പരമ്പരാഗത കായിക വിനോദങ്ങളും ആധുനിക സ്പോർട്സ് ഇനങ്ങളും ഉൾപ്പെടെ എല്ലാവിധ സാധ്യതകളെയും ഉൾക്കൊള്ളുന്നതാണ് തമിഴ് ജനതയുടെ കായിക സംസ്കാരം. നിരവധി പുരാതന അവശിഷ്ടങ്ങൾ, ചരിത്രപരമായ കെട്ടിടങ്ങൾ, മതപരമായ തീർത്ഥാടന കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, കോട്ടകൾ, പൈതൃക സൈറ്റുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന വൈവിധ്യങ്ങളുടെ നാടാണ് തമിഴ്നാട്. ഇതിനുപുറമേ ക്ഷേത്രങ്ങൾക്കും ഉത്സവങ്ങൾക്കും കലകളുടെ ആഘോഷങ്ങൾക്കും പ്രസിദ്ധമാണവിടം. പുരാതനമായ പാരമ്പര്യങ്ങൾ, കല,സാഹിത്യം, സംഗീതം, എന്നിവയാൽ സമ്പന്നമാണ് തമിഴ്നാടിന്റെ സംസ്കാരം. തമിഴ് ജനത അവരുടെ ദ്രാവിഡ സംസ്കാരത്തിൽ അഭിമാനിക്കുന്നതോടൊപ്പം അവരുടെ വ്യതിരിക്തമായ ഭാഷ, വാസ്തുവിദ്യ, കല, നൃത്തം എന്നിവയുടെ തനതായ ശൈലി നിലനിർത്തുകയും പരിപാലിക്കുകയും ചെയ്തുവരുന്നു. സ്പോർട്സിലൂടെ വ്യക്തിഗതമായും സാമൂഹികവുമായും ആളുകളെ ഒരുമപ്പെടുത്തുന്നതിൽ വളരെ പുരോഗമന കാഴ്ചപ്പാടാണ് തമിഴ് ജനതക്കുള്ളത്. വികസനത്തിനും സമാധാനത്തിനും ഉത്തേജകമായ ഒരു ഘടകം എന്ന നിലയിൽ സ്പോർട്സ് ഐക്യവും അഖണ്ഡതയും പ്രോത്സാഹിപ്പിക്കുന്നു എന്ന തിരിച്ചറിവും അവർക്കുണ്ട്.
കായികമേഖലയിൽ നിരവധി രാജ്യാന്തര താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള തമിഴ്നാട്ടിൽ നിന്നും ചെസ് എന്ന ഇനത്തിൽ നിന്നുമാത്രം ധാരാളം ഗ്രാൻഡ് മാസ്റ്റർമാർ ഉദയം ചെയ്തിട്ടുള്ളത് പ്രത്യേകതയായി കാണേണ്ടതുണ്ട്. ഇന്ത്യൻ ചെസിലെ ശക്തികേന്ദ്രമാണ് തമിഴ്നാട്. ചെന്നൈ നഗരം ‘ചെസ്സിന്റെ മെക്ക’ എന്ന പേരിലും അറിയപ്പെടുന്നു. ആഗോള കായിക ഇനമായ ചെസിലൂടെ നീതി, ഉൾച്ചേർക്കൽ, പരസ്പര ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇത് ജനങ്ങൾക്കും രാജ്യങ്ങൾക്കും ഇടയിൽ സഹിഷ്ണുതയുടെയും ധാരണയുടെയും അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് മുതൽക്കൂട്ടാകുന്നു. തമിഴിൽ ‘സതുരംഗം’ എന്നറിയപ്പെടുന്ന ചെസ്സ് ലോകമെമ്പാടുമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനുമുമ്പ് തമിഴ്നാട്ടിൽ നിന്ന് ഉത്ഭവിച്ചിരിക്കാമെന്ന അവകാശവാദങ്ങളുണ്ട്. തെക്കൻ തമിഴ്‌നാട്ടിലെ തിരുവാരൂരിലുള്ള പുരാതന ‘സതുരംഗ വല്ലഭനാഥർ’ ക്ഷേത്രം ചെസ് കളിയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പ്രധാന ഇടമായി നിലനിൽക്കുന്നു. ഇന്ത്യയ്ക്ക് 74 ഗ്രാൻഡ് മാസ്റ്റർമാരുണ്ട്, അവരിൽ 24 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. ഇതുകൂടാതെ 7 വനിതാ ഗ്രാൻഡ് മാസ്റ്റർമാരും 34 ഇന്റർനാഷണൽ മാസ്റ്റർമാരും 13 വനിത ഇന്റർനാഷണൽ മാസ്റ്റർമാരും തമിഴ്നാടിന്റെ പ്രതിനിധികളാണ് എന്നത് തമിഴ്നാടും ചെസ്സും തമ്മിലുള്ള ദീർഘകാല ആത്മബന്ധത്തിന്റെ തെളിവാണ്.
ചതുരംഗത്തിൽ നിന്നുള്ള പരിണാമം
പുരാണത്തിൽ ഉപയോഗിച്ചിരുന്ന ചതുരംഗമാണ് ചെസ്സിന്റെ ആദ്യരൂപമെന്ന് പറയപ്പെടുന്നുണ്ട്.പണ്ട് രാജാക്കന്മാരുടെ വിനോദമായിരുന്നു ചതുരംഗം.എതിർ രാജ്യത്തെ ആക്രമിക്കുവാനുള്ള യുദ്ധതന്ത്രങ്ങൾ മനക്കണ്ണിലൂടെ കണ്ടുകൊണ്ടാണ് അവർ ചതുരംഗം കളിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടോടു കൂടിയാണ് ആധുനിക ചെസ് മത്സരങ്ങൾ ആരംഭിക്കുകയും ഇരുപതാം നൂറ്റാണ്ടിൽ നൂതനമായ പരിഷ്കാരങ്ങളോടെ ഇത് കൂടുതൽ പ്രചാരത്തിലാവുകയും ചെയ്തത്. രണ്ടുപേർക്ക് കളിക്കാവുന്ന ഒരു ഗെയിം ആയി വെളുപ്പും കറുപ്പും നിറങ്ങൾ ഇടകലർന്ന 64 ചെറുകളങ്ങൾ നിറഞ്ഞതാണ് ചെസ്സ് ബോർഡ്. ഇരു കളിക്കാർക്കും 16 വീതം വെളുപ്പും കറുപ്പും കരുക്കൾ ഉണ്ടാകും. എട്ട് കാലാൾ, രണ്ട് കുതിരകൾ, രണ്ട് ആനകൾ, രണ്ട് തേരുകൾ, ഒരു റാണി അഥവാ മന്ത്രി, ഒരു രാജാവ് എന്നിങ്ങനെയാണ് ഒരാളുടെ കരുക്കൾ ഉണ്ടാവുക.കളി തുടങ്ങുമ്പോൾ വെളുത്ത കരുക്കൾ വച്ച് കളിക്കുന്നയാൾക്ക് ബോർഡിന്റെ ഇടതുവശത്തു നിന്ന് വലതുവശത്തേക്കും, കറുത്ത കരുക്കൾ വച്ച് കളിക്കുന്നയാൾക്ക് ബോർഡിന്റെ വലതുവശത്തേക്കും കരുക്കൾ നീക്കാം. ഇപ്പോൾ നടക്കാറുള്ള പ്രധാന ചെസ് ടൂർണമെന്റുകളെല്ലാം മണിക്കൂറുകളോളം നീണ്ടുപോകാറുള്ളത് ആരാധകരെ ആവേശംകൊള്ളിക്കാറുണ്ട്.
ഇന്ത്യയിൽ ക്രിക്കറ്റിനു ലഭിക്കുന്ന പരിഗണനയൊന്നും സാധാരണയായി ചെസ്സിന് ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. എന്നാൽ ഇതിന് വിപരീതമായി തമിഴ്നാട്ടിൽ നിന്നും നിരവധി ചെസ്സ് താരങ്ങൾ ഉയർന്നുവരുന്നത് അവർ നൽകുന്ന പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഓരോ തമിഴ് കുടുംബത്തിലെയും അവിഭാജ്യ ഘടകമായി ചെസ്സ് ഇന്ന് മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇന്റർ നാഷണൽ ഗ്രാൻഡ് മാസ്റ്റർ, ആദ്യ വനിതാ ഗ്രാൻഡ് മാസ്റ്റർ, ആദ്യ ഇന്റർ നാഷണൽ ആർബിറ്റർ എന്നിവർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. ചെസ്സ് കളിയുടെ പ്രചാരവുമായി ബന്ധപ്പെട്ട് നിരവധി സോഫ്റ്റ്‌വെയറുകളുടെ പരിണാമം പുതുതലമുറയിൽ ഇതിന്റെ താല്പര്യം കൂടുതൽ വർദ്ധിപ്പിക്കുകയും, പഠനത്തിന് പുറമേ ഒരു പ്രധാന പഠനേതര പ്രവർത്തനമായി ചെസ്സിനെ സ്വീകരിക്കുവാനും തുടങ്ങിയിട്ടുണ്ട്.
വിശ്വനാഥൻ ആനന്ദിന്റെ സ്വാധീനം
തമിഴ്നാട് സ്വദേശിയും ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ് മാസ്റ്ററും ഫിഡെയുടെ മുൻ ലോകചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദിന്റെ ഓരോ കിരീടം നേട്ടവും പുതുതലമുറയെ ആവേശം കൊള്ളിക്കുകയും ഏറെ സ്വാധീനിക്കുകയും ചെയ്ത ഘടകമാണ്. 1997 മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ ചെസ്സ് താരമായ ആനന്ദിന്റെ നേട്ടങ്ങൾ ചെസ്സ് കളിക്കാർക്ക് പ്രചോദനത്തിന്റെ ഉറവിടമായി പ്രവർത്തിക്കുകയും ചെസ്സിന്റെ ജനപ്രീതിക്ക് ഗണ്യമായ സംഭാവനനൽകുവാനും കഴിഞ്ഞു. ലോക കിരീടം നേടിയ ആദ്യ ഏഷ്യക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ, ഇന്ത്യയിലെ പ്രഥമ ഗ്രാൻഡ് മാസ്റ്റർ എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം.ആറാം വയസ്സിൽ തന്നെ ചെസ്സ് കളി തുടങ്ങിയിരുന്ന അദ്ദേഹത്തിന്റെ ആദ്യ ഗുരു അമ്മയായിരുന്നു. വേഗത്തിലുള്ള മികച്ച കളികൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ആനന്ദ് ഇന്ത്യൻ ചെസ്സിലെ അത്ഭുത ബാലനായി ക്രമേണ വളർന്നുവന്നു.ആനന്ദിന്റെ പ്രശസ്തി പുതിയ ചെസ്സ് ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിൽ തമിഴ്നാട്ടിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ച പ്രധാന ഘടകമായിമാറി.
ഗ്രാന്റ് മാസ്റ്റർ സഹോദരങ്ങൾ
അഞ്ചുതവണ ലോക ചാമ്പ്യനായ നോർവേയുടെ മാഗ്നസ് കാൾസനെ വിറപ്പിച്ചുകൊണ്ട് ലോകപ്രശസ്തനായ വ്യക്തിയാണ് ആർ. പ്രഗ്നാനന്ദ എന്ന യുവ ഗ്രാൻഡ് മാസ്റ്റർ.എതിരാളികളുടെ കണക്കുകൂട്ടലുകളെ മുൻകൂട്ടി കണ്ടുകൊണ്ട് കരുക്കൾ നീക്കുവാനുള്ള അസാമാന്യം മികവാണ് ഈ 18 കാരനെ ലോക ചെസ്സിന്റെ നെറുകയിൽ എത്തിച്ചത്. തമിഴ്നാട്ടിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഒരു സാധാരണ കുടുംബത്തിൽ നിന്നും ഉയർന്നുവന്ന പ്രഗ്നാനന്ദയും സഹോദരി വൈശാലിയും ഗ്രാൻഡ്മാസ്റ്റർമാരായി തീർന്നത് കഠിനാധ്വാനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും അടിസ്ഥാനത്തിലാണ്.ചേച്ചി വൈശാലിയിൽ നിന്ന് ചെസ്സിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കിയ പ്രഗ്നാനന്ദ രണ്ടര വയസ്സ് മുതൽ ചെസ്സ് ബോർഡുമായി ചിരപരിചിതനാണ് .പെൺകുട്ടികൾ അധികം കടന്നു വരാത്ത ഈ മേഖലയിൽ ഗ്രാൻഡ്മാസ്റ്റർ പദവി എന്ന അപൂർവ്വ നേട്ടമാണ് വൈശാലിയെ തേടി എത്തിയിരിക്കുന്നത്. ഗ്രാൻഡ്മാസ്റ്റർ പദവിയിലേക്ക് എത്തുന്ന സഹോദരങ്ങൾ എന്ന അപൂർവമായ അംഗീകാരത്തിനും ഇവർ അർഹരായി.
അടിസ്ഥാനസൗകര്യ വികസനവും നിരന്തര പിന്തുണയും
തമിഴ്നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ചെസിന്റെ സമന്വയം ഉൾച്ചേർത്തു കൊണ്ടുള്ള ഇടപെടൽ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുകയാണ്. പല സ്കൂളുകളും ഇതിലൂടെ ലഭ്യമാകുന്ന വൈജ്ഞാനിക നേട്ടങ്ങൾ തിരിച്ചറിയുകയും അക്കാദമിക പ്രോഗ്രാമുകളുടെ ഭാഗമായി ഉൾച്ചേർക്കുകയും ചെയ്തുവരുന്നു.ഇത് കുട്ടികളുടെ സമഗ്ര വികസനത്തിന് ഒരു ചവിട്ടുപടിയായി മാറുന്നു.തമിഴ്നാട് സർക്കാറിന്റെ മേൽനോട്ടത്തിൽ നിരവധി ചെസ്സ് ക്ലബ്ബുകൾ, അക്കാദമികൾ, കോച്ചിംഗ് സെന്ററുകൾ എന്നിവയുമായുള്ള കാര്യക്ഷമമായ ഏകോപനത്തോടെ ആധുനിക അടിസ്ഥാന വികസന സൗകര്യങ്ങൾ വിപുലമാക്കിയിട്ടുണ്ട്. ഇത് പുത്തൻ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ശേഷികൾ വിപുലപ്പെടുത്തുന്നതിനും സഹായിക്കുന്ന നിലയിലേക്കുള്ള പരിശീലനം ഉൾപ്പെടെയുള്ളവ നൽകുന്നു. ചെറുതും വലുതുമായ നിരവധി ടൂർണമെന്റുകളും മത്സരങ്ങളും നിരന്തരം സംഘടിപ്പിക്കുകയും താരങ്ങൾക്ക് മത്സരിക്കുവാനുള്ള അനുഭവവും അവസരവും ലഭ്യമാക്കുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ പരിചയസമ്പന്നരും വിദഗ്ധരുമായ ചെസ്സ് പരിശീലകരുടെ സാന്നിധ്യം അഭിലഷണീയരായ കളിക്കാരുടെ കഴിവുകൾ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.പ്രമുഖ കളിക്കാരുടെ നേട്ടങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ സമന്വയം, സർക്കാർ പിന്തുണ, സാംസ്കാരികമായ ഔന്നത്യം ഉൾപ്പെടെയുള്ള ബഹുമുഖമായ സമീപനമാണ് തമിഴ്നാട്ടിൽ ചെസിന്റെ വേരോട്ടം വർദ്ധിപ്പിക്കുന്നതിനുപിന്നിൽ ശക്തമായത്. ♦