പലസ്തീൻ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ് (ഹമാസ്) തലവൻ ഇസ്മയിൽ ഹനിയയെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വെച്ച് വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇസ്രായേലിന്റെ നടപടി പശ്ചിമേഷ്യൻ പ്രദേശത്തെയാകെ കൂടുതൽ സംഘർഷഭരിതമാക്കി മാറ്റുമെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കഴിഞ്ഞ ജൂലൈ 31നാണ് ഇറാന്റെ പുതിയ പ്രസിഡൻറ് മസൂദ് പെസഷ്ഖ്യാന്റെ അധികാരാരോഹണവുമായി ബന്ധപ്പെട്ട് ഹമാസിന്റെ തലവൻ ഹനീയ തന്റെ പ്രസ്ഥാനത്തിന്റെ മറ്റു പ്രതിനിധികളോടൊപ്പം ഇറാനിൽ എത്തിയത്. തലസ്ഥാന നഗരമായ ടെഹ്റാനിലെ വസതിയിൽ വച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹവും ഒരു അംഗരക്ഷകനും കൊല്ലപ്പെടുകയായിരുന്നു. തങ്ങളുടെ തലവനെ നികൃഷ്ടമായി കൊന്നൊടുക്കിയ ഇസ്രായേലിന്റെ ഈ നടപടിയെ ‘വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല’ എന്നാണ് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ മൂസ അബു മാരസൗഗ് പറഞ്ഞത്. തങ്ങളുടെ നേതാവിന്റെ കൊലപാതകത്തിൽ തിരിച്ചടിക്കണമെന്ന നിലപാടിലാണ് പലസ്തീൻ റെസിസ്റ്റൻസ് മൂവ്മെന്റ .
അതുപോലെതന്നെ ഇറാനിൽവെച്ച് ഹനിയയെ കൊലപ്പെടുത്തിയ ഇസ്രായേലിന്റെ നടപടി തങ്ങളുടെ രാജ്യത്തിനുമേൽ നടത്തിയ കടന്നാക്രമണമായി തന്നെയാണ് ഇറാൻ ഭരണാധികാരികൾ കാണുന്നത്. വടക്കൻ ടെഹ്റാനിൽ പോരാളികൾക്കുവേണ്ടി ഒരുക്കിയ അതിഥിമന്ദിരത്തിൽ വിശ്രമിക്കവേ പുലർച്ചെ രണ്ടുമണിക്കാണ് ഇസ്മായിൽ ഹനിയയെ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇറാൻ ഗവൺമെന്റെ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണത്തിന് ഉത്തരവിട്ടു. ‘രക്തസാക്ഷിത്വം ദൈവത്തിന്റെ പുത്രന്മാർക്ക് പറഞ്ഞിട്ടുള്ളതാണ്. ഇറാനിലെയും പലസ്തീനിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മുൻപത്തേക്കാൾ കൂടുതൽ ശക്തമായിരിക്കും’ എന്ന് ഹനിയുടെ കൊലപാതകത്തിൽ അനുശോചിച്ചു കൊണ്ട് മസൂദ് പെസഷ്ഖ്യാൻ പറഞ്ഞു. തങ്ങളുടെ രാജ്യത്തു കടന്നുകയറി ഇസ്രായേൽ നടത്തിയ നികൃഷ്ടമായ ഈ മനുഷ്യകുരുതിയിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ശക്തമായി പ്രതികരിക്കുമെന്നും പെസഷ്ഖ്യാൻ പറഞ്ഞുവെക്കുന്നുണ്ട്. ഇറാന്റെ പരമോന്നത തലവൻ ആയത്തുള്ള അലി ഖമനെയ് ഇതിന് ഇസ്രയേൽ കടുത്ത ശിക്ഷ തന്നെ അർഹിക്കുന്നുവെന്നും അത് തെഹ്റാന്റെ കടമയാണെന്നും കൂടി പറഞ്ഞു വയ്ക്കുകയുണ്ടായി. ചുരുക്കിപ്പറഞ്ഞാൽ ഇസ്രായേലിന്റെ ഇത്തരം നടപടികൾ പശ്ചിമേഷ്യയെയാകെ കൂടുതൽ സന്തോഷഭരിതമാക്കുമെന്ന് ഉറപ്പാണ്.
സാമ്രാജ്യത്വ പിന്തുണയോടെ ശക്തമായ കടന്നാക്രമണങ്ങളും വംശഹത്യയും നടത്തിവരുന്ന ഇസ്രായേലിന് യുദ്ധോത്സുകത സവിശേഷതയായി മാറിയിരിക്കുകയാണ്. പശ്ചിമേഷ്യൻ പ്രദേശത്തു കൂടുതൽ സംഘർഷങ്ങൾ ഉണ്ടാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതേസമയം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ വിഷയത്തിൽ പ്രതികരിച്ചത്, ഇസ്രയേൽ ആക്രമിക്കപ്പെട്ടാൽ അതിനെ സംരക്ഷിക്കുവാൻ വാഷിംഗ്ടൺ തയ്യാറാകുമെന്നും ഹനിയയുടെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുവാൻ വേണ്ടി അമേരിക്ക ശ്രമിക്കുമെന്നുമാണ്. അതായത് ഇപ്പോഴും അമേരിക്ക ഇസ്രയേലിനെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് കൂടുതൽ പറയുന്നത് എന്നർത്ഥം. അമേരിക്ക നൽകുന്ന ഉപാധികളില്ലാത്ത പിന്തുണയുടെ പുറത്താണ് ഈ സയണിസ്റ്റ് രാഷ്ട്രം ഇക്കണ്ട മനുഷ്യക്കുരുതികൾ നടത്തിക്കൊണ്ട്, എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഇത്തരത്തിൽ അഴിഞ്ഞാടുന്നത്. ഏറ്റവുമൊടുവിൽ ഹനിയയുടെ കൊലപാതകം പലസ്തീനുമായി മാത്രമല്ല ഇറാനുമായും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളുമായും കൂടുതൽ സംഘർഷത്തിലേക്ക്, ശരിക്കുപറഞ്ഞാൽ മേഖലാതല യുദ്ധത്തിലേക്കുവരെ ഇസ്രയേൽ നീങ്ങിയേക്കും എന്നതിന്റെ സൂചനയാണ്. ♦