Monday, November 25, 2024

ad

Homeരാജ്യങ്ങളിലൂടെവെനസ്വേലൻ ജനത സോഷ്യലിസത്തിനൊപ്പം: അംഗീകരിക്കാതെ വലതുപക്ഷം

വെനസ്വേലൻ ജനത സോഷ്യലിസത്തിനൊപ്പം: അംഗീകരിക്കാതെ വലതുപക്ഷം

ആര്യ ജിനദേവൻ

ബൊളിവേറിയൻ വിപ്ലവത്തിന്റെ പിതാവായ ഹ്യുഗോ ഷാവേസിന്റെ എഴുപതാമത് ജന്മദിനത്തിൽ വെനസ്വേലയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും നിക്കോളാസ് മഥുറോ വമ്പിച്ച ജനപിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മഥുറോയ്ക്ക് 51.2% വോട്ടുകൾ ലഭിച്ചപ്പോൾ വലതുപക്ഷ സ്ഥാനാർത്ഥിയായ എഡ്മണ്ടോ ഗോണ്സാലസിന് ലഭിച്ചത് 44.2% വോട്ട് മാത്രമാണ്. അങ്ങനെ ലാറ്റിനമേരിക്കയിൽ, വെനസ്വേലയിൽ സോഷ്യലിസത്തിന്റെ ചുവപ്പൻ ആശയങ്ങൾ പടർത്തിക്കൊണ്ട് സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തെ വെല്ലുവിളിച്ച ഷാവേസിന്റെ പിൻഗാമിയായ നിക്കോളാസ് മഥുറോ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനങ്ങൾ മഥുറോയുടെ നേതൃത്വത്തിൽ ഇപ്പോൾ രാജ്യത്ത് നടപ്പാക്കികൊണ്ടിരിക്കുന്ന സോഷ്യലിസ്റ്റ് ഭരണക്രമത്തോടൊപ്പം ഒന്നിച്ചണിനിരന്നിരിക്കുന്നു. ബൊളിവേറിയൻ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഷാവേസിന്റെ ജന്മദിനം ആഘോഷിക്കാനും തിരഞ്ഞെടുപ്പ് ഫലം അറിയാനും ആയിരക്കണക്കിന് ജനങ്ങളാണ് മിറാഫ്ലോർസിലെ പ്രസിഡൻഷ്യൽ പാലസിനുമുന്നിൽ കാത്തുനിന്നത്. അത്രമേൽ ജനങ്ങൾ സോഷ്യലിസത്തെയും ഹ്യുഗോ ഷാവേസിനെയും അദ്ദേഹത്തിന്റെ അനുയായികളെയും വിലമതിക്കുന്നു; അവരിൽ അത്രമേൽ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നു എന്നതാണ് ഇത് കാണിക്കുന്നത്.

എന്നാൽ സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പാക്കുന്ന വെനസ്വേലയ്ക്കുമേൽ സാമ്പത്തികവും രാഷ്ട്രീയവുമായ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ആ രാജ്യത്തെയാകെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന അമേരിക്ക വെനസ്വേലയിലെ ജനങ്ങളുടെ ഈ തിരഞ്ഞെടുപ്പ് വിധി അംഗീകരിക്കുന്നില്ല എന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പിൽ രണ്ടാമനും വലതുപക്ഷ സ്ഥാനാർത്ഥിയുമായ ഗോൺസാലസിനെ വിജയിയായി പ്രഖ്യാപിക്കുകയാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പ്രതികരിക്കുകയുണ്ടായി. എന്തൊരു വിരോധാഭാസം ആണെന്ന് നോക്കണേ! ഒരു രാജ്യത്തെ ജനങ്ങൾ തങ്ങളുടെ രാജ്യത്തെ ഭരണക്രമം എങ്ങനെയുള്ളതാവണമെന്നും ഭരണാധികാരികൾ ആരാവണമെന്നും ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ നിർണയിക്കുമ്പോൾ ആ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് സാമ്രാജ്യത്വത്തിന്റെ അധിനിവേശതന്ത്രം പ്രയോഗിക്കുകയാണ് അമേരിക്ക. കൊളംബോയിലെ ബൊഗോട്ടയിൽ സ്ഥിതിചെയ്യുന്ന വെനസ്വേലയിലെ യുഎസ് എംബസി തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നടത്തിയ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെയാണ്: “ഇപ്പോൾ പുറത്തുവിട്ട തിരഞ്ഞെടുപ്പ് ഫലം വെനസ്വേലൻ ജനതയുടെ അഭിലാഷത്തെയോ അവർ നടത്തിയ വോട്ടിനെയോ പ്രതിഫലിപ്പിക്കുന്നതല്ല എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഗൗരവമായ ആശങ്കയുണ്ട്”. അതുകൊണ്ടുതന്നെ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നും എംബസി പറയുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കക്കൊപ്പം വെനസ്വേലയിലെ സോഷ്യലിസ്റ്റ് വിജയത്തിനെതിരായി അണിനിരക്കുകയാണ്. വെേനസ്വേലയിലെ വലതുപക്ഷത്തെ കൂട്ടുപിടിച്ചുകൊണ്ട് ജനവിധിയെ അട്ടിമറിച്ചു കൊണ്ടുള്ള ഒരു നീക്കത്തിനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

അതേസമയം സോഷ്യലിസ്റ്റ് ആശയങ്ങൾക്കൊപ്പം അടിയുറച്ചുനിന്ന് വെനസ്വേലയിലെ ജനവിധിയെ ശക്തമായി അഭിനന്ദിച്ചുകൊണ്ടും നിക്കോളസ് മഥുറോയുടെ ചരിത്രപരമായ വിജയത്തിന് ആശംസകൾ നേർന്നുകൊണ്ടും ക്യൂബൻ പ്രസിഡന്റ്‌ മിഗ്വൽ ഡയസ് കനാലും ബോളിവിയൻ പ്രസിഡൻറ് ലൂയി ആർസെയും രംഗത്ത് വരികയുണ്ടായി. അതുപോലെതന്നെ ഹോണ്ടുറാസ് പ്രസിഡന്റ് ഷിയോമാറ കാസ്ട്രോയും മഥുറോയ്ക്ക് വിപ്ലവാശംസകൾ നേർന്നുകൊണ്ട് മുന്നോട്ടു വരികയുണ്ടായി. വെനസ്വേലയിലെ ഇറാൻ എംബസിയും ജനങ്ങളെയും നിക്കോളാസ് മഥുറോയെയും ആശംസിച്ചുകൊണ്ട്, സുരക്ഷിതമായും സമാധാനപരമായും സുതാര്യമായും ജനാധിപത്യപരമായും ഒരു തിരഞ്ഞെടുപ്പിനെ വിജയകരമായി നടപ്പാക്കിയതിന് മധുറോ ഗവൺമെന്റിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവരികയുണ്ടായി.

ഇറാനും റഷ്യക്കുമെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് ഇപ്പോൾ എണ്ണ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. അമേരിക്കയുടെ യൂറോപ്യൻ പങ്കാളികൾക്ക് ആവശ്യമായ ഊർജ്ജത്തിന്റെ, എണ്ണയുടെ ഉറവിടം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് അമേരിക്ക. അമേരിക്കയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം ചെലവേറിയതു മാത്രമല്ല അത് അപര്യാപ്തവുമാണ്. അപ്പോൾ അമേരിക്കയ്ക്ക് വേണ്ടത് എണ്ണ ലഭിക്കുന്നതിന് ഒരു കേന്ദ്രമാണ്. അത് പ്രോസസ് ചെയ്യുവാൻ എളുപ്പവും അതുപോലെതന്നെ പര്യാപ്തമായ അളവിൽ ലഭിക്കുന്നതുമായ നിലയിൽ ഇപ്പോൾ അമേരിക്കയ്ക്ക് എണ്ണ നൽകുവാൻ സാധിക്കുന്ന ഏക രാജ്യം വെനസ്വേലയാണ് അഥവാ വെനസ്വേലയിലെ എണ്ണ അമേരിക്കയുടെ ആവശ്യത്തെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ ഉതകുന്നതാണ്. എന്നാൽ, അമേരിക്ക വെനസ്വേലയ്ക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധംമൂലം ഈ എണ്ണ ഇപ്പോൾ യൂറോപ്യൻ കമ്പോളത്തിൽ എത്തുന്നില്ല. 2022ൽ ഇറ്റാലിയൻ കമ്പനിയായ Eni SpA ക്കും സ്പാനിഷ് കമ്പനിയായ Repsol SA ക്കും യൂറോപ്യൻ കമ്പോളത്തിലേക്ക് വെനസ്വേലയിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യാൻ അമേരിക്ക അനുവാദം കൊടുത്തു. അമേരിക്ക നടത്തിയ നയം മാറ്റത്തെ വെളിപ്പെടുത്തുന്നതാണ് ഇത്. എന്നിരുന്നാലും അമേരിക്കയ്ക്ക് എണ്ണ ആവശ്യമാണ്, അതേസമയം ബൊളിവേറിയൻ വിപ്ലവത്തോട് കടുത്ത വിരോധം പുലർത്തുകയും വെനസ്വേലയിലെ തീവ്ര വലതുപക്ഷവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ആണ് ചെയ്യുന്നത്. മഥുറോയുടെ മൂന്നാമത് തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് അമേരിക്ക വലതുപക്ഷ സ്ഥാനാർത്ഥിയാണ് വിജയിച്ചത് എന്ന തരത്തിൽ നടത്തുന്ന പ്രചരണത്തെും അത്തരത്തിൽ കാണേണ്ടതാണ്. അതായത് അമേരിക്കയ്ക്ക് വെനസ്വേലയിലെ വിഭവങ്ങൾ, എണ്ണയടക്കം ആവശ്യമാണ്. അതേസമയം വെനസ്വേലയിലെ ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി അവിടുത്തെ ഗവൺമെന്റ്‌ നടപ്പാക്കുന്ന ബൊളിവേറിയൻ വിപ്ലവത്തോട് കടുത്ത എതിർപ്പും പുലർത്തുന്നു. അതിനാൽ ഗവൺമെന്റിനെ അട്ടിമറിക്കുന്നതിന് തീവ്ര വലതുംപക്ഷത്തിനു എല്ലാവിധ സഹായഹസ്തങ്ങളും നീട്ടുകയാണ് അമേരിക്ക.

ഷാവേസ് യുഗം ഉയർന്നുവന്നതോടുകൂടി രാജ്യത്തിലെ രാഷ്ട്രീയ അന്തരീക്ഷം ആകെ മാറ്റിമറിക്കപ്പെടുകയായിരുന്നു. സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള ബഹുജന രാഷ്ട്രീയ പരിപാടിയാണ് ഷാവേസ് മുന്നോട്ടുവെച്ചത്. നാല്പതുവർഷക്കാലത്തോളമായി മാറിമാറി അധികാരത്തിൽ വന്നിരുന്ന വലതുപക്ഷ പാർട്ടികൾ അതോടുകൂടി തകർന്നടിഞ്ഞു. രണ്ടായിരത്തിലെയും 2006ലെയും തിരഞ്ഞെടുപ്പിൽ ഷാവേസിന് എതിരായി നിന്നത് രാജ്യത്ത് വലതുപക്ഷം അല്ല, മറിച്ച് അദ്ദേഹത്തോട് വിയോജിക്കുന്ന മധ്യ ഇടതുപക്ഷ (Center Left) ശക്തികളായിരുന്നു. മുതലാളിത്ത അനുകൂലുകളും ഷാവേസ് വിരുദ്ധരും അമേരിക്കനനുകൂലികളുമായ ഈ മധ്യ ഇടതുപക്ഷ ശക്തികൾ രാജ്യത്തെ മുൻകാല വലതുപക്ഷത്തെ ചവിട്ടിമാറ്റി പുതിയ വലതുപക്ഷ ശക്തിയായി ഉയർന്നുവന്നു. La Salida അഥവാ The Exit എന്ന പേരിലുള്ള ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോമിനുതന്നെ ഈ വിഭാഗങ്ങൾ രൂപം കൊടുത്തു. ബൊളിവേറിയൻ വിപ്ലവത്തിൽനിന്നും പുറത്തുപോകുക എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. ലിയോപോൾഡോ ലോപ്പസ്, അന്റോണിയോ ലെഡിസേമ, മറിയ കൊറിന മാ.ഷാഡോ എന്നിവരായിരുന്നു അതിന്റെ പ്രധാന നേതാക്കൾ. 2014 ൽ ഗവൺമെന്റിന് എതിരായി നടന്ന ശക്തമായ കലാപത്തെതുടർന്ന് ലോപ്പസ് അറസ്റ്റിൽ ആവുകയും പിന്നീട് അദ്ദേഹം സ്പെയിനിലേക്ക് കടക്കുകയും ചെയ്തു. ലേഡിസെമ 2018 സ്പെയിനിലേക്ക് പോയി. സ്പെയിനിലെ തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സ് രൂപംകൊടുത്ത കമ്മ്യൂണിസ്റ്റുവിരുദ്ധ മാനിഫെസ്റ്റോയായ മാഡ്രിഡ് ചാർട്ടറിൽ മറിയ കൊറിനയും ലേഡിസ്‌മായും ഒപ്പുവെച്ചിട്ടുണ്ട്. ഷാവേസിന്റെ മരണശേഷം ഗവൺമെന്റിനെ എളുപ്പത്തിൽ അട്ടിമറിക്കാമെന്ന് പ്രതീക്ഷിച്ച ഇക്കൂട്ടർക്ക് തെറ്റി. നിക്കോളാസ് മധുറോയുടെ നേതൃത്വത്തിൽ സോഷ്യലിസം ശക്തമായിതന്നെ എല്ലാവിധ കടന്നാക്രമണങ്ങളെയും തടുത്തുകൊണ്ട് മുന്നോട്ടുനീങ്ങുകയാണ്.

2013ൽ മഥുറോ ആദ്യമായി തിരഞ്ഞെടുപ്പിൽ വിജയിച്ചതു മുതലിങ്ങോട്ട് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസക്കുറവും ക്രമക്കേടുകളും ആരോപിച്ചുകൊണ്ട് വലതുപക്ഷം സ്ഥിരമായി രംഗത്ത് വരുന്നുണ്ട്. അതേസമയം വെനസ്വേലയിലെ തൊഴിലാളി വർഗ്ഗത്തിന്മേൽ ഷാവേസ് ആശയങ്ങൾ രൂപംകൊടുത്ത പ്രത്യയശാസ്ത്രപരമായ പിൻബലവും മഥുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേലയ്ക്ക് അവിടുത്തെ കമ്മ്യൂണുകളിൽ തുടങ്ങി യുവജനസംഘടനകളിൽ വരെയുള്ള ശക്തമായ സംഘടനാശക്തിയും രാജ്യത്തെ യാഥാസ്ഥിതിക രാഷ്ട്രീയ പ്രവർത്തകർ വരെ അംഗീകരിക്കുന്നതാണ്. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന വെനസ്വേലയിലെ ജനസംഖ്യയിൽ പകുതിയും ബോളിവേറിയൻ പദ്ധതിയെ ശക്തമായി അംഗീകരിക്കുന്നവരാണ്. ബൊളിവേറിയൻ വിപ്ലവ ശക്തികൾ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കെട്ടിപ്പടുത്തിട്ടുള്ള സ്വാധീനം മറ്റൊരു രാഷ്ട്രീയ പദ്ധതിക്കും ഇക്കാലംവരെ നടപ്പാക്കാൻ ആയിട്ടില്ല. അതായത് ഷാവേസ് വിരുദ്ധ ശക്തികൾക്ക് ഒരു തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് പൂർണമായും അസാധ്യമാണ്. അപ്പോൾപിന്നെ അഴിമതിയുടെ പേര് പറഞ്ഞും തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ചും മഥുറോ ഗവൺമെന്റിന്മേൽ നിരന്തരമായ ആരോപണങ്ങൾ ചെലുത്തുക മാത്രമാണ് രാജ്യത്തെ വലതുപക്ഷത്തിനും അവരെ പിന്തുണയ്ക്കുന്ന അമേരിക്കക്കുമുള്ള ഏക ആശ്രയം. എന്നാൽ ഇത്തവണ മഥുറോ ഗവൺമെന്റിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ തള്ളിപ്പറഞ്ഞുകൊണ്ട് വലതുപക്ഷത്തെ പിന്തുണയ്ക്കുന്ന അമേരിക്കൻ നയത്തിനെതിരെ ലോകത്തുടനീളമുള്ള വിവിധ ജനവിഭാഗങ്ങൾ രംഗത്ത് വരുന്നുണ്ട്.

അതേസമയം മറിയ കൊറിനോ മഷാഡോയും ഗോൺസാലസും ചേർന്ന് നേതൃത്വം കൊടുക്കുന്ന രാജ്യത്തെ പിന്തിരിപ്പൻ ശക്തികളെ പൂർണമായി തള്ളിക്കളഞ്ഞ് തന്റെ വിജയം ഉറപ്പാക്കിയ, ഒപ്പം അണിനിരന്ന ജനങ്ങളോട് മഥുറോ നന്ദി പറഞ്ഞു. അതോടൊപ്പംതന്നെ തന്റെയും തന്റെ ഗവൺമെന്റിന്റെയും തുടർന്നങ്ങോട്ടുള്ള പ്രവർത്തനത്തിലെ മുൻഗണനകൾ എന്തൊക്കെ ആയിരിക്കുമെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി. രാജ്യത്തിന്റെ സാമ്പത്തികമായ വീണ്ടെടുപ്പ് എത്രയും പെട്ടെന്ന് സാധ്യമാകും; രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന സാമൂഹിക പദ്ധതികൾ കൂടുതൽ ത്വരിതഗതിയിലാക്കും; രാജ്യത്തെ വിവിധ രാഷ്ട്രീയ സാമൂഹിക ശക്തികൾക്കിടയിൽ ഐക്യത്തിനും ദേശീയമായ സംവാദങ്ങൾക്കുമുള്ള ഇടം ഉണ്ടാക്കുവാൻ ശ്രമിക്കും; മറ്റൊരു പ്രധാനപ്പെട്ട അജണ്ട മഥുറോ എടുത്തു പറഞ്ഞത് അമേരിക്കയും യൂറോപ്യൻ യൂണിയനും ചേർന്ന് രാജ്യത്തിനുമേൽ നടപ്പാക്കിയിട്ടുള്ള ഉപരോധം നീക്കം ചെയ്യുന്നതിനുവേണ്ടി ശക്തമായ ഇടപെടൽ നടത്തുമെന്നും ആൻറി ബ്ലോക്കേഡ് നിയമം പാസാക്കുമെന്നുമാണ്. എന്തായാലും സാമ്രാജ്യത്വത്തിന്റെയും വലതുപക്ഷ ശക്തികളുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചുകൊണ്ട് വേനസ്വെലൻ ജനതയുടെ സോഷ്യലിസ്റ്റ് വിപ്ലവത്തിന് നേതൃത്വം നൽകിക്കൊണ്ട് മുന്നോട്ടുപോകുവാൻ മഥുറോയ്ക്കും അദ്ദേഹത്തിൻറെ ഗവൺമെന്റിനും കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. അതോടൊപ്പം തന്നെ ബൊളിവേറിയൻ വിപ്ലവത്തെ വേരോടെ പിഴുതുകളയുന്നതിനായി വലതുപക്ഷ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് സാമ്രാജ്യത്വം വെനസ്വേലയിൽ നടത്തുന്ന ഇടപെടലുകളോട് പ്രതിഷേധം രേഖപേടുത്തുകയും ചെയ്യാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − 1 =

Most Popular