Monday, September 9, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകൊൽക്കത്തയിൽ ആളിപ്പടരുന്ന പ്രതിഷേധം

കൊൽക്കത്തയിൽ ആളിപ്പടരുന്ന പ്രതിഷേധം

ഷുവജിത്‌ സർക്കാർ

ക്കഴിഞ്ഞ ആഗസ്‌ത്‌ എട്ടിനാണ്‌ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്‌. ഈ ഹീനകൃത്യത്തിനെതിരെ ഉയർന്ന പ്രതിഷേധം കത്തിപ്പടരുകയാണ്‌. സമൂഹത്തിനുവേണ്ടി രാത്രി ഏറെ വൈകിയും കഠിനാധ്വാനം ചെയ്യുന്ന പെൺകുട്ടികൾക്ക്‌ യാതൊരു സുരക്ഷയുമില്ല. എന്നിട്ടും, പെൺകുട്ടി രാത്രിയിൽ ഒറ്റയ്‌ക്ക്‌ സെമിനാർ ഹാളിൽ പോയത്‌ എന്തിനാണെന്ന അനാവശ്യവും അശ്ലീലം നിറഞ്ഞതുമായ ചോദ്യമാണ്‌ അവിടത്തെതന്നെ പ്രിൻസിപ്പൽ ചോദിച്ചത്‌. രാത്രി ഡ്യൂട്ടി ചെയ്യുന്ന വനിതാ ഡോക്ടർമാർക്ക്‌ അൽപമൊന്ന്‌ വിശ്രമിക്കാനുള്ള ഇടംപോലും ആശുപത്രി അധികൃതർ നൽകിയിരുന്നില്ല. ജോലിക്കിടെ അൽപമൊന്ന്‌ വിശ്രമിക്കാനാണ്‌ ഡോക്ടർ സെമിനാർ ഹാളിലേക്ക്‌ പോയത്‌. ആ സമയത്താണ്‌ ആ പെൺകുട്ടിയെ ഇരുട്ടിൽ പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌.

നാടിനെ നടുക്കിയ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമുയർന്നു. സാമൂഹ്യസേവനം നടത്തുന്ന ഡോക്ടർമാർക്ക്‌ അവശ്യം വേണ്ട സൗകര്യങ്ങളും സുരക്ഷയുമൊരുക്കുന്നതിൽ വീഴ്‌ചവരുത്തിയ ആശുപത്രി അധികൃതർക്കെതിരെയും സംഭവത്തെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും വിദ്യാർഥിസമൂഹം ഒന്നടങ്കം ശക്തമായ പ്രതിഷേവധുമായി തെരുവിലിറങ്ങി. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും ആശുപത്രിക്ക്‌ മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. സംഭവത്തിൽ പൊലീസ്‌ ചിലതെല്ലാം മറച്ചുവെക്കുകയാണെന്ന്‌ എസ്‌എഫ്‌ഐ‐ഡിവൈഎഫഐ നേതാക്കൾ കുറ്റപ്പെടുത്തി. എല്ലാ വിഭാഗങ്ങളിൽ നിന്നും ഒന്നടങ്കം മമത സർക്കാരിനെതിരെ രോഷമുയർന്നു.

സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ സ്‌ത്രീകളും പെൺകുട്ടികളും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെയാണ്‌ രോഷം ആളിപ്പടർന്നത്‌. തുടക്കത്തിൽ പ്രിൻസിപ്പലും അധികൃതരും മോശമായ പരാമർശങ്ങൾ നടത്തി വിഷയത്തിന്റെ പ്രാധാന്യം കുറച്ചുകാട്ടാൻ ശ്രമം നടത്തിയിരുന്നു. വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധം ശക്തമാവുകയും പ്രിൻസിപ്പലിന്റെ രാജിക്കായുള്ള സമ്മർദം ഉയരുകയും ചെയ്‌തിനെത്തുടർന്ന്‌ മമത സർക്കാർ പ്രിൻസിപ്പലിനെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിലേക്ക്‌ സ്ഥലംമാറ്റി. സ്ഥലംമാറ്റമല്ല, സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്തുംവരെ പ്രിൻസിപ്പലിനെ മാറ്റിനിർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാർഥികൾ സമരം വീണ്ടും ശക്തമാക്കി.

നീതി ആവശ്യപ്പെട്ടുകൊണ്ട്‌ ഉയർന്നുവന്ന പ്രക്ഷോഭം സ്‌ത്രീകളുടെ സുരക്ഷയ്‌ക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള ഒരു സാമൂഹ്യമുന്നേറ്റമായിത്തന്നെ മാറി. സംവരണ പരിഷ്‌കാരം ബംഗ്ലാദേശിന്റെ രാഷ്‌ട്രീയ സാഹചര്യത്തെ മാറ്റിമറിക്കുകയും തുടർന്ന്‌ അവിടത്തെ പ്രധാനമന്ത്രിക്ക്‌ രായ്‌ക്കുരാമാനം രാജ്യംവീട്ട്‌ ഓടേണ്ടിവന്നത്‌ വിദ്യാർഥിസമൂഹത്തിന്റെ പ്രതിഷേധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്‌ എന്ന അനുഭവം മുന്നിലുള്ളതിനാൽ ബംഗാളിലെ മമത സർക്കാർ വിദ്യാർഥിപ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബംഗ്ലാദേശിലെ പോലെ ബംഗാളിലെ വിദ്യാർഥി പ്രക്ഷോഭം അക്രമാസക്തമായിരുന്നില്ല. പ്രതിഷേധത്തിലേക്കു നയിച്ച കാരണവും വ്യത്യസ്‌തമാണ്‌. ബംഗാളിൽ വിദ്യാർഥികൾക്ക്‌ തങ്ങളുടെ അവകാശങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുണ്ട്‌. അതുകൊണ്ടാണ്‌ പൊതുസമൂഹം അതേറ്റെടുത്തത്‌.

2024 ആഗസ്‌ത്‌ 12ന്‌ കൊൽക്കത്ത പ്രസിഡൻസി സർവകലാശാലയിലെ അധ്യാപകർ ആർ ജി കറിലെ സംഭവത്തിൽ പ്രതിഷേധിച്ച്‌ റാലി നടത്താൻ പരസ്യമായി ആഹ്വാനം നൽകി. എന്നാൽ അധ്യാപകരെ കൂടാതെ വിദ്യാർഥികളും സാധാരണക്കാരും ഈ റാലിയിൽ അണിനിരന്നു. സ്വാതന്ത്ര്യദിനാഘോഷത്തലേന്ന്‌ അർധരാത്രി സ്‌ത്രീകൾ ഒത്തൊരുമിച്ച്‌ പുതിയ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടി 77 വർഷം കഴിഞ്ഞിട്ടും ഇവിടെ സ്‌ത്രീകൾക്ക്‌ സ്വാതന്ത്ര്യമുണ്ടോ എന്ന കാതലായ ചോദ്യം ചോദ്യച്ചിഹ്നമായി അവശേഷിക്കുകയാണ്‌.

കൊല്ലപ്പെട്ട പെൺകുട്ടിക്കും കുടുംബത്തനും നീതിയും വിദ്യാർഥികളുടെ സുരക്ഷയും ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ‐ഡിവൈഎഫ്‌ഐ പ്രവർത്തകർ ആർ ജി കർ മെഡിക്കൽ കോളേജിനു മുന്നിൽ അനിശ്ചിതകാലസമരം ആരംഭിച്ചു. സിപിഐ എം നേതാക്കളും മറ്റ്‌ ഇടതുപക്ഷ‐ബഹുജനസംഘടനാ നേതാക്കളും സമരത്തിന്റെ മുൻനിരയിൽതന്നെ നിലയുറപ്പിച്ചിരുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്നാകെ ഉയർന്നുവന്നത്‌ മമത സർക്കാരിനെ സമ്മർദത്തിലാക്കി. ഒടുവിൽ ഗത്യന്തരമില്ലാതെ കേസ്‌ അന്വേഷിക്കാൻ പൊലിസിനു കഴിയുന്നില്ലെങ്കിൽ സിബിഐയ്‌ക്ക്‌ വിടുമെന്ന്‌ പറയാൻ മമത നിർബന്ധിതയായി.

സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന പൗരരും ആക്ടിവിസ്റ്റുകളും സംഘടനകളുമെല്ലാം നൈറ്റ്‌ മാർച്ചുകൾ സംഘടിപ്പിച്ചു. രാത്രിയിലും പൊതുഇടങ്ങൾ സ്‌ത്രീകൾക്കുകൂടിയുള്ളതാണെന്ന, പൊതുഇടങ്ങളുടെ വീണ്ടെടുപ്പിന്റെ കൂടി ശക്തമായ പ്രഖ്യാപനമായിരുന്നു അത്‌. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയും അക്രമത്തിന്റെയും അടിച്ചമർത്തലിന്റെയും ഭയാശങ്കകളിൽ ജീവിക്കുമ്പോൾ രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിലെ വിരോധാഭാസത്തെ സ്‌ത്രീകളുടെ പ്രതിഷേധം തുറന്നുകാട്ടി. ഏതുസമയത്തും ആക്രമണം ഭയക്കാതെ സ്‌ത്രീകൾക്കു ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകാത്തിടത്തോളം സ്വാതന്ത്ര്യത്തെക്കുറിച്ച്‌ സംസാരിക്കുന്നതിൽ യാതൊരർഥവുമില്ല. ഓരോ സ്‌ത്രീക്കും സ്വന്തം രാജ്യം സുരക്ഷിതമാണെന്നു തോന്നുംവരെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വെറും പ്രകടനങ്ങൾ മാത്രമാണ്‌. നൈറ്റ്‌ മാർച്ച്‌ ഓർമപ്പെടുത്തിയതും അതാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − four =

Most Popular