Thursday, November 21, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍ഏറനാട്ടിൽ ഉയരത്തിൽ ചെങ്കൊടി

ഏറനാട്ടിൽ ഉയരത്തിൽ ചെങ്കൊടി

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 45

റനാട്ടിൽനിന്ന് കെ.ദാമോദരന് ശേഷം ഉയർന്നുവന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളിൽ ഏറ്റവും പ്രമുഖനാണ് ഇ.കെ.ഇമ്പിച്ചിബാവ. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അനുയായിയും ദേശീയപ്രസ്ഥാനത്തിന്റെ അനുഭാവിയുമായിരുന്ന ഏഴുകുടിക്കൽ അബ്ദുള്ളയുടെയും ചൊക്കിന്റകത്ത് ആയിശക്കുട്ടിയുടെയും മകനായി 1919‐ൽ പൊന്നാനിയിലാണ് ഇമ്പിച്ചിബാവ ജനിച്ചത്. പിതാവ് പീയേഴ്‌സ്ലെസ്ലി കമ്പനിയുടെ പത്തേമാരികളിലെ സ്രാങ്കായിരുന്നു. കോഴിക്കോട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിലാണ് സെക്കണ്ടറി വിദ്യാഭ്യാസം. ഇക്കാലത്താണ് ഇമ്പിച്ചിബാവ രാഷ്ട്രീയപ്രവർത്തകനാകുന്നത്‐ 1936‐ൽ. അന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആസ്ഥാനമായിരുന്നു കോഴിക്കോട് നഗരം. പി.കൃഷ്ണപിള്ള, മഞ്ജുനാഥറാവു, കെ.ദാമോദരൻ എന്നിവരുമായി ബന്ധപ്പെട്ട് ഇമ്പിച്ചിബാവ പൊതുരംഗത്ത് സജീവമായി.

1937‐ൽ കോഴിക്കോട്ടു നടന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ സംസ്ഥാനസമ്മേളനത്തിന്റെ (മലബാറിൽനിന്നുള്ളവരേ പങ്കെടുത്തുള്ളൂ) സംഘാടന പ്രവർത്തനത്തിൽ ഇമ്പിച്ചിബാവ സജീവമായി. ആ സമ്മേളനത്തോടെ ഇമ്പിച്ചിബാവയിൽ മികച്ച ഒരു കാഡറെ കണ്ടെത്തുകയായിരുന്നു കൃഷ്ണപിള്ള. കെ.വി.ജയരാഘവൻ സെക്രട്ടറിയും ഇ.കെ.നായനാർ ജോയന്റ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് കോഴിക്കോട്ടെ സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റിയിൽ അംഗമായ ഇമ്പിച്ചിബാവ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനു മുമ്പുതന്ന സ്കൂളിനോട് വിടപറഞ്ഞ് മുഴുവൻസമയ രാഷ്‌ട്രീയ പ്രവർത്തകനാവുകയായിരുന്നു. അടുത്തവർഷം തലശ്ശേരിയിലാണ് വിദ്യാർഥിപ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനം ചേർന്നത്. സമ്മേളനം ഉദ്ഘാടനംചെയ്യാനെത്തിയ ബാട്ലിവാലയെ പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വിദ്യാർഥികൾ ചെറുത്തു. പിന്നീട് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തെങ്കിലും വിദ്യാർഥികൾ ഇമ്പിച്ചിബാവയുടെയും കല്ലാട്ട് കൃഷ്ണന്റെയുമെല്ലാം നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. അറസ്റ്റിൽ പ്രതിഷേധിച്ചു നടന്ന റാലിയിൽ പ്രധാന പ്രസംഗകൻ ഇമ്പിച്ചിബാവയായിരുന്നു. ഏറനാടൻ ഭാഷാസവിശേഷതകളും ആക്ഷേപഹാസ്യവും ശബ്ദഗാംഭീര്യവുമെല്ലാം ചേർന്ന ഉജ്ജ്വലപ്രസംഗം ചെറുപ്പത്തിലേ അത് പ്രസിദ്ധമായി. അക്കാലത്തുതന്നെ ഏറ്റവും ഡിമാൻഡുള്ള പ്രസംഗകനായിരുന്നു അദ്ദേഹം. തലശ്ശേരിയിലെ സമ്മേളനത്തിനുശേഷം മംഗലാപുരത്തുനടന്ന സമ്മേളനത്തിലെയും പ്രധാന പ്രസംഗകനും സമ്മേളനത്തിന്റെ സംഘാടകരിൽ പ്രധാനിയും ഇമ്പിച്ചിബാവയായിരുന്നു.

ആലുവ മുതൽ മംഗലാപുരംവരെയും മദിരാശിവരെയുമുള്ള വിദ്യാർഥിപ്രസ്ഥാനത്തിന്റെ നായകരിലൊരാളായി ഉജ്ജ്വലപ്രാസംഗികനായി ഇമ്പിച്ചിബാവ മുപ്പതുകളുടെ അവസാനകാലത്ത്, അതായത് 20 വയസ്സിന് മുമ്പുതന്നെ നിറഞ്ഞുനിന്നു. അക്കാലത്ത് കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രധാനമായും ട്രേഡ് യൂണിയൻ പ്രവർത്തനമാണ് നടന്നുവന്നിരുന്നത്. തന്റെ നാടായ പൊന്നാനിയിൽ ബീഡിത്തൊഴിലാളികളുടെ യൂണിയൻ രൂപീകരിച്ച് കെ.ദാമോദരന്റെയും സി.കണ്ണന്റെയുമെല്ലാം നേതൃത്വത്തിൽ സമരരംഗത്തിറങ്ങുകയാണെന്ന് കണ്ടതോടെ നാട്ടിൽ തിരിച്ചെത്തി ആ പ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിച്ചു.

1939‐ സെപ്റ്റംബറിൽ രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോൾ യുദ്ധത്തിനെതിരായ പ്രചരണത്തിലായി കമ്യൂണിസ്റ്റ്പാർട്ടി. നടക്കുന്നത് സാമ്രാജ്യത്വയുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രചരണം. ഇമ്പിച്ചിബാവ യുദ്ധവിരുദ്ധ പ്രസംഗവുമായി ഏറനാട്ടിലാകെ സഞ്ചരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച ഘട്ടത്തിൽത്തന്നെ പാർട്ടി അംഗമായി അദ്ദേഹം. പാർട്ടിയിൽ ഉയർന്ന തലത്തിലുള്ള നേതൃസ്ഥാനത്തില്ലെങ്കിലും ജനങ്ങളെ ഇളക്കിമറിക്കുന്ന പ്രസംഗകനെന്ന നിലയിൽ ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ ഇമ്പിച്ചിബാവയെ നോട്ടമിട്ടിരുന്നു. നേതാക്കളായ കെ.ദാമോദരൻ, ഇ.പി. ഗോപാലൻ, പി.വി.കുഞ്ഞുണ്ണിനായർ എന്നിവർക്കൊപ്പം ഇമ്പിച്ചിബാവയും അറസ്റ്റിലായി. 1942 ജൂലായ് 23‐ന് പാർട്ടിയുടെ മേലുള്ള നിരോധനം നീക്കുന്നതുവരെ രണ്ടരക്കൊല്ലത്തോളമാണ് ജയിലിൽ കഴിയേണ്ടിവന്നത്. ജയിലിലടയ്‌ക്കുമ്പോൾ പ്രായം 20 വയസ്സ് പിന്നിട്ടതേയുള്ളൂ.

ജയിൽമോചിതനായെത്തിയ ഇമ്പിച്ചിബാവയെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊന്നാനി താലൂക്ക് കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയായി നിയോഗിച്ചു. ഓഫീസ് സെക്രട്ടറിയാണെങ്കിലും താലൂക്കിലെ പ്രധാന പ്രസംഗകനായി അദ്ദേഹംതന്നെ പ്രവർത്തിച്ചു. പൊന്നാനിയിലെ തഹസിൽദാരുടെ അഴിമതിയും ക്രമക്കേടും ചോദ്യംചെയ്തുകൊണ്ട് രൂക്ഷമായി പ്രസംഗിച്ചതിന്റെ പേരിൽ ഇമ്പിച്ചിബാവയെ കേസിൽ കുടുക്കി. ആ കേസിൽ ഒമ്പത് മാസത്തെ തടവുശിക്ഷ. അങ്ങനെ യൗവനാരംഭത്തിൽത്തന്നെ മൂന്നേകാൽ കൊല്ലത്തെ ജയിൽവാസം.

ജയിൽമോചിതനായി തിരിച്ചെത്തിയ ഇമ്പിച്ചിബാവ വിവിധ തൊഴിലാളിവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിൽ വ്യാപൃതനായി. അക്കാലത്ത് നാട്ടിലാകെ പടർന്നുപിടിച്ച കോളറ ദുരന്തം വിതയ്ക്കുകയായിരുന്നു. ഇമ്പിച്ചിബാവ യുവാക്കളെ സംഘടിപ്പിച്ച് ജനങ്ങൾക്ക് ആശ്വാസംപകർന്നു.ബോധവൽക്കരണം, കോളറ ബാധിതർക്ക് ചികിത്സ ലഭ്യമാക്കൽ, മൃതദേഹം സംസ്കരിക്കൽ എന്നിങ്ങനെ എല്ലാ കാര്യത്തിലും ഇമ്പിച്ചിബാവയും സഖാക്കളും ഏർപ്പെട്ടു.

1948‐ൽ കൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധിയായി ഇമ്പിച്ചിബാവ പങ്കെടുത്തു. കോൺഗ്രസ് കഴിഞ്ഞ്തിരിച്ചെത്തുമ്പോഴേക്കും പാർട്ടിക്ക് നിരോധനമായി. ഒളിവിൽ പോയ ഇമ്പിച്ചിബാവയെ പിടിക്കാൻ പോലീസിനു സാധിച്ചില്ല. അതിൽ നിരാശരും കുപിതരുമായ പോലീസുകാർ ഇമ്പിച്ചിബാവയുടെ പിതാവിനെ അറസ്റ്റ്ചെയ്ത് പീഡിപ്പിച്ചു, വീട്ടിൽ അതിക്രമം കാട്ടി. ഇന്ത്യ റിപ്പബ്ലിക്കാവുകയും പാർട്ടിയുടെ മേലുള്ള നിരോധനം നീങ്ങുകയും ചെയ്തതോടെ ഇമ്പിച്ചിബാവയുടെ പ്രവർത്തനമേഖല കേരളമാകെയായി. ആദ്യത്തെ പാർലമെന്റിൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇമ്പിച്ചിബാവ പാർലമെന്റിൽ മാതൃഭാഷയിൽ പ്രസംഗിച്ച് ചരിത്രം കുറിച്ചു.

മുപ്പതുകളിൽ ഏറനാട്ടിൽ ഇമ്പിച്ചിബാവ ഉയർത്തിയ ചെങ്കൊടി ഉയരത്തിൽ പറപ്പിക്കാൻ, വ്യാപകമാക്കാൻ മുസ്ലിംസമുദായത്തിൽനിന്നും നൂറുകണക്കിന് പ്രവർത്തകർ ഉയർന്നുവന്നു. കമ്മ്യൂണിസ്റ്റുകാർ മതവിരോധികളാണ്, ഈശ്വരവിരോധികളാണ് എന്നിങ്ങനെ പ്രചരിപ്പിച്ച് മതസംഘടനകളും പ്രമാണിമാരും വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. ഇമ്പിച്ചിബാവയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമകരവും ക്ഷമാപൂർവമായ പ്രവർത്തനങ്ങളിലൂടെ വിശ്വാസികൾക്കിടയിലും വലിയ സ്വാധീനമുണ്ടാക്കാൻ സഖാക്കൾ കുഞ്ഞാലിയും കെ.സെയ്താലിക്കുട്ടിയും പാലോളി മുഹമ്മദ് കുട്ടിയുമടക്കമുള്ള വിപ്ലവകാരികൾക്ക്‌ സാധിച്ചു.

കൊണ്ടോട്ടിയിലെ കരിക്കാടൻ കുഞ്ഞമ്മദിന്റെയും അമ്പലൻ ആയുശുമ്മയുടെയും മകനായി 1924‐ജൂലായ്എട്ടിന് ജനിച്ച കെ.കുഞ്ഞാലി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകയുദ്ധകാലത്ത് മൂന്നുവർഷം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച് തിരിച്ചുവന്ന കുഞ്ഞാലി ഏറനാട്ടിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തനായ പ്രവർത്തകനായി. സംഘടനാശേഷിയും ധീരതയും ഒത്തിണങ്ങിയ നേതാവെന്ന് അതിവേഗം തെളിയിച്ച കുഞ്ഞാലിയെ പാർട്ടി മൈസൂരിലേക്ക് നിയോഗിച്ചു. മൈസൂരിലെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് ചൂഷണത്തിനെതിരെ പൊരുതുന്നതിനു നേതൃത്വം നൽകുകയായിരുന്നു. രണ്ടു വർഷത്തിനുശേഷം തിരിച്ചെത്തി നാട്ടിൽ പ്രവർത്തനനിരതനായിരിക്കെയാണ് അദ്ദേഹത്തെ 1948‐ൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നിരോധനം നീക്കുന്നതുവരെ മൂന്നരവർഷത്തോളം ജയിലിൽ. ജയിൽമോചിതനായ കുഞ്ഞാലി കിഴക്കൻ ഏറനാട്ടിൽ തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു പിന്നീട്. കടുത്ത ചൂഷണത്തിനിരയായി നരകതുല്യമായ ജീവിതമായിരുന്നു അക്കാലത്ത് തോട്ടംതൊഴിലാളികളുടേത്. അവർക്കൊപ്പം താമസിച്ച് അവരെ സംഘടിപ്പിച്ച് അവരെ ബോധവാന്മാരാക്കി ചൂഷണത്തിനെതിരെ അണിനിരത്തുകയായിരുന്നു കുഞ്ഞാലി. പാവപ്പെട്ട തൊഴിലാളികളുടെ കണ്ണിലുണ്ണിയായി മാറിയ കുഞ്ഞാലി നിരവധി നിരവധി ഭൂസമരങ്ങൾ നയിച്ചു. കിഴക്കൻ ഏറനാട്ടിലെ പാവപ്പെട്ട കൃഷിക്കാർക്കും തൊഴിലാളികൾക്കും ഭൂവവകാശം ലഭിക്കുന്നതിനുള്ള എണ്ണമറ്റ സമരങ്ങൾ. ആ സമരങ്ങളിലൂടെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചു.

തൊഴിലാളികളുടെ പ്രിയനായകനായ, ചൂഷണത്തിൽനിന്ന് തോട്ടംതൊഴിലാളികളെ മോചിപ്പിക്കാൻ ജീവിതം സമർപ്പിച്ച സഖാവ് കുഞ്ഞാലിയെ മുതലാളിമാരുടെ ആജ്ഞാനുവർത്തികളായ കോൺഗ്രസ്സുകാർ, വെടിവെച്ചുകൊല്ലുകയായിരുന്നു. ചുള്ളിയോട്ടെ പാർട്ടി ഓഫീസിൽനിന്ന് പുറത്തിറങ്ങുമ്പോൾ തൊട്ടടുത്ത കോൺഗ്രസ് ഓഫീസിൽനിന്ന് വെടിവെക്കുകയായിരുന്നു. 1969 ജൂലായ് 26‐നായിരുന്നു ആ സംഭവം. രണ്ടുദിവസംകഴിഞ്ഞ് 28‐ന് കുഞ്ഞാലി രക്തസാക്ഷിയായി.

കൊണ്ടോട്ടിയിൽ കുഞ്ഞാലി പഠിച്ച അതേ സ്കൂളിൽ രണ്ട് ക്ലാസിന് പിറകിലായി പഠിക്കുകയായിരുന്നു കെ.സെയ്താലിക്കുട്ടി. സാഹിത്യസമാജത്തിലും കുട്ടികളുടെ സംഘടനാകാര്യങ്ങളിലും കുഞ്ഞാലിയെപ്പോലെതന്നെ തല്പരൻ. കാപ്പാടൻ കമ്മതിന്റെയും നാലുപുരയ്ക്കൽ തായുമ്മയുടെയും മകനായി 1926‐ൽ ജനിച്ച സെയ്താലിക്കുട്ടി സ്കൂളിൽ ബാലസമാജത്തിന്റെ പ്രധാന സംഘാടകനും നടത്തിപ്പുകാരനുമായിരുന്നു. നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നെങ്കിലും ഒരുദിവസം ഹോംവർക്ക് ചെയ്യാതെ പോയതിന് അധ്യാപകൻ തല്ലുകയും ക്ലാസിൽനിന്ന് പുറത്താക്കുകയും ചെയ്തതോടെ സെയ്താലിക്കുട്ടി പഠനം ഉപേക്ഷിച്ചു. അവൻ നാട്ടിലെ പാർട്ടി ഓഫീസിൽ സ്ഥിരക്കാരനായി. പാർട്ടിയുടെ സന്ദേശവാഹകനായി ത്യാഗപൂർവം പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റാണെന്ന് മനസ്സിലാക്കിയതോടെ മതമേധാവികൾ വീട്ടിലെത്തി രക്ഷിതാക്കളെ ഉപദേശിച്ചു, ഭീഷണിപ്പെടുത്തി. കുടുംബത്തിനും രക്ഷയില്ലെന്നുവന്നപ്പോൾ മൂത്തസഹോദരന്മാർ സെയ്താലിക്കുട്ടിയെ വീട്ടിൽനിന്ന് പുറത്താക്കി. നാല്പതുകളുടെ മധ്യകാലമാണത്. സെയ്താലിക്കുട്ടി പാർട്ടി ഓഫീസിൽ താമസമാക്കി. കൊണ്ടോട്ടിയിൽ ബാലസംഘം സംഘടിപ്പിച്ച് ജാഥകളും യോഗങ്ങളും നടത്തിക്കൊണ്ടായിരുന്നു സെയ്താലിക്കുട്ടിയുടെ തുടക്കം. മതമേധാവികളുടെയും കടുത്ത അന്ധവിശ്വാസികളുടെയും ഭീഷണികളെയും മർദനത്തെയും അതിജീവിച്ചാണ് സെയ്താലിക്കുട്ടി മുന്നോട്ടുപോയത്. പഠനം വീണ്ടും തുടരാൻ കൃഷ്ണപിള്ളയടക്കമുള്ളവർ ഉപദേശിച്ചെങ്കിലും വഴങ്ങാതെ മുഴുവൻസമയ പ്രവർത്തകനാവുകയായിരുന്നു. കൊണ്ടോട്ടിത്തങ്ങളുടെ ജോലിക്കാരായ ഹരിജനങ്ങൾ അക്കാലത്ത് കടുത്ത പീഡനമാണനുഭവിച്ചുപോന്നത്. അവരെ സംഘടിപ്പിച്ചുകൊണ്ട് ചൂഷണത്തിനും അക്രമത്തിനുമെതിരെ പോരാടാൻ സെയ്താലിക്കുട്ടി നേതൃത്വം നൽകി. ബ്രിട്ടീഷ് കമ്പനിയുടെ ഗവർണർ കൊണ്ടോട്ടിയിൽ സന്ദർശനത്തിനെത്തിയപ്പോൾ പ്രതിഷേധപ്രകടനം നടത്തിയതിന് അറസ്റ്റിലായി.

സെയ്താലിക്കുട്ടിയെപ്പോലെതന്നെ ഇമ്പിച്ചിബാവയും കുഞ്ഞാലിയും കെട്ടിപ്പടുക്കാൻ തുടങ്ങിയ ഏറനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മറ്റൊരു തുടക്കക്കാരനാണ് പാലോളി മുഹമ്മദ്കുട്ടി. 1932‐ൽ കോഡൂരിലെ ചെമ്മങ്കടവിൽ പാലോളി ഹൈദ്രുവിന്റെയും നെടുതൊടി കൂരിമണ്ണിൽ ആച്ചുമ്മയുടെയും മകനായി ജനിച്ച പാലോളി മുഹമ്മദ് കുട്ടി സ്കൂളിൽ ചെറിയ ക്ലാസിൽ പഠിക്കുമ്പോഴേ വിദ്യാർഥിസംഘടനയുടെ പ്രധാന പ്രവർത്തകനായി. അക്കാലത്ത് നാട്ടിൽ ഹരിജനങ്ങൾക്കെതിരെ പലതരം വിവേചനങ്ങളും അതിക്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. ചായക്കടയിൽ കയറ്റില്ല, വഴിനടക്കാൻ പാടില്ല. ഇതിനെല്ലാമെതിരെ മുഹമ്മദ്കുട്ടിയും സുഹൃത്തുക്കളും പൊരുതി. പ്രായോഗികമായ ചെറുത്തുനില്പുകൾ. മകൻ കമ്മ്യൂണിസ്റ്റാശയക്കാരനാണെന്ന് മനസ്സിലായപ്പോൾ ബാപ്പ ചെയ്തത് വീട്ടുവിലക്കാണ്. വീട്ടിൽ കയറിപ്പോകരുത്. പിന്നീട്‌ രണ്ടാഴ്ച കഴിഞ്ഞുമാത്രമാണ് വീട്ടിൽ കയറാനായത്. അതിനിടെ സ്കൂളിൽ ഫൈനൽ‐ അതായത് എട്ടാം ക്ലാസ് പരീക്ഷ പാസാവില്ലെന്ന് ഉറപ്പായതിനാൽ സുഹൃത്തിനോടൊപ്പം നാടുവിട്ടു‐ എത്തിയത് ഹൈദരാബാദിൽ. അവിടെ നൈസാമിന്റെ പട്ടാളത്തിൽ ഒരുവർഷത്തെ സേവനം. തിരിച്ചു നാട്ടിലെത്തിയപ്പോഴേക്കും പിതാവ് മരിച്ചതിനാൽ കുടുംബഭാരം തലയിൽ. നിരോധനകാലമെങ്കിലും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവം. മതമേധാവികളും യാഥാസ്ഥിതികരായ മുസ്ലിംലീഗ് പ്രവർത്തകരും കമ്മ്യൂണിസ്റ്റെന്ന നിലയിൽ പാലോളി കുടുംബത്തെ ഒറ്റപ്പെടുത്തി. സഹോദരിയുടെ വിവാഹം നിശ്ചയിച്ച ശേഷം മുടങ്ങി. കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നറിഞ്ഞിരുന്നില്ലെന്നതായിരുന്നു. പാലോളിയുടെ ആദ്യവിവാഹബന്ധം തകർന്നതും ഈ പ്രശ്ത്തിലാണ്‌. വിവാഹം കഴിച്ചുതരുമ്പോൾ കമ്മ്യൂണിസ്റ്റാണെന്ന് അറിയില്ലായിരുന്നെന്നും പാർട്ടിയിൽനിന്ന് രാജിവെക്കാമെങ്കിലേ ബന്ധം തുടരാനാവുകയുള്ളുവെന്നും ഭാര്യയുടെ വീട്ടുകാർ ശഠിച്ചു. അങ്ങനെ ആ വിവാഹബന്ധം തകർന്നു. പാലോളി പിന്നീട് മുഴുവൻസമ പ്രവർത്തകനാവുകയും ഉന്നത നേതൃത്വത്തിലെത്തുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗം.

ഏറനാട്ടിൽനിന്ന് ഉയർന്നുവന്ന മറ്റൊരു ധീരവിപ്ലവനേതൃത്വമായിരുന്നു കമ്പളത്ത് ഗോവിന്ദൻനായർ. ചരിത്രത്തിൽവേണ്ടവിധം രേഖപ്പെടുത്താതെപോയ ഒരാൾ. കൊണ്ടോട്ടേിക്കടുത്ത നെടിയിരുപ്പിൽ 1914‐ൽ ജനിച്ച ഗോവിന്ദൻനായർ അധ്യാപകപ്രസ്ഥാനത്തിന്റെ സമുന്നതനേതാവായിരുന്നു. 1931 മുതൽ 44 വരെ വിവിധ എയിഡഡ് സ്കൂളുകളിൽ അധ്യാപകനായിരുന്ന് കമ്പളത്തിന് സമരസംഘടനാപ്രവർത്തനങ്ങളുടെ പേരിൽ പലതവണ ജോലി നഷ്ടപ്പെട്ടു. ടി.സി.നാരായണൻ നാരുടെയും പി.ആർ. നമ്പ്യാരുടെയും അടുത്ത സഹപ്രവർത്തകനായിരുന്നു കമ്പളത്ത്. കമ്മ്യൂണിസ്റ്റായതിനെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടപ്പോൾ ഹോമിയോപ്പതി പഠിച്ച് ഡോക്ടറായി പ്രാക്റ്റീസ് ചെയ്തു. ജനകീയ ഡോക്ടറെന്ന പേരെടുത്തു. പത്രപ്രവർത്തകനും എഴുത്തുകാരനും കൂടിയായിരുന്നു കമ്പളത്ത്. തെരുവത്ത് രാമന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധപ്പെടുത്തിയ കാഹളം മാസികയിൽ ജന്മിത്തത്തിന്റെ കാലടിയിൽനിന്ന് എന്ന ലേഖനം വലിയ കോളിളക്കം സൃഷ്ടിച്ചു. ബ്രിട്ടീഷ് സർക്കാർ മാസിക നിരോധിക്കുകയും പ്രസ്സ് പൂട്ടിക്കുകയുംചെയ്തു. ലേഖനത്തിന്റെയും കയ്യൂർ സംഭവത്തെ മുൻനിർത്തി കർഷകപ്രസ്ഥാനവുമായി ബന്ധപ്പെട്ട നാടകം എഴുതിയതിന്റെയും പേരിൽ കമ്പളത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട് റെയ്‌ഡ് ചെയ്ത് കയ്യെഴുത്തു പ്രതികളും രേഖകളുമെല്ലാം കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി. അറസ്റ്റിലായ കമ്പളത്തിന്റെ വലതുകൈ അടിച്ചു പൊട്ടിച്ചു. നഖം പിഴുതെടുത്തു. കൊടുംക്രൂരതയ്ക്കുശേഷം ആറുമാസത്തെ ജയിൽശിക്ഷയും. 1943 മാർച്ച് 29‐ന് കയ്യൂർ സഖാക്കളെ തൂക്കിക്കൊന്നശേഷം തന്റെ നാടകസംഘവുമായി കമ്പളത്ത് കയ്യൂരിലെത്തി. കയ്യൂർ സംഭവവുമായി ബന്ധപ്പെട്ട് താനെഴുതിയ നാടകം അവിടെ അവതരിപ്പിച്ചു. മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ് നാടകത്തിൽ അഭിനയിച്ചത്.

ചരിത്രത്തിൽ രേഖപ്പെടാതെപോയ മറ്റൊരു ഉശിരൻ വിപ്ലവകാരിയാണ് മുഹമ്മദലി നമ്പീശൻ. തിരൂർ നിറമരുതൂർ പഞ്ചായത്തിലെ തളിയാരപുഷ്പകത്തിൽ കേശവൻ നമ്പീശന്റെയും നങ്ങേലി ബ്രാഹ്മണിയമ്മയുടെയും മകനായി 1917‐ൽ ജനിച്ച പരമേശ്വരൻ നമ്പീശനാണ് മുഹമ്മദലി നമ്പീശനായി മാറിയത്. പരമേശ്വരനും ജ്യേഷ്ഠനും 1932‐ൽ ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്നു. പിരിഞ്ഞുവന്നപ്പോൾ ഇരുവരെയും ഭ്രഷ്ട് കല്പിച്ച് പുറത്താക്കി. കടൽ കടന്നു, മാംസഭക്ഷണം കഴിച്ചിട്ടുണ്ടാവാം എന്നീ കാരണങ്ങളാലാണ് പുറത്താക്കൽ. ജ്യേഷ്ഠൻ ആര്യസമാജത്തിൽ ചേർന്ന് പരിഹാരക്രിയകൾ നടത്തി വീണ്ടും നമ്പീശനായി. എന്നാൽ പരമേശ്വരൻ അതിന് സന്നദ്ധനായില്ല. ജ്യേഷ്ഠനും അനുജനും ദേശീയപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു. പരമേശവരൻ മതംമാറി മുഹമ്മദലി എന്ന പേർ സ്വീകരിച്ചു. മുഹമ്മദലി നമ്പീശൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഏറനാട്ടിലും വള്ളുവനാട്ടിലും കമ്മ്യൂണിസ്റ്റ്പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായി. കൂലിപ്പണിയെടുത്തുകൊണ്ടാണ് മുഹമ്മദലി അഥവാ മമ്മാലി നമ്പീശൻ ജീവിച്ചത്. 1949‐ൽ എയർഫോഴ്സിൽ ചേർന്നെങ്കിലും കമ്മ്യൂണിസ്റ്റെന്ന കാരണത്താൽ വൈകാതെ പിരിച്ചുവിടപ്പെട്ടു. പിന്നീട് മുഴുവൻസമയ പാർട്ടി പ്രവർത്തകനായി, സി.പി.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി. 1967‐ൽ ഇമ്പിച്ചിബാവ മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫിലെ പ്രധാന ചുമതലക്കാരനായി തീരുമാനിച്ചത് മമ്മാലി നമ്പീശനെയാണ്. എന്നാൽ ജോലിയിൽ പ്രവേശിക്കാൻ തലസ്ഥാനത്തേക്കു പോകുന്നതിന് മുമ്പുതന്നെ ഒരു യാത്രയിൽ തീവണ്ടിയിൽനിന്ന് വീണ് മരണപ്പെടുകയായിരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 1 =

Most Popular