ഒന്ന്
സാര്‍വദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മാസ്മരികനായ നേതാവും ജര്‍മ്മന്‍ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയുമായിരുന്നു അഗസ്റ്റ് ബെബല്‍. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിലും, ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഏറ്റവും സമരോത്സുകമായും വിപ്ലവാത്മകമായും ചലിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച മാര്‍ക്സിസ്റ്റായിരുന്നു അദ്ദേഹം. സ്വന്തം കാലഘട്ടത്തിന്‍റെ എല്ലാതരത്തിലുള്ള പരിമിതികളെയും ഉല്ലംഘിച്ചുകൊണ്ടായിരുന്നു സോഷ്യലിസത്തിന്‍റെ ഉദാത്തമായ സങ്കല്‍പ്പനങ്ങളെയും ലക്ഷ്യങ്ങളെയും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത് സാമൂഹ്യനീതിയുടെ വിഷയപരിസരങ്ങളിലും സ്ത്രീവിമോചനത്തിന്‍റെ വിപ്ലവാത്മകതയിലും സജീവമായി നിലയുറപ്പിച്ചുകൊണ്ടായിരുന്നു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അദ്ദേഹം നിറഞ്ഞുനിന്നത്. സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടിയും സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും ജര്‍മ്മന്‍ പാര്‍ലമെന്‍റിനകത്തും പുറത്തും നിരന്തരമായി പോരാട്ടം നയിച്ച മാര്‍ക്സിസ്റ്റ് പ്രക്ഷോഭകാരിയായിരുന്നു അദ്ദേഹം. സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി ലോകത്താദ്യമായി ശബ്ദമുയര്‍ത്തിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആരെന്ന ചോദ്യത്തിനുള്ള ഒരേയൊരു ഉത്തരം അഗസ്റ്റ് ബെബല്‍ എന്ന മാര്‍ക്സിസ്റ്റ് എന്നാണ്! അതോടൊപ്പം മാര്‍ക്സിസത്തിന്‍റെ വിപ്ലവാത്മകതയെ നിരന്തരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ പരിഷ്കരണവാദത്തിന്‍റെ എല്ലാത്തരത്തിലുമുള്ള ദുഷിപ്പുകള്‍ക്കെതിരെയും അദ്ദേഹം വീറോടെ പൊരുതി. ഇത്തരത്തിലുള്ള ബഹുമുഖമായ പോരാട്ടങ്ങളുടെ ചരിത്ര സന്തതിയായിരുന്നു അഗസ്റ്റ് ബെബല്‍.
സ്ത്രീകളും സോഷ്യലിസവും
സ്ത്രീകളുടെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനാവശ്യമായ ഒരു നയപരിപാടി സംബന്ധിച്ച രേഖ കൂടി അവതരിപ്പിച്ചുകൊണ്ടായിരുന്നു 1879ല്‍ അഗസ്റ്റ് ബെബലിന്‍റെ “സ്ത്രീകളും സോഷ്യലിസവും” (ണീാലി മിറ ടീരശമഹശാെ) എന്ന പുസ്തകം പുറത്തുവരുന്നത്. ജയിലില്‍ കിടന്നുകൊണ്ടാണ് ആ പുസ്തകം ബെബല്‍ എഴുതിത്തീര്‍ത്തത്. 1914ല്‍ ഒന്നാംലോകയുദ്ധം ആരംഭിക്കുന്ന ഘട്ടമെത്തുമ്പോള്‍, പ്രസ്തുത പുസ്തകത്തിന്‍റെ അമ്പതു പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ഇരുപത് ഭാഷകളില്‍ ആ പുസ്തകത്തിന്‍റെ പരിഭാഷകളും പുറത്തിറങ്ങിയിരുന്നു. 1908ലായിരുന്നു ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയത്. തൊഴിലാളി സംഘടനകളില്‍പ്പോലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാതിരുന്ന ഒരു ഘട്ടത്തിലായിരുന്നു സ്ത്രീവിമോചനത്തെക്കുറിച്ചുള്ള അഗസ്റ്റ് ബെബലിന്‍റെ വിപ്ലവ കാഴ്ചപ്പാടുകള്‍ പുറത്തുവരുന്നത്. പുരുഷ “വിപ്ലവകാരിക”ളില്‍ പലരും സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളുടെ പ്രത്യയശാസ്ത്ര തടവറകള്‍ക്കുള്ളില്‍ കഴിയുന്നൊരു ഘട്ടം കൂടിയായിരുന്നു അത്. ഈ സന്ദര്‍ഭത്തിലാണ്, പുരുഷന്മാര്‍ക്കുള്ള എല്ലാതരത്തിലുമുള്ള അവകാശങ്ങളും സ്ത്രീകള്‍ക്കും വേണമെന്നും സ്ത്രീയും പുരുഷനും തുല്യരാണെന്നും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വിപുലപ്പെടണമെന്നും അഗസ്റ്റ് ബെബല്‍ വാദിച്ചത്. സ്ത്രീ സമത്വത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയുംകുറിച്ചുള്ള ഏറ്റവും വിപ്ലവാത്മകവും സമരോത്സുകവുമായ നിലപാടുകളായിരുന്നു ആ പുസ്തകത്തിലൂടെ ബെബല്‍ മുന്നോട്ടുവെച്ചത്.
1840 ഫെബ്രുവരി 22-നാണ് ജര്‍മ്മനിയിലെ കൊളോണ്‍ എന്ന പ്രദേശത്ത് അഗസ്റ്റ് ബെബല്‍ ജനിച്ചത്. അതീവ ദാരിദ്ര്യത്തിന്‍റെ കുത്തൊഴുക്കില്‍പ്പെട്ട ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. പട്ടാളത്തില്‍ ജോലിയുണ്ടായിരുന്നെങ്കിലും ബെബലിന്‍റെ അച്ഛന്‍ പട്ടിണി കിടന്നാണ് മരിച്ചത്. പിന്നീട് അമ്മയായിരുന്നു കൂലിവേല ചെയ്ത് ബെബലിനെ വളര്‍ത്തിയത്. എന്നാല്‍ ബെബലിന് പതിമൂന്ന് വയസ്സായപ്പോള്‍ അമ്മയും ദാരിദ്ര്യംമൂലം മരണത്തിന് കീഴടങ്ങുകയായിരുന്നു. അങ്ങനെ ബെബലിന് പഠനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഒരു മരപ്പണിക്കാരനായി പരിശീലനം നേടി ജീവിതത്തെ ആ കുട്ടി മുന്നോട്ടു തള്ളിനീക്കുകയായിരുന്നു. ജോലി തേടിയുള്ള യാത്രകള്‍ പല ദേശങ്ങളിലും പ്രദേശങ്ങളിലും ബെബലിനെ കൊണ്ടെത്തിച്ചു. ആ കഠിനയാത്രകള്‍ക്കിടയിലായിരുന്നു ജര്‍മ്മന്‍ തൊഴിലാളികളുടെ അതിദാരുണമായ ജീവിതത്തെ ബെബല്‍ നേരിട്ട് കാണുന്നത്. ജീവിക്കാന്‍ വേണ്ടിയുള്ള അവസാനത്തെ പിടിവള്ളി എന്ന നിലയില്‍ പട്ടാളത്തില്‍ ചേരാനുള്ള ഒരു ശ്രമവും നടത്തിനോക്കി. എന്നാല്‍ ആരോഗ്യമില്ലാത്തതുകൊണ്ട് അവിടെയും കയറിപ്പറ്റാനായില്ല.
ലീപ്സിഗ് പട്ടണത്തില്‍
അങ്ങനെ തൊഴില്‍തേടി അലയുന്നതിനിടയിലാണ് 1861ല്‍ ജര്‍മ്മനിയിലെ ലീപ്സിക് പട്ടണത്തില്‍ അഗസ്റ്റ് ബെബല്‍ എത്തിച്ചേര്‍ന്നത്. അവിടെവെച്ചായിരുന്നു രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങളിലേയ്ക്ക് ബെബലിന്‍റെ കണ്ണുകള്‍ ആദ്യമായി തുറക്കപ്പെടുന്നത്. തൊഴിലാളികളുടെ ദുരിതമയമായ ജീവിതാവസ്ഥകളില്‍ ഇടപെടുന്നതിനും ആശ്വാസം നല്‍കുന്നതിനുംവേണ്ടി 1850കളിലും 60കളിലും ചില സ്വയം-സഹായക ഗ്രൂപ്പുകള്‍ ജര്‍മ്മനിയില്‍ രൂപംകൊണ്ടിരുന്നു. അത്തരത്തിലുള്ളൊരു സ്വയം – സഹായക സംഘമായിരുന്നു ലീപ്സിഗ് വര്‍ക്കേഴ്സ് എജ്യൂക്കേഷണല്‍ അസോസിയേഷന്‍. ലീപ്സിഗില്‍ എത്തിച്ചേര്‍ന്ന അഗസ്റ്റ് ബെബല്‍ അധികം താമസിയാതെ ഈ സംഘത്തില്‍ അംഗമായിച്ചേര്‍ന്നു. ലീപ്സിഗ് വര്‍ക്കേഴ്സ് എജ്യൂക്കേഷന്‍ അസോസിയേഷനെ നയിച്ചിരുന്നതാകട്ടെ ലിബറല്‍ – പരിഷ്കരണവാദ നിലപാടുകളുള്ള മധ്യവര്‍ഗ നേതാക്കന്മാരായിരുന്നു. സാമൂഹ്യവിഷയങ്ങളില്‍ തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന അറിവുകളെ വികസിപ്പിക്കുകയും തൊഴിലാളികളില്‍ പ്രഭാഷണം ഉള്‍പ്പെടെയുള്ള പ്രായോഗിക നൈപുണികളെ പരിപോഷിപ്പിക്കുകയുമായിരുന്നു ഈ സംഘത്തിന്‍റെ പ്രധാന പ്രവര്‍ത്തന ലക്ഷ്യം. ഈ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിപ്ലവ നിലപാടുകളുള്ള ചില തൊഴിലാളികളാകട്ടെ സംഘത്തിന്‍റെ അരാഷ്ട്രീയമായ നിലപാടുകളെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു. ഇങ്ങനെ പരിഷ്കരണ നിലപാടുകളും വിപ്ലവ നിലപാടുകളും തമ്മില്‍ സംവാദതലത്തില്‍ അതിരൂക്ഷമായ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ആ സംഘത്തിനുള്ളില്‍ വളര്‍ന്നു വികസിച്ചുകൊണ്ടിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം വിപ്ലവാത്മകവും സോഷ്യലിസത്തിനനുകൂലവുമായ നിലപാടുകളുടെ വിരുദ്ധ ചേരിയിലായിരുന്നു അഗസ്റ്റ് ബെബല്‍ നിലയുറപ്പിച്ചിരുന്നത്. സ്വന്തം വീട്ടകങ്ങളില്‍നിന്നും അമ്മയില്‍നിന്നും പകര്‍ന്നു കിട്ടിയ രാജാധിപത്യത്തിനനുകൂലമായ യാഥാസ്ഥിതിക നിലപാടുകള്‍ അഗസ്റ്റ് ബെബലിന്‍റെ ഉള്ളില്‍ അപ്പോഴും അടിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
ലെസാലെയോട് വിയോജിപ്പ്
1863 ലായിരുന്നു ലീപ്സിഗ് കേന്ദ്രീകരിച്ച് സോഷ്യലിസ്റ്റ് നേതാവും തത്വചിന്തകനുമായ ഫെര്‍ഡിനാന്‍ഡ് ലെസാലെയുടെ നേതൃത്വത്തില്‍ ജനറല്‍ ജര്‍മ്മന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ നിലവില്‍ വരുന്നത്. എന്നാല്‍ ഈ സംഘടനയോട് അഗസ്റ്റ് ബെബല്‍ അകലം പാലിക്കുകയാണുണ്ടായത്. ലെസാലെയുടെ ലഘുലേഖകളുടെ വായനയിലൂടെയായിരുന്നു സോഷ്യലിസ്റ്റ് ആശയ ലോകത്തിലേക്ക് ആദ്യമായി അഗസ്റ്റ് ബെബല്‍ എത്തിച്ചേരുന്നത്. മാര്‍ക്സിന്‍റെ ആശയ ലോകത്തിലേക്ക് അഗസ്റ്റ് ബെബല്‍ ആകര്‍ഷിക്കപ്പെടുന്നതും ലെസാലെയുടെ വായനയിലൂടെയായിരുന്നു. എന്നാല്‍ ലെസാലെയുടെ പ്രകടനപരതയിലും ഏകാധിപത്യ രൂപത്തിലുള്ള പെരുമാറ്റ രീതികളോടും ഒരുതരത്തിലും ഒത്തുപോകാന്‍ അഗസ്റ്റ് ബെബലിന് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ്, സോഷ്യലിസ്റ്റ് അവബോധത്തിലേയ്ക്ക് ക്രമേണ മാറിത്തീര്‍ന്നെങ്കിലും ലെസാലെയുടെ സംഘടനയുമായി അകലം പാലിക്കാന്‍ അഗസ്റ്റ് ബെബല്‍ നിര്‍ബന്ധിതനായിത്തീര്‍ന്നത്. പ്രതിവിപ്ലവകാരിയും പിന്തിരിപ്പിനുമായ പ്രഷ്യന്‍ നേതാവ് ഓട്ടോമന്‍ ബിസ്മാര്‍ക്കിനോടുള്ള ലെസാലെയുടെ അനുകൂല നിലപാടുകളോടും അഗസ്റ്റ് ബെബലിന് യോജിക്കാനാവുമായിരുന്നില്ല. ഫെര്‍ഡിനാന്‍ഡ് ലെസാലെയുമായുള്ള ഈയൊരു സംഘര്‍ഷ പരിസരത്തിനുള്ളില്‍വെച്ചാണ് മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും കൃതികളിലേക്ക് കൂടുതല്‍ ആഴത്തില്‍ സഞ്ചരിക്കാന്‍ അഗസ്റ്റ് ബെബല്‍ നിര്‍ബന്ധിതനായിത്തീര്‍ന്നത്. മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും അടുത്ത സുഹൃത്തും വിപ്ലവകാരിയുമായ വില്യം ലീബ്നെക്റ്റുമായി അഗസ്റ്റ് ബെബല്‍ സൗഹൃദത്തിലാകുന്നതും ഈ ഘട്ടത്തിലാണ്.
തൊഴിലാളിവര്‍ഗ ജീവിതത്തിന്‍റെ നേരിട്ടുള്ള അനുഭവ സാഹചര്യങ്ങളും, സാമൂഹ്യശാസ്ത്ര വിഷയങ്ങളിലുള്ള ഗൗരവമേറിയ സ്വയം പഠനവുമാണ് അഗസ്റ്റ് ബെബലിനെ സോഷ്യലിസത്തിന്‍റെ പാതയിലേക്ക് വഴിതെളിച്ചുവിട്ടത്. വില്യം ലിബ്നെക്റ്റുമായുള്ള പരിചയവും അടുപ്പവും അഗസ്റ്റ് ബെബലിന്‍റെ ബൗദ്ധികമായ വികാസത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. 1867 ല്‍ ദി യൂണിയന്‍ ഓഫ് ജര്‍മ്മന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റായി ബെബല്‍ തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും നേതൃത്വത്തില്‍ രൂപീകൃതമായ ഇന്‍റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍റെ നിയമാവലികള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് അഗസ്റ്റ് ബെബലിനുണ്ടായിരുന്നത്. തൊഴിലാളിവര്‍ഗത്തിന്‍റെ വിമോചനം തൊഴിലാളിവര്‍ഗത്തിന്‍റെ പോരാട്ടങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന അവബോധം അഗസ്റ്റ് ബെബലില്‍ കൂടുതല്‍ ദൃഢീകരിക്കപ്പെട്ടു. പഴയ യാഥാസ്ഥിതിക ചിന്തകളെല്ലാം അറത്തുമാറ്റപ്പെട്ടു. ബൂര്‍ഷ്വാ ലിബറലിസത്തില്‍നിന്നും ഉട്ടോപ്യന്‍ പരിസരങ്ങളില്‍നിന്നും അടര്‍ന്നു മാറുകയും ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പുതിയ പാതയിലേയ്ക്ക് അദ്ദേഹം നടന്നടുക്കുകയും ചെയ്തു.


രണ്ട്
1869 ല്‍ അഗസ്റ്റ് ബെബലിന്‍റെയും വില്യം ലിബ്നെക്റ്റിന്‍റെയും ആഭിമുഖ്യത്തില്‍ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് വര്‍ക്കേഴ്സ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. പാര്‍ട്ടിയുടെ പരിപാടി എഴുതി തയ്യാറാക്കിയത് അഗസ്റ്റ് ബെബലായിരുന്നു. മാര്‍ക്സിസത്തിന്‍റെ വിപ്ലവാത്മകതയായിരുന്നു ആ പാര്‍ട്ടി പരിപാടി ഉയര്‍ത്തിപ്പിടിച്ചത്. മുതലാളിത്ത ഉല്‍പാദനക്രമത്തെ തകര്‍ത്തെറിയുന്നതിനുവേണ്ടിയായിരുന്നു ആ പരിപാടി നിലകൊണ്ടത്. ഫെര്‍ഡിനാന്‍ഡ് ലെസാലെയുടെ നേതൃത്വത്തിലുള്ള ജനറല്‍ ജര്‍മ്മന്‍ വര്‍ക്കേഴ്സ് അസോസിയേഷനും സോഷ്യല്‍ ഡെമോക്രാറ്റിക് വര്‍ക്കേഴ്സ് പാര്‍ട്ടിയും തമ്മില്‍ ലയിക്കുകയും ചെയ്തു. വില്യം ലിബ്നെക്റ്റ് ലെസാലെയുടെ നേതൃത്വത്തിലുള്ള ജനറല്‍ ജര്‍മ്മന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍റെ മുന്‍ നേതാവുകൂടിയായിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നാല്‍ വില്യം ലിബ്നെക്റ്റ് ലെസാലയെപ്പോലെയായിരുന്നില്ല. ആദ്യഘട്ടം മുതല്‍ തന്നെ അദ്ദേഹം വിപ്ലവാശയങ്ങളുടെ പക്ഷത്തായിരുന്നു. രണ്ടു പാര്‍ട്ടികളും തമ്മില്‍ ലയിച്ചെങ്കിലും ആശയ സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
ഏറ്റവും ജനകീയനായ നേതാവ്
സംഘടനയെ ചലിപ്പിക്കാനുള്ള അപാരമായ ശേഷിയും മാസ്മരികമായ പ്രഭാഷണപാടവവും സൈദ്ധാന്തിക ഗരിമയുംകൊണ്ട് പാര്‍ട്ടിക്കുള്ളിലെ ഏറ്റവും ജനകീയനായ നേതാവായി അഗസ്റ്റ് ബെബല്‍ വളര്‍ന്നു. 1871ല്‍ ജര്‍മ്മന്‍ സാമ്രാജ്യത്തിന്‍റെ പാര്‍ലമെന്‍റായ റിഷ്ടാഗിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് (പുരുഷന്മാര്‍ക്കു മാത്രമേ അന്ന് വോട്ടവകാശമുണ്ടായിരുന്നുള്ളൂ!) അഗസ്റ്റ് ബെബലും വില്യം ലിബ്നെക്റ്റും വിജയക്കൊടി പാറിച്ചു. അങ്ങനെ ജര്‍മ്മന്‍ പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മാര്‍ക്സിസ്റ്റ് പ്രക്ഷോഭകാരികളായി അവര്‍ മാറി. ഫ്രാന്‍സിനെതിരെ ജര്‍മ്മനി യുദ്ധം പ്രഖ്യാപിച്ച ഘട്ടത്തില്‍, യുദ്ധച്ചെലവുകളെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ റിഷ്ടാഗില്‍ ഉയര്‍ന്നുവന്നപ്പോള്‍, യുദ്ധവിരുദ്ധമായ നിലപാടായിരുന്നു അഗസ്റ്റ് ബെബലും കാള്‍ ലിബ്നെക്റ്റും ഉയര്‍ത്തിപ്പിടിച്ചത്. ഫ്രാന്‍സിനെതിരെയുള്ള ജര്‍മ്മന്‍ സാമ്രാജ്യത്തിന്‍റെ യുദ്ധസന്നാഹത്തെ എതിര്‍ക്കുക മാത്രമല്ല 1871 മെയില്‍ ഫ്രാന്‍സില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ പാരീസ് കമ്യൂണ്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതിനും അഗസ്റ്റ് ബെബല്‍ മുന്നിലുണ്ടായിരുന്നു. അഗസ്റ്റ് ബെബലിന്‍റെ ഇത്തരം വിപ്ലവാത്മകവും സാര്‍വദേശീയവുമായ നിലപാടുകള്‍ രാജ്യദ്രോഹപരമായി വ്യാഖ്യാനിക്കപ്പെടുകയും ജര്‍മ്മന്‍ സാമ്രാജ്യം അഗസ്റ്റ് ബെബലിനെ അറസ്റ്റുചെയ്ത് ജയിലറുകള്‍ക്കുള്ളിലേക്ക് വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയായിരുന്നു അഗസ്റ്റ് ബെബലിന്‍റെയും വില്യം ലിബ്നെക്റ്റിന്‍റെയും നിലപാടുകള്‍ക്കുണ്ടായിരുന്നത്. വിചാരണയ്ക്കായി ജയിലില്‍നിന്നും പുറത്തിറക്കുന്ന ഘട്ടങ്ങളില്‍ അഗസ്റ്റ് ബെബലിന് റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച് റെയില്‍വേ തൊഴിലാളികള്‍ ആവേശത്തോടെയായിരുന്നു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നത്!
ജര്‍മ്മനിയില്‍ സോഷ്യല്‍ ഡെമോക്രസിക്കും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരുന്ന വര്‍ദ്ധിതമായ പിന്തുണ ജര്‍മ്മന്‍ സാമ്രാജ്യത്വത്തെ വിറങ്ങലിപ്പിച്ചു. ലെസാലെയുടെ അനുയായികളും സോഷ്യല്‍ ഡെമോക്രാറ്റിക് വര്‍ക്കേഴ്സ് പാര്‍ട്ടിയും തമ്മില്‍ നിലവിലുണ്ടായിരുന്ന ആശയ സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും കുറഞ്ഞു വരികയും അതിനെത്തുടര്‍ന്ന് ഒരു ഐക്യ കോണ്‍ഗ്രസ് 1875 മെയ് മാസത്തില്‍ ഗോഥയില്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിക്കപ്പെട്ടു. അഗസ്റ്റ് ബെബല്‍ ജയില്‍മോചിതനായി ഒരു മാസത്തിനുള്ളിലായിരുന്നു ഐക്യ കോണ്‍ഗ്രസ് (Unification Congress) ചേര്‍ന്നത്.
ഈ ഐക്യ കോണ്‍ഗ്രസിനുശേഷം സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ജര്‍മ്മനി വലിയ തോതില്‍ വളരുകയായിരുന്നു. ഈ പാര്‍ട്ടിയാണ് പിന്നീട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മ്മനിയായി രൂപാന്തരപ്പെടുന്നത്. ഐക്യസമ്മേളനത്തിനുശേഷം, പാര്‍ട്ടിയുടെ പ്രാദേശിക പത്രങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. ജര്‍മ്മന്‍ പാര്‍ലമെന്‍റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 10% വോട്ടുവിഹിതം പാര്‍ട്ടിക്ക് നേടാനായി. ഐക്യ സമ്മേളനത്തിനുമുമ്പുള്ളതിനേക്കാള്‍ 40 ശതമാനത്തോളം വോട്ടാണ് പാര്‍ട്ടിക്ക് അതിനുശേഷം കൂടുതലായി ലഭിച്ചത്. ബിസ്മാര്‍ക്കിന്‍റെ നേതൃത്വത്തിലുള്ള ജര്‍മ്മന്‍ ഭരണകൂടം ഈ സോഷ്യലിസ്റ്റ് മുന്നേറ്റത്തെ ഉരുക്കുമുഷ്ടി കൊണ്ടാണ് നേരിട്ടത്. സോഷ്യലിസ്റ്റ് ആശയലോകത്തെ അടിച്ചമര്‍ത്തുന്നതിനുവേണ്ടി 1878ല്‍ സോഷ്യലിസ്റ്റ് വിരുദ്ധ നിയമവും പാര്‍ലമെന്‍റില്‍ പാസാക്കി. അങ്ങനെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങളും ആശയങ്ങളും ജര്‍മ്മനിയില്‍ നിരോധിക്കപ്പെട്ടു. നിരവധി പ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെടുകയും കൊടിയ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുകയും ചെയ്തു. രാജ്യദ്രോഹം, സൈനികവല്‍ക്കരണത്തിനോടുള്ള എതിര്‍പ്പ്, നിരോധിത ലേഖനങ്ങളുടെയും ലഘുലേഖകളുടെയും പ്രചാരണം, രാജാധിപത്യത്തെ അധിക്ഷേപിക്കല്‍ എന്നിങ്ങനെ നിരവധി ‘കുറ്റ’ങ്ങള്‍ ചാര്‍ത്തപ്പെട്ട് അഞ്ചുവര്‍ഷത്തോളം കാലം വിവിധ ഘട്ടങ്ങളിലായി അഗസ്റ്റ് ബെബലിന് ജയിലറകള്‍ക്കുള്ളില്‍ കഴിയേണ്ടതായും വന്നു. എന്നാല്‍ സോഷ്യലിസ്റ്റുവിരുദ്ധ നിയമങ്ങള്‍ക്ക് ജര്‍മ്മന്‍ മണ്ണില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പടരുന്നതിനെ ഒരുതരത്തിലും തടുക്കാനായില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ 1890 ല്‍ ജര്‍മ്മന്‍ ഭരണകൂടത്തിന്, ജനവിരുദ്ധവും മാരകവുമായ സോഷ്യലിസ്റ്റ് വിരുദ്ധ നിയമം പിന്‍വലിക്കേണ്ടി വന്നു. ഈ ഘട്ടമാകുമ്പോഴേക്കും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മ്മനിയുടെ ജനകീയാടിത്തറ ഇരട്ടിയായി ഉയരുകയും ചെയ്തിരുന്നു. ഒരു മര്‍ദ്ദകഭരണകൂടത്തിനും ജനകീയ ആശയങ്ങളെ തകര്‍ത്തെറിയാനാവില്ല എന്നതിന്‍റെ സാക്ഷ്യപത്രം കൂടിയായിരുന്നു ഇത്.
(തുടരും)