Thursday, November 21, 2024

ad

Homeരക്തനക്ഷത്രങ്ങള്‍സ്ത്രീ വിമോചനത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും പോരാട്ട രൂപം

സ്ത്രീ വിമോചനത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും പോരാട്ട രൂപം

പി എസ് പൂഴനാട്

മൂന്ന്
സോഷ്യലിസ്റ്റുവിരുദ്ധ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ജയിലറകള്‍ക്കുള്ളില്‍ കഴിയുമ്പോഴാണ് സോഷ്യലിസ്റ്റ് ചരിത്രത്തിന്‍റെ തന്നെ ഏറ്റവും നിര്‍ണായകമായ ഒരു സ്ഥാനത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും പ്രശസ്തമായ “സ്ത്രീയും സോഷ്യലിസവും” (Woman and Socialism) എന്ന പുസ്തകത്തിന്‍റെ രചനയില്‍ അഗസ്റ്റ് ബെബല്‍ ഏര്‍പ്പെടുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന പരിതാപകരമായ അവസ്ഥാവിശേഷങ്ങളെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവും മനഃശാസ്ത്രപരവുമായ വിവിധ പരിപ്രേക്ഷ്യങ്ങളിലൂടെ വിശകലനം ചെയ്യുന്ന ഒരു വിപ്ലവ ഗ്രന്ഥമാണ് “സ്ത്രീയും സോഷ്യലിസവും”. 1879ല്‍ പ്രസിദ്ധീകരിച്ചതു മുതല്‍ തന്നെ സ്ത്രീ തൊഴിലാളികളുടെ ഇടയില്‍ വലിയ തരത്തിലുള്ള വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ആ പുസ്തകം ആക്കംകൂട്ടി. സ്ത്രീകള്‍ക്കുമേലുള്ള പുരുഷാധിപത്യം എന്നത് ജൈവികമായ ഒരു പ്രക്രിയയല്ല; മറിച്ച് ചരിത്രപരമാണെന്ന് തെളിയിക്കുകയായിരുന്നു അഗസ്റ്റ് ബെബലിന്‍റെ ലക്ഷ്യം. വിവിധ മേഖലകളിലുള്ള സ്ത്രീ തൊഴിലാളികള്‍ പുറമെ, പെറ്റിബൂര്‍ഷ്വാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്കും പ്രത്യയശാസ്ത്രത്തിലേക്കും ഈ പുസ്തകം വഴി ആകര്‍ഷിക്കപ്പെട്ടു.


മുതലാളിത്ത ഉല്‍പാദനക്രമത്തിനുള്ളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഇരട്ട ഭാരത്തെ അഗസ്റ്റ് ബെബല്‍ വിശദീകരിക്കുന്നുണ്ട്. പുരുഷാധിപത്യത്തിന്‍റെ സാമൂഹ്യവും സാമ്പത്തികവുമായ രൂപങ്ങളെ സ്ത്രീകള്‍ക്ക് ആശ്രയിക്കേണ്ടി വരുന്നു. അതോടൊപ്പം മുതലാളിത്ത വ്യവസ്ഥയില്‍ തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടതായിവരുന്ന സാമ്പത്തിക ചൂഷണവും സ്ത്രീതൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നു. പുരുഷാധിപത്യത്തിന്‍റെയും സാമ്പത്തികാശ്രയത്വത്തിന്‍റെയും ഈ ഇരട്ട ചൂഷണത്തെ തൊഴിലിടങ്ങളിലും നിയമവ്യവസ്ഥയിലും രാഷ്ട്രീയ മണ്ഡലങ്ങളിലും സമത്വത്തിനുവേണ്ടി നടത്തുന്ന തീപാറുന്ന പോരാട്ടങ്ങളിലൂടെ കുറച്ചൊക്കെ ലഘൂകരിക്കാനാകും. എന്നാല്‍ ഇതിലൂടെ മാത്രം ഈ ഇരട്ട ചൂഷണത്തെ സമ്പൂര്‍ണമായി മറികടക്കാനാവില്ല. നിലവിലുള്ള സാമൂഹ്യ, സാമ്പത്തികഘടന പരിപൂര്‍ണ്ണമായും തച്ചുടച്ചുകൊണ്ടുള്ള പുതിയൊരു സാമൂഹ്യ നിര്‍മ്മിതിക്കുമാത്രമേ ഈ “സ്ത്രീ പ്രശ്ന”ത്തിന്, ശാശ്വതമായ പരിഹാരം കാണാനാകൂ. സാമൂഹ്യപ്രശ്നങ്ങള്‍ അതിന്‍റെ സമഗ്രമായ അര്‍ത്ഥത്തില്‍ പരിഹരിക്കപ്പെടുകയും മുതലാളിത്ത സാമ്പത്തിക സാമൂഹിക സംവിധാനത്തെ കടപുഴക്കിയെറിയുകയും ചെയ്യുമ്പോള്‍ മാത്രമേ ലൈംഗികാടിമത്തവും അവസാനിക്കുകയുള്ളൂ.

അക്കാലത്തെ സ്ത്രീവാദ ചിന്തകര്‍ മുന്നോട്ടുവെച്ച നിരവധി ആവശ്യങ്ങളുടെ സാധ്യതയെ അഗസ്റ്റ് ബെബലും അംഗീകരിക്കുന്നുണ്ട്. എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും എല്ലായിടങ്ങളിലുമുള്ള സാര്‍വത്രികമായ വോട്ടവകാശം, സര്‍വകലാശാലകളിലും വിദ്യാലയങ്ങളിലും വിദ്യാഭ്യാസത്തിനുള്ള തുല്യാവകാശം, ജോലികളില്‍ തുല്യാവസരം, വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക് സ്വത്തിന്‍മേലുള്ള അവകാശം, വിവാഹമോചനത്തിനുള്ള അവകാശം എന്നിങ്ങനെ എല്ലാതരത്തിലുമുള്ള അവകാശപോരാട്ടങ്ങളെയും മുന്നില്‍ നിന്നുതന്നെ അഗസ്റ്റ് ബെബല്‍ പിന്തുണച്ചു. എന്നാല്‍ ഈ അവകാശങ്ങള്‍ അതിന്‍റെ സ്വാര്‍ത്ഥകമായ തലങ്ങളില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ പുതിയൊരു സോഷ്യലിസ്റ്റ് സമൂഹ രൂപീകരണം നടക്കണമെന്നും അഗസ്റ്റ് ബെബല്‍ ഊന്നിപ്പറയുന്നുണ്ട്. സ്ത്രീകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രം അണിയാനുള്ള അവകാശത്തെയും ലൈംഗിക സംതൃപ്തിക്കുള്ള സ്ത്രീകളുടെ അവകാശത്തെയും ഏറ്റവും ഉശിരോടെയായിരുന്നു അഗസ്റ്റ് ബെബല്‍ ഉയര്‍ത്തിപ്പിടിച്ചത്. യാഥാസ്ഥിതിക സമൂഹത്തിനിടയില്‍ നിന്നും വലിയ തരത്തിലുള്ള എതിര്‍പ്പുകളും ഇതിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍പോലും സാക്ഷാല്‍ക്കരിക്കപ്പെടാതെ കിടക്കുന്ന സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളെ 19-ാം നൂറ്റാണ്ടിന്‍റെ സമൂര്‍ത്തതകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ മുന്‍കൂട്ടി കാണാനും അഭിസംബോധന ചെയ്യാനും അഗസ്റ്റ് ബെബെലിന് കഴിഞ്ഞിരുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ വിശകലനസമീക്ഷയുടെ പ്രത്യേകത. പുതിയൊരു സോഷ്യലിസ്റ്റ് സമൂഹത്തിന്‍റെ നിര്‍മ്മിതിയുടെ അനിവാര്യതയെക്കുറിച്ചും അതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുമുള്ള നൂതനമായ വിചാരമാതൃകകളാണ് സ്ത്രീയും സോഷ്യലിസവും എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെയ്ക്കപ്പെട്ടത്. സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയില്‍ സ്ത്രീകള്‍ ചരിത്രപരമായി വഹിക്കേണ്ട പങ്കിനെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും ആ പുസ്തകം അടി വരയിട്ടു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സംഘടനകള്‍ കെട്ടിപ്പടുക്കേണ്ടതിന്‍റെയും വളര്‍ന്നുവരേണ്ടതിന്‍റെയും അനിവാര്യതയെക്കുറിച്ചും പുസ്തകം പുതിയ ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനഘട്ടത്തിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യഘട്ടത്തിലും തൊഴിലാളിപ്രസ്ഥാനത്തെയും സ്ത്രീ – സോഷ്യലിസ്റ്റ് സംഘടനകളെയും അഗാധമായി സ്വാധീനിക്കുകയും അഴിച്ചുപണിയുകയും ചെയ്ത പുസ്തകമായിരുന്നു ഇത്. 1890 കള്‍ മുതല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മ്മനിയുടെ വിവിധയിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തുകയും അത് പിന്നീട് വര്‍ദ്ധിതമായിക്കൊണ്ടിരിക്കുകയും ചെയ്തു. ക്ലാരാ സെത്കിന്‍ ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് പോരാളികളെ വലിയ നിലയില്‍ സ്വാധീനിച്ച ഒരു പുസ്തകം കൂടിയായിരുന്നു അത്. പിന്നീടുയര്‍ന്നുവന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും പുതിയൊരു ദിശാബോധവും ഊര്‍ജവും കരുത്തും ആ പുസ്തകം പ്രദാനം ചെയ്തു. കാലഘട്ടത്തിന്‍റെ ചില പരിമിതികള്‍ കണ്ടെത്താനാകുമെങ്കിലും, സോഷ്യലിസ്റ്റ് സ്ത്രീ വിമോചന ചരിത്രഘട്ടത്തിലെ ഏറ്റവും ഉള്‍ക്കരുത്തുള്ള ഒരു വിപ്ലവ ഗ്രന്ഥമായി ലോകത്തുള്ള എല്ലാ പോരാളികളെയും ആ പുസ്തകം ഇപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്.

1913 ആഗസ്റ്റ് 13ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുന്നതുവരെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഏറ്റവും ജനകീയനും സമുന്നതനുമായ നേതാക്കളിലൊരാളായി അഗസ്റ്റ് ബെബല്‍ നിറഞ്ഞുനിന്നു. പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തിന്‍റെയും പാര്‍ലമെന്‍റേതര പ്രവര്‍ത്തനത്തിന്‍റെയും വൈരുധ്യാത്മകമായ സ്ഥലരാശിക്കുള്ളിലായിരുന്നു അദ്ദേഹം നിരന്തരം നിലയുറപ്പിച്ചിരുന്നത്. ജര്‍മ്മന്‍ പാര്‍ലമെന്‍റിലേക്ക് അദ്ദേഹം തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്‍റിനെ ഏറ്റവും വലിയ സമരമുഖമായിട്ടായിരുന്നു ബെബല്‍ നോക്കിക്കണ്ടത്. ജര്‍മ്മന്‍ സാമ്രാജ്യത്വത്തിന്‍റെ രാഷ്ട്രീയ നിലപാടുകളെ അദ്ദേഹം നിരന്തരം വിമര്‍ശിച്ചു. സാമ്രാജ്യത്വത്തിനും സൈനികവല്‍ക്കരണത്തിനും ചൂഷണത്തിനും ജര്‍മ്മന്‍ സാമ്രാജ്യം നല്‍കുന്ന പിന്തുണയെ ഒരു വിട്ടുവീഴ്ചയും കൂടാതെ അദ്ദേഹം എതിര്‍ത്തു. സ്ത്രീകളുടെ അവകാശങ്ങളെയും അസ്തിത്വത്തെയും ഹനിക്കുന്ന പിതൃദായക സിവില്‍ കോഡ് (ഠവല ജമൃശേമൃരവമഹ ഇശ്ശഹ ഇീറല), 1900ല്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ആ കോഡിനെ ഏറ്റവും ശക്തവും കൃത്യവുമായി എതിരിട്ടത് അഗസ്റ്റ് ബെബലായിരുന്നു. 1912ല്‍ റിഷ്ടാഗിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 35% ത്തോളം വോട്ടുവിഹിതം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സ്വരൂപിക്കാനായി. ഇങ്ങനെ നല്ല ജനകീയ പിന്തുണയുള്ള വലിയൊരു രാഷ്ട്രീയ പ്രസ്ഥാനമായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വളരുകയായിരുന്നു. 1918ലെ നവംബര്‍ വിപ്ലവത്തോടെ ജര്‍മ്മന്‍ ചക്രവര്‍ത്തി പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. അതിനെത്തുടര്‍ന്നാണ് വെയ്മര്‍ റിപ്പബ്ലിക് (ണലശാമൃ ഞൗുൗയഹശര) സ്ഥാപിതമാകുന്നത്. ഈ ഘട്ടമെത്തുമ്പോഴാണ് സ്ത്രീകള്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം ജര്‍മ്മനിയില്‍ സംജാതമാകുന്നത്. ഈയൊരു ചരിത്ര നേട്ടത്തിനുപിന്നില്‍ അഗസ്റ്റ് ബെബലും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഒഴുക്കിയ പോരാട്ടത്തിന്‍റെയും വിയര്‍പ്പിന്‍റെയും ചരിത്രസ്മരണകള്‍ ഉയര്‍ന്നുനില്‍ക്കുന്നതും കാണാന്‍ കഴിയും.

ഇങ്ങനെ എല്ലാ നിലകളിലും സ്വന്തം കാലഘട്ടത്തിലെ സവിശേഷതകളോടും ഏറ്റെടുക്കേണ്ട ദൗത്യങ്ങളോടും അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെയും വിപ്ലവാഭിമുഖ്യത്തോടെയും നിലയുറപ്പിച്ച തൊഴിലാളിവര്‍ഗ പോരാളിയായിരുന്നു അഗസ്റ്റ് ബെബല്‍. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വിവിധ ഘട്ടങ്ങളില്‍ തലപൊക്കിയ പരിഷ്കരണവാദ നിലപാടുകളോടും അവസരവാദ നിലപാടുകളോടും മാര്‍ക്സിസത്തിന്‍റെ വിപ്ലവാത്മകതയെ മാറോടു ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അദ്ദേഹം ഏറ്റുമുട്ടിയത്. എഡ്വേര്‍ഡ് ബേണ്‍സ്റ്റീന്‍റെ പരിഷ്കരണവാദ നിലപാടുകളെ തകര്‍ത്തെറിയുന്നതില്‍ അഗസ്റ്റ് ബെബലിന് മുഖ്യ പങ്കുണ്ടായിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ബഹുജന സ്വാധീനമുള്ള വലിയൊരു പാര്‍ട്ടിയായി വാര്‍ത്തെടുക്കുന്നതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1913ല്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട തൊഴിലാളി നേതാവിനെ ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. അത്രയ്ക്ക് വിപുലമായിരുന്നു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബഹുജന പിന്തുണ. 1919ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിപ്ലവ വിഭാഗം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ജര്‍മ്മനിക്ക് രൂപംനല്‍കുമ്പോഴും ആ ബഹുജന പിന്തുണയില്‍ കുറവുണ്ടായില്ല. ശക്തമായ ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയായി ജര്‍മ്മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നേറിക്കൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ മുന്നേറ്റത്തെയും വിപ്ലവസ്വപ്നങ്ങളെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നാസിസവും ഹിറ്റ്ലറും ജര്‍മ്മനിയില്‍ വേരുറപ്പിച്ചത്.♦
(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × four =

Most Popular