അമേരിക്കയും ഇസ്രയേലും ചേർന്ന് പലസ്തീനിൽ നടത്തുന്ന നിഷ്ഠൂരമായ വംശഹത്യയ്ക്കെതിരെ ഇസ്രായേലി കമ്മ്യൂണിസ്റ്റ് പാർട്ടിയും പലസ്തീൻ പീപ്പിൾസ് പാർട്ടിയും ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ പീസ് ആൻഡ് ഇക്വാളിറ്റിയും (ഹഡാഷ്) ചേർന്ന് ജൂലൈ മാസം രാമള്ള നഗരത്തിൽ വച്ച് ത്രികക്ഷി ഉന്നതലയോഗം ചേരുകയുണ്ടായി. പലസ്തീനിലെ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും കൂട്ടപലായനത്തിന് വിധേയരാക്കുകയും ചെയ്യുന്ന, പലസ്തീൻ മണ്ണിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിന്റെ ഏറ്റവും പുതിയ രാഷ്ട്രീയ സ്ഥിതിഗതികളെ യോഗം വിശദമായി വിലയിരുത്തി. ഈ കടന്നാക്രമണത്തെ തടുക്കുന്നതിന് മൂന്നു സംഘടനകളുടെയും യോജിച്ചുള്ള പോരാട്ടത്തിനും പ്രവർത്തനത്തിനും വഴിയൊരുക്കുന്നത് എങ്ങനെയെന്ന് യോഗം വിശദമായി ചർച്ച ചെയ്തു.
ഇത് പലസ്തീൻ ജനതയുടെ ദേശീയ വിമോചന പ്രശ്നമാണെന്നും, ഈ അധിനിവേശത്തിന് പൂർണ്ണമായി അന്ത്യം കുറിക്കുകയും 1967ൽ ഇസ്രായേൽ പിടിച്ചെടുത്ത പലസ്തീന്റേതായിരുന്ന അതിർത്തികൾ പൂർണ്ണമായി ആ രാജ്യത്തിന് ലഭ്യമാക്കിക്കൊണ്ട് മാത്രമേ ആ രാഷ്ട്രത്തിന്റെ യഥാർത്ഥ സ്വാതന്ത്ര്യം ഉറപ്പാക്കാനാവുവെന്നും ഈ മൂന്ന് കക്ഷികളും ഒരുപോലെ അംഗീകരിച്ചു. ജെറുസലേം തലസ്ഥാനമാക്കികൊണ്ടുള്ള ഒരു പലസ്തീൻ രാഷ്ട്രത്തിനുവേണ്ടി പോരാടുക എന്നത് ദേശീയ വിമോചനത്തിന്റേതായ, ഒരു ജനതയുടെ അഭിലാഷത്തിന്റേതായ, അവകാശത്തിന്റേതായ വിഷയമാണെന്നും അതിനുവേണ്ടി നിരന്തരമായ ബന്ധം പുലർത്തുന്നതിനും യോജിച്ച പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും തയ്യാറാവുമെന്ന് ഇസ്രായേൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പലസ്തീൻ പീപ്പിൾസ് പാർട്ടിയുടെയും ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ പീസ് ആന്റ് ഇക്വാളിറ്റി പാർട്ടിയുടെയും പ്രതിനിധികൾ ധാരണയിലെത്തി. ഈ പോരാട്ടത്തിൽ എല്ലാ സഹോദര- പാർട്ടികളുടെയും ശക്തികളുടെയും സഹകരണം തേടുവാനും പലസ്തീൻ ജനതയ്ക്ക് എല്ലാ രൂപത്തിലും ഐക്യദാർഢ്യം നൽകുവാനും യോജിച്ച പ്രവർത്തനവുമായി മുന്നോട്ടു പോകുവാനും ഈ മൂന്നു കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് തീരുമാനമെടുത്തു. നെതന്യാഹുവിന്റെ സയണിസ്റ്റ് ഭരണകൂടത്തിന്റെ യഥാർത്ഥ മുഖവും അവർ നടത്തുന്ന അധിനിവേശത്തിന്റെ യഥാർത്ഥ ചിത്രം പൂർണ്ണമായി വെളിച്ചത്തുകൊണ്ടുവരുവാൻ ഒന്നിച്ചു നിൽക്കണമെന്നും ഈ യോഗം തീരുമാനമെടുത്തു. അതുപോലെതന്നെ ഇസ്രായേലി ഭരണകൂടത്തെക്കുറിച്ച് മാധ്യമങ്ങൾ നടത്തുന്ന വമ്പൻ പ്രചരണങ്ങളുടെ യഥാർത്ഥ ചിത്രവും തുറന്നുകാണിക്കണമെന്നും ഈ യോഗം തീരുമാനമെടുത്തു. സാമ്രാജ്യത്വത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ ലാഭത്തിനു വേണ്ടിയുള്ള അതിന്റെ നെട്ടോട്ടത്തിന്റെ ഭാഗമായി അത് മനുഷ്യസമൂഹങ്ങളെത്തന്നെ ഇല്ലാതാക്കുകയും യുദ്ധത്തിലും ആയുധ കച്ചവടത്തിലും പൂർണമായി ഏർപ്പെടുകയും ചെയ്യുമെന്ന് ലെനിനും തുടർന്നിങ്ങോട്ടുള്ള കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരും പറഞ്ഞുവെച്ചിട്ടുള്ളതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് ഇസ്രയേൽ. ആ തിരിച്ചറിവോടുകൂടി തന്നെയാണ് മറ്റെല്ലാ വേർതിരിവുകളും തടസ്സങ്ങളും മറികടന്നുകൊണ്ട്, സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന അത്യന്തം ഹീനമായ ഈ വംശഹത്യയെ ചെറുക്കുന്നതിന് ഇരു രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിച്ചു മുന്നോട്ടുവരുന്നത്. ♦