Saturday, June 22, 2024

ad

Homeസാര്‍വദേശീയംസ്വാസിലന്‍ഡ് ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍

സ്വാസിലന്‍ഡ് ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍

ജി വിജയകുമാര്‍

ക്ഷിണാഫ്രിക്കന്‍ മേഖലയിലെ ഒരു കൊച്ചു രാജ്യമായ സ്വാസിലന്‍ഡില്‍ ആഗസ്ത് മാസത്തില്‍ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് നടക്കുന്നുവെന്നതുകൊണ്ട് ഇതൊരു ജനാധിപത്യരാജ്യമാണന്നര്‍ഥമാക്കേണ്ടതില്ല. ലോകത്ത് ഇന്ന് സമ്പൂര്‍ണ രാജവാഴ്ച നിലനില്‍ക്കുന്ന അത്യപൂര്‍വം രാജ്യങ്ങളിലൊന്നാണ് സ്വാസിലന്‍ഡ്. യഥാര്‍ഥത്തില്‍ യാതൊരു അധികാരവുമില്ലാത്ത ഒരു സംവിധാനമാണ് സ്വാസിലന്‍ഡിലെ പാര്‍ലമെന്‍റ്. 59 അംഗങ്ങളുള്ള, പാര്‍ലമെന്‍റിന്‍റെ അധോസഭയായ ഹൗസ് ഓഫ് അസംബ്ലിയിലേക്കാണ് തിരഞ്ഞെടുപ്പ്. ഈ 59 സീറ്റില്‍ 10 എണ്ണം രാജാവ് നാമനിര്‍ദേശം ചെയ്യുന്നവയാണ്. അവശേഷിക്കുന്ന 49 സീറ്റിലേയ്ക്കുള്ള മത്സരമാകട്ടെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിലുമാണ്. 1973 മുതല്‍ ആ രാജ്യത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നിരോധിക്കപ്പെട്ടിരിക്കുന്നു; രാഷ്ട്രീയപ്രവര്‍ത്തനവും നിഷിദ്ധമാണ്. പിന്നെന്ത് തിരഞ്ഞെടുപ്പ്? പിന്നെന്ത് ജനാധിപത്യം?

ഈ 49 നിയോജകമണ്ഡലങ്ങളിലും പരമ്പരാഗതമായ ഗ്രാമമുഖ്യന്മാരുണ്ട്; അവരാകട്ടെ രാജാവിന്‍റെ (1986 മുതല്‍ എംസ്വാതി മൂന്നാമനാണ് രാജാവ്) കിങ്കരന്മാരും. ഈ മുഖ്യന്മാര്‍ നിശ്ചയിക്കുന്ന ആളുകള്‍ക്കുമാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. മുഖ്യന്‍റെ പാടത്ത് കൂലിയില്ലാ വേല ചെയ്തില്ലെന്നതിന്‍റെ പേരില്‍പോലും ഒരാളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കാം. പിന്നെന്തിനാണ് ഇത്തരമൊരു ഏര്‍പ്പാട്? ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ജനഹിതമനുസരിച്ചാണ് താന്‍ ഭരണം നടത്തുന്നതെന്ന് എംസ്വാതി മൂന്നാമന് മേനിനടിക്കാന്‍ മാത്രമുള്ള സംവിധാനമാണ് സ്വാസിലന്‍ഡിലെ പാര്‍ലമെന്‍റ്. അതുകൊണ്ട് അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ജനാധിപത്യപ്രസ്ഥാനങ്ങളെയും സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിനുള്ള കാംപെയ്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.

കടുത്ത അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയും മറ്റു ജനാധിപത്യപ്രസ്ഥാനങ്ങളും സ്വാസിലന്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്. തികച്ചും സമാധാനപരമായിട്ടാണ് കാംപെയ്ന്‍ നടത്തുന്നതെങ്കിലും ഭരണകൂടം ഭീകരമായ മര്‍ദന നടപടികള്‍കൊണ്ടാണ് അതിനെ ചെറുക്കുന്നത്. ഫ്രെബുവരി 5ന് തലസ്ഥാനമായ എംബാബ്നെ നഗരത്തില്‍നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ സ്വാസിലന്‍ഡിലെ ഹ്ലൂതി ഗ്രാമത്തില്‍ നൂറോളം ആളുകള്‍ പങ്കെടുത്ത ഒരു പ്രതിഷേധ പ്രകടനം കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുകയുണ്ടായി. രണ്ടുദിവസത്തിനുശേഷം ആ പ്രകടനത്തിന്‍റെ സംഘാടകരായ എംവുസെലേലോ എംഖബേല, ബോംഗി മംബ എന്നീ കമ്യൂണിസ്റ്റ് യുവാക്കളെ പൊലീസുകാര്‍ പിടികൂടി കസ്റ്റഡിയില്‍വച്ച് അതിഭീകരമായി മര്‍ദ്ദിച്ചു. വസ്തുവകകള്‍ തീയിട്ടു നശിപ്പിച്ചു, മയക്കുമരുന്ന് കൈവശംവച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ്. ഫെബ്രുവരി 8ന് രണ്ടുപേരെയും മോചിപ്പിച്ചു-ബോംഗിക്കെതിരെ കുറ്റാരോപണമെന്നും ചുമത്താതെയാണ് മോചിപ്പിച്ചത്; അതേസമയം എംവുസെലേലോ ഇനി വിചാരണ നേരിടണം. മോചിതരായ രണ്ടുപേരും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലായിരുന്നു. മൂന്ന്-നാല് ദിവസത്തെ ആശുപത്രിവാസത്തിനുശേഷം കമ്യൂണിസ്റ്റുകാരായ ആ രണ്ട് ചെറുപ്പക്കാരും വീണ്ടും തങ്ങളുടെ “തിരഞ്ഞെടുപ്പ് പ്രചരണ”ത്തില്‍ മുഴുകി.

സ്വാസിലന്‍ഡില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ അഭിമുഖീകരിക്കുന്ന അവസ്ഥയാണിത്. സ്വാസിലന്‍ഡില്‍ പൊലീസ് ജനങ്ങള്‍ക്ക് കുറ്റകൃത്യങ്ങളില്‍നിന്ന് സുരക്ഷയൊരുക്കുന്നതിനല്ല (കടലാസില്‍ അങ്ങനെയാണ് എഴുതിയിട്ടുള്ളതെങ്കിലും), മറിച്ച് രാജവാഴ്ചയ്ക്കും അതിന്‍റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന മുഖ്യന്മാര്‍ക്കും സുരക്ഷയൊരുക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് ഒരേസമയം കുറ്റവാളികളില്‍നിന്നും ഭരണകൂടത്തില്‍നിന്നും സുരക്ഷയൊരുക്കുന്നതിന് ജനകീയമായ സുരക്ഷാകൗണ്‍സിലുകള്‍ ജനാധിപത്യത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജനാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള വിപ്ലവകമ്യൂണിറ്റി കൗണ്‍സിലുകള്‍ക്ക് (Revolutionary Community Council) കീഴിലാണ് സെക്യൂരിറ്റി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ റോഡുകള്‍ നിര്‍മിക്കുന്നതിനും കുടിവെള്ളം എത്തിക്കുന്നതിനുംവേണ്ടിയുള്ള വെല്‍ഫെയര്‍ കൗണ്‍സിലുകളാണ് ഈ സംവിധാനത്തിനുകീഴിലെ മറ്റൊരു വിഭാഗം. ഇങ്ങനെ താഴെ തട്ടില്‍ ബദല്‍ സംവിധാനം കെട്ടിപ്പടുത്തുകൊണ്ടാണ്, പ്രതിഷേധങ്ങളും മറ്റ് പ്രക്ഷോഭസമരങ്ങളും തുടരുന്നതിനൊപ്പം കമ്യൂണിസ്റ്റു പാര്‍ട്ടിയും മറ്റു ജനാധിപത്യപ്രസ്ഥാനങ്ങളും സ്വാസിലന്‍ഡില്‍ കിരാതമായ രാജവാഴ്ചയെ ചെറുക്കുന്നത്.

ഒരു നൂറ്റാണ്ടു കാലത്തെ രാജവാഴ്ചയുടെ ചരിത്രം
ഇപ്പോള്‍ ഭരണം നടത്തുന്ന എംസ്വാതി മൂന്നാമന്‍ രാജാവിന്‍റെ പിതാവ് സോബുഷ രണ്ടാമന്‍ ഔദ്യോഗികമായി രാജാധികാരം ഏറ്റെടുത്തത് 1899ലാണെങ്കിലും യഥാര്‍ഥ ഭരണാധികാരിയായത് 1921ലാണ്. കാരണം 1899ല്‍ ഔദ്യോഗികമായി രാജാവായപ്പോള്‍ സോബുഷ രണ്ടാമന്‍റെ പ്രായം വെറും നാല് മാസം മാത്രമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കം (1902) മുതല്‍ 1968 വരെ രാജ്യം ബ്രിട്ടന്‍റെ പ്രൊട്ടക്ടറേറ്റ് ആയാണ് കഴിഞ്ഞിരുന്നത്. അതായത് പേരിനുമാത്രമേ സോബുഷ രണ്ടാമന്‍ രാജാവിന്‍റെ അധികാരം നിലനിന്നിരുന്നുള്ളൂ. എന്നാല്‍ 1968ല്‍ ബ്രിട്ടീഷുകാര്‍ ഒരു ഭരണഘടനയ്ക്ക് രൂപം നല്‍കിയ ശേഷമാണ് രാജാവിന് അധികാരം കൈമാറിയത്. എന്നാല്‍ 1973ല്‍ രാജാവ് ഈ ഭരണഘടന റദ്ദാക്കുകയും രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കുകയും ചെയ്തുകൊണ്ട് താന്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ മാത്രം അടിസ്ഥാനമാക്കി ഭരണം നടത്തുന്ന സമ്പൂര്‍ണ സ്വേച്ഛാധിപത്യവാഴ്ച അടിച്ചേല്‍പ്പിക്കുകയുമുണ്ടായി. 1982ല്‍ സൊബുഷയുടെ മരണത്തെ തുടര്‍ന്ന് അനന്തരാവകാശിയായ എംസ്വാതി മൂന്നാമന് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ കുറച്ചുകാലം ജനകീയ കൗണ്‍സിലുകളുടെ ഭരണമായിരുന്നു. 1986ല്‍ സൊബുഷ രണ്ടാമന്‍റെ പുത്രന്‍ എംസ്വാതി മൂന്നാമന്‍ (ഇദ്ദേഹം ജനിച്ചത് ബ്രിട്ടീഷുകാരില്‍നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച 1968 ഏപ്രില്‍ മാസത്തിലായിരുന്നു) അധികാരമേറ്റതിനെ തുടര്‍ന്ന് തന്‍റെ കൈപ്പിടിയില്‍ ഒതുങ്ങത്തക്കവിധമുള്ള ഒരു പാര്‍ലമെന്‍റിന് അദ്ദേഹം രൂപംകൊടുത്തു. എന്നാല്‍ ഈ പാവ പാര്‍ലമെന്‍റുമായിട്ടുപോലും ബന്ധമില്ലാത്തവരാണ് പ്രധാനമന്ത്രിയും കാബിനറ്റും. എല്ലാ ജഡ്ജിമാരെയും നിയമിക്കുന്നതും രാജാവുതന്നെ; പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റിന്‍റെ മൂന്നില്‍ രണ്ടംഗങ്ങളെയും രാജാവാണ് നിയമിക്കുന്നത്. ഇത്തരത്തില്‍ സര്‍വ അധികാരങ്ങളും രാജാവില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള ഒരു ഭരണഘടനയ്ക്ക് 2006ല്‍ എംസ്വാതി മൂന്നാമന്‍ രൂപം കൊടുത്തു.

2011ല്‍ രാജ്യത്ത് ഔദ്യോഗികമായി കമ്യൂണിസ്റ്റു പാര്‍ട്ടി നിലവില്‍ വരുന്നതുവരെ ജനാധിപത്യത്തിനായി നിരവധി കക്ഷികള്‍ വാദിച്ചിരുന്നെങ്കിലും അവയെല്ലാം പൊതുവെ, രാജാവിനുകീഴില്‍ കൂടുതല്‍ സ്വാതന്ത്ര്യവും ജനാധിപത്യവും മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. 1983ല്‍ രൂപീകരിക്കപ്പെട്ട പീപ്പിള്‍സ് യുണൈറ്റഡ് ഡെമോക്രാറ്റിക് മൂവ്മെന്‍റ് (ജഡഉഋങഛ പുഡേമോ) ആണ് സ്വാസിലന്‍ഡിലെ മുഖ്യപ്രതിപക്ഷകക്ഷി. പൊളിറ്റിക്കല്‍ പാര്‍ട്ടീസ് അസംബ്ലി, എല്‍ഗ്വാനേ നാഷണല്‍ ലിബറേറ്ററി കോണ്‍ഗ്രസ്; ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് സ്വാസിലന്‍ഡ്, സ്വാസിലന്‍ഡ് ലിബറേഷന്‍ മൂവ്മെന്‍റ് എന്നിവയാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍. 2011 ഏപ്രില്‍ 11നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സ്വാസിലന്‍ഡ് പ്രവര്‍ത്തനം തുടങ്ങിയതായി പ്രഖ്യാപിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം, അതായത് ഏപ്രില്‍ 12ന് വിദ്യാര്‍ഥികളും ട്രേഡ് യൂണിയനുകളും ജനാധിപത്യത്തിനായുള്ള സംഘടനകളും സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിച്ചു. ഏപ്രില്‍ 12 എന്ന തീയതി ഓര്‍മിപ്പിച്ചത് സൊബുഷ രണ്ടാമന്‍ 1973ല്‍ രാഷ്ട്രീയപാര്‍ട്ടികളെയും രാഷ്ട്രീയപ്രവര്‍ത്തനങ്ങളെയും നിരോധിച്ച ദിനത്തെയാണ്. 2011 ഏപ്രില്‍ 12ന്‍റെ പ്രക്ഷോഭത്തില്‍ രാജവാഴ്ചയോട് പൂര്‍ണമായി വിടപറഞ്ഞുകൊണ്ട് ജനാധിപത്യം വേണമെന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് മുഴങ്ങിയത്.

സമ്പൂര്‍ണ രാജാധിപത്യത്തെ തകര്‍ത്ത് രാജ്യത്തെ ജനാധിപത്യ റിപ്പബ്ലിക് ആക്കണമെന്ന മുദ്രവാക്യത്തിന് ജനപിന്തുണയാര്‍ജിക്കാന്‍ കഴിയുന്ന സാമൂഹിക-സാമ്പത്തിക അവസ്ഥയാണ് സ്വാസിലന്‍ഡില്‍ നിലവിലുള്ളത്. 70 ശതമാനത്തിലധികം ജനങ്ങളും പരമദരിദ്രരാണ് ഈ രാജ്യത്ത്. സ്വാസിലന്‍ഡിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ലോകത്തെ ഏറ്റവും താഴെ നിന്ന് ഏഴാമതാണ്. ലോകത്ത് ഏറ്റവുമധികം എയ്ഡ്സ് ബാധിതരുള്ള രാജ്യവുമാണിത് (ജനസംഖ്യയിലെ 20%). തൊഴിലില്ലായ്മ നിരക്ക് 41% ആണ്; 80 ശതമാനം തൊഴിലാളികള്‍ക്കും ലഭിക്കുന്ന കൂലി പ്രതിദിനം രണ്ട് ഡോളറില്‍ താഴെയാണ്-അതായത് പട്ടിണിക്കൂലി.

ഇനി ഭരണാധികാരിയായ എംസ്വാതി രാജാവിന്‍റെ സ്ഥിതിയോ? എല്ലാ മൈനിങ് ഇടപാടുകളില്‍നിന്നും 25 ശതമാനം തുക രാജകുടുംബത്തിന് ലഭിക്കും. 2016 ലെ കണക്കനുസരിച്ച്, രാജകുടുംബത്തിന്‍റെ ബജറ്റ് 6.98 കോടി ഡോളറാണ്. എംസ്വാതി രാജാവിന്‍റെ സ്വത്ത് 20 കോടി ഡോളറാണ്; രാജാവിന്‍റെ നിയന്ത്രണത്തില്‍ 1000 കോടി ഡോളര്‍ വിലയുള്ള ഒരു ട്രസ്റ്റുമുണ്ട്. മാത്രമല്ല, സ്വാസിലന്‍ഡിലെ 33 ശതമാനം ഭൂമിയുടെയും അവകാശികള്‍ രാജകുടുംബമാണ്. 2018 ഏപ്രില്‍ 19ന് രാജ്യത്തിന്‍റെ 50-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എംസ്വാതി മൂന്നാമന്‍ രാജാവ് സ്വാസിലന്‍ഡിന്‍റെ പേര് കിങ്ഡം ഓഫ് ഇസ്വാറ്റിനി എന്നാക്കി മാറ്റി.

സ്വാസി രാജാവിന് അമേരിക്കന്‍ പിന്തുണ
അമേരിക്കയും തായ്വാനെപ്പോലെ അമേരിക്കയുടെ ശിങ്കിടികളായ ചില രാജ്യങ്ങളും മാത്രമാണ് സ്വാസിലന്‍ഡിലെ രാജവാഴ്ചയ്ക്ക് സൈനികമായ സഹായങ്ങള്‍ നല്‍കുന്നത്. അമേരിക്ക പണം നല്‍കി വാങ്ങി എത്തിച്ച തായ്വാന്‍ നിര്‍മിതിമായ ഹെലികോപ്ടറുകളാണ് പ്രതിഷേധങ്ങള്‍ക്കുനേരെ വെടിവെയ്ക്കുന്നതിനായി സ്വാസിലന്‍ഡിലെ രാജവാഴ്ച ഉപയോഗിക്കുന്നത്. ബോട്സ്വാനയിലെ ഇന്‍റര്‍നാഷണല്‍ ലോ എന്‍ഫോഴ്സ്മെന്‍റ് അക്കാദമിയില്‍ പ്രതിവര്‍ഷം 15 സ്വാസി പൊലീസ് ഓഫീസര്‍മാര്‍ക്ക് അമേരിക്കയുടെ ചെലവില്‍ പരിശീലനം നല്‍കുന്നു; പുറമേ അമേരിക്കന്‍ സൈന്യം നേരിട്ടും സ്വാസി സുരക്ഷാഭടന്മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. അമേരിക്കയുടെ പിന്തുണയോടെ ലോകബാങ്കും ഒപ്പം തായ്വാന്‍ സര്‍ക്കാരും സ്വാസി ഭരണകൂടത്തിന് ഉദാരമായ വായ്പകള്‍ നല്‍കുന്നുണ്ട്. പ്രത്യുപകാരം പോലെ തായ്വാന് നയതന്ത്ര അംഗീകാരം നല്‍കുന്ന ഏക ആഫ്രിക്കന്‍ രാജ്യം സ്വാസിലന്‍ഡാണ്. ദക്ഷിണാഫ്രിക്കയിലെ ഗവണ്‍മെന്‍റ് സ്വാസി ഭരണകൂടം പണമില്ലാതെ ഞെരുങ്ങിയപ്പോള്‍ 2011ല്‍ 3.55 കോടി യൂറോ വായ്പയായി നല്‍കിയിരുന്നു. സ്വാസി ഭരണകൂടവുമായി കച്ചവടബന്ധവും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. സ്വാസിലന്‍ഡില്‍ നിന്നുള്ള കയറ്റുമതിയുടെ 60 ശതമാനവും ദക്ഷിണാഫ്രിക്കയിലേക്കാണ്; ദക്ഷിണാഫ്രിക്കയില്‍നിന്നാണ് സ്വാസിലന്‍ഡ് 85 ശതമാനം ഇറക്കുമതിയും നടത്തുന്നത്.

ജനാധിപത്യത്തിന് പിന്തുണ തൊഴിലാളി വര്‍ഗം
അതേസമയം ദക്ഷിണാഫ്രിക്കന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസും (COSATU) ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയും സ്വാസിലന്‍ഡില്‍ ജനാധിപത്യത്തിനായി നടക്കുന്ന പോരാട്ടത്തിന് സജീവമായ പിന്തുണ നല്‍കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും അവിടത്തെ വര്‍ണവിവേചനത്തിനെതിരായി നടന്ന പോരാട്ടത്തിലെ നായകരില്‍ ഒരാളുമായ ആമോസ് എംബെഡ്സി സ്വാസിലന്‍ഡിലെ ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ സജീവമായി പങ്കെടുത്തവരില്‍ ഒരാളായിരുന്നു. ദീര്‍ഘകാലം സ്വാസി ജയില്‍വാസം അനുഭവിച്ച എംബെഡ്സിയെ രോഗബാധിതനായതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുകയും 2022 ജൂണില്‍ അദ്ദേഹം മരണപ്പെടുകയുമാണുണ്ടായത്. ഇങ്ങനെ നിരവധി ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റുകാര്‍ സ്വാസി ജനാധിപത്യപ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുക്കുന്നുണ്ട്.

ജനാധിപത്യത്തിനായുള്ള പോരാട്ടം
2011ല്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് സ്വാസിലന്‍ഡിലെ കമ്യൂണിസ്റ്റു പാര്‍ട്ടി ആദ്യമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു: “സ്വാസിലന്‍ഡിലെ മാറ്റത്തിനായുള്ള ബഹുജന ജനാധിപത്യ പ്രക്ഷോഭത്തില്‍ ഞങ്ങളും അണിചേരുന്നു; സ്വാസിലന്‍ഡില്‍ ദേശീയ ജനാധിപത്യവിപ്ലവം യാഥാര്‍ഥ്യമാക്കുന്നതിന് പുഡേമോ (PUDEMO- സംയുക്ത ജനകീയ ജനാധിപത്യപ്രസ്ഥാനം)യുടെ നേതൃത്വത്തില്‍ കെട്ടിപ്പടുക്കുന്ന പ്രക്ഷോഭത്തിന് ഞങ്ങള്‍ പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുന്നു. സ്വേച്ഛാധിപത്യപരമായ രാജവാഴ്ചയുടെ മുഖം മിനുക്കി ജനാധിപത്യത്തിന്‍റെ കുപ്പായമിടുന്നതിനുള്ള എല്ലാ നീക്കങ്ങളെയും ഞങ്ങള്‍ എതിര്‍ക്കുന്നു; രാജവാഴ്ചയെ പ്രീതിപ്പെടുത്തി അനുരഞ്ജനത്തിന് ലിബറല്‍ വിഭാഗങ്ങളും സാമ്രാജ്യത്വശക്തികളും നടത്തുന്ന നീക്കങ്ങളെയും ഞങ്ങള്‍ എതിര്‍ക്കുന്നു.” എംസ്വാതി മൂന്നാമന്‍ രാജാവും കുടുംബവും കയ്യടക്കിവച്ചിട്ടുള്ള രാജ്യത്തിന്‍റെ മുഴുവന്‍ സമ്പത്തും പിടിച്ചെടുത്ത് സ്വാസിലന്‍ഡിലെ ദാരിദ്ര്യത്തോടും രോഗങ്ങളോടും പൊരുതുമെന്നും പ്രതിജ്ഞ ചെയ്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിനായുള്ള പോരാട്ടത്തിലേക്ക് നീങ്ങിയത്.

2021 ജൂണില്‍ നടന്ന ജനകീയ പ്രക്ഷോഭമാണ് സ്വാസിലന്‍ഡിലെ ജനാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ നിര്‍ണായകവഴിത്തിരിവായത്. രാജവാഴ്ചയ്ക്കെതിരായി അതിശക്തമായ പ്രക്ഷോഭമാണ് 2021 ജൂണ്‍ അവസാനദിവസങ്ങളില്‍ ഉയര്‍ന്നുവന്നത്. പൊതുഗതാഗത സംവിധാനമാകെ പണിമുടക്കുമൂലം സ്തംഭിച്ചു; കടകമ്പോളങ്ങള്‍ പരിപൂര്‍ണമായി അടഞ്ഞുകിടന്നു. ജൂണ്‍ 29ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ പുഡേമോയും രാഷ്ട്രീയപാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെും മറ്റും സംയുക്തവേദിയായ മള്‍ട്ടിസ്റ്റേക് ഹോള്‍ഡര്‍ ഫോറവും ആഹ്വാനം ചെയ്തതാണ് രാജ്യത്തെയാകെ സ്തംഭിപ്പിച്ച പ്രക്ഷോഭമായത്. കൂട്ട അവധിയെടുക്കുന്നത് തടയാന്‍ ഭരണകൂടം സര്‍വശ്രമവും നടത്തി; കടുത്ത മര്‍ദന നടപടികള്‍ അഴിച്ചുവിട്ടു. എന്നിട്ടും പ്രക്ഷോഭത്തെ തടയാനായില്ല. 2021 ജൂണ്‍ 21ന്‍റെ ജനകീയപോരാട്ടം സ്വാസിലന്‍ഡ് കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവ് ദ്ലാമിനി പ്രസ്താവിച്ചതുപോലെ, അക്ഷരാര്‍ഥത്തില്‍ ഭരണസ്തംഭനം സൃഷ്ടിച്ചു. രാജാവും പ്രധാനമന്ത്രിയും മറ്റും പേടിച്ച് നാടുവിട്ടു. എന്നാല്‍ പൊലീസ് നടത്തിയ നരനായാട്ടിനെ തുടര്‍ന്ന്, എഴുപതിലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ ജയിലിലടയ്ക്കുകയും ചെയ്തു. അങ്ങനെ പ്രക്ഷോഭം താല്‍ക്കാലികമായി പിന്നോട്ടടിച്ചതിനെ തുടര്‍ന്നാണ് നാടുവിട്ട നാടുവാഴിയും പരിവാരവും മടങ്ങിയെത്തിയത്.

2021 ജൂണ്‍ 29ന് നടന്ന അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രക്ഷോഭത്തിന്‍റെ ശക്തി കുറഞ്ഞെങ്കിലും ഏറെ കഴിയും മുന്‍പ് ജനാധിപത്യത്തിനായുള്ള പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ തുടങ്ങി. 2022 ജൂണ്‍ 29ന് ജനാധിപത്യത്തിനായുള്ള പോരാട്ടത്തിന്‍റെ ഒന്നാം വാര്‍ഷികദിനത്തില്‍ വലിയ ജനപങ്കാളിത്തത്തോടെ സ്വാസിലന്‍ഡിലാകെ പ്രതിഷേധ പ്രകടനങ്ങള്‍ ഉയര്‍ന്നുവന്നു. ജനങ്ങള്‍ പലേടത്തും ബാരിക്കേഡുകള്‍ ഉയര്‍ത്തിയും ടയറുകള്‍ കത്തിച്ചും റോഡുകള്‍ ഉപരോധിച്ചു. 2021ല്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കംകുറിച്ചത് മെയ് മാസത്തില്‍ തബാനി എന്‍കൊമൊനയെ എന്ന ഒരു നിയമവിദ്യാര്‍ഥി പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. ടിയര്‍ ഗ്യാസും ബുള്ളറ്റുകളും കൊണ്ടൊന്നും ആ പ്രതിഷേധത്തെ അടിച്ചമര്‍ത്താനായില്ല. അതാണ് 2021 ജൂണ്‍ 29ന്‍റെ കലാപത്തില്‍ കലാശിച്ചത്.

സമാധാനത്തിന്‍റെ വഴിയടച്ച് രാജവാഴ്ച
2023ല്‍ ജനാധിപത്യത്തിനായുള്ള സമരത്തിലെ മുന്‍നിര പോരാളികളിലൊരാളും മനുഷ്യാവകാശ അഭിഭാഷകനുമായ, പുഡേമോയുടെ പ്രമുഖ നേതാവായ തുലാനി മസേക്കൊയെ അദ്ദേഹത്തിന്‍റെ വീട്ടില്‍ അതിക്രമിച്ചുകടന്ന എംസ്വാതി മൂന്നാമന്‍റെ കിങ്കരന്മാര്‍ വെടിവച്ചുകൊന്നതോടെ വീണ്ടും കൂടുതല്‍ ശക്തമായി രാജ്യമാകെ പ്രതിഷേധത്തിന്‍റെ തീയാളിക്കത്തുകയാണ്. രാജ്യദ്രോഹവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ടിരുന്ന തുലാനിയെ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് 2023 ജനുവരി 21ന് നിഷ്ഠുരമായി വധിച്ചത്. ജനാധിപത്യത്തിനായി പൊരുതുന്ന ഒരുത്തനെയും ജീവനോടെ വിടില്ലെന്ന എംസ്വാതി മൂന്നാമന്‍റെ ഭീഷണി പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് തുലാനി കൊല്ലപ്പെട്ടത്. സമാധാനപരമായ പോരാട്ടമാണ് ഇതേവരെ സ്വാസിലന്‍ഡില്‍ ജനാധിപത്യത്തിനായി നടന്നത്. തുലാനിയാകട്ടെ സമാധാനത്തിന്‍റെയും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നതിന്‍റെയും വക്താവുമായിരുന്നു. സമാധാനത്തിന്‍റെ വക്താവായ തുലാനിയെത്തന്നെ വധിച്ചതിലൂടെ എംസ്വാതി മൂന്നാമന്‍ രാജാവ് നല്‍കുന്ന സന്ദേശം ജനാധിപത്യം യാഥാര്‍ഥ്യമാകണമെങ്കില്‍ സമാധാനപരമായ സമരം കൊണ്ട് കഴിയില്ലെന്നാണ്. പുഡോ മോയുടെ പ്രസിഡന്‍റ് മ്ലുങ്ഗിസി മഖന്യ ഈ അരുംകൊലയെത്തുടര്‍ന്ന് പ്രസ്താവിച്ചത്, എംസ്വാതി ഭരണകൂടം കേവലം തുലാനിയെയല്ല, സമാധാനത്തെയാണ് വധിച്ചത് എന്നാണ്; സായുധ പോരാട്ടം അനിവാര്യമാക്കിയിരിക്കുന്നുവെന്നാണ്.

രാജ്യത്ത് നിലനില്‍ക്കുന്ന ഗ്രാമമുഖ്യന്മാരുടെയും അതിനെ ആധാരമാക്കിയ തിരുണ്ടിയ സംവിധാനത്തെയും രാജവാഴ്ചയ്ക്കൊപ്പം പാടെ തകര്‍ക്കണമെന്ന ഉറച്ച നിലപാടിലാണ് പുഡോ മോയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും. അതിന്‍റെ ഭാഗമായിട്ടാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള കാംപെയ്ന്‍ ഇപ്പോള്‍ നടക്കുന്നത്. സമാധാനത്തിന്‍റെ വാതിലുകള്‍ ഭരണകൂടം കൊട്ടിയടച്ചാല്‍ സായുധപോരാട്ടത്തിന്‍റെ പാത സ്വീകരിക്കുമെന്നാണ് ജനാധിപത്യത്തിനായുള്ള സംയുക്തസമരവേദി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്താകെയുള്ള ജനങ്ങളെ ഈ പോരാട്ടത്തില്‍ അണിനിരത്തുകയാണ്. പട്ടണങ്ങളും ഗ്രാമങ്ങളും ഒരേപോലെ ജനാധിപത്യത്തിനും ദാരിദ്ര്യത്തില്‍നിന്നുള്ള മോചനത്തിനുമായി സ്വാസിലന്‍ഡിലാകെ അണിനിരക്കുകയാണ്.♦

സ്വാസിലന്‍ഡ്: നാടും ജനതയും
സൗത്ത് ആഫ്രിക്കന്‍ രാജ്യമായ സ്വാസിലന്‍ഡ് കടല്‍ സാന്നിധ്യമില്ലാത്ത രാജ്യമാണ്. ഇസ്വാറ്റിനി എന്നാണ് ഈ രാജ്യത്തിന്‍റെ ഇപ്പോഴത്തെ ഔദ്യോഗിക നാമം. മൊസാമ്പിക്കുമായും സൗത്ത് ആഫ്രിക്കയുമായും അതിര്‍ത്തി പങ്കിടുന്നു. ഇപ്പോഴും രാജവാഴ്ച നിലനില്‍ക്കുന്ന ലോകത്തിലെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഈ കൊച്ചുരാജ്യം. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ സ്വാസിലന്‍ഡിന്‍റെ ആകെ ജനസംഖ്യ 11.60 ലക്ഷം ആണ്. തലസ്ഥാനം എംബാബനെയാണ്. നിയമനിര്‍മാണ സംവിധാനത്തിന്‍റെ ആസ്ഥാനം ലൊബാംബയാണ്. മന്‍സിനിയാണ് ഏറ്റവും വലിയ നഗരം. ഔദ്യോഗിക ഭാഷ ഇംഗ്ലീഷും സ്വാസിയുമാണ്. ക്രിസ്തുമത വിശ്വാസികളാണ് രാജ്യത്തെ ജനസംഖ്യയില്‍ അധികവും; 7.4% പേര്‍ മതരഹിതരാണ്. സ്വാസി (84%), സുലു (10%), മറ്റുള്ളവര്‍ (6%) എന്നിങ്ങനെയാണ് ഇസ്വാറ്റിനിയിലെ വംശീയ വിഭാഗങ്ങളുടെ ഘടന. പരമാധികാര രാജവാഴ്ച നിലനില്‍ക്കുന്ന ഈ രാജ്യത്ത് അതിനെതിരായ ജനവികാരവും ശക്തമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular