Monday, November 25, 2024

ad

Homeപുസ്തക പരിചയംനവലിബറലിസത്തിന്‍റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

നവലിബറലിസത്തിന്‍റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ശീജിത്ത് ശിവരാമന്‍

ലതുപക്ഷ മാധ്യമ സംസ്കാരം കേരളത്തിന്‍റെ സംവാദാത്മകവും ആഴത്തിലുള്ളതുമായ അന്വേഷണങ്ങളെ തികച്ചും ഉപരിപ്ലവമായ വാചകക്കസര്‍ത്തുകളാക്കി ചുരുക്കുന്ന കാലമാണിത്. കഴിഞ്ഞ മുപ്പതുവര്‍ഷത്തെ ലോക സാഹചര്യങ്ങളെയും ഇന്ത്യന്‍ സാമൂഹിക ജീവിതത്തെയും സ്വാധീനിച്ച ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്ന് നവലിബറല്‍ നയങ്ങളാണ്, മറ്റൊന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയാണ്. ഈ നവലിബറല്‍ നയങ്ങളുടെ ആശയപരിസരത്തെ ചരിത്രപരമായും വസ്തുനിഷ്ഠമായും വിലയിരുത്തുന്ന പഠനങ്ങള്‍ മലയാളത്തില്‍ വേണ്ടത്ര വന്നിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. നവലിബറല്‍ നയങ്ങള്‍ എന്നത് സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ മാത്രമാണ് എന്ന നിലയ്ക്കാണ് പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ നവലിബറലിസത്തിന്‍റെ ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളും, ഇന്ത്യയില്‍ നവ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയില്‍ അത് വഹിച്ച പങ്കുമെല്ലാം പലപ്പോഴും വിസ്മരിക്കപ്പെടുകയും ഒരേസമയം പ്രശ്നങ്ങളും ‘സാധ്യത’കളുമുള്ള ഒന്നായി നവലിബറല്‍ നയങ്ങളെ അവതരിപ്പിക്കുന്ന പരിഷ്കരണവാദപരമായ നിലപാടിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു.

നവലിബറല്‍ നയങ്ങളുടെ ചരിത്രവും വര്‍ത്തമാനവും ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥമാണ് ഡോ. സിദ്ധിക്ക് റാബിയത്ത് എഴുതിയ ‘നവഉദാരീകരണത്തിന്‍റെ പരിമിതികളും ബദല്‍ അന്വേഷണങ്ങളും’. മൈത്രി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാള ജ്ഞാന അന്വേഷണങ്ങളില്‍ തീര്‍ച്ചയായും ഇടം പിടിക്കേണ്ട ഒന്നാണ് ഈ പുസ്തകം. ഡോ. ടി എം തോമസ് ഐസക്കാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് പുസ്തകം വികസിക്കുന്നത്. ഒന്ന്, നവലിബറലിസത്തിന്‍റെ ചരിത്രവും വികാസവും. രണ്ട്, നവലിബറലിസത്തിന്‍റെ ഇന്ത്യന്‍ വളര്‍ച്ച. മൂന്ന്, നവലിബറലിസത്തിന് ബദലില്ല (TINA) എന്ന മുതലാളിത്ത യുക്തിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്‍റെ വികസന അനുഭവത്തെ വിലയിരുത്തുകയും അതെങ്ങനെ ഒരു ബദല്‍ അന്വേഷണമായി വികസിക്കുന്നു എന്ന് പരിശോധിക്കുകയും ചെയ്യുക. ഈ മൂന്നു ഘടകങ്ങളിലും ആഴത്തിലുള്ള വിശകലനം തന്നെ നടത്താന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. മലയാളം ഒരു ജ്ഞാനഭാഷ എന്ന നിലയില്‍ വികസിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. സാമൂഹിക ശാസ്ത്രത്തിലൂടെ മിക്ക പ്രയോഗങ്ങളെയും മലയാളീകരിക്കാന്‍ ലേഖകന്‍ പുസ്തകത്തില്‍ ശ്രമിക്കുന്നത് ആദ്യം വായനയെ തെല്ലു പ്രയാസപ്പെടുത്താമെങ്കിലും ഭാഷയുടെ വളര്‍ച്ചയ്ക്ക് അത് ഭാവിയില്‍ പ്രയോജനമാകും എന്നുതന്നെ കരുതാം.

നവലിബറലിസത്തിന്‍റെ ആപ്തവാക്യമായി ചൂണ്ടിക്കാണിക്കാറുള്ളത് “സമൂഹം എന്നൊന്നില്ല, മറിച്ച് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വ്യക്തികള്‍ മാത്രമേ ഉള്ളൂ” എന്ന മാര്‍ഗരറ്റ് താച്ചറുടെ പ്രഖ്യാപനമാണ്. വ്യക്തികള്‍ പരസ്പരം മത്സരിക്കുകയും അതിജീവിക്കാന്‍ കഴിയാത്തവര്‍ ഓരം തള്ളപ്പെടുകയും ചെയ്യുന്ന ഇരപിടിയന്‍ വ്യവസ്ഥയെന്ന നിലയ്ക്ക് നവലിബറലിസത്തെ പലപ്പോഴും അടയാളപ്പെടുത്താറുണ്ട്. എന്നാല്‍ മഹാമാന്ദ്യത്തിനുശേഷം കെയ്നീഷ്യന്‍ പരിഷ്കരണവാദത്തില്‍ ഊന്നിയ മുതലാളിത്ത വ്യവസ്ഥയെ അതില്‍നിന്ന് വിടുതല്‍ നേടി അക്രമോത്സുക ചൂഷണത്തിനുള്ള കേളീരംഗമാക്കി മാറ്റിയ നവലിബറലിസത്തെ, മോണ്ട് പെലെറീന്‍ സൊസൈറ്റിയുടെ ഉത്ഭവം മുതലുള്ള ചരിത്രത്തെ വിശദമായി സൂചിപ്പിക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. കമ്പോളവ്യവസ്ഥയുടെ ആധിപത്യം, സാമൂഹിക സേവനമേഖലയില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റം, പൊതുമുതല്‍ ഇല്ലാതാക്കുകയും അവയുടെ വിതരണം കമ്പോളത്തെ ഏല്‍പ്പിക്കുകയും ചെയ്യല്‍, സമ്പൂര്‍ണ സ്വകാര്യവത്കരണം എന്നിവയാണ് പൊതുവെ നവലിബറലിസത്തിന്‍റെ സവിശേഷതയായി സൂചിപ്പിക്കാറുള്ളത്. ഈ പ്രത്യയശാസ്ത്ര വളര്‍ച്ചയ്ക്ക് ആഖ്യാനാത്മക പിന്‍ബലം നല്‍കിയ രണ്ടു സവിശേഷതകള്‍ പ്രഭാത് പട്നായക് സൂചിപ്പിക്കുന്നത് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, ജനപക്ഷത്തു നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍ അധ്വാനിക്കുന്ന ജനത നല്‍കിയ അധികാരത്തെ ധനമൂലധനത്തിന്‍റെ ഉന്നമനത്തിനായി മാത്രം ഉപയോഗപ്പെടുത്തുന്നു. രണ്ട്, അതിര്‍ത്തികള്‍ ലംഘിച്ച് ഒഴുകുന്ന ധനമൂലധനം പ്രത്യക്ഷമായി ഒരു സാമ്രാജ്യത്വത്തിന് കീഴിലല്ലെങ്കിലും അമേരിക്കന്‍ ഏകധ്രുവ ലോകത്തെ പരിപോഷിപ്പിക്കുകയും അതുവഴി മൂലധന താല്പര്യങ്ങളെ സംരക്ഷിക്കുന്ന സാമ്പത്തികക്രമത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഈ വ്യവസ്ഥയ്ക്കനുകൂലമായ അധീശ പൊതുബോധത്തെ എങ്ങനെയാണ് മൂലധനം അവരുടെ പ്രത്യയശാസ്ത്ര ഉപകാരണങ്ങളിലൂടെ സൃഷ്ടിക്കുന്നതെന്നുകൂടി വിശദമായി ലേഖകന്‍ പരിശോധിക്കുന്നുണ്ട്.

രണ്ടാം ഘട്ടത്തില്‍ ഇന്ത്യയിലേക്കുള്ള നവലിബറലിസത്തിന്‍റെ കടന്നുവരവിനെയും അതിനായി സൃഷ്ടിച്ച വാദഗതികളെയും പരിശോധിക്കുന്നു. 1980കളുടെ അവസാനത്തില്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ ആഗോള വിപണിക്കായി വാതില്‍ തുറന്നതെന്ന വാദം വലതു ചിന്തകര്‍ ഉന്നയിക്കാറുണ്ട്. ഈ വാദത്തിന്‍റെ പൊള്ളത്തരത്തെയും അതോടൊപ്പം 1990 കള്‍ക്കുശേഷം നവലിബറല്‍ അപ്പോസ്തലന്മാര്‍ വാഗ്ദാനം നല്‍കിയ വളര്‍ച്ചയും വികാസവും ഇന്ത്യന്‍ സമ്പദ്രംഗത്ത് നവലിബറലിസം സൃഷ്ടിച്ചോ എന്ന വിശദമായ പരിശോധനയും ലേഖകന്‍ നടത്തുന്നു. നവലിബറലിസം രാജ്യത്ത് ദാരിദ്ര്യം കുറച്ചില്ല എന്നു മാത്രമല്ല, അത് വര്‍ധിക്കുന്നതിനും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അസമത്വങ്ങളിലേക്ക് രാജ്യം നീങ്ങുന്നതിനും ഇടയാക്കി. ഇതോടൊപ്പമാണ് തൊഴില്‍ മേഖലയില്‍ അത് സൃഷ്ടിച്ച പ്രതിസന്ധികളും. തൊഴില്‍രഹിത വളര്‍ച്ച എന്ന പ്രയോഗം തന്നെ നവലിബറല്‍ കാലത്ത് ഉദിച്ച പ്രയോഗമാണ്. രാജ്യം ഒരു മഹാശക്തിയായി മാറുകയാണെന്ന കഴിഞ്ഞ മുപ്പതു വര്‍ഷത്തെ വലതു വാചാടോപം വെറും കണക്കിലെ കളിയാണെന്നു സ്ഥാപിക്കാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. മഹാമാരിക്കും നോട്ടുനിരോധനത്തിനും ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കടന്നുവന്ന വഴികളും ലേഖകന്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു.

സോവിയറ്റ് യൂണിയനിലെ പ്രതിവിപ്ലവത്തിനു ശേഷം ചരിത്രം അവസാനിച്ചെന്നും മുതലാളിത്തത്തിന് ബദലിലെന്നും വലതു ചിന്തകര്‍ ആര്‍ത്തു വിളിച്ചിരുന്നു. ആ നിരാശയില്‍ ചില ഇടതുപക്ഷ സഹയാത്രികര്‍ പോലും പരിഷ്കരണവാദ നിലപാടുകളിലേക്ക് തിരിഞ്ഞു. അന്നും പരാജയപ്പെട്ടത് മാര്‍ക്സിസം – ലെനിനിസമല്ലെന്നും മറിച്ച് സോവിയറ്റ് വലതുവ്യതിയാനമാണെന്നും, മുതലാളിത്തത്തിന് ബദല്‍ സാധ്യമാണെന്നും പറഞ്ഞതില്‍ മുഖ്യം ഇന്ത്യയിലെ ഇടതുപക്ഷം, വിശിഷ്യാ സിപിഐ എം ആയിരുന്നു. ആ ബദല്‍ അന്വേഷണങ്ങളിലെ പ്രധാനപ്പെട്ട ഒരേടാണ് കേരള വികസന അനുഭവം. തുടര്‍ഭരണത്തിന്‍റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന നവകേരള സങ്കല്‍പം അതുകൊണ്ടുതന്നെ, ലോകം ഉറ്റുനോക്കുന്ന ഒരു പരീക്ഷണമാണ്. കേരളത്തിന്‍റെ സവിശേഷമായ വികസന അനുഭവങ്ങളെയും അത് മുന്നോട്ടുവെയ്ക്കുന്ന സങ്കല്പനങ്ങളെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് അവസാന ഭാഗത്തില്‍.

വലതു മാധ്യമങ്ങളുടെ പൊള്ളയായ വാചകക്കസര്‍ത്തുകള്‍ക്കപ്പുറം സാമൂഹിക ജീവിതത്തെ വിപ്ലവകരമായി പുനര്‍നിര്‍മ്മിക്കാനുള്ള ക്രിയാത്മക ചര്‍ച്ചകളാണ് കേരളത്തിന് ആവശ്യം. അതിന് ആഴമേറിയ സംവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകേണ്ടതുണ്ട്. ആ ദിശയിലെ ശ്രദ്ധേയമായ ചുവടുവെപ്പാണ് സിദ്ധിക്ക് റാബിയത്തിന്‍റെ “നവഉദാരീകരണത്തിന്‍റെ പരിമിതികളും ബദല്‍ അന്വേഷണങ്ങളും” എന്ന പുസ്തകം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × two =

Most Popular