ഇക്കണോമിക് നോട്ട്‌ബുക്ക്‐ 52
ചരക്കുകളുടെ വിലനിർണയിക്കപ്പെടുന്നതെങ്ങനെ എന്ന ചോദ്യം അർത്ഥശാസ്ത്ര ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ചോദ്യങ്ങളിലൊന്നാണ്. എന്തൊരു അസംബന്ധമാണിത് എന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഈ ചോദ്യത്തിന്മേലുള്ള സംവാദങ്ങൾ ഇന്നും പല രൂപത്തിൽ തുടരുകയാണ്. എന്ന് മാത്രമല്ല അതിലടങ്ങിയിട്ടുള്ള രാഷ്ട്രീയവിവക്ഷകളും വളരെയേറെയാണ്. ക്ലാസിക്കൽ അർത്ഥശാസ്ത്രകാരന്മാരായ ആദം സ്മിത്തിനും ഡേവിഡ് റിക്കാർഡോയ്ക്കും ഒരു കാര്യത്തിൽ തെല്ലും സംശയമില്ലായിരുന്നു. ഒരുല്പന്നം ഉണ്ടാക്കാനായി ചെലവഴിക്കപ്പെട്ട അധ്വാനമാണ് അതിന്റെ വില നിശ്ചയിക്കുന്നതെന്ന് അവർ സംശയാതീതമായി പ്രഖ്യാപിച്ചു. അധ്വാനമാണ് മൂല്യത്തിന്റെ ഉറവിടം എന്ന സിദ്ധാന്തം (Labour theory of value) അങ്ങനെ ആധുനിക അർത്ഥശാസ്‌ത്രചരിത്രത്തിന്റെ തുടക്കം മുതൽക്കേ മുഖ്യധാരയുടെ ഭാഗമായി. ഇവരുടെ ചിന്തകളെ നിശിത വിമർശനത്തിന് വിധേയമാക്കിയ മാർക്‌സും അധ്വാനമൂല്യ സിദ്ധാന്തത്തിൽ തന്റെ സാമ്പത്തിക ചിന്തയെ ഉറപ്പിച്ചു നിർത്തി. അധ്വാനത്തിന്റെ മൂല്യം മുഴുവനും അതിന്റെ സ്രഷ്ടാക്കളായ തൊഴിലാളികൾക്ക് നൽകുന്നില്ല എന്ന നിരീക്ഷണത്തിലൂടെയാണ് സ്മിത്തിൽ നിന്നും റിക്കാർഡോയിൽ നിന്നും മാർക്സ് വേറിട്ടുനിന്നത്.
അരിസ്റ്റോട്ടിലിന്റെ കാലം മുതൽക്കേ നിലനിന്നുപോന്നിരുന്ന ശക്തമായ ചിന്താധാരയായിരുന്നു ഒരു ചരക്കിന്റെ മൂല്യം നിർണയിക്കുന്നത് അതിലടങ്ങിയിട്ടുള്ള അധ്വാനമാണ് എന്നത്. ക്ലാസ്സിക്കൽ അർത്ഥശാസ്ത്രം അതിന് ശാസ്ത്രത്തിന്റെ നിയതരൂപം നൽകി എന്നു മാത്രം. എന്തുകൊണ്ടാണ് വളരെ വസ്തുനിഷ്ഠമായ ഈ സിദ്ധാന്തം ചോദ്യം ചെയ്യപ്പെട്ടത്? അതിന്റെ സ്ഥാനത്ത് ഓരോ യൂണിറ്റിന്റെയും ഉപയോഗമൂല്യമാണ് വിലയുടെ അടിസ്ഥാനമെന്ന സിദ്ധാന്തം എങ്ങിനെയാണ് ഉയർന്നു വന്നത്? വർത്തമാനലോകം ഇവയെ എങ്ങിനെയാണ് വിലയിരുത്തുന്നത്? ഈ വിശാലമായ വിഷയത്തിലേക്കുള്ള ചെറിയൊരു പ്രവേശിക മാത്രമാണ് ഈ കുറിപ്പ്.
വസ്തുക്കൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ്, അതല്ലെങ്കിൽ കമ്പോളത്തിൽ പോയി നാമൊരു ഉത്പന്നം വാങ്ങുമ്പോഴാണ് അതിന്റെ വില എന്ത് എന്ന പ്രശ്നം ഉയർന്നു വരുന്നത്. വില അപ്പോൾ ഒരു സാമൂഹിക പ്രതിഭാസം കൂടിയായി മാറുന്നു. വളരെ സങ്കീർണമായ തൊഴിൽ വിഭജനങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, ഓരോ വ്യക്തിയും വളരെ നിയതമായ സവിശേഷ പണികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ, ഈ കൈമാറ്റം അല്ലെങ്കിൽ വിലകൊടുത്ത് വാങ്ങൽ സുപ്രധാനമായ ഒരു സംഗതിയായി മാറുന്നു. വളരെ അസമമായ രീതിയിൽ സമ്പത്ത് വിഭജിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ ഇത് കൂടുതൽ സങ്കീർണമാകുന്നു. വയറു നിറയ്ക്കാനും ഏറ്റവും അത്യാവശ്യസാധനങ്ങൾ മാത്രം വാങ്ങി വലിയൊരു വിഭാഗം ജീവിക്കാനും പെടാപ്പാട് പെടുന്ന ഭൂരിപക്ഷം വരുന്ന ഒരിടത്ത്, സാമാന്യം അല്ലലില്ലാതെ കഴിഞ്ഞുപോകുന്ന മധ്യ വർഗം മറ്റൊരിടത്ത്, എത്ര ആഡംബരത്തോടു കൂടി ജീവിച്ചാലും തങ്ങളുടെ സ്വത്തിന്റെ ഒരു മൂലപോലും ചെലവഴിക്കേണ്ടതില്ലാത്ത ഒരു ചെറുന്യൂനപക്ഷം വേറൊരിടത്ത്. ഇങ്ങനെ വാങ്ങൽ ശേഷിയിൽ വലിയ അന്തരമുള്ള ഒരു ലോകം, ഓരോ കൂട്ടരുടെയും ആവശ്യങ്ങൾ വിഭിന്നങ്ങൾ. ഈ ഓരോ കൂട്ടരുടെയും ഉപഭോഗ ആവശ്യങ്ങൾക്കനുസരിച്ച് സങ്കീർണമായ ഉത്പന്നങ്ങൾ നിറഞ്ഞ കമ്പോളം. ഈ കമ്പോളത്തിൽ എത്തിപ്പെടുന്ന ചരക്കുകളെയെല്ലാം കൂട്ടിയിണക്കുന്ന ഒരു ഘടകമുണ്ടോ, അവയിലെല്ലാം അടങ്ങിയിരിക്കുന്ന ഒരു പൊതു ഘടകമുണ്ടോ? ഉണ്ടെന്നാണ് അധ്വാന മൂല്യ സിദ്ധാന്തം പറയുന്നത്. എല്ലാവരും ഒരേ പോലെ വാങ്ങുന്ന പച്ചക്കറിയിലും, ഏറ്റവും വില കുറഞ്ഞ ബ്രാൻഡിലുള്ള മൊബൈൽ ഫോൺ തൊട്ട് ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണിലും, സാധാരണക്കാരന്റെ സൈക്കിളിലും അതിസമ്പന്നരുടെ ഓഡി കാറിലും എല്ലാം പൊതുവായ ഒരു ഘടകമുണ്ടെന്നും അത് അതിനെ നിർമ്മിച്ചെടുത്ത, അതിലടങ്ങിയിട്ടുള്ള അധ്വാനശക്തിയാണെന്നും അതിന്റെ അളവാണ് ആ ഉല്പന്നത്തിന്റെ‐ – അത് തക്കാളിയാണെങ്കിലും ഐഫോൺ ആണെങ്കിലും‐ -വില നിർണയിക്കുന്നതെന്നുമാണ് അധ്വാന മൂല്യ സിദ്ധാന്തം പറയുന്നത്.
ഇവിടെ പല ചോദ്യങ്ങളും ഉയരുന്നുണ്ട്? എന്താണ് ഈ അധ്വാനശക്തി? ഒരുല്പന്നത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുന്ന തൊഴിലാളിക്ക് കൊടുക്കുന്ന വേതനം മാത്രമാണോ അത്? എങ്ങിനെയെങ്കിലും ഒരുത്പന്നം ഉണ്ടാക്കാൻ ഉപയോഗിക്കപ്പെട്ട യന്ത്രോപകരണങ്ങളുടെയും മറ്റും വില ഇതിൽ കണക്കിലെടുക്കണ്ടേ? എന്നിങ്ങനെ കുറെ ചോദ്യങ്ങൾ ഇവിടെ സ്വാഭാവികമായും ഉയരും. തീർച്ചയായും തൊഴിലാളിക്ക് കൊടുക്കുന്ന കൂലി ഇതിൽ ഒരു ഘടകമാണ്. പക്ഷേ അയാൾ ഈ ഉത്പന്നം ഉണ്ടാക്കാനായി ചെലവഴിച്ച അധ്വാനത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള വേതനം അയാൾക്ക് നൽകപ്പെട്ടിട്ടില്ല എന്ന വിപ്ലവകരമായ കണ്ടുപിടുത്തമാണ് മാർക്സ് നടത്തിയത്. ഇത് വേറൊരു വിഷയമാണ് എന്നതിനാൽ അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. നമ്മുടെ ഇപ്പോഴത്തെ പ്രശ്‌നം ഒരുല്പന്നത്തിന്റെ വില എങ്ങിനെ നിശ്ചയിക്കപ്പെടുന്നു എന്നതാണല്ലോ. നിർമാണപ്രക്രിയയിൽ ഉപയോഗിക്കുന്ന യന്ത്രോപകരണങ്ങളുടെ കാര്യമെടുക്കുക. ഈ യന്ത്രോപകരനണങ്ങളെയും നമുക്ക് ഓരോ ഉല്പന്നമായി കണക്കാക്കാം. അപ്പോൾ അതിന്റെ വിലയും നിശ്ചയിക്കപ്പെടുന്നത് അതിലടങ്ങിയിട്ടുള്ള അധ്വാനമാണ് എന്ന് കാണാം. 10000 ഉത്പന്നങ്ങൾ ഉണ്ടാക്കുമ്പോഴേക്കും ഉപയോഗശൂന്യമായി മാറുന്ന ഒരു യന്ത്രോപകരണത്തിന്റെ വില ഒരു ലക്ഷം രൂപയാണെങ്കിൽ ഓരോ ഉല്പന്നത്തിലും ആനുപാതികമായി 10 രൂപ ഈയിനത്തിൽ അടങ്ങിയിട്ടുണ്ട് എന്ന് കാണാം. അധ്വാനമൂല്യസിദ്ധാന്തം ഇങ്ങിനെ വളരെ മൂർത്തമായിട്ടാണ് വിലയുടെ പ്രശ്നത്തെ സമീപിക്കുന്നത്.
അപ്പോൾ അടുത്ത സെറ്റ് ചോദ്യങ്ങൾ ഉയരും. സ്വർണത്തിന്റെ വില, ഇന്നത്തെ കാലത്ത് ഡയമണ്ടിന്റെയും പ്ലാറ്റിനത്തിന്റെയും വില നിശ്ചയിക്കപ്പെടുന്നതും ഇങ്ങനെയാണോ? പ്രത്യേക അധ്വാനമൊന്നും ചെലുത്തപ്പെടാത്ത പ്രകൃതിവിഭവങ്ങൾ എങ്ങിനെ വിലപിടിച്ചതാകുന്നു? ഒരു പൊതു തത്വം എന്ന നിലയ്ക്കാണ് അധ്വാനമൂല്യ സിദ്ധാന്തം വിലയെ ഇങ്ങനെ സമീപിച്ചത്. അപൂർവങ്ങളായ പ്രകൃതി വിഭവങ്ങളോ വളരെ പരിമിതമായ രീതിയിൽ കുത്തക നിയന്ത്രണത്തിൽ നിർമിക്കപ്പെടുകയും വളരെ ചെറിയ ഒരു വിഭാഗത്തിനിടയിൽ വിൽക്കപ്പെടുകയും ചെയ്യുന്ന വസ്തുക്കളുടെ കാര്യത്തിലോ ഈ നിയമം അതേപടി ബാധകമല്ല. കശ്മീരിലെ വിദഗ്‌ധരായ നെയ്ത്തുകാർ ദീർഘകാലമെടുത്ത് നിർമിക്കുന്ന പഷ്മിന ഷാളുകൾ ലക്ഷക്കണക്കിന് രൂപയ്ക്ക് വാങ്ങുന്ന അതിസമ്പന്നരുണ്ട്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കസ്റ്റമൈസ്‌ഡ് സ്വകാര്യ വാഹനങ്ങൾ വാങ്ങുന്ന ശതകോടീശ്വരരുണ്ട്. ഈ ഉല്പന്നങ്ങൾ ചൂണ്ടിക്കാട്ടി അധ്വാനശക്തി സിദ്ധാന്തത്തെ വിമർശിക്കുന്നതിൽ അടിസ്ഥാനമില്ല.
സാധാരണ ഉല്പന്നങ്ങളുടെ കമ്പോള വില വ്യതിയാനങ്ങൾ അടിസ്ഥാനമാക്കിയുള്ള വിമർശനങ്ങളേയും ഈ ഗണത്തിൽ പെടുത്താം. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന ഒരു കാര്യമുണ്ട്. സവോളയുടെ വില ചിലപ്പോൾ കുതിച്ചുയരും കിലോയ്ക്ക് 100 ഉം 200 ഉം ഒക്കെയാകും. ചിലപ്പോഴാകട്ടെ കിലോയ്ക്ക് 5 രൂപയിൽ താഴെയും. കാർഷികോത്പന്നങ്ങളുടെ വിളവെടുപ്പ് കാലം, അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള വിളനാശം എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളാണ് ഇതിനു പിന്നിൽ. ചരക്കുകളെല്ലാം കൂടി ഒരേസമയം മാർക്കറ്റിലെത്തിയാൽ വില ഇടിയും. മാർക്കറ്റിൽ ഉല്പന്നം തീർത്തും ലഭ്യമല്ല എങ്കിൽ വില കുതിച്ചുയരും. ഇവിടെ കമ്പോള വിലയേയും ഉല്പന്നത്തിന്റെ യഥാർത്ഥ വിലയേയും രണ്ടായി കാണേണ്ടതുണ്ട് എന്നാണ് അധ്വാനമൂല്യ സിദ്ധാന്തത്തിന്റെ വക്താക്കൾ വിശദമാക്കുന്നത്. ദീർഘകാലയളവിൽ കമ്പോള വില യഥാർത്ഥ വിലയിലേക്കെത്തും.
മൂലധനത്തിൽ മാർക്സ് പരാമർശിക്കുന്ന ബൂർഷ്വാ അർത്ഥശാസ്ത്രകാരന്മാരായ വില്യം പെറ്റിയും ഡേവിഡ് റിക്കാർഡോയുമൊക്കെ വിലയെ വളരെ വസ്തുനിഷ്ഠമായി മനസിലാക്കാൻ ശ്രമിച്ച ക്ലാസിക്കൽ ഇക്കണോമിസ്റ്റുകളാണ്. ഉല്പാദനത്തെയാണ് അവർ വിലയുടെ പ്രഭവകേന്ദ്രമായി കണ്ടത്. ഒരു ഉല്പന്നമുണ്ടാക്കാൻ ആവശ്യമായ ചെലവായിരുന്നു വിലയുടെ അടിസ്ഥാനമായി അവർ കണ്ടത്. ഡിമാൻഡാണ് വിലയെ നിർണയിക്കുന്നത് എന്ന സിദ്ധാന്തത്തോട് അവർ യോജിച്ചില്ല. വിലയെ സ്വാധീനിക്കുന്ന പരോക്ഷ ഘടകം മാത്രമായിട്ടാണ് അവർ അതിനെ വിലയിരുത്തിയത്. ഈ സമീപനംകൊണ്ടു തന്നെ അർത്ഥശാസ്ത്രത്തെ ഇന്നത്തെപ്പോലെ മൈക്രോ ഇക്കണോമിക്സ് മാക്രോ ഇക്കണോമിക്സ് എന്നിങ്ങനെ അവർ വേർതിരിച്ചു കണ്ടില്ല. ഇവരുടെ അധ്വാന മൂല്യ സിദ്ധാന്തത്തെ മിച്ചമൂല്യ സിദ്ധാന്തത്തിലേക്ക് വികസിപ്പിച്ചെടുത്ത മാർക്‌സും ഈ അർത്ഥശാസ്ത്രത്തിന്റെ സമഗ്രമായ കാഴ്ചപ്പാടിനെയാണ് തുടർന്നുപോന്നത്.
എന്നാൽ നിയോ ക്ലാസിക്കൽ സ്കൂൾ ഇതിൽ നിന്നും പാടെ വിഭിന്നമായ ഒരു കാഴ്ചപ്പാട് സ്വീകരിച്ചു. മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിന്റെ മർമപ്രധാനമായ മൈക്രോ ഇക്കണോമിക് സിദ്ധാന്തങ്ങൾ അങ്ങിനെയാണ് രൂപപ്പെട്ടത്. ഓരോ ചരക്കിന്റെയും വിലയെ മറ്റുള്ള ഘടകങ്ങളിൽ നിന്നെല്ലാം വേർപ്പെടുത്തി കാണണമെന്നും അതിനെ നിർണയിക്കുന്നത് ഡിമാൻഡ് മാത്രമാണെന്നുമാണ് അത് വ്യക്തമാക്കിയത്. ഉല്പാദനച്ചെലവ് എന്ന ഘടകത്തിന് വില നിശ്ചയിക്കുന്നതിൽ ഒരു പങ്കുമില്ല എന്ന സിദ്ധാന്തമാണിത്. കൈമാറ്റവിലയെയും (exchange value), ഉപയോഗമൂല്യത്തെയും (use value) രണ്ടായി കാണുന്ന അധ്വാന മൂല്യ സിദ്ധാന്തത്തെ അത് നിരാകരിച്ചു. ഒരുല്പന്നത്തിന്റെ കൈമാറ്റ വിലയെന്നത് അതിന്റെ ഉപയോഗ മൂല്യത്തിന്റെ ഒരു സവിശേഷ സ്വഭാവം മാത്രമാണ് എന്നായിരുന്നു മാർജിനലിസ്റ്റുകൾ ഉയർത്തിയ വാദം. ഉപയോഗമൂല്യത്തിന്റെ അളവുകോൽ എന്താണ് എന്ന ചോദ്യം ഇവിടെ ഉയരുന്നു. ഇവിടെ വസ്തുനിഷ്ഠമായ ഘടകങ്ങളിൽ നിന്നും തെന്നിമാറാൻ മാർജിനലിസ്റ്റുകൾ നിർബന്ധിതരാകുന്നു . കാരണം ഒരേ വസ്തു തന്നെ പല സന്ദർഭങ്ങളിലും പല ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. ഒരു കത്തി പച്ചക്കറി നുറുക്കാനും, മീൻ മുറിക്കാനും, വേണമെങ്കിൽ മറ്റൊരാളെ വകവരുത്താനും ഉപയോഗിക്കാം. കേവലമായ ഉപയോഗമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വിലയെ നിശ്ചയിക്കാനുള്ള ശ്രമം ഇവിടെ വിലയുടെ മേൽ വലിയൊരു മൂടുപടമിടുന്നു. അത് അളവുകൾക്കതീതമാകുന്നു. അത് വ്യക്തിഗതമായ ആവശ്യകത എന്ന ഘടകത്തിൽ അഭയം പ്രാപിക്കുന്നു. വില കേവലം ആത്മനിഷ്ഠഘടകമായി പര്യവസാനിക്കുന്നു. വ്യക്തിഗത മോഹങ്ങളാണ് വിലയുടെ അടിസ്ഥാനം എന്ന അപകടകരമായ സിദ്ധാന്തം ഇവിടെ ചിരപ്രതിഷ്ഠ നേടുന്നു. മനുഷ്യന്റെ വളരെ മൂർത്തമായ സാമൂഹിക ഇടപാടുകളെ, കൊടുക്കൽ വാങ്ങലുകളെ, വിശകലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു ശാസ്ത്രം ചെന്ന് പര്യവസാനിക്കുന്നത് ഇവിടെയാണ്. മാർക്‌സും മറ്റ് ക്ലാസിക്കൽ ഇക്കണോമിസ്റ്റുകളും, ചരക്കുകളുടെ കൈമാറ്റത്തിന്റെ സാമൂഹിക മാനം അന്വേഷിച്ചപ്പോൾ, അതിലടങ്ങിയ വസ്തുനിഷ്ഠ ഘടകങ്ങളെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ, മാർജിനലിസ്റ്റുകൾ വ്യക്തികളുടെ മനോനിലകളിലാണ് വിലയുടെ അർത്ഥം തിരഞ്ഞത്. രത്നത്തെക്കാൾ ഒരു മനുഷ്യനാവശ്യം റൊട്ടിയും വെള്ളവുമാണ്. എങ്കിലും രത്നത്തിന്റെ വില ഇവയ്ക്കുണ്ടോ? അതുപോലെ യാതൊരു വിലയുമില്ലാത്ത ഓക്സിജൻ ഒരു കാശും കൊടുക്കാതെ നാം ഉപയോഗിക്കുകയാണ്. നാം നേരത്തെ ഉത്തരം പറഞ്ഞ ഇതിനെയൊക്കെ അടിസ്ഥാനമാക്കിയാണ്, നിറവേറ്റപ്പെടാത്ത ആവശ്യകതയുടെ അവസാന യൂണിറ്റാണ് (marginal utility) വിലയെ നിശ്ചയിക്കുന്നതെന്ന നിയോ ക്ലാസിക്കൽ സിദ്ധാന്തം നിലനിൽക്കുന്നത്. നമ്മുടെ മുഖ്യധാരാ സാമ്പത്തികശാസ്ത്ര പാഠപുസ്തകങ്ങൾ ഏതാണ്ട് മുഴുവനും ഇതിനെ ന്യായീകരിക്കാനുള്ള ഗ്രാഫുകളും ചാർട്ടുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിലയെ നിശ്ചയിക്കുന്ന സപ്ലൈ ഡിമാൻഡ് രേഖ, വരുമാനത്തിന്റെ തോതനുസരിച്ച് ചരക്കുകളുടെ ആവശ്യകതയെ സൂചിപ്പിക്കുന്ന രേഖകൾ, ലാഭത്തിന്റെയും മാർജിനൽ കോസ്റ്റിന്റെയും രേഖകൾ എന്നിങ്ങനെ അവ നീളുന്നു. യഥാർത്ഥ ലോകവുമായി ഒരു ബന്ധവുമില്ലാത്ത ഒന്നായി മുഖ്യധാരാ അർത്ഥശാസ്ത്രം അങ്ങിനെ പരിണമിച്ചിരിക്കുന്നു. ഒരു തൊഴിലാളിയുടെ കൂലിയെ നിശ്ചയിക്കുന്നത് ഇതേ സിദ്ധാന്തമുപയോഗിച്ച് ഒന്ന് വിശദീകരിക്കാമോ എന്ന ചോദ്യം ഉയർത്തിയാൽ മാർജിനലിസ്റ്റ് സിദ്ധാന്തം ക്ലാസ്സുമുറികളിൽ പഠിപ്പിക്കുന്ന, നിയോ ക്ലാസിക്കൽ അർത്ഥശാസ്ത്ര സിദ്ധാന്തങ്ങൾ വെള്ളം ചേർക്കാതെ വിഴുങ്ങുന്ന, നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞർ നൽകുന്ന മറുപടി എന്തായിരിക്കും എന്ന് മാത്രം ആലോചിച്ചാൽ മതി കെട്ടിപ്പൊക്കിയ ഈ വില സിദ്ധാന്തങ്ങൾ നിലം പതിക്കാൻ. ♦