റിക് സംഘങ്ങളുമായി അഗസ്റ്റ് ബെബലും വിൽഹം ലീബ്നെക്തും ബന്ധം സ്ഥാപിച്ചു. ജർമ്മൻ ഡെമോക്രാറ്റുകളെ സാക്സോണി പ്രദേശത്തുള്ള തൊഴിലാളി സംഘങ്ങളുമായി ബന്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. പ്രതിവിപ്ലവകാരികളായ ബിസ്മാർക്കിന്റെയും ജംഗർ അരിസ്റ്റോക്രസിയുടെയും നേതൃത്വത്തിലുള്ള പ്രഷ്യൻ ഭരണകൂടത്തിന്റെ മർദ്ദകരൂപങ്ങൾ കൂടുതൽ ശക്തിപ്പെട്ടുകൊണ്ടിരുന്ന ഒരു ഘട്ടം കൂടിയായിരുന്നു അത്. പ്രഷ്യൻ ഭരണകൂടാധികാരം മേധാവിത്വ ശക്തിയായി ഉയർന്നുനിന്നതുകൊണ്ടുതന്നെ, വിവിധ ജർമ്മൻ സംസ്ഥാനങ്ങളുടെ ഫെഡറൽ -ജനാധിപത്യ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളും തൊഴിലാളി സംഘങ്ങൾക്കുള്ളിൽ സജീവമായിരുന്നു. ജർമ്മൻ സംസ്ഥാനങ്ങളുടെ ഫെഡറൽ – ജനാധിപത്യാവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളെ അതിന്റെ സൂക്ഷ്മാർത്ഥത്തിൽ കെട്ടഴിച്ചുവിട്ടതാകട്ടെ ലീബ്നെക്തും ബെബലും ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. അങ്ങനെയാണ് ജർമ്മൻ ദേശീയപ്രശ്നം ഒരു മുഖ്യപ്രമേയമായി ജർമ്മനിയുടെ മണ്ണിൽ ഉയർന്നുവരുന്നത്.
1869- വരെ സൗത്ത് ജർമ്മൻ പീപ്പിൾസ് പാർട്ടിയിൽ ഇരുവരും സജീവമായിരുന്നു. ഐക്യജർമ്മനിക്കുവേണ്ടിയും പ്രഷ്യൻ അധീശത്വത്തിന് എതിരായും നിലകൊണ്ടിരുന്ന ജർമ്മൻ ബൂർഷ്വാ ഡെമോക്രാറ്റുകളുടെ പാർട്ടിയായിരുന്നു അത്. അതോടൊപ്പം ഇന്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷനിലേയ്ക്ക് വിവിധ തൊഴിലാളിപ്പാർട്ടികളെയും ഗ്രൂപ്പുകളെയും കണ്ണിചേർക്കുന്നതിലും അവർ സജീവമായി ഇടപെട്ടുകൊണ്ടിരുന്നു. ജർമ്മനിയിൽ വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന തൊഴിലാളിപ്രസ്ഥാനങ്ങളെ കാറൽ മാർക്സിന്റെ വിപ്ലവാശയങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിച്ചു.
ജർമ്മനിയുടെ ഭാവിചരിത്രത്തെ അതിനിർണ്ണായകമായി സ്വാധീനിച്ച സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിക്ക് വിൽഹം ലീബ്നെക്തും അഗസ്റ്റ് ബെബലും രൂപം നൽകുന്നത് 1869-ൽ ആയിരുന്നു. തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തെയും അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ ഇടപെടലുകളെയും സംബന്ധിച്ചുള്ള പുതിയതരത്തിലുള്ള സംവാദങ്ങൾക്കും പ്രയോഗമാതൃകകൾക്കും അടിത്തറയിട്ടുകൊണ്ടായിരുന്നു സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി രൂപംകൊണ്ടത്. ലെസാലിന്റെ ആശയങ്ങളെ പിൻപറ്റുന്ന ലെസാലിയൻ ജർമ്മൻ വർക്കേഴ്സ് അസോസിയേഷന്റെ രാഷ്ട്രീയ-സൈദ്ധാന്തിക നിലപാടുകൾക്കെതിരെ ശക്തമായ ആക്രമണമായിരുന്നു പുതിയ പാർട്ടി കെട്ടഴിച്ചുവിട്ടത്.
പുതിയ പാർട്ടിയുടെ മുഖപത്രത്തിന്റെ പേര് “ജനകീയ ഭരണകൂടം’ എന്നായിരുന്നു. സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയുടെ നിലപാടുകളുടെ ആശയച്ചുരുക്കമാണ് ഈ പേരിലൂടെ വെളിപ്പെട്ടത്. വിൽഹം ലീബ്നെക്ത് മുമ്പ് എഡിറ്റ് ചെയ്തിരുന്ന ഡെമോക്രാറ്റിക് വീക്കിലി എന്ന പത്രത്തിന്റെ തുടർച്ചയായിട്ടാണ് ജനകീയ ഭരണകൂടം (The People’s State) എന്ന പത്രവും രൂപം കൊള്ളുന്നത്. വിൽഹം ലീബ്നെക്തിന് തന്നെയായിരുന്നു പുതിയ പത്രത്തിന്റെയും ചുമതല.
തൊഴിലാളിവർഗ്ഗ രാഷ്‌ട്രീയത്തിന്റെയും സിദ്ധാന്തത്തിന്റെയും ആശയപ്രചാരണത്തിനായിരുന്നു പത്രം പ്രാമുഖ്യം നൽകിയത്. തൊഴിലാളികളുടെ രാഷ്രീയവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലിബ്നിക്തിന് നല്ല ബോധ്യമുണ്ടായിരുന്നു. പത്രത്തെ ആ രീതിയിൽ വാർത്തെടുക്കുന്നതിനായി അദ്ദേഹം നിരന്തരം പരിശ്രമിക്കുകയും ചെയ്തു.
പാർട്ടി രൂപീകരിക്കപ്പെട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ ഭരണകൂടങ്ങൾ തമ്മിലുള്ള യുദ്ധം എന്ന പ്രക്രിയയെ പാർട്ടിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ജർമ്മനിയിലെ പ്രഷ്യൻ ഭരണകൂടം ഫ്രാൻസിലെ നെപ്പോളിയൻ മൂന്നാമനുമായി യുദ്ധപ്രഖ്യാപനത്തിൽ ഏർപ്പെട്ട ഘട്ടമായിരുന്നു അത്. പ്രഷ്യൻ ഭരണാധികാരി ബിസ്മാർക്കിന്റെ ഏഴുവർഷത്തിനുള്ളിലെ മൂന്നാമത്തെ യുദ്ധപ്രഖ്യാപനമായിരുന്നു ഇത്. യുദ്ധത്തോട് എന്ത് സമീപനമാണ് കൈക്കൊള്ളേണ്ടത് എന്ന നീറുന്ന പ്രശ്നപരിസരത്തെ ആദ്യമായി ഒരു തൊഴിലാളിവർഗ പാർട്ടി അഭിമുഖീകരിക്കുകയായിരുന്നു. വിൽഹം ലീബ്നെക്തും അഗസ്റ്റ് ബെബലും ജർമ്മൻ പാർലമെന്റിലേയ്ക്കു നേരത്തേതന്നെ തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഫ്രാൻസിനെതിരെയുള്ള പ്രഷ്യൻ ഭരണകൂടത്തിന്റെ യുദ്ധപ്രഖ്യാനത്തെ ദേശീയവികാരത്തിന്റെ ഭ്രാന്തമായ ലഹരിയെ ഇളക്കിവിട്ടുകൊണ്ടായിരുന്നു പ്രഷ്യൻ ഭരണാധികാരി ബിസ്മാർക്ക് കൈകാര്യം ചെയ്തത്. ജർമ്മൻ പാർലമെന്റ് മൊത്തത്തിൽ ബിസ്മാർക്കിന് കൈയ്യടിക്കുകയായിരുന്നു. എന്നാൽ അഗസ്റ്റ് ബെബലും വിൽഹം ലീബ്നെക്തും യുദ്ധവിരുദ്ധനിലപാടായിരുന്നു കൈക്കൊണ്ടത്! അങ്ങനെ ലോകചരിത്രത്തിലാദ്യമായി പാർലമെന്റിനുള്ളിൽ യുദ്ധവിരുദ്ധനിലപാടുകൾ കൈക്കൊള്ളുന്ന രാഷ്ട്രീയ പ്രവർത്തകരായി മാർക്സിസ്റ്റുകളായ വിൽഹം ലീബ്നെക്തും അഗസ്റ്റ് ബെബലും മാറിത്തീർന്നു. ബിസ്മാർക്കിന്റെയോ നെപ്പോളിയന്റെയോ പക്ഷം ചേരാൻ അവർ സന്നദ്ധമല്ലായിരുന്നു. പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട യുദ്ധച്ചെലവുകളെ സംബന്ധിക്കുന്ന പത്രികകളിൽ ഒപ്പുചാർത്താനും അവർ ഒരുക്കമല്ലായിരുന്നു.
പ്രഷ്യൻ -‐ ഫ്രാൻസ് യുദ്ധത്തെത്തുടർന്ന്, 1870 സെപ്തംബറോടെ, ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ മൂന്നാമൻ പരാജയപ്പെടുകയും കീഴടങ്ങുകയും ചെയ്തു. നെപ്പോളിയന്റെ പരാജയത്തെത്തുടർന്ന് ഫ്രാൻസ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ബിസ്മാർക്കിന്റെ നേതൃത്വത്തിലുള്ള പ്രഷ്യൻ ഭരണകൂടം യുദ്ധം തുടർന്നുകൊണ്ടേയിരുന്നു. 1870 നവംബറിൽ ജർമ്മൻ പാർലമെന്റിൽ പുതിയ യുദ്ധച്ചെലവുകൾക്കായുള്ള പത്രികകൾ വീണ്ടും അവതരിപ്പിച്ചു. വിൽഹം ലീബ്നെക്തും അഗസ്റ്റ് ബെബലും യുദ്ധവിരുദ്ധനിലപാടുകളിൽ തന്നെ പഴയതുപോലെ അടിയുറച്ചുനിന്നു. ആദ്യഘട്ടങ്ങളിൽ യുദ്ധത്തിനനുകൂലമായ നിലപാടുകൾ സ്വീകരിച്ചിരുന്ന സോഷ്യൽ ഡെമോക്രാറ്റുകളിൽ പലരും ഈ ഘട്ടമാകുമ്പോഴേയ്ക്കും യുദ്ധവിരുദ്ധ മനോഭാവത്തിലേയ്ക്ക് എത്തപ്പെട്ടിരുന്നു. റിപ്പബ്ലിക്കൻ ഫ്രാൻസിനോട് പ്രഷ്യൻ ഭരണകൂടം യുദ്ധം തുടരുന്നതിനോട് രണ്ട് പാർട്ടികളിലുമുള്ള സോഷ്യൽ ഡെമോക്രാറ്റുകളിൽ ഭൂരിപക്ഷത്തിനും യോജിപ്പുണ്ടായിരുന്നില്ല. വിൽഹം ലീബ്‌നെക്തിന്റെയും അഗസ്റ്റ് ബെബലിന്റെയും യുദ്ധവിരുദ്ധനിലപാടുകൾക്കൊപ്പം അവർ അണിചേർന്നു. 1871-ലെ പാരീസ് കമ്യൂണിനെ വലിയ ആവേശത്തോടെയായിരുന്നു അവർ അഭിവാദ്യം ചെയ്തത്.
പാർലമെന്റിനുള്ളിലെ യുദ്ധവിരുദ്ധനിലാപാടുകളെ തുടർന്ന് വിൽഹം ലീബ്നെക്തിനും അഗസ്റ്റ് ബെബലിനും എതിരെ രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ടു. രാജ്യദ്രോഹികളായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും തങ്ങളുടെ യുദ്ധവിരുദ്ധനിലപാടുകളിലും പാരീസ് കമ്യൂണിനോടുള്ള ഐക്യദാർഢ്യത്തിലും ഒരുതരത്തിലുള്ള തിരുത്തലുകൾക്കും അവർ ഒരുക്കമല്ലായിരുന്നു. രാജ്യദ്രോഹവിചാരണക്കോടതിയ്ക്കു മുന്നിൽ വിൽഹം ലീബ്നെക്ത് തന്റെ ഭാഗം സ്വന്തമായിട്ടാണ് വാദിച്ചത്. വമ്പൻ വ്യാപാരികളും ഭൂപ്രഭുക്കളും അടങ്ങിയ ആ വിചാരണക്കോടതിക്കു മുമ്പാകെ വിൽഹം ലീബ്നെക്ത് വിളിച്ചുപറഞ്ഞു: ‘‘വിപ്ലവത്തിന്റെയും സോഷ്യലിസത്തിന്റെയും പടത്തലവനാണ് ഞാൻ. മുമ്പ് പറഞ്ഞതിലും ചെയ്തതിലും ഞാൻ ഉറച്ചുനിൽക്കുന്നു’’.
പ്രഷ്യൻ ഭരണകൂടത്തിന്റെ ആ വിചാരണക്കോടതി രണ്ട് വർഷത്തെ കഠിനതടവായിരുന്നു ലീബനെക്തിന് വിധിച്ചത്. 1874- വരെ ലീബ്നെക്തിനും ബെബലിനും ജയിലഴികൾക്കുള്ളിൽ കഴിയേണ്ടിവന്നു. ജയിൽമോചിതരായതിനുശേഷം ഇരുവരും ഏറ്റവും കൂടുതൽ പ്രയത്നിച്ചതാകട്ടെ രണ്ട് സോഷ്യലിസ്റ്റ് പാർട്ടികളെയും തമ്മിൽ സംയോജിപ്പിക്കാനായിരുന്നു. അതിന്റെ ആവിഷ്‌കാരമായിരുന്നു ഗോഥയിൽ അരങ്ങേറിയ പ്രശസ്തമായ ഐക്യസമ്മേളനം. അങ്ങനെയാണ് 1863-ൽ രൂപീകരിക്കപ്പെട്ട ജനറൽ ജർമ്മൻ വർക്കേഴ്സ് അസോസിയേഷനും 1869-ൽ നിലവിൽവന്ന സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയും തമ്മിൽ ലയിച്ച് 1875-ൽ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി ഓഫ് ജർമ്മനി രൂപം കൊള്ളുന്നത്. ഇങ്ങനെ ലെസാലിന്റെയും ലിബ്നെക്തിന്റെയും പാർട്ടികൾ തമ്മിൽ ലയിച്ചെങ്കിലും ആശയസംഘർഷങ്ങളും നിലപാടുകളിലെ വ്യത്യസ്തകളും തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ ജർമ്മൻ തൊഴിലാളികൾക്കിടയിലാകട്ടെ പാർട്ടിയുടെ സ്വാധീനം വിപുലപ്പെട്ടുകൊണ്ടിരുന്നു. ജർമ്മൻ പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന സോഷ്യലിസ്റ്റുകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് സോഷ്യലിസ്റ്റ് ആശയരൂപങ്ങളെ പേറുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാ പാർട്ടികളെയും ഗ്രൂപ്പുകളെയും നിരോധിച്ചുകൊണ്ട് 1878-ൽ ബിസ്മാർക്ക് സോഷ്യലിസ്റ്റ് വിരുദ്ധനിയമം കൊണ്ടുവരുന്നത്. സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി ഓഫ് ജർമ്മനിയെ തകർക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ സോഷ്യലിസ്റ്റ് – വിരുദ്ധ നിയമം അടിച്ചേൽപ്പിക്കപ്പെട്ട ഘട്ടത്തിലായിരുന്നു പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും ബഹുജനപിന്തുണയുള്ള ഒരു തൊഴിവർഗ്ഗപാർട്ടിയായി വളർന്നത്. അഗസ്റ്റ് ബെബെൽ നിരീക്ഷിച്ചതുപോലെ, ജർമ്മൻ സോഷ്യൽ ഡെമോക്രസിയെ വിഘടിപ്പിക്കാനും തകർക്കാനുമായിരുന്നു ഈ സോഷ്യലിസ്റ്റ്-വിരുദ്ധനിയമം നടപ്പിലാക്കപ്പെട്ടത്. എന്നാൽ ഈ ഘട്ടങ്ങളിൽ ജർമ്മൻ സോഷ്യൽ- ഡെമോക്രസിയെ ഒരൊറ്റ ശക്തിയായി പിടിച്ചുനിർത്തുന്നതിലും മുന്നോട്ടു നയിക്കുന്നതിലും വിൽഹം ലീബ്നെക്ത് വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അതുകൊണ്ടുതന്നെ സോഷ്യലിസ്റ്റ് -വിരുദ്ധനിയമത്തെ പരാജയപ്പെടുത്തുന്നതിൽ വിൽഹം ലീബ്നെക്തിനായിരുന്നു മുഖ്യപങ്കുണ്ടായിരുന്നതെന്നും അഗസ്റ്റ് ബെബൽ എടുത്തുപറയുന്നുണ്ട്.
സോഷ്യലിസ്റ്റ് – വിരുദ്ധനിയമത്തിന്റെ ഘട്ടങ്ങളിലും (1878‐-1890) അതിനെത്തുടർന്നും പാർട്ടിയുടെ വോട്ടിംഗ് സംഖ്യ ലക്ഷങ്ങളിൽനിന്നും ദശലക്ഷങ്ങളിലേയ്ക്ക് ഉയർന്നുകൊണ്ടിരുന്നു. പാർലമെന്റിലെ സോഷ്യലിസ്റ്റ് പ്രതിനിധികളുടെ എണ്ണമാകട്ടെ 47 ആയി ഉയർന്നു. സോഷ്യലിസ്റ്റ് പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും എണ്ണവും കൂടിക്കൊണ്ടിരുന്നു. അത്തരത്തിലുള്ള 133 പ്രസിദ്ധീകരണങ്ങൾ ജർമ്മനിയിലാകമാനം വളർന്നുവന്നു. ദിനപത്രങ്ങളുടെ എണ്ണമാകട്ടെ 41 ആയിരുന്നു. ഇതൊന്നും ഏതെങ്കിലും വ്യക്തികളുടെ സ്വകാര്യമായ സംരംഭങ്ങളായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും പാർട്ടിയുടെയും ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായിരുന്നു ഇവയെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിലെല്ലാം വിൽഹം ലീബ്നെക്തിന്റെ സംഘടനാപാടവവും നേതൃശേഷിയും സോഷ്യലിസ്റ്റ് പ്രതിബദ്ധതയും തെളിഞ്ഞുകാണാനാകും.
1870-കൾ മുതൽ മരണം വരെ, ചുരുക്കം ചില വർഷങ്ങളിൽ ഒഴികെ, ജർമ്മൻ പാർലമെന്റിലേയ്ക്ക് നിരന്തരം തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്ന ഒരു പ്രതിനിധിയായിരുന്നിട്ടുകൂടി ബെർലിൻ ഉൾപ്പെടെയുള്ള പ്രധാനനഗരങ്ങളിലെല്ലാം പ്രഷ്യൻ ഭരണകൂടം വിൽഹം ലീബ്നെക്തിന് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഭാര്യയോടും മകനോടും ഒപ്പം താമസിക്കാനും പല ഘട്ടങ്ങളിലും അദ്ദേഹത്തെ അനുവദിച്ചിരുന്നുമില്ല.
സോഷ്യലിസ്റ്റ് സാഹിത്യം പ്രചരിപ്പിച്ചതിന്റെ പേരിലും പ്രഷ്യൻ ഭരണകൂടത്തിന്റെ പ്രതിനിധികളെ വിമർശിച്ചതിന്റെം പേരിലും വാർദ്ധക്യത്തിന്റെ അവസാനകാലത്തുപോലും അഞ്ചിലധികം തവണ അദ്ദേഹത്തിന് ജയിലഴികൾക്കുള്ളിൽ കഴിയേണ്ടിവന്നിട്ടുണ്ട്. ♦