ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയന്റെ (ജെഎൻയുഎസ്‌യു) നേതൃത്വത്തിലുള്ള നിരാഹാരസമരം പത്തുദിവസം പിന്നിടുകയാണ്. സ്‌കോളർഷിപ്പുകൾക്കും മറ്റുമായുള്ള നിലവിലെ ഫണ്ട് അപര്യാപ്‌തമാണെന്നും അത് പരിഹരിക്കണമെന്നും പഠനത്തിനായെത്തുന്ന, ഹോസ്റ്റൽ സൗകര്യം ആവശ്യമായ എല്ലാ വിദ്യാർഥികൾക്കും ക്യാമ്പസിനുള്ളിൽ അതിനുള്ള സൗകര്യം ലഭ്യമാക്കണമെന്നുമുള്ള ആവശ്യം വിദ്യാർഥികൾ നിരന്തരം ഉന്നയിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജെഎൻയുഎസ്‌യു നേതാക്കൾ അധികൃതരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് വിദ്യാർഥികൾ നിരാഹാരസമരം ആരംഭിച്ചത്. നിരാഹാരസമരത്തിലായിരുന്ന മൂന്നു വിദ്യാർഥികളെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നു.
കഴിഞ്ഞ ഒരു ദശകമായി യൂണിവേഴ്‌സിറ്റി മിടുക്കരായ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പ് ഘടനയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. നിലവിൽ ഒരു സെമസ്റ്ററിന് ട്യൂഷൻ ഫീസ് എന്ന നിലയിൽ 268 രൂപയാണ് ലഭിക്കുന്നത്. യാത്ര, ഭക്ഷണം മറ്റു ചെലവുകൾ എല്ലാം വെച്ചുനോക്കുമ്പോൾ ഈ തുക തീരെ തുച്ഛമാണ്. ഹോസ്റ്റൽ ഭക്ഷണത്തിനു മാത്രം മാസം 5400 രൂപ നൽകണം. മിക്ക വിദ്യാർഥികളും ദരിദ്രപശ്ചാത്തലത്തിൽനിന്ന് വരുന്നവരാണ്. അതുകൊണ്ടവർക്ക് രക്ഷിതാക്കളോട് പണം ചോദിക്കാനുമാവില്ല. ഇത് വിദ്യാർഥികളെ കടുത്ത മാനസിക സംഘർഷത്തിലാക്കുന്നു.
സർവകലാശാലയെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ഫണ്ട് വെട്ടിച്ചതും മുൻവർഷം എടുത്ത എച്ച്‌ഇഎഫ്‌എ വായ്‌പയുമാണ്. 2023ൽ 10 പ്രോജക്ടുകൾക്കായി ഉന്നത വിദ്യാഭ്യാസ ഫണ്ടിങ് ഏജൻസിയിൽനിനന് (എച്ച്‌ഇഎഫ്‌എ) 486 കോടി രൂപയാണ് വായ്‌പയായി സ്വീകരിച്ചത്. കാനറ ബാങ്കിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ എച്ച്‌ഇഎഫ്‌എ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വായ്‌പ ലഭ്യമാക്കുന്നതിനായി രൂപീകരിച്ചതാണ്. എന്നിട്ടും ലൈബ്രറിക്കുള്ള ഫണ്ട് 80 ശതമാനം വെട്ടിക്കുറച്ചു; വിദ്യാർഥികൾക്ക് ആവശ്യമായ ജേർണലുകളുടെ വരവ് നിന്നു. അന്താരാഷ്‌ട്ര സെമിനാറുകളുടെ എണ്ണം കുറഞ്ഞു. മൊത്തത്തിൽ വിദ്യാർഥികൾക്ക് പഠിക്കാനനുകൂലമല്ലാത്ത സാഹചര്യത്തിലേക്ക് സർവകലാശാല നീങ്ങുകയാണ്. ഇതിനെതിരെ വിദ്യാർഥികൾ ഒന്നടങ്കം വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ജെഎൻയുഎസ്‌യുവിന്റെ നേതൃത്വത്തിലുള്ള നിരാഹാരസമരവും. തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുംവരെ സമരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് വിദ്യാർഥികളുടെ തീരുമാനം. ♦