Friday, May 3, 2024

ad

Homeകായികരംഗംഇൻക്ലൂസീവ് സ്പോർട്‌സും ബഹുസ്വര ലോകവും

ഇൻക്ലൂസീവ് സ്പോർട്‌സും ബഹുസ്വര ലോകവും

ഡോ. പി ടി അജീഷ്

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാത്തരം വിദ്യാർഥികളെയും എല്ലായ്‌പ്പോഴും പരിഗണിക്കുകയും ഉൾക്കൊള്ളുകയും അവരുടെ കഴിവുകളും ആവശ്യകതകളും മനസ്സിലാക്കിക്കൊണ്ട് നിരന്തരമായ പഠന പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്ന സമീപനമാണ് ഉൾച്ചേർക്കൽ (inclusive) വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായവർക്കുവേണ്ടി നടന്ന കൺവെൻഷനിലാണ് ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചർച്ചചെയ്യപ്പെട്ടത്.ഇതേതുടർന്ന് പുറത്തിറങ്ങിയ ആർ.പി.ഡബ്ലിയു.ഡി ആക്ടിൽ (Rights of Persons with Diswabolities Act) സാമൂഹികവും വിദ്യാഭ്യാസപരവുമായ വിവേചനങ്ങളിൽ നിന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സംരക്ഷണവും നിയമപരിരക്ഷയും ഉറപ്പാക്കുന്നു.എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ അനുഭവങ്ങൾ ഒരുക്കുവാനും പഠിക്കുവാനും കഴിവുകൾ വികസിപ്പിക്കുവാനും തുല്യ അവസരം നൽകുന്ന പുരോഗമനപരമായ സമീപനമാണ് ഇൻക്ലൂസീവ് എഡ്യൂക്കേഷനിലൂടെ മുന്നോട്ടുവയ്ക്കുന്നത്.ഇന്ത്യയുടെ ഭരണഘടനയിലെ അനുഛേദം 21A പ്രകാരം ആറു മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.ലോകം മുന്നോട്ടുവയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യത്തിന് അനുസൃതമായി തുല്യവും സമഗ്രവുമായ വിദ്യാഭ്യാസം ആഗോളതലത്തിൽ തന്നെ വിഭാവനം ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി രൂപപ്പെടുത്തുന്ന എല്ലാവിധ സംവിധാനങ്ങളും എല്ലാ കുട്ടികൾക്കും ഉപയോഗിക്കുവാൻ അനുയോജ്യമായ രീതിയിൽ തയ്യാറാക്കേണ്ടതുണ്ട്.എല്ലാ വിഭാഗം കുട്ടികളും ഒരേ സ്കൂളിൽ ഒരുമിച്ചു പഠിക്കുക എന്ന വിശാലമായ ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ടത്.ഇത്തരക്കാർക്ക് മതിയായ ജീവിതനിലവാരം ഒരുക്കുകയും അവരുടെ താൽപര്യങ്ങൾക്ക് പരിഗണനയും പ്രോത്സാഹനവും നൽകുകയും ചെയ്യുന്ന വിവേചനരഹിതമായ അന്തരീക്ഷമാണ് രൂപപ്പെടേണ്ടത്.

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടതും പ്രാപ്യത ഉറപ്പാക്കേണ്ടതുമായ ഒരു മേഖലയാണ് കായികരംഗം. ആർ.പി.ഡബ്ല്യു.ഡി ആക്ട്‌ പ്രകാരം മറ്റുള്ള കുട്ടികളോടൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും യാതൊരുവിധ വിവേചനവും കൂടാതെ കായിക മത്സരങ്ങളിലും വിനോദ പ്രവർത്തനങ്ങളിലും തുല്യമായ പരിഗണന നൽകണമെന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കുകൂടി ഇണങ്ങുന്ന നിലയിൽ കായിക ഇനങ്ങളും മത്സര രീതികളും പുനർരൂപകൽപ്പന ചെയ്യേണ്ടതുണ്ട്. കായിക സംഘാടനവുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യ വികസനവും ഭൗതിക സാഹചര്യങ്ങളും ഉചിതമായ രീതിയിൽ തയാറാക്കപ്പെടേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തടസ്സരഹിതമായി മറ്റുള്ളവരോടൊപ്പം കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവകാശം ഉറപ്പാക്കേണ്ടതുണ്ട്.നിലവിൽ നടന്നുവരുന്ന ഔപചാരിക കായിക മത്സര പരിപാടികളുടെ ഭാഗമായി പങ്കെടുക്കുവാൻ സാധിക്കാത്ത കുട്ടികളെകൂടി പരിഗണിക്കുന്ന നിലയിലാണ് ഇൻക്ലൂസീവ് സ്പോർട്‌സിന്റെ രൂപകൽപന വൈവിധ്യമാർന്ന സമൂഹത്തിലുള്ള എല്ലാപേർക്കും അവരുടെ ലിംഗഭേദം, പ്രായം, വംശം, സംസ്കാരം, മതം, കഴിവ് എന്നിവ പരിഗണിക്കാതെ സമത്വപൂർണ്ണമായ രീതിയിൽ കായിക മേഖലയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ പരമാവധി ലഭ്യമാകുന്നു എന്നതാണ് കായിക മേഖലയിലെ ഉൾച്ചേർക്കലിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

എന്താണ് ഇൻക്ലൂസീവ് സ്പോർട്‌സ്‌
ഒരേ കായിക – നിയമങ്ങൾക്ക് കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികളും അല്ലാത്തവരും തമ്മിലുള്ള വിവേചനം ഒഴിവാക്കിക്കൊണ്ട് പരിപൂർണ്ണമായ കായികപങ്കാളിത്തം ഉറപ്പാക്കലാണ് ഇൻക്ലൂസീവ് സ്പോർട്‌സിലൂടെ ഉദ്ദേശിക്കുന്നത്. തുല്യ അവസരത്തോടെ കായികം ആസ്വദിക്കുവാനുള്ള അവകാശമാണ് ഇതിലൂടെ പ്രാപ്യമാകേണ്ടത്. ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും അവരുടെ കഴിവിനും ശേഷിക്കും ഉതകുന്ന നിലയിൽ കായികപരമായ അവസരവും അനുഭവവും ഉറപ്പാക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.പരസ്പരമുള്ള തീവ്ര മത്സരാത്മകതയ്‌ക്ക് യാതൊരു പരിഗണനയും നൽകാതെ, പങ്കെടുക്കുന്ന എല്ലാവർക്കും തുല്യപരിഗണന ഉറപ്പാക്കുന്ന സമീപനമാണ് ഇൻക്ലൂസീവ് സ്പോർട്‌സിലൂടെ ഉദ്ദേശിക്കുന്നത്. കായിക മേഖലയിൽ സ്വതന്ത്രമായി ഏർപ്പെടുവാൻ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെയും തടസ്സങ്ങളെയും തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ് ഇൻക്ലൂസീവ് സ്പോർട്‌സിലെ സമത്വമുറപ്പിക്കൽ. വൈവിധ്യമാർന്ന കഴിവും പശ്ചാത്തലവുമുള്ള കുട്ടികളെ ഒരുപോലെ കൊണ്ടുപോകുന്ന സമീപനവും ഇൻക്ലൂസീവ് സ്പോർട്‌സ്‌ സ്വീകരിക്കുന്നു. കുട്ടികൾ ടീമായി പ്രവർത്തിക്കുമ്പോൾ വ്യക്തിഗത പരിഗണനകൾക്ക് പ്രാധാന്യം പരിപൂർണ്ണ ഏകോപനത്തോടുകൂടി കളിക്കളത്തിനുമപ്പുറം പങ്കെടുക്കുവാനും ആസ്വദിക്കുവാനും സാധിക്കും. ഇതിലൂടെ പരസ്പരം സഹകരിക്കാനും വ്യത്യസ്ത കാഴ്ചപ്പാടുകൾ സ്വീകരിക്കാനും പങ്കുവയ്ക്കാനുമുള്ള അവസരവും ലഭ്യമാകുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും പഠനത്തിനും ഓരോ കുട്ടിക്കും നൽകാതെ അവകാശമുണ്ട് എന്ന തിരിച്ചറിവ് എല്ലാവരിലേക്കും എത്തിക്കുകയും, പാർശ്വവൽക്കരിക്കപ്പെട്ടവരില്ലാത്ത ക്ലാസ് മുറികളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരില്ലാത്ത സമൂഹസൃഷ്ടി എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കഠിനപ്രയത്നം പൊതുവായി ഉണ്ടാകണം.

തുല്യതയിലും സമത്വത്തിലും അധിഷ്ഠിതമായ സമീപനം
ഇൻക്ലൂസീവ് സ്പോട്‌സിലൂടെ എല്ലാ വിഭാഗം കുട്ടികളെയും തുല്യമായി ചേർത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാൻ സാധിക്കും. നീതി, പ്രവേശനതുല്യത എന്നിവ ഉറപ്പാക്കുകയും അസമത്വങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുവാനുള്ള നടപടി കൈക്കൊള്ളുകയും വേണം. വിഭവങ്ങൾ, പിന്തുണ, കായിക ഉപകരണങ്ങൾ, തിരഞ്ഞെടുപ്പ് രീതി, പരിശീലനം, നിയമസംഹിത അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെല്ലാം ഒരേ രീതിയിൽ ഉറപ്പാക്കുവാൻ കഴിയും. ഒരു വ്യക്തി നിലവിൽ അഭിമുഖീകരിച്ചുവരുന്ന പരിമിതികൾക്കുകാരണം സമൂഹത്തിൽ നിലനിൽക്കുന്നതും അല്ലാതെതന്നെ സൃഷ്ടിക്കപ്പെട്ടതുമായ വിവിധതരം തടസ്സങ്ങളാണ്. കായിക സമത്വം ഉറപ്പാക്കുന്നതിലൂടെ തടസ്സങ്ങളും പരിധികളും പൂർണമായും മറികടന്ന് “എല്ലാവരും ഒരുപോലെ” എന്ന മഹത്തരമായ കാഴ്ചപ്പാടിലേക്ക് എത്തിച്ചേരുവാൻ സാധിക്കുന്നു.

പ്രചാരം നേടുന്ന ഇൻക്ലൂസീവ് കായികോത്സവങ്ങൾ
ഇൻക്ലൂസീവ് സ്പോർട്സ്‌ എന്ന ആശയം സമൂഹമാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ജില്ലകൾതോറും ഇൻക്ലൂസീവ് കായികോത്സവങ്ങൾ സംഘടിപ്പിച്ചുവരികയാണ്. കായികോത്സവത്തിന്റെ വിളംബരപ്രചാരം വർദ്ധിപ്പിക്കുന്നതിനുവേണ്ടി ഘോഷയാത്രകൾ ഉൾപ്പെടെയുള്ളവ തനത് പ്രവർത്തനമായി ബി.ആർ.സി (Buds Rehabilitation Centres)കൾ നടത്തുന്നു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖരെല്ലാം ഇൻക്ലൂസീവ് സ്പോർടിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. പ്രാദേശികമായ കായിക വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നു. ഇതിലൂടെ ഓരോ ബി.ആർ.സിക്കും കീഴിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കായിക പ്രവർത്തന പങ്കാളിത്തം, മത്സരാനുഭവം എന്നിവ ഉറപ്പാക്കുവാൻ കഴിയുന്നു. ഓരോ ബി.ആർ.സിയിലുമുള്ള വിദ്യാഭ്യാസ പ്രവർത്തകരുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് പ്രവർത്തനം പ്രാവർത്തികമാക്കുന്നത്. ഏതാനും കായിക ഇനങ്ങളെ പൂർണ്ണമായും അനുരൂപീകരണം നടത്തി ഓരോ കാറ്റഗറിയിലും ഉൾപ്പെടുന്ന കുട്ടികൾക്ക് ഇണങ്ങുന്ന നിലയിൽ കൃത്യമായ ഏകോപനത്തോടുകൂടിയാണ് ഇത് അവതരിപ്പിക്കുന്നത്.പ്രവർത്തന വിജയത്തിനുവേണ്ടി ഓരോ ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കായികാധ്യാപകർക്കും സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്കും വകുപ്പുതല പരിശീലനം ഉൾപ്പെടെയുള്ളവ മുൻകൂറായി നൽകിയിരുന്നു.

കായിക പ്രവർത്തനങ്ങളുടെ സ്വാധീനവും പ്രഭാവവും
ഭിന്നശേഷിക്കാരായ വ്യക്തികൾ ഉൾപ്പെടെ എല്ലാവരുടെയും മൗലിക അവകാശമായി കായിക പങ്കാളിത്തത്തെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾ സ്ഥിരമായി കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ബുദ്ധിപരവും അക്കാദമികവുമായ മികവ് വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശ്രദ്ധ, ഓർമ്മ, പ്രവർത്തന വേഗത എന്നിവ മെച്ചപ്പെടുത്തുകയും വൈജ്ഞാനികമായ പുരോഗതി ഉണ്ടാകുകയും ചെയ്യും. ന്യൂറോ പ്ലാസ്റ്റിസിറ്റിയുമായി ബന്ധപ്പെട്ട ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോ ട്രോപിക് ഫാക്ടർ(ബി.ഡി.എൻ.എഫ്) എന്ന പ്രോട്ടീന്റെ വർദ്ധനവിന് സ്ഥിരമായ വ്യായാമം സഹായിക്കുന്നു. വിവരങ്ങളെ ഫലപ്രദമായി മനനം ചെയ്യുവാനും കാര്യങ്ങളെ ഗ്രഹിക്കുവാനുമുള്ള തലച്ചോറിന്റെ കഴിവും വികസിക്കുന്നു. പഠനവൈകല്യമോ ശ്രദ്ധക്കുറവോ ഉള്ള കുട്ടികളിൽ ഇത് വളരെ ഫലപ്രദമാണ്.എൻഡോർഫിൻ ഉൾപ്പെടെയുള്ള ഹാപ്പി ഹോർമോണുകളുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും മികച്ച മാനസികാവസ്ഥ കൈവരിച്ച് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു. പെരുമാറ്റ വൈകല്യമുള്ള കുട്ടികളിൽ ഇത് വളരെ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. സ്ഥിരമായ കായിക പ്രവർത്തനം ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും എ.ഡി.എച്ച്.ഡി പോലുള്ള വൈകല്യങ്ങളുള്ള കുട്ടികളിൽ ഫലപ്രദമായ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. ശാരീരിക വൈകല്യമുള്ള കുട്ടികളിൽ അവരുടെ ചലന നൈപുണികളുടെ വികാസം,ഏകോപനം, സന്തുലനം എന്നിവ മെച്ചപ്പെടുന്നതിനും സഹായിക്കുന്നു. ഓട്ടിസം, സ്പെക്ട്രം ഡിസോഡർ എന്നിവ ഉള്ള കുട്ടികളുടെ സാമൂഹിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആശയവിനിമയശേഷി മെച്ചപ്പെടുത്തുന്നതിനും കായിക പങ്കാളിത്തത്തിലൂടെ സാധിക്കുന്നു.ഇത് കുട്ടികളിൽ ആത്മാഭിമാനവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു.ന്യൂറോ ഡെവലപ്മെന്റൽ ഡിസോഡേഴ്സ് ഉള്ള കുട്ടികളിൽ ഉണ്ടാകുന്ന ഉറക്കപ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ പരിഹരിക്കുവാനും ഇൻക്ലൂസീവ് സ്പോർട്‌സിൽ ഭാഗമാകുന്നതിലൂടെ കഴിയുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × two =

Most Popular