Monday, September 9, 2024

ad

Homeലേഖനങ്ങൾഭക്ഷ്യഭദ്രതയില്‍ നിന്നും പോഷകഭദ്രതയിലേക്കുള്ള മുന്നേറ്റം അനിവാര്യം

ഭക്ഷ്യഭദ്രതയില്‍ നിന്നും പോഷകഭദ്രതയിലേക്കുള്ള മുന്നേറ്റം അനിവാര്യം

ജി ആർ അനില്‍ (ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി)

മികവിന്റെ ലോകമാതൃകകള്‍ ഏറെ സൃഷ്ടിച്ചിട്ടുള്ള നാടാണ് കേരളം. ഭൂമിശാസ്ത്രപരവും ജനസാന്ദ്രതാപരവുമായ സവിശേഷതകള്‍ മൂലം വന്‍കിട വ്യവസായങ്ങള്‍ക്ക് അനുയോജ്യമല്ലാതിരിക്കുകയും വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളിലേക്ക് തിരിഞ്ഞതിനാല്‍ ഭക്ഷ്യവിളകളില്‍ നിന്ന് അകന്നു പോവുകയും ചെയ്തു ഈ സംസ്ഥാനം. വ്യവസായിക കാർഷിക മേഖലകളിലെ പുരോഗതിയുടെ സാമ്പത്തിക സൂചകങ്ങളില്‍ ഒരു വികസിതസമൂഹം എന്ന പദവിയിൽ എത്താതെ തന്നെ പൊതുവിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം, സാമൂഹ്യനീതി എന്നിങ്ങനെയുള്ള മനുഷ്യവിഭവവികാസ സൂചികകളില്‍ രാജ്യത്തിന് മാതൃകയായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ലോകനിലവാരമുള്ള അക്കാദമിക് വിദഗ്ധർക്ക് ഇതൊരു പഠന വിഷയമാണ്. കേന്ദ്രസർക്കാരിന്റെ ഏജൻസികൾ നടത്തിയ വിവിധ പഠനങ്ങളും ഇത് ശരിവയ്ക്കുകയുണ്ടായി. ഇക്കഴിഞ്ഞ വർഷങ്ങളിൽ നിതി ആയോഗിന്റെ സംസ്ഥാന താരതമ്യ പഠനത്തിന്റെ ഫലം പുറത്തുവിട്ടപ്പോള്‍ സുസ്ഥിര വികസന സൂചികകളിൽ രാജ്യത്തെ മികച്ച സംസ്ഥാനമെന്ന കേരളത്തിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.

കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആഹാരം കഴിക്കാനാവശ്യമായ ഭക്ഷ്യധാന്യം സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ലോകയുദ്ധം പോലുള്ള സന്ദർഭങ്ങളില്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും അനുഭവിച്ച ചരിത്രമുള്ള ജനതയാണ് നമ്മൾ. ഈ പ്രതികൂലഘടകങ്ങള്‍ക്കിടയിലും ഭക്ഷ്യഭദ്രത നിലനിർത്തുന്നതിന് സംസ്ഥാനത്തിന് കഴിഞ്ഞു. ഒരാളും പട്ടിണി അനുഭവിക്കാത്ത ഒരു ഭൂപ്രദേശം എന്ന നില കൈവരിക്കാന്‍ കഴിഞ്ഞത് കേരള മാതൃകയുടെ എടുത്തുപറയത്തക്ക സവിശേഷതകളില്‍ ഒന്നാണ്. ഇത് തീർച്ചയായും യാദൃച്ഛികമല്ല. രാഷ്ട്രീയമായ ഇച്ഛാശക്തിയോടെയും നിശ്ചയദാർഢ്യത്തോടെയും കേരളത്തില്‍ അധികാരത്തിലിരുന്ന ജനകീയ സർക്കാരുകള്‍ നടത്തിയ പ്രവർത്തനങ്ങളുടെ സ്വാഭാവിക ഫലമാണ് അത്.

രാഷ്ട്രീയഭേദമന്യേ മലയാളികള്‍ ഒന്നുചേർന്ന ഒരു പ്രസ്ഥാനമായിരുന്നു സാർവ്വത്രിക സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങിന് വേണ്ടി നടന്ന പ്രക്ഷോഭം. ഭക്ഷ്യകമ്മി സംസ്ഥാനം എന്ന നിലയിലും നാണ്യവിളയുടെ ഉല്‍പാദനത്തില്‍ ഏറെ മുന്നേറിയത് കണക്കിലെടുത്തും സ്റ്റാറ്റ്യൂട്ടറി റേഷനിങ്‌ ഏർപ്പെടുത്തുന്നതിനുവേണ്ടി മലയാളികള്‍ ഒറ്റക്കെട്ടായി ഭരണഘടനാവിധേയമായി പോരാടുകയും അത് നേടിയെടുക്കുകയും ചെയ്തു. എ.കെ.ജിയെപോലുള്ള കമ്യൂണിസ്റ്റ് നേതാക്കൾ പാർലമെന്റിലും പുറത്തും നടത്തിയ ഈ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് രാജ്യത്തിന് മാതൃകയായ പൊതുവിതരണസംവിധാനം കേരളത്തിൽ ഉരുത്തിരിഞ്ഞത്. ഇതിന്റെ ഭാഗമായ ന്യായവിലഷോപ്പുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യം 1960 കൾ മുതൽ മലയാളിയുടെ ഭക്ഷ്യഭദ്രതയ്ക്ക് അടിത്തറയിട്ടു എന്നത് നിഷേധിക്കാവാനാത്ത വസ്തുതയാണ്.

ഉദാരവത്കരണനയങ്ങളുടെ ഭാഗമായി ലക്ഷ്യാധിഷ്ഠിത പൊതുവിതരണം കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ ഏറ്റവും ദരിദ്രരും ദുർബലരും ആയ വിഭാഗങ്ങൾക്കു മാത്രമായി റേഷൻ പരിമിതപ്പെട്ടു. 2013ൽ നിലവിൽ വന്ന എന്‍.എഫ്.എസ്.എ ആക്ട് ഈ നയത്തിന് നിയമരൂപം നല്കിയതോടെ സാർവ്വത്രിക റേഷനിങ് ഇല്ലാതാവുകയും 57ശതമാനം മലയാളികള്‍ പൊതുവിതരണത്തിന് പുറത്താവുകയും ചെയ്തു. എന്നാൽ ഈ നിയമത്തിന്റെ പരിരക്ഷ കിട്ടാത്ത മുന്‍ഗണനേതര വിഭാഗങ്ങളെയും സർക്കാർ ചേർത്തുപിടിക്കുകയും സംസ്ഥാനത്തിന് ലഭ്യമായ ഭക്ഷ്യവിഹിതത്തില്‍ നിന്നും സാധ്യമായ അളവില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നു. എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍കാർഡ് എന്ന നയത്തിന്റെ ഭാഗമായി തെരുവോരത്ത് താമസിക്കുന്നവർക്കുള്‍പ്പെടെ ആധാർകാർഡിന്റെ മാത്രം അടിസ്ഥാനത്തില്‍ കാർഡുകള്‍ നല്‍കി. ഈ സർക്കാർ ചുമതലയേറ്റതിനുശേഷം മാത്രം 4,63,662 പുതിയ കാർഡുകള്‍ വിതരണം ചെയ്യുകയുണ്ടായി.. ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്നതുള്‍പ്പെടെയുള്ള ക്ഷേമസ്ഥാപന ങ്ങള്‍ക്കായി 7,806 കാർഡുകള്‍ നല്‍കി. ഇതുൾപ്പെടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് മാത്രമായി സംസ്ഥാനത്ത് ആകെ 28,480 കാർഡുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാരായ അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് നിന്ന് അവരുടെ റേഷന്‍ വിഹിതം കൈപ്പറ്റാന്‍ കഴിയുന്ന റേഷന്‍ റൈറ്റ്സ് കാർഡ് പദ്ധതി നടപ്പിലാക്കി. ആദിവാസി ഊരുകള്‍ അടക്കം ഗതാഗത പ്രയാസങ്ങള്‍ നേരിടുന്ന വിദൂരപ്രദേശങ്ങളില്‍ റേഷന്‍ വാസസ്ഥലത്തെത്തിച്ചു നല്‍കുന്ന സഞ്ചരിക്കുന്ന 134 റേഷന്‍കടകള്‍ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. റേഷന്‍കടകളില്‍ നേരിട്ടെത്തി സാധനം കൈപ്പറ്റാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ വീട്ടിലെത്തിച്ചുകൊടുക്കുന്ന ‘ഒപ്പം’ പദ്ധതി നടപ്പിലാക്കി. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപ നിരക്കില്‍‍ ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷാഹോട്ടലുകള്‍ പൊതുവിതരണ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്ത് ജീവിച്ച മലയാളികളും അല്ലാത്തവരുമായ ഒരാളെയും പട്ടിണി കിടക്കാന്‍ അനുവദിക്കാതെ സൗജന്യ ഭക്ഷ്യകിറ്റുകള്‍ വീടുകളിലെത്തിച്ചു നല്‍കിയത് കേരളത്തിന്റെ ഭക്ഷ്യഭദ്രതാമാതൃകയുടെ രോമാഞ്ചജനകമായ അനുഭവമാണ്.

സ്റ്റാറ്റ്യൂട്ടറിയായ പൊതുവിതരണസംവിധാനത്തിന് പുറത്ത് രാജ്യത്ത് മറ്റെങ്ങും കാണാന്‍ കഴിയാത്ത വിപുലമായ വിപണി ഇടപെടല്‍ ശൃംഖലയാണ് സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോർപ്പറേഷന്‍ മുഖേന സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നത്. ചില്ലറ വില്‍പനശാലകളും മെഡിക്കല്‍ ഷോപ്പുകളും ഇന്ധന വില്‍പനശാലകളുമടക്കം 1600-ല്‍ അധികം ഔട്ട് ലെറ്റുകള്‍ സപ്ലൈകോയ്ക്ക് കീഴില്‍ പ്രവർത്തിച്ചു വരുന്നു. നിത്യോപയോഗസാധനങ്ങളെല്ലാം തന്നെ പൊതുവിപണിയേക്കാൾ കുറഞ്ഞവിലയ്ക്ക് ഈ വില്‍പനശാലകളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിവരുന്നു. എല്‍.ഡി.എഫ് സർക്കാരിന്റെ തീരുമാനപ്രകാരം 2016 മെയിലെ സബ്സിഡി വിലയില്‍ മാറ്റമില്ലാതെ 13 ഇനം അവശ്യസാധനങ്ങള്‍ കഴിഞ്ഞ ഏഴരവർഷ ത്തിലധികമായി സപ്ലൈകോ വില്‍പനശാലകള്‍ വഴി നല്‍കിവന്നു. പൊതുവിപണിയില്‍ ലഭ്യമാകുന്നതിന്റെ ഏകദേശം പകുതി വിലയ്ക്കാണ് ഈ അവശ്യസാധനങ്ങള്‍ ഇപ്രകാരം ലഭ്യമാക്കിയിരുന്നത്. രാജ്യത്തെങ്ങും വർദ്ധിച്ച തോതിലുണ്ടായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത കാലത്ത് ഈ വിലകൾ പരിഷ്ക്കരിക്കുകയുണ്ടായെങ്കിലും ശരാശരി 35% സബ്സിഡിയിലാണ് ഈ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു വിപണി ഇടപെടൽ ശൃംഖല നിലവിലില്ല എന്നത് നാം കാണേണ്ട യാഥാർത്ഥ്യമാണ്.

കേരളമാതൃകയുടെ ദൗർബല്യങ്ങള്‍ പരിഹരിച്ചുകൊണ്ടും സുസ്ഥിരവും കൂടുതല്‍ തിളക്കമാർന്നതുമായ ഒന്നാക്കി പരിവർത്തിപ്പിച്ചുകൊണ്ടും മുന്നോട്ടു പോകാനാണ് കേരള സർക്കാർ ലക്ഷ്യമിടുന്നത്. ഭക്ഷ്യഭദ്രതയുടെ രംഗത്തും ഈ വിധത്തിലുള്ള മുന്നേറ്റങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. റേഷന്‍കടകളെ ആധുനികീകരിച്ചുകൊണ്ടും പശ്ചാത്തലസൗകര്യം വിപുലീകരിച്ചുകൊണ്ടും ഘട്ടം ഘട്ടമായി കെ- സ്റ്റോറുകളായി ഉയർത്തുന്ന നടപടി പുരോഗമിച്ചുവരുന്നു. ഇവയില്‍ മിനി ബാങ്കിങ്, യൂട്ടിലിറ്റി പെയ്മെന്റ്, ചോട്ടുഗ്യാസ് എന്നീ സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് കൂടാതെ മിൽമ, സപ്ലൈകോ എന്നിവയുടെ ഉൽപന്നങ്ങളുടെ വിതരണത്തിനും സംവിധാനമൊരുക്കിയിട്ടുണ്ട്‌. നിലവില്‍ 698 റേഷന്‍കടകള്‍ കെ സ്റ്റോറുകളായി പരിവർത്തിപ്പിച്ചു കഴിഞ്ഞു. ഈ ഓണക്കാലത്തോടെ ഇത് 1000 കെ- സ്റ്റോറുകൾ എന്ന നിലയിലേക്ക് ഉയർത്തും. നിലവില്‍ സംസ്ഥാനത്തെ ഭക്ഷ്യ ഗോഡൗണുകള്‍ മിക്കവയും അശാസ്ത്രീയമായി നിർമ്മിച്ചവയാണ്. സംസ്ഥാനത്തെ 83 താലൂക്കുകളിലും ശാസ്ത്രീയ ഗോഡൗണുകള്‍ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സിവില്‍ സപ്ലൈസ് കോർപ്പറേഷനില്‍ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് നടപ്പിലാക്കിക്കഴിഞ്ഞു.

ഒരു വികസിത സമൂഹത്തിലേക്ക് മുന്നേറുന്ന കേരളം ഭക്ഷ്യ ഭദ്രതയില്‍ നിന്നും പോഷക ഭദ്രതയിലേക്ക് ചുവടുവയ്ക്കേണ്ട സമയമായി. കഴിഞ്ഞ വർഷത്തെ കേരളീയം പരിപാടിയോടനുബന്ധിച്ച് നടന്ന വിവിധ സെമിനാറുകളിലൊന്ന് ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടതായിരുന്നു. 2023 നവംബർ 2ന് സംഘടിപ്പിക്കപ്പെട്ട ഈ സെമിനാറിൽ രാജ്യത്തും വിദേശത്തുമുള്ള ഭക്ഷ്യ-കാർഷിക ശാസ്ത്രജ്ഞർ മേല്പറഞ്ഞ ലക്ഷ്യത്തിലേയ്ക്ക് കേരളം മുന്നേറണമെന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു. വിശപ്പകറ്റാന്‍ മതിയായ ആഹാരം എന്നതില്‍ നിന്ന് എല്ലാവർക്കും പോഷകഭദ്രമായ ആഹാരം എന്ന ലക്ഷ്യത്തിലേക്ക് മാറേണ്ടതിന്റെ അനിവാര്യതയാണ് അവർ ചൂണ്ടിക്കാണിച്ചത്. ഇത് യാഥാർത്ഥ്യമാക്കുന്നതിന് സഹായകമായ രൂപരേഖ തയ്യാറാക്കിക്കൊണ്ട് ആ ദിശയിലുള്ള പ്രവർത്തനങ്ങള്‍ വകുപ്പ് ആരംഭിച്ചുകഴിഞ്ഞു. സമീപവർഷങ്ങളിൽ നേരിട്ട ദുരന്തങ്ങളെയെല്ലാം അതിജീവിച്ച് നാം നവകേരളം കെട്ടിപ്പടുക്കുകയാണ്. അത് വ്യാവസായിക-കാർഷിക-വൈജ്ഞാനിക മുന്നേറ്റങ്ങളോടൊപ്പം പോഷകഭദ്രതയാലും അടയാളപ്പെടുത്തപ്പെടുന്ന ഒരു കേരളമായിരിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + twelve =

Most Popular