Monday, September 9, 2024

ad

Homeലേഖനങ്ങൾവരുന്നു ഓൺലൈൻ മാധ്യമങ്ങൾക്കും കയ്യാമം

വരുന്നു ഓൺലൈൻ മാധ്യമങ്ങൾക്കും കയ്യാമം

കെ വി സുധാകരൻ

നാധിപത്യ സംവിധാനത്തിന്റെ ശക്തിയും സൗന്ദര്യവും അതിലുൾച്ചേർന്നിരിക്കുന്ന വിമർശനയുക്തിയുടെ സാധ്യതയാണെന്നത്‌ ആധുനിക ജനാധിപത്യം സമ്മാനിക്കുന്ന ബോധ്യങ്ങളിൽ ഒന്നാണ്‌. ‘വിയോജിക്കുവാനും വിയോജിപ്പിന്റെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ്‌ ജനാധിപത്യം’ എന്ന്‌ അംബേദ്‌കർ പറയുന്നതിന്റെ പൊരുളും ഇതുന്നെയാണ്‌. സമൂഹ്യജീവിതത്തിലെ സംവാദങ്ങളിലും അവ പ്രതിഫലിപ്പിക്കുന്ന ആശയവിനിമയ ഉപാധികളായ മാധ്യമങ്ങളിലുമാണ്‌ ഈ വിമർശനയുക്തിയുടെ സാധ്യതകൾ നിറഞ്ഞുനിൽക്കുന്നത്‌. ‘‘ദൈവം തെറ്റുചെയ്‌താലും ഞാനത്‌ റിപ്പോർട്ട്‌ ചെയ്യും’’ എന്ന്‌ സ്വദേശാഭിമാനി കെ രാമകൃഷ്‌ണപിള്ള പറഞ്ഞതും ആശയപ്രചാരണത്തിന്റെയും ഭയരഹിതമായ വിമർശനങ്ങളുടെയും മാധ്യമപ്രവർത്തകരുടെ ബാധ്യതകളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌. സ്വദേശാഭിമാനി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ്‌ ഇതു പറഞ്ഞത്‌. അന്നുപോലും പത്രങ്ങൾ ശൈശവദശ പിന്നിട്ടിരുന്നില്ല. എന്നാൽ, ഇതിനും നൂറ്റാണ്ടുകൾക്കു മുമ്പ്‌, പത്രങ്ങൾ നേരാംവണ്ണം പിച്ചവച്ചു തുടങ്ങുന്നതിനും മുമ്പാണ്‌ പത്രസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെപ്പറ്റി ഇംഗ്ലീഷ്‌ കവി ജോൺ മിൽട്ടൺ പറഞ്ഞത്‌. പത്രങ്ങളെ നിയന്ത്രിക്കുക ലക്ഷ്യമിട്ട്‌ 1644ൽ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ പാസ്സാക്കിയ ‘ലൈസൻസിങ്‌ ആക്ടി’നെതിരെ മിൽട്ടൺ എഴുതിയ ‘അരിയോ പജെറ്റിക്ക’ (Areo pajetica) എന്ന ഗ്രന്ഥത്തിലാണ്‌ അദ്ദേഹം ഇതു പറഞ്ഞത്‌. ‘എല്ലാ സ്വാതന്ത്ര്യത്തേക്കാളും എനിക്കാവശ്യം അറിയാനും, പറയാനും, മനഃസാക്ഷിക്കനുസരിച്ച്‌ വാദിക്കാനുമുള്ള സ്വാതന്ത്ര്യം’ എന്നാണ്‌ മിൽട്ടന്റെ വാക്കുകൾ. നാലു നൂറ്റാണ്ടോളമടുക്കുന്ന ഈ സന്ദർഭത്തിലും മാധ്യമപഠന ക്ലാസ്സുകളിൽ ചർച്ച ചെയ്യപ്പെടുന്നതാണ്‌ മിൽട്ടന്റെ അരിയോ പജെറ്റിക്കയും അതിലെ ഈ വാക്കുകളും. ജനാധിപത്യ ജീവിതക്രമത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കാനുള്ള ശക്തിസ്രോതസ്സാണ്‌ പത്രങ്ങളും മറ്റു മാധ്യമങ്ങളും എന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്‌ പത്രങ്ങളെ ‘ജനാധിപത്യത്തിലെ നാലാം തൂണ്‌’ എന്ന്‌ 1787ൽ ബ്രിട്ടീഷ്‌ പാർലമെന്റിൽ പരാമർശിക്കാനിടയായത്‌. അന്ന്‌ എഡ്‌മണ്ട്‌ ബർക്ക്‌ പത്രങ്ങൾക്ക്‌ ചാർത്തിയ ആ വിശേഷണം ഇപ്പോഴും നാം പേർത്തും പേർത്തും പറയാറുള്ളതുമാണ്‌. അതുകൊണ്ടുതന്നെയാണ്‌ പത്രങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമ്പോഴെല്ലാം (പ്രത്യേകിച്ച്‌ 1975‐77ലെ അടിയന്തരാവസ്ഥക്കാലത്ത്‌) അതിനെതിരെ വലിയതോതിൽ ചെറുത്തുനിൽപ്പുകൾ ഉണ്ടായിട്ടുള്ളത്‌.

സെൻസർഷിപ്പിന്റെ രൂപവും ഭാവവും മാറുന്നു
അടിയന്തരാവസ്ഥക്കാലത്ത്‌ പത്രങ്ങളുടെ വായടപ്പിക്കാൻ പ്രത്യക്ഷ നടപടികളായിരുന്നു അന്നത്തെ ഇന്ദിരാഗാന്ധി ഗവൺമെന്റ്‌ സ്വീകരിച്ചത്‌. 1975 ജൂൺ 25ന്‌ അർധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ മൂന്നു മണിക്കൂറിനകം തന്നെ ആദ്യം ചെയ്‌തത്‌ പത്രസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കലായിരുന്നു. തുടർന്ന്‌ പ്രീ‐സെൻസർഷിപ്പ്‌ ഏർപ്പെടുത്തി. ഡിഫൻസ്‌ ഓഫ്‌ ഇന്ത്യ റൂൾസി (DIR)ന്റെ 48‐ാം വകുപ്പ്‌ പ്രകാരമാണ്‌ ‘പൊതു നിയമസമാധാനം ഉറപ്പാക്കുന്നതിനുവേണ്ടി’ സർക്കാരിനും ഭരണാധികാരികൾക്കും എതിരെ ഒന്നും പറയാൻ പാടില്ലെന്നു പറഞ്ഞ സെൻസർഷിപ്പ്‌ ഏർപ്പെടുത്തിയത്‌. 7000ത്തോളം പത്രപ്രവർത്തകർ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ബിബിസിയുടെ മാർക്ക്‌ ടുളി അടക്കം നിരവധി വിദേശ മാധ്യമപ്രവർത്തകർക്ക്‌ രാജ്യം വിട്ടുപോകേണ്ടിവന്നു. സർക്കാരിനെതിരായ വാർത്തകളൊന്നും വരുന്നില്ലെന്ന്‌ ഉറപ്പാക്കാനായി നഗരകേന്ദ്രങ്ങളിലെല്ലാം സെൻസറിങ്ങിന്‌ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

പ്രത്യക്ഷത്തിൽ ഇത്തരം സെൻസറിങ്‌ നടപടികളൊന്നും ഏർപ്പെടുത്തുന്നില്ലെങ്കിലും, ഫലത്തിൽ ഭരണാധികാരികൾക്കെതിരായ ഒന്നും പത്ര‐ശ്രവ്യ‐ദൃശ്യമാധ്യമങ്ങളിലൂടെ വരാൻ പാടില്ലെന്ന്‌ നരേന്ദ്രമോദി ഭരണം തീരുമാനിച്ചിരിക്കുകയാണ്‌. ഇപ്പോൾ ഒരു പടികൂടി കടന്ന്‌ ഓൺലൈൻ മാധ്യമങ്ങളെയും സ്വന്തമായി യുട്യൂബ്‌ ചാനലുകളടക്കം നടത്തുന്ന വ്യക്തികളെയും വരിഞ്ഞുമുറുക്കാനുള്ള നീക്കമാണ്‌ ആരംഭിച്ചിട്ടുള്ളത്‌. ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്‌ ഈ ആഗസ്‌ത്‌ ഏഴിന്‌ കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വനി വൈഷ്‌ണവ്‌ പാർലമെന്റിൽ അവതരിപ്പിച്ച ‘ബ്രോഡ്‌കാസ്റ്റിങ്‌ സർവീസസ്‌ (റെഗുലേഷൻ) ബിൽ 2024’. 2023 നവംബറിൽ അവതരിപ്പിച്ച സമാന ബില്ലിൽ ചില ഭേദഗതികൾ വരുത്തിയാണ്‌ നിർദ്ദിഷ്ട ബിൽ അവതരിപ്പിച്ചിട്ടുള്ളത്‌.

രാജ്യത്തെ മാധ്യമങ്ങൾ ആരുടെ കൈയിൽ?
നിലവിൽ രാജ്യത്ത്‌ പ്രചാരമുള്ള ഭൂരിപക്ഷം മാധ്യമങ്ങളും (അച്ചടി‐ദൃശ്യ ഭേദമില്ലാതെ) നിയന്ത്രിക്കുന്നത്‌ അദാനിയും അംബാനിയും അടക്കമുള്ള കോർപറേറ്റുകളാണ്‌. മുകേഷ്‌ അംബാനിയുടെ ‘റിലയൻസ്‌ ഇൻഡസ്‌ട്രീസി’ന്റെ കീഴിലാണ്‌ ന്യൂസ്‌ 18, സിഎൻബിസി, ടിവി 18, സിഎൻഎൻ ന്യൂസ്‌, ന്യൂസ്‌ 18 ഇന്ത്യ, മണി കൺട്രോൾ, ഫസ്റ്റ്‌ പോസ്റ്റ്‌ എന്നിവ. എൻഡിടിവി, എൻഡിടിവി 24×7, എൻഡിടിവി ഇമാജിൻ എന്നിവ ഗൗതം അദാനിയാണ്‌ നിയന്ത്രിക്കുന്നത്‌. ഹിന്ദുസ്ഥാൻ ടൈംസ്‌, മിന്റ്‌ എന്നിവ ബിർള കുടുംബത്തിന്റേതാണ്‌. സീ ന്യൂസ്‌ ഗോയങ്ക കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്‌. ദ ഇന്ത്യൻ എക്‌സ്‌പ്രസ്‌, ഫിനാൻഷ്യൽ എക്‌സ്‌പ്രസ്‌ എന്നിവയും ഗോയങ്ക കുടുംബമാണ്‌ നിയന്ത്രിക്കുന്നത്‌. ഇന്ത്യ ടുഡെ, ഇന്ത്യ ടുഡെ ടിവി, മെയിൽ ടുഡെ എന്നിവ പുരി കുടുംബത്തിന്റേതാണ്‌. ടൈംസ്‌ ഓഫ്‌ ഇന്ത്യ, ടൈംസ്‌ നൗ ചാനൽ എന്നിവ ബെന്നറ്റ്‌ കോൾമാൻ ആന്റ്‌ കന്പനി നിയന്ത്രിക്കുന്നു. പൊതുവിൽ ഈ പത്രങ്ങളെയും ചാനലുകളെയും നിയന്ത്രിക്കാൻ മോദി ഭരണത്തിനു കഴിയുന്നുണ്ട്‌.

സ്വകാര്യമേഖലയിലുള്ള ഈ മാധ്യമങ്ങളെയെല്ലാം സ്വന്തം വരുതിക്കു നിർത്താൻ കഴിയും എന്നു ബോധ്യപ്പെട്ടതിനു പിന്നാലെയാണ്‌ മോദി ഭരണം ഔദ്യോഗിക വാർത്താസംവിധാനങ്ങളെയും തങ്ങളുടെ ഇച്ഛയ്‌ക്കനുസരിച്ച്‌ ചലിപ്പിക്കാൻ നടപടികൾ സ്വീകരിച്ചത്‌. ഇതിന്റെ ഭാഗമായിട്ടായിരുന്നു 2023ൽ രാജ്യത്തെ ഔദ്യോഗിക വാർത്താസംവിധാനങ്ങളായ ആകാശവാണിയും ദൂരദർശനും വാർത്തകൾ നൽകാനുള്ള ചുമതലയിൽനിന്ന്‌ രാജ്യത്തെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ (പിടിഐ)യെ ഒഴിവാക്കി, ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള ‘ഹിന്ദുസ്ഥാൻ സമാചാറി’നെ ചുമതലപ്പെടുത്തിയത്‌.

അങ്ങനെ ഭൂരിപക്ഷം മാധ്യമങ്ങളെയും തങ്ങളുടെ ചൊൽപ്പടിക്കു നിർത്താൻ കഴിയുമെന്ന്‌ വന്നെങ്കിലും കുറച്ചു വർഷങ്ങളായി സജീവമായിക്കൊണ്ടിരിക്കുന്ന ഓൺലൈൻ മാധ്യമങ്ങളും ഫേസ്‌ബുക്ക്‌ പോലുള്ള സമൂഹമാധ്യമങ്ങളും പ്രശ്‌നം സൃഷ്ടിക്കാൻ തുടങ്ങിയത്‌. കേവലം ഒരു സ്‌മാർട്ട്‌ഫോൺ മാത്രം ഉണ്ടെങ്കിൽ ആർക്കും മാധ്യമപ്രവർത്തകനാകാം എന്ന അവസ്ഥ സംജാതമായി. മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്തെ നന്പർ വൺ രാജ്യം ഇന്ത്യയാണ്‌ എന്നതും ഓർക്കണം. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽപോലും 93 കോടി ജനങ്ങളാണ്‌ മൊബൈൽഫോണുകൾ ഉപയോഗിക്കുന്നതെങ്കിൽ ഇന്ത്യയിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 121 കോടിയാണെന്നാണ്‌ ‘ഡിജിറ്റൽ ഇന്ത്യ‐ 2024’ റിപ്പോർട്ട്‌ പറയുന്നത്‌. എന്നു പറഞ്ഞാൽ ആശയവിനിമയരംഗത്ത്‌ ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തനത്തിന്‌ ഏറെ സാധ്യതയുള്ള രാജ്യമായി ഇന്ത്യ മാറി എന്നർഥം. പരന്പരാഗത മാധ്യമങ്ങൾ കാണാതിരിക്കുകയോ, പറയാൻ മടിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ പലതും പുറംലോകം അറിയുന്നത്‌ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയാണ്‌ എന്ന സ്ഥിതിവന്നു. സ്വന്തമായി ഏതു രാഷ്‌ട്രീയ‐സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റിയും ഉള്ളടക്ക നിർമാണം (content creation) നടത്താൻ കഴിയുന്ന വാർത്തകളിലൂടെ വിസ്‌ഫോടനങ്ങൾ സൃഷ്ടിക്കാം എന്ന നിലയായി. ധ്രുവ്‌ റാഠിയെയും കെ രവീഷ്‌കുമാറിനെയും പോലുള്ളവർ സ്വന്തം യുട്യൂബ്‌ ചാനലുകളിലൂടെ ഗൗരവതരമായ രാഷ്‌ട്രീയ വിഷയങ്ങൾ ഉന്നയിച്ചു തുടങ്ങിയത്‌ മോദി ഭരണത്തെയും സംഘപരിവാർ രാഷ്‌ട്രീയത്തെയും വല്ലാതെ കുത്തിനോവിച്ചിരുന്നു. 2024 ഏപ്രിൽ‐മെയ്‌ മാസങ്ങളിൽ നടന്ന പതിനെട്ടാമത്‌ പാർലമെന്റ്‌ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി തന്നെ ഇതിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കഴിയുമോ എന്ന ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. 2023 നവംബറിൽ ‘ബ്രോഡ്‌കാസ്റ്റിങ്‌ സർവീസസ്‌ (റെഗുലേഷൻ) ബിൽ’ അവതരിപ്പിച്ചത്‌. പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ ഓൺലൈൻ മാധ്യമങ്ങൾ പലതും ഉന്നയിച്ച ചോദ്യങ്ങളും അവതരിപ്പിച്ച വാർത്തകളുമൊക്കെ മോദി ഭരണത്തെ വല്ലാതെ പൊള്ളിക്കുകയും ചെയ്‌തു. ഇതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പിൽ ബിജെപി നേരിടേണ്ടിവരികയും ചെയ്‌തു. ഇതോടെയാണ്‌ മോദിയുടെ മൂന്നാംവട്ട ഭരണം വന്ന്‌ രണ്ടുമാസം തികയുന്നതിനു മുന്പുതന്നെ 2023ലെ ബിൽ കുറച്ചുകൂടി കർക്കശ വ്യവസ്ഥകളോടെ ആഗസ്‌ത്‌ ഏഴിന്‌ അവതരിപ്പിച്ചത്‌. മോദി ഭരണത്തിനും സംഘപരിവാർ രാഷ്‌ട്രീയത്തിനുമെതിരെ ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളുടെ മുന പൂർണമായും ഒടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇത്‌ കൊണ്ടുവന്നിരിക്കുന്നതെന്ന വിമർശനം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്‌. ഓൺലൈൻ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടുക എന്ന ലക്ഷ്യമാണ്‌ നിർദ്ദിഷ്‌ട ബില്ലിലുള്ളത്‌ എന്ന വിമർശനമാണ്‌ പ്രധാനമായും ഉയർന്നിട്ടുള്ളത്‌.

എന്താണ്‌ ബ്രോഡ്‌കാസ്റ്റിങ്‌ സർവീസസ്‌ (റെഗുലേഷൻ) ബിൽ 2024
1995ലെ ടെലിവിഷൻ നെറ്റ്‌വർക്ക്‌ നിയമത്തിനു പകരം എന്ന മട്ടിലാണ്‌ ഈ ബിൽ അവതരിപ്പിച്ചിട്ടുള്ളത്‌. ഇതാകട്ടെ, കഴിഞ്ഞവർഷം പുറത്തിറക്കിയ കരടു ബില്ലിൽ ഉള്ളതിനേക്കാൾ കടുത്ത വ്യവസ്ഥകളടങ്ങിയതാണ്‌. 2023ൽ അവതരിപ്പിച്ച കരടു ബില്ലിൽ വാർത്തകളെയും സമകാലിക സംഭവവികാസങ്ങൾ സംബന്ധിച്ച പ്രോഗ്രാമുകളെയുമാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. പുതുതായി കൊണ്ടുവരുന്നതോ, ശ്രദ്ധേയമായതോ ആയ ഓഡിയോ, വിഷ്വൽ, ഓഡിയോ വിഷ്വൽ, അല്ലെങ്കിൽ തത്സമയ പ്രോഗ്രാമുകൾ, രാഷ്‌ട്രീയ‐സാമൂഹ്യ‐സാന്പത്തിക‐സാംസ്‌കാരിക സംഭവവികാസങ്ങൾ സംബന്ധിച്ച വിശകലനങ്ങൾ, സംപ്രേഷണ ശൃംഖലയിലൂടെ സംപ്രേഷണം ചെയ്യുകയോ, പുനഃസംപ്രേഷണം ചെയ്യുകയോ ചെയ്യുന്ന പരിപാടികൾ എന്നിവയും ബില്ലിന്റെ പരിധിയിൽ വരുമെന്നാണ്‌ പറഞ്ഞിരുന്നത്‌.

എന്നാൽ, ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ബില്ലിൽ ‘ഡിജിറ്റൽ വാർത്താസംപ്രേഷകൻ’ അല്ലെങ്കിൽ വാർത്താ പ്രസാധകൻ എന്നിവരെക്കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്‌. എന്നുപറഞ്ഞാൽ വ്യക്തിഗതമായി പരിപാടി അവതരിപ്പിക്കുന്ന യുട്യൂബർമാർ, ഫേസ്‌ബുക്കിൽ വാർത്തകൾ പോസ്റ്റ്‌ ചെയ്യുന്നവർ എന്നിവർ കൂടി പുതിയ ബില്ലിന്റെ പരിധിയിൽ വരും. ഓൺലൈൻ പേപ്പർ, ന്യൂസ്‌ പോർട്ടൽ, വെബ്‌സൈറ്റ്‌, സമൂഹമാധ്യമ മധ്യവർത്തികൾ തുടങ്ങിയവയും ബില്ലിൽ ഉൾപ്പെട്ടിട്ടുണ്ട്‌. എന്നാൽ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ ഇ‐പേപ്പർ ഇതിൽ വരില്ല. ചുരുക്കത്തിൽ ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന വ്യക്തികളെ പിടികൂടുക എന്നതാണ്‌ ലക്ഷ്യം. നിലവിൽ പ്രയോഗത്തിലുള്ള 2021ലെ ഐടി ചട്ടങ്ങളിൽ വ്യക്തികളെ ഒഴിവാക്കിയിട്ടുള്ളതാണ്‌ എന്നോർക്കണം. ഡിജിറ്റൽ വാർത്താപ്രസാധകനും നെറ്റ്‌ഫ്‌ളിക്‌സ്‌, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ബാധകമായിട്ടുള്ളത്‌ ഐടി ചട്ടങ്ങളാണ്‌. പുതിയ ബില്ലിൽ ഒരു ഉള്ളടക്ക നിർമാതാവ്‌ ഡിജിറ്റൽ ന്യൂസ്‌ സംപ്രേഷകൻ എന്നാണ്‌ വിവക്ഷിക്കപ്പെടുന്നത്‌. അങ്ങനെ ഉള്ളടക്കം നിർമിക്കുന്ന ഒരാൾ അക്കാര്യം വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിച്ചിരിക്കണം. ഇങ്ങനെ നിർമിക്കുന്ന വാർത്തകൾ 1995ലെ കേബിൾ ടിവി നെറ്റ്‌വർക്ക്‌ ആക്ടിൽ നിഷ്‌കർഷിച്ചിരിക്കുന്ന പ്രോഗ്രാം കോഡിനും അഡ്വൈർടൈസിങ്‌ കോഡിനും വിധേയമായിട്ടുള്ളതും ആകണം. അങ്ങനെയല്ല എന്നു കേന്ദ്രസർക്കാർ തീരുമാനിച്ചാൽ, അത്തരം വ്യക്തികൾ ശിക്ഷിക്കപ്പെടും. സ്വന്തമായി യുട്യൂബ്‌ ചാനലും മറ്റും നടത്തുന്നവർ ഒരു ഉള്ളടക്ക മൂല്യനിർണയസമിതി (Content evaluation committee-‐ ECE) രൂപീകരിക്കണമെന്ന വ്യവസ്ഥയുണ്ട്‌. ഉള്ളടക്കം വിലയിരുത്തുന്നതിനും പ്രോഗ്രാം കോഡ്‌ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതിനുമാണ്‌ ഈ കമ്മിറ്റി; ഈ കമ്മിറ്റിയിലാകട്ടെ, സ്‌ത്രീകൾ, ശിശുക്ഷേമ പ്രവർത്തകർ, പട്ടികജാതി‐പട്ടികവർഗ‐ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തുകയും വിവരം കേന്ദ്രസർക്കാരിനെ അറിയിക്കുകയും വേണം. 2023ലെ കരടു ബില്ലിൽ ഇത്‌ നിർബന്ധമാക്കിയിരുന്നില്ല. ഇത്‌ രൂപീകരിച്ച്‌ ഒരുമാസത്തിനുള്ളിൽ കേന്ദ്രസർക്കാരിനെ അറിയിക്കുകയും വേണം.

ബില്ലിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക്‌ ഭീമമായ പിഴയും ശിക്ഷയും ഏർപ്പെടുത്തിയിട്ടുമുണ്ട്‌. സാധുവായ രജിസ്‌ട്രേഷനില്ലാതെ ഒരു സംപ്രേഷണ സംവിധാനം പ്രവർത്തിച്ചാൽ 10 ലക്ഷം രൂപ പിഴയോ, രണ്ടുവർഷം തടവോ, അല്ലെങ്കിൽ രണ്ടുംകൂടിയോ അനുഭവിക്കേണ്ടിവരും. ഇത്തരം വീഴ്‌ചകൾ ആവർത്തിക്കുന്നവർക്ക്‌ പിഴ 50 ലക്ഷവും തടവ്‌ അഞ്ചുവർഷവുമാണ്‌. ചിലപ്പോൾ രണ്ടു ശിക്ഷയും നേരിടേണ്ടിവരും. ഉള്ളടക്ക മൂല്യനിർണയസമിതി (CEC) രൂപീകരിക്കാതിരുന്നാൽ ആദ്യം പിഴ 50 ലക്ഷവും ആവർത്തിച്ചാൽ 2.50 കോടിയും നൽകേണ്ടിവരും. ഗവൺമെന്റിനു താൽപര്യമുള്ളവരെ പിഴയിൽനിന്ന്‌ ഒഴിവാക്കാനും വ്യവസ്ഥയുണ്ട്‌.

ബില്ലിലെ പ്രഖ്യാപിത ലക്ഷ്യങ്ങൾ
1. ഏകീകരണം (Consolidation) എല്ലാ തരത്തിലുമുള്ള പ്രക്ഷേപണങ്ങളെയും ഒരൊറ്റ കാര്യക്ഷമമായ നിയന്ത്രണ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരിക,

2. ഉള്ളടക്ക നിയന്ത്രണം (Content Regulation)‐ വിദ്വേഷപ്രസംഗം, വ്യാജവാർത്തകൾ, അക്രമം എന്നിവയൊക്കെ ഉള്ളടക്ക കോഡുകളിലൂടെയും പ്രായപരിശോധനാ സംവിധാനങ്ങളിലൂടെയും പരിഹരിക്കുക.

3. പ്രാദേശിക ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക (Promoting local content) എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇന്ത്യൻ പ്രോഗ്രാമിന്റെ ഗുണനിലവാരം, സുതാര്യത, പരാതിപരിഹാര സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട്‌ കാഴ്‌ചക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക.

4. സ്വാതന്ത്ര്യവും ഉത്തരവാദിത്വവും സന്തുലിതമാക്കുക (Balancing freedom and accountability). ഹാനികരമായ ഉള്ളടക്കത്തിന്‌ ഉത്തരവാദിത്വമുള്ള പ്ലാറ്റ്‌ഫോമുകൾ കൈവശം വയ്‌ക്കുമ്പോൾ അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുക.

എന്നാൽ ഇത്‌ സെൻസർഷിപ്പിന്റെ മുന്നോടിയാണെന്ന ആക്ഷേപമാണ്‌ ഇതിനകം ഉയർന്നിട്ടുള്ളത്‌. അവ്യക്തമായ ഉള്ളടക്ക കോഡുകളും ആത്മനിഷ്‌ഠമായ വ്യാഖ്യാനങ്ങളും സൃഷ്ടിപരമായ ആവിഷ്‌കാരത്തെ തടസ്സപ്പെടുത്തുകയും ശബ്ദങ്ങളുടെ വൈവിധ്യത്തെ പരിമിതപ്പെടുത്തുകയും ചെയ്യുമെന്നതാണ്‌ ഒരു പ്രധാന ആക്ഷേപം. ദ്വിതല നിയന്ത്രണ സംവിധാനം സർക്കാർ ഇടപെടലിന്‌ കളമൊരുക്കും എന്നതാണ്‌ മറ്റൊന്ന്‌. ‘ഇന്ത്യൻ ഉള്ളടക്കം’ പ്രോത്സാഹിപ്പിക്കുക എന്നത്‌ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാകും എന്നതാണ്‌ മറ്റൊരു വിമർശം. ‘ഇന്ത്യൻ’, ‘ഹാനികരം’ തുടങ്ങിയവ ആത്മനിഷ്‌ഠമായി ഉപയോഗിക്കുമ്പോൾ അഭിപ്രായവൈവിധ്യങ്ങളുടെ സാധ്യത ഇല്ലാതാകും.

ഏതെങ്കിലും പരിപാടിയുടെ ഉള്ളടക്കം പ്രോഗ്രാം കോഡ്‌ ലംഘിക്കുന്നതായി കേന്ദ്രസർക്കാരിനു തോന്നിയാൽ അവർക്ക്‌ ഇതിൽ ഇടപെടാൻ കഴിയും. പ്രോഗ്രാം കോഡ്‌ രൂപീകരണം സംബന്ധിച്ച്‌ ബില്ലിൽ കൃത്യമായ നിർദേശങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്‌ സർക്കാരിനെ വിമർശിക്കുന്ന എന്തുണ്ടായാലും സർക്കാരിന്‌ ഇടപെടാൻ കഴിയും. അച്ചടിമാധ്യമങ്ങൾക്ക്‌ ബാധകമല്ലാത്ത ഉള്ളടക്ക നിയന്ത്രണം (Content regulation) സംപ്രേഷണം ചെയ്യുന്ന വാർത്തകൾക്ക്‌ (broadcast news) ബാധകമാക്കുന്നതിലെ യുക്തിരാഹിത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. ആശയവിനിമയത്തിന്റെ മീഡിയം മാറുമ്പോൾ നിയമം മാറുന്നതെങ്ങനെ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. ചില വാർത്തകൾ നൽകുന്നത്‌ ക്രിമിനൽ കുറ്റമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്‌. ഏതു വാർത്തകളാണ്‌ ഈ വിഭാഗത്തിൽപ്പെടുകയെന്നതും കേന്ദ്ര സർക്കാരായിരിക്കും തീരുമനിക്കുക. ഇത്തരം കുറ്റങ്ങൾക്ക്‌ അപ്പീലിനുള്ള വകുപ്പുമില്ല. ചുരുക്കത്തിൽ ഭരണാധികാരികൾക്കെതിരെ ഉയരാൻ സാധ്യതയുള്ള വിമർശനങ്ങളുടെ അവസാന സാധ്യതകളെയും കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ്‌ ഈ ബില്ലിൽ തെളിയുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − thirteen =

Most Popular