എല്ലാവർഷവും ജൂലൈ മാസം ഭിന്നശേഷി അഭിമാനമാസമായി ആഘോഷിച്ചുവരുന്നു. എന്നാൽ ആഘോഷങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തിക്കൊണ്ട് അതേ ജൂലൈ മാസത്തിൽ മോദി ഗവൺമെന്റ് ഭിന്നശേഷിക്കാരോട് ബജറ്റിലൂടെ അനീതി കാട്ടിയിരിക്കുകയാണ്. ബജറ്റിൽ ഭിന്നശേഷിക്കാർക്കായുള്ള വകയിരുത്തൽ അഞ്ച് ശതമാനമാക്കണമെന്ന് കാലങ്ങളായി ഉയർന്നുവരുന്ന ആവശ്യമാണ്. എന്നാൽ 2024‐25 ബജറ്റിലും ഇത് 0.25 ശതമാന. മാത്രമാണ്. എന്നാൽ തെലങ്കാന സംസ്ഥാനവും ബജറ്റിൽ ഭിന്നശേഷിക്കാരെ തീർത്തും അവഗണിച്ചിരിക്കുകകയാണ്. ബജറ്റിൽ ഭിന്നശേഷിക്കാരോടുള്ള സമീപനത്തിലും കടുത്ത അനീതിയും അവഗണനയുമാണ് സർക്കാർ കാട്ടുന്നത്. ഈയിടെ സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവുമൂലം അർഹരായ ആയിരക്കണക്കിന് ഭിന്നശേഷിക്കാർക്കാണ് പെൻഷൻ നഷ്ടമായത്. ഈ ഗവൺമെന്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോം (എൻപിആർഡി) കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. ഇതുസംബന്ധിച്ച നിവേദനം ജോയിന്റ് കളക്ടർക്ക് നൽകി. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനനുസരിച്ച് പെൻഷൻ 10,000 രൂപയായി ഉയർത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
സംസ്ഥാന ഗവൺമെന്റ് ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ നിരന്തരം അവഗണിക്കുകയാണ്. കഴിഞ്ഞ എട്ടുവർഷമായി ഒരു ഫണ്ടും അുവദിച്ചിട്ടില്ല. ഭിന്നശേഷിക്കാർക്കായുള്ള വിവാഹ ധനസഹായത്തിനായി 711 പേർ അപേക്ഷിച്ചതിൽ മൂന്നിലൊന്ന് ശതമാനം പേർക്കുപോലും അത് ലഭിച്ചില്ല. തെലങ്കാന ഭിന്നശേഷി കോ‐ഓപ്പറേറ്റീവ് കോർപറേഷനിൽ ഉപകരണങ്ങൾക്കായി സമർപ്പിക്കപ്പെട്ട അയ്യായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അതേസമയം തന്നെ കോർപറേറ്റുകൾക്കുള്ള നികുതി വെട്ടിക്കുറയ്‌ക്കലും ഫണ്ട് വകയിരുത്തലും നിർബാധം തുടരുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ് ശാരീരിക അവശതകളെയെല്ലാം അവഗണിച്ച് ഭിന്നശേഷിക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങേണ്ട അവസ്ഥ സംജാതമായത്.
തെലങ്കാനയിൽ മാത്രമല്ല, മോദി ഗവൺമെന്റിന്റെ ഭിന്നശേഷിക്കാരോടുള്ള നയസമീപനവും ബജറ്റിലെ അവഗണനയും ഈ വിഭാഗത്തെ സമരങ്ങൾ രാജ്യത്താകെ ശക്തമാക്കാൻ ഇടയാക്കിയിരിക്കുകയാണ്. ♦