Thursday, September 19, 2024

ad

Homeരക്തനക്ഷത്രങ്ങള്‍വിൽഹം ലീബ്നെക്ത്: സോഷ്യലിസത്തിന്റെ പടത്തലവൻ

വിൽഹം ലീബ്നെക്ത്: സോഷ്യലിസത്തിന്റെ പടത്തലവൻ

പി എസ് പൂഴനാട്

“അല്ലയോ പ്രിയട്ട സുഹൃത്തേ, താങ്കൾ കാണിച്ചുതന്ന ആ അന്തിമ ലക്ഷ്യത്തിനുവേണ്ടി ഞങ്ങൾ പൊരുതിക്കൊണ്ടേയിരിക്കും. നിന്റെ ഈ ശവക്കല്ലറയ്ക്കു മുന്നിൽവെച്ച് ഞങ്ങളാ പ്രതിജ്ഞയെ വീണ്ടും മുറുകെപ്പിടിക്കുകയാണ്’
വിൽഹം ലീബ്നെക്ത്
(കാറൽ മാർക്സിന്റെ ശവസംസ്കാര വേളയിലെ പ്രഭാഷണം, 17 മാർച്ച് 1883)

യൂറോപ്പിലാകമാനം പടർന്നുപിടിക്കുകയും ഭരണവർഗ്ഗങ്ങളെ വിറകൊള്ളിക്കുകയും ചെയ്ത 1848‐1849 കാലഘട്ടത്തിലെ വിപ്ലവ വേലിയേറ്റങ്ങളുടെ സന്തതിയായിരുന്നു കാൾ ലീബ്നെക്ത് എന്ന ജർമ്മൻ സോഷ്യലിസ്റ്റ് പോരാളി. “വിപ്ലവത്തിന്റെ സൈനികൻ’ എന്നായിരുന്നു ലീബ്നെക്ത് സ്വയം വിശേഷിപ്പിച്ചിരുന്നത്. ജർമ്മൻ തൊഴിലാളിവർഗ്ഗത്തെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സംഘടിപ്പിക്കുന്നതിലും ജർമ്മൻ സോഷ്യലിസത്തിന്റെ കൊടിക്കീഴിൽ അവരെ അണിനിരത്തുന്നതിലും അനിതരസാധാരണമായ ആർജ്ജവവും ഊർജ്ജവുമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ജർമ്മൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യരൂപമായിരുന്ന ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഒരു ബഹുജനപ്പാർട്ടിയായി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കും പ്രവർത്തനവും നിസ്തുലമായിരുന്നു. കാറൽ മാർക്സിന്റെയും ഫ്രെഡ്രിക് എംഗൽസിന്റെയും ഏറ്റവും വലിയ സഹകാരിയും ബൗദ്ധിക സുഹൃത്തുമായിട്ടായിരുന്നു അദ്ദേഹം നിലകൊണ്ടത്. ജയിൽവാസങ്ങളുടെയും വിപ്ലവപോരാട്ടങ്ങളുടെയും പാർലമെന്ററി പ്രവർത്തനങ്ങളുടെയും പാർട്ടി സംഘാടനത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും നിരന്തരമായ ആശയസംവാദങ്ങളുടെയും തീക്ഷ്ണതയിലൂടെയായിരുന്നു ആ ജീവിതം മുന്നോട്ടുനീങ്ങിയിരുന്നത്. ജർമ്മൻ പാർലമെന്റായ റിഷ്സ്റ്റാഗിലേയ്ക്ക് ദീർഘകാലം തിരഞ്ഞെടുക്കപ്പെടുകയും പാർലമെന്ററി പ്രവർത്തനത്തിന്റെ അകക്കാമ്പുകളിലേയ്ക്കു ഇറങ്ങിച്ചെല്ലുകയും ചെയ്യുമ്പോൾ തന്നെ 1848‐49ലെ വിപ്ലവാവേശത്തിന്റെ കനലുകളെ അദ്ദേഹം ഒരിക്കലും തന്റെ പ്രവർത്തനപന്ഥാവിൽ നിന്നും പുറത്താക്കിയിരുന്നുമില്ല. അങ്ങനെ സ്വന്തം ജീവിതത്തിലുടനീളം തൊഴിലാളിവിരുദ്ധമായ ഒരുതരത്തിലുള്ള അനുരഞ്ജനങ്ങൾക്കും രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾക്കും വിധേയനാകാത്തവിധം പ്രത്യയശാസ്ത്രദൃഢതയോടെ നിരന്തരം നിലയുറപ്പിച്ച ഒരു വിപ്ലവജനാധിപത്യവാദിയായിരുന്നു വിൽഹം ലീബ്നെക്ത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷത്തിലായിരുന്നു (7 ആഗസ്റ്റ് 1900) മസ്തിഷ്കാഘാതത്തെ തുടർന്ന് വിൽഹം ലീബ്നെക്ത് എന്ന വിപ്ലവജനാധിപത്യവാദി ഈ ലോകത്തോട് വിടപറഞ്ഞത്. മരിക്കുന്നതിന്റെ തലേദിവസം പാതിരാത്രിവരെയും അദ്ദേഹം കർമ്മനിരതനായിരുന്നു. ആ പാതിരാത്രിയിൽ സോഷ്യലിസ്റ്റ് ന്യൂസ് പേപ്പറായ വോർവാട്സിന്റെ (Vorwarts) എഡിറ്റോറിയൽ പണികളിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം.1826-ൽ തുടങ്ങിയ ആ ജീവിതം 1900- വരെയും വിശ്രമരഹിതമായിരുന്നു!

അഞ്ച് ദിവസങ്ങൾക്കുശേഷമായിരുന്നു ശവസംസ്കാരച്ചടങ്ങുകൾ നടന്നത്. ലീബ്നെക്തിന്റെ ഭൗതികശരീവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ അമ്പതിനായിരത്തിലധികം മനുഷ്യരാണ് അണിചേർന്നത്! ബർലിനിലെ ഫെഡ്രിക് ഷെൽഡ് സെമിത്തേരിവരെ ആ വിലാപയാത്ര തുടർന്നു. പത്തൊമ്പതു വർഷങ്ങൾക്കുശേഷം, 1919-ൽ ഇതേ സെമിത്തേരിയിലേക്ക് – വിൽഹം ലീബ്നെക്തിന്റെ ശവകുടീരത്തിന് സമീപത്തായി – കാൾ ലീബ്നെക്ത് എന്ന ജർമ്മൻ കമ്യൂണിസ്റ്റ് രക്തസാക്ഷിയുടെ ഭൗതികശരീരവും അടക്കം ചെയ്യപ്പെട്ടു. കാൾ ലീബ്നെക്ത് എന്ന ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവിനെ ജർമ്മനിയിലെ തീവ്രവലതുപക്ഷശക്തികൾ കൊന്നുതള്ളുകയായിരുന്നു. വിൽഹം ലീബ്നെക്തിന്റെ മകനായിരുന്നു കൊലചെയ്യപ്പെട്ട കാൾ ലീബ്നെക്ത്!
വിൽഹം ലീബ്നെക്തിന്റെ നിര്യാണത്തെത്തുടർന്ന് അനുശോചനപ്രവാഹം ഒഴുകിയെത്തിയത് ജർമ്മൻ തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിനുള്ളിൽ നിന്നും മാത്രമായിരുന്നില്ല. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും വിൽഹം ലീബ്നെക്തിനായി അന്ത്യാഞ്ജലികളും അനുശോചനക്കുറിപ്പുകളും നിരന്തരമെന്നോണം എത്തിക്കൊണ്ടിരുന്നു. സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ ഏറ്റവും പ്രതിബദ്ധതയുള്ള പോരാളി കൂടിയായിരുന്നു ലീബ്നെക്ത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ സോഷ്യലിസ്റ്റ് ആശയാവലികളെ പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും സംഘടനാ പ്രവർത്തനത്തിലൂടെയും ലോകത്തിന്റെ വിവിധയിടങ്ങളിൽ പടർത്തുന്നതിലും അവിടങ്ങളിലെ തൊഴിലാളിപ്രസ്ഥാനങ്ങളുമായി ഹൃദയത്തിൽതട്ടിയ ആത്മബന്ധം പടുത്തുയർത്തുന്നതിനും വിൽഹം ലീബ്നെക്തിന് കഴിഞ്ഞിരുന്നു.

മാർക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും അതിനെ കേന്ദ്രീകരിച്ചുള്ള പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും വളർച്ചയുടെയും വിപുലതയുടെയും ആവിഷ്‌കാരങ്ങളായിട്ടുകൂടി ഇതിനെ കാണാവുന്നതാണ്. വിപുലമായ ഈയൊരു ബഹുജനപങ്കാളിത്തത്തെ ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ അണിനിരത്താൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ അഹോരാത്രം പണിയെടുത്ത വിപ്ലവകാരിയായിരുന്നു വിൽഹം ലീബ്നെക്ത് എന്നതാണ് ഏറെ പ്രസക്തം.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പടത്തലവൻ (the soldier of the socialist movement) എന്ന നിലയിലാണ് പലഘട്ടങ്ങളിലും വിൽഹം ലീബ്നെക്ത് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. 1848 -ലെ വിപ്ലവവേലിയേറ്റങ്ങളുടെ കാലം മുതൽ ജീവിതത്തിന്റെ അവസാനഘട്ടം വരെ സോഷ്യലിസത്തിനും ജനാധിപത്യത്തിനും വേണ്ടി അദ്ദേഹം പൊരുതിനിന്നു. ദേശീയതയുടെ സങ്കുചിതസാക്ഷ്യങ്ങൾക്കും എല്ലാതരത്തിലുള്ള യുദ്ധവെറികൾക്കും എതിരെ അന്ത്യശ്വാസംവരെ അദ്ദേഹം പൊരുതി. ആ പോരാട്ടത്തിനുള്ള നേർസാക്ഷ്യമായി ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ വാർത്തെടുക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ നിർണ്ണായകമായിരുന്നു.

ജർമ്മനിയിലെ സംസ്ഥാനമായ ഹെസ്സെയിലെ ഗീസ്സെൻ എന്ന പട്ടണപ്രദേശത്താണ് 1826-ൽ വിൽഹം ലീബ്നെക്ത് ജനിച്ചത്. ഒരു ഇടത്തരം കുടുംബമായിരുന്നു അത്. ജർമ്മൻ മതനവീകരണപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന മാർട്ടിൻ ലൂഥർ, വിൽഹം ലീബ്നെക്തിന്റെ കുടുംബ വഴികളിൽ വേരുകളുള്ള ആളായിരുന്നു. 1840 – കളിലായിരുന്നു വിൽഹം ലീബ്നെക്തിന്റെ സർവ്വകലാശാലാപഠനം അരങ്ങേറിയത്. മതവിജ്ഞാനീയവും ഭാഷാപഠനവും തത്ത്വശാസ്ത്രവുമായിരുന്നു പ്രധാനവിഷയങ്ങൾ. എന്നാൽ തത്ത്വശാസ്ത്രത്തോടായിരുന്നു ലീബ്നെക്തിന്‌ കൂടുതൽ താൽപ്പര്യം. 1840-കളിൽ ജർമ്മനിയിൽ പടർന്നുപിടിച്ച റാഡിക്കൽ വിപ്ലവചിന്താപാരമ്പര്യങ്ങളെ വല്ലാത്തൊരു ആവേശത്തോടെയായിരുന്നു ആ വിദ്യാർത്ഥി പിന്തുടർന്നത്. ലുദ് വിഗ് ഫൊയർബാഹിന്റെ മനുഷ്യ-കേന്ദ്രിത ചിന്തയും ഫ്രെഡ്രിക് എംഗൽസിന്റെ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും യുട്ടോപ്യൻ സോഷ്യലിസ്റ്റായ സെയന്റ് സൈമന്റെ ആശയാവലികളും വിൽഹം ലീബ്നെക്തിനെ ധൈഷണികമായി ഇളക്കിമറിച്ചുകൊണ്ടിരുന്നു. ധൈഷണികമായ ഈയൊരു ഉണർവ്വോടെയായിരുന്നു 1848‐49 കാലത്തിൽ യൂറോപ്പിലാകെ പടർന്നുപിടിച്ച വിപ്ലവവേലിയേറ്റങ്ങളെ ലീബ്നെക്ത് നോക്കിക്കണ്ടത്.

അധ്യാപകവൃത്തിയിലേക്ക് തിരിയണമെന്ന് ഒരു ഘട്ടത്തിലും മറ്റൊരു ഘട്ടത്തിൽ വക്കീലായി മാറണമെന്നും വിൽഹം ലീബ്നെക്ത് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ ജർമ്മനിയിൽ അരങ്ങേറിക്കൊണ്ടിരുന്ന ധൈഷണികവും പ്രായോഗികവുമായ റാഡിക്കൽ സന്ദർഭങ്ങളുടെ പ്രവർത്തനബലതന്ത്രങ്ങൾ പത്രപ്രവർത്തനത്തിന്റെ മേഖലയിലേയ്ക്കായിരുന്നു ലീബ്നെക്തിനെ കൂട്ടിക്കൊണ്ടുപോയത്. 1848 ഫെബ്രുവരിയിൽ ഫ്രാൻസിന്റെ വിവിധയിടങ്ങളിൽ വിപ്ലവപ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ജർമ്മനിയിൽ നിന്നും ഫ്രാൻസിലേയ്ക്ക് അദ്ദേഹം ഓടിയെത്തുകയുണ്ടായി. 1847-ൽ സ്വിറ്റ്സർലന്റിൽ അരങ്ങേറിയ ആഭ്യന്തരയുദ്ധത്തിനും അദ്ദേഹം സാക്ഷിയായിരുന്നു. സ്വിറ്റ്സർലന്റിലെ യാഥാസ്ഥിതിക കത്തോലിക്കാസ്ഥലികളെയും ഗ്രൂപ്പുകളെയും ആ ആഭ്യന്തരകലാപങ്ങൾ പൊള്ളിക്കുകയായിരുന്നു.

ജർമ്മനിയിൽ നിന്നും രാജാധിപത്യഭരണകൂടം നാടുകടത്തിയ വിപ്ലവകവിയും യുവ എഴുത്തുകാരനുമായിരുന്നു ഗോർഗി ഹെർവെഗ് (Georg Herwegh). ജർമ്മനിയിലെ ബാദൻ ( Baden) പ്രവശ്യയിൽ സായുധകലാപത്തിലൂടെ ജനാധിപത്യവിപ്ലവം സംഘടിപ്പിക്കാൻ പരിശ്രമിച്ചിരുന്നു.

ഫ്രാൻസിൽവെച്ച് ഗോർഗി ഹെർവെഗിന്റെ ജർമ്മൻ ലീജിയൻ എന്ന സായുധസംഘവുമായി ലീബ്നെക്ത് അടുത്തു. 1848 സെപ്തംബറിൽ ജർമ്മനിയിൽ അരങ്ങേറിയ ബാദൻ സായുധപോരാട്ടത്തിലും ലീബ്നെക്ത് പങ്കാളിയായിത്തീർന്നു. തലനാരിഴയുടെ വ്യത്യാസത്തിലായിരുന്നു ലീബ്നെക്തിന് അന്ന് ജീവൻ തിരിച്ചുകിട്ടയത്! ഏറെ താമസിയാതെതന്നെ ജർമ്മൻ ഭരണകൂടം ലീബ്നെക്തിനെ ജയിലഴികൾക്കുള്ളിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. എട്ട് മാസക്കാലം ജയിലിൽ കഴിയേണ്ടിവന്നു.

ലീബ്നെക്തിന്റെ ജീവിതത്തിലുടനീളം നീണ്ടുനിന്ന ജയിൽവാസങ്ങളുടെ തുടക്കമായിരുന്നു ഇത്. ഇതിനെത്തുടർന്ന് പതിനാറ് തവണയാണ് ജർമ്മൻ ഭരണകൂടം അദ്ദേഹത്തെ ജയിലടച്ചു. അവസാനത്തെ ജയിൽവാസം 1897-‐1898 കാലഘട്ടത്തിലായിരുന്നു. ജർമ്മൻ ചക്രവർത്തിയായ കൈസർ വില്ല്യം രണ്ടാമനെ അധിക്ഷേപിച്ചു എന്നതായിരുന്നു കുറ്റം. ഈ ഘട്ടത്തിൽ ലീബ്നെക്തിന്റെ പ്രായം എഴുപതുകഴിഞ്ഞിരുന്നു.

1848-‐49 കാലഘട്ടത്തിൽ ജർമ്മനിയിലാകമാനം പടർന്നുപിടിച്ച വിപ്ലവ ജനാധിപത്യപ്രസ്ഥാനങ്ങളിൽ കാറൽ മാർക്സിന്റെയും ഫ്രെഡറിക്‌ എംഗൽസിന്റെയും സജീവ സാനിധ്യമുണ്ടായിരുന്നു. വിപ്ലവത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം റാഡിക്കലുകൾക്കും വിപ്ലവശേഷം ജർമ്മനി വിട്ടുപോകേണ്ടിവന്നു. വിൽഹം ലീബ്നെക്ത് ലണ്ടനിലേയ്ക്കാണ് കുടിയേറിത്. ലണ്ടനിൽവെച്ചായിരുന്നു മാർക്സിന്റെയും എംഗൽസിന്റെയും പ്രിയപ്പെട്ട സ്നേഹിതനും സഖാവുമായി വിൽഹം ലീബ്നെക്ത് മാറിയത്.

പതിമൂന്നോളം വർഷം ലീബ്നെക്തിന് ലണ്ടനിൽ തങ്ങേണ്ടിവന്നു. ലണ്ടനിലെ ജർമ്മൻ റാഡിക്കൽ സംഘങ്ങളുമായി ഈ ഘട്ടത്തിലാണ് ലീബ്നെക്ത് ബന്ധം സ്ഥാപിക്കുന്നത്. യൂറോപ്പിലെയും മറ്റ് വിവിധ ഇടങ്ങളിലെയും വിപ്ലവകാരികളുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിക്കുന്നുണ്ട്. ജീവിതമാകട്ടെ അതീവദരിദ്രാവസ്ഥയിലായിരുന്നു. ലേഖനമെഴുത്തിലൂടെയും ട്യൂഷനിലൂടെയും കിട്ടുന്ന തുച്ഛമായ കാശ് മാത്രമായിരുന്നു ജീവിതാശ്രയം.

1862-ഓടെയാണ് ലീബ്നെക്തിന് ജർമനിയിലേയ്ക്ക് മടങ്ങിയെത്താൻ കഴിഞ്ഞത്. 1848‐-49ലെ വിപ്ലവപരാജയങ്ങളെ തുടർന്ന് അതിനിഷ്ഠുരമായ അടിച്ചമർത്തൽ പ്രക്രിയയാണ് ജർമ്മൻ ഭരണകൂടം കെട്ടഴിച്ചുവിട്ടിരുന്നത്. അത്തരം അടിച്ചമർത്തൽ പ്രക്രിയ ഒരു ദശകത്തിലധികം തുടർന്നു. ഭരണകൂട നടപടികളിൽ ചെറിയൊരു അയവ് സംഭവിക്കുകയും രാഷ്ട്രീയ ജീവിതസ്ഥലികൾ വീണ്ടും പൂത്തുതുടങ്ങുകയും ചെയ്യുന്ന ഘട്ടത്തിലായിരുന്നു ലീബ്നെക്ത് ജർമ്മനിയിൽ തിരിച്ചെത്തുന്നത്.

ജർമ്മനിയിൽ തിരിച്ചെത്തിയ ലീബ്നെക്തിന് ഒരു പത്രത്തിൽ ഒരു മുൻകാല സുഹൃത്തുവഴി ജോലി ലഭിച്ചു. എന്നാൽ ആ പത്രത്തിന്റെ പൊതുനിലപാടുകൾ അറുപിന്തിരിപ്പൻ പ്രഷ്യൻ ഭരണാധികാരിയായ ഓട്ടോ വോൺ ബിസ്മാർക്കിനെ വെള്ളപൂശുന്നതായിരുന്നു. വിൽഹം ലീബ്നെക്താകട്ടെ ഇത് തിരിച്ചറിയുകയും ഉടൻതന്നെ ആ ജോലി വലിച്ചെറിയുകയും ബിസ്മാർക്കിനെതിരെ നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് അവിടെ നിന്നും പുറത്തുകടക്കുകയും ചെയ്തു.

സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി നേതാവായ ഫെർഡിനാന്റ്‌ ലെസാലെയുടെയും അനുയായികളുടെയും ബിസ്മാർക്ക് – അനുകൂല/പ്രഷ്യൻ -അനുകൂല നിലപാടുകളെയും ലീബ്നെക്ത് രൂക്ഷമായി വിമർശിച്ചു. ബിസ്മാർക്കിനെതിരെയുള്ള ഇത്തരം വിമർശനങ്ങളെ തുടർന്ന് 1865-ൽ ബെർലിനിൽ നിന്നും ലീബ്നെക്ത് പുറത്താക്കപ്പെട്ടു.

ബെർലിനിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജർമ്മനിയിലെ സാക്സോണി സംസ്ഥാനത്തെ ലീപ്സിഗ് പട്ടണത്തിലായിരുന്നു ലീബ്നെക്ത് എത്തിച്ചേർന്നത്. ഈ പ്രദേശമാകട്ടെ തൊഴിലാളിവർഗ്ഗസംഘാടനത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നായിരുന്നു. ലീപ്സിഗിൽ എത്തിച്ചേർന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ തൊഴിലാളിവർഗ്ഗസംഘാടകനും സോഷ്യലിസ്റ്റും വിപ്ലവകാരിയുമായ അഗസ്റ്റ് ബെബെലുമായി ലീബ്നെക്ത് പരിചയപ്പെടുന്നുണ്ട്. ഫെഡറേഷൻ ഓഫ് ജർമ്മൻ വർക്കേഴ്സ് അസോസിയേഷന്റെ ലീപ്സിഗ് ചാപ്റ്ററിന്റെ ചെയർമാനായിരുന്നു ആ ഘട്ടത്തിൽ അഗസ്റ്റ് ബെബെൽ. അഗസ്റ്റ് ബെബെലും വിൽഹം ലീബ്നെക്തും തമ്മിലുള്ള ഈയൊരു കൂടിക്കാഴ്ചയിലൂടെയും സൗഹൃദത്തിലൂടെയും, പോരാട്ടങ്ങളുടെയും അന്വേഷണങ്ങളുടെയും പുതിയൊരു അധ്യായം ജർമ്മൻ തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്രത്തിൽ പിറവികൊള്ളുകയായിരുന്നു.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − 4 =

Most Popular