Thursday, November 21, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബംഗാൾ വിഭജനത്തിനെതിരെ സിപിഐ എം പ്രതിഷേധം

ബംഗാൾ വിഭജനത്തിനെതിരെ സിപിഐ എം പ്രതിഷേധം

ഷുവജിത്ത്‌ സർക്കാർ

ശ്ചിമബംഗാളിലെ ബിജെപി നേതാക്കൾ സംസ്ഥാനത്തെ വെട്ടിമുറിക്കുന്നതിന്‌ ആഹ്വാനം നൽകിയിരിക്കുകയാണ്‌. പശ്ചിമബംഗാളിനെ വടക്കൻ ബംഗാളെന്നും തെക്കൻ ബംഗാളെന്നും വിഭജിക്കുക എന്ന ആശയം പരസ്യമായി പ്രചരിപ്പിക്കുകയാണ്‌ ബിജെപി നേതാക്കളും എംഎൽഎമാരും. സംസ്ഥാനത്തിന്റെ മുഖ്യഭാഗമായ ചില അതിർത്തിപ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന വാദവും ചില ബിജെപി എംഎൽഎമാർ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്‌. ബംഗാളിലെ സാധാരണക്കാർ, തൃണമൂലിനെതിരെ ബിജെപിക്ക്‌ വോട്ടുചെയ്‌തവർ പോലും ഇപ്പോൾ ബിജെപിയുടെ ഈ നീക്കത്തെ എതിർക്കുകയും ബിജെപിയുടെ ഈ വിഘടന സമീപനത്തെ വിമർശിക്കുകയുമാണ്‌.

സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാനഘടകം ബിജെപിയുടെ ഈ വിഘടന രാഷ്‌ട്രീയത്തെ തുറന്നെതിർക്കുകയും റാലികൾ സംഘടിപ്പിക്കുകയും ചെയ്‌തു. ഒരിക്കൽ ബംഗാളിനെ വിഭജിക്കാൻ ശ്രമിച്ചവരെ ഈ രാജ്യത്തുനിന്നു തന്നെ തൂത്തെറിഞ്ഞ കാര്യം സിപിഐ എം നേതാക്കൾ പരസ്യമായി ഓർമിപ്പിച്ചു. വിഭജന നീക്കത്തിനെതിരെ ജാദവ്‌പൂരിൽ സിപിഐ എം വമ്പിച്ച റാലി സംഘടിപ്പിച്ചു. ഗരിയയിൽനിന്ന്‌ ആരംഭിച്ച റാലിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തി, രാജ്യസഭാ എംപി ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയുമായ ശ്രീജൻ ഭട്ടാചാര്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വൻ ജനാവലി പങ്കെടുത്ത റാലിയിൽ ബിജെപിയുടെ വിഭജന രാഷ്‌ട്രീയത്തിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴങ്ങി. 1905ൽ ബംഗാളിനെ വിഭജിക്കാൻ ബ്രിട്ടീഷുകർ നടത്തിയ നീക്കവുമായി 2024ൽ ബിജെപി ബംഗാളിനെ വിഭജിക്കാൻ നടത്തുന്ന നീക്കത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും റാലിയിൽ പങ്കെടുത്തവർ മുഴക്കി.

ബംഗാളികൾ ഇന്ത്യയിൽനിന്നും ബ്രിട്ടീഷ്‌ ഭരണത്തെ തൂത്തെറിയുമെന്ന്‌ മനസ്സിലാക്കി 1905ൽ ബംഗാളിനെ വിഭജിക്കാൻ തീരുമാനിച്ചത്‌ കഴ്‌സണായിരുന്നെങ്കിൽ ഈ 21‐ാം നൂറ്റാണ്ടിൽ, സംസ്ഥാനത്ത്‌ ബിജെപിയെ വളരാൻ ബംഗാളികൾ അനുവദിക്കില്ലെന്ന്‌ മനസ്സിലാക്കിയ ബിജെപിയാണ്‌ അതിനു ശ്രമിക്കുന്നത്‌.

ഈ വിഷയത്തിൽ ബംഗാളിലെ ബിജെപിയിലെ നേതാക്കൾ അവരുടെതന്നെ പാർട്ടിയിലുള്ളവരെ വിമർശിക്കുകയുണ്ടായി. ഇക്കാര്യത്തിൽ ബിജെപി നേതാക്കൾ ഇപ്പോൾ ഇരുചേരിയിലാണ്‌. ചിലർ വിഭജനത്തെ പരസ്യമായി അനുകൂലിക്കുന്നു, മറ്റു ചിലരാകട്ടെ അത്‌ തുറന്നുപറയുന്നില്ല.

പരമ്പരാഗതമായിത്തന്നെ ബിജെപിയുടെ രാഷ്‌ട്രീയം ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കുന്നതിനും സംസ്ഥാനത്തെ കേന്ദ്രീകരിക്കുന്ന ഒരു ഏകീകൃത സർക്കാർ അടിച്ചേൽപിക്കുന്നതിനും വേണ്ടി സംസ്ഥാനങ്ങളെ ബാൽക്കൻവത്‌കരിക്കുക എന്നതാണ്‌. ബിജെപിക്ക്‌ എല്ലാ അധികാരവും ലഭിച്ചാൽ രാജ്യത്തിന്റെ ‘‘നാനാത്വത്തിൽ ഏകത്വം’’ എന്ന സങ്കൽപനം ഇല്ലാതാകും. ബംഗാളിന്റെ ഐക്യം തകർക്കാൻ ശ്രമിച്ചവർക്കെതിരെ ഉയർന്ന ചെറുത്തുനിൽപ്പിന്റെ ചരിത്രം അതിനുണ്ട്‌. അതുകൊണ്ടുതന്നെ ഇനിയും അത്‌ ആവർത്തിക്കും. ബംഗാളിനെ വെട്ടിമുറിക്കുമെന്നുള്ള, ബിജെപി നേതാക്കളുടെ പ്രസ്‌താവനകൾക്കെതിരെയും സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെയും സാധാരണക്കാരിൽനിന്നും രോഷമുയരുകയാണ്‌.

ഭരിക്കുന്ന പാർട്ടിയായ തൃണമൂൽ ഈ വിഷയത്തിൽ ഇരട്ടത്താപ്പ്‌ കാണിക്കുകയാണ്‌; മികച്ച അഭിനേതാക്കളാണവർ. സംസ്ഥാനത്തെ വിഭജിക്കുന്നതിനെ അനുകൂലിക്കുന്ന ബിജെപി നേതാക്കളെ വിമർശിക്കുകയും എന്നാൽ അതേസമയം വിഘടനരാഷ്‌ട്രീയത്തിന്‌ വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു. വടക്കൻ ഭാഗങ്ങളിൽ വിഘടനശക്തികളുടെ സ്വത്വവാദത്തെ പരിപോഷിപ്പിച്ചു വളർത്തിയത്‌ ഇവരാണ്‌. ഈ വിഘടനവാദ രാഷ്‌ട്രീയത്തെ അനുകൂലിക്കുകയും സംസ്ഥാനത്തെ വിഘടിക്കുമെന്ന്‌ പരസ്യമായി പറയുകയും ചെയ്യുന്ന ബിജെപി രാജ്യസഭാ എംപി അനന്ത മഹാരാജിന്‌ തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുമായി അടുത്ത ബന്ധമുണ്ടെന്ന്‌ ഈയിടെ പുറത്തുവരികയുണ്ടായി.

ഈ വിഘടനവാദശക്തികളാണ്‌ തങ്ങളെ അധികാരത്തിലെത്തിച്ചതെന്ന്‌ തൃണമൂലിന്‌ നന്നായറിയാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − four =

Most Popular