Saturday, May 4, 2024

ad

HomeസിനിമClose: കൗമാര സൗഹൃദത്തിലെ അദൃശ്യകാമനകൾ

Close: കൗമാര സൗഹൃദത്തിലെ അദൃശ്യകാമനകൾ

രാധാകൃഷ്‌ണൻ ചെറുവല്ലി

നിറയെ പൂക്കളുള്ള പാടം. പൂന്തോട്ടമാണ്‌. അതിനിടയിലൂടെ പരസ്‌പരം ആർത്തുല്ലസിച്ച്‌ ഓടുന്ന രണ്ട്‌ ആൺകുട്ടികൾ. പൂവുകൾക്കിടയിൽ വിടർന്ന രണ്ട്‌ മുഖങ്ങൾ. പൂവുകളുടെ ധൃതചലനംപോലെ സദാ ചലിക്കുന്ന രണ്ടുപേർ. ടീനേജിന്റെ ആദ്യ പടവുകളിലുള്ള ലിയോ (Eden Dumbrine)യും റെമി (Gustav de waele)യുമാണവർ. പൂപ്പാടങ്ങളുടെ രണ്ട്‌ അറ്റത്തായി താമസിക്കുന്ന ഇരുവരുടെയും കുടുംബങ്ങളും ഇവരെപ്പോലെ അടുപ്പമുള്ളവരാണ്‌. ഈ രണ്ടു കുട്ടികളുടെ ബന്ധത്തെ പരിശോധിക്കുകയാണ്‌ ലൂക്കാസ്‌ ധോണ്ട്‌ (Lukas Dhont) എന്ന ബൽജിയൻ സംവിധായകൻ ‘ക്ലോസ്‌’ എന്ന ചിത്രത്തിലൂടെ.

ലിയോ, റെമി എന്നീ കുട്ടികൾ സഹോദരങ്ങൾ അല്ലെന്ന്‌ അധികംപേരും തിരിച്ചറിയില്ല. അവർ എപ്പോഴും ഒരുമിച്ചാണ്‌. പൂപ്പാടങ്ങളിൽ മാതാപിതാക്കളെ സഹായിക്കുമ്പോൾ, സ്‌കൂളിലേക്ക്‌ പോകുമ്പോൾ, അവധിക്കാലം ചെലവിടുമ്പോൾ, ഒക്കെയും അവർ ഒരുമിച്ചാണ്‌. സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയാൽ അവർ ഇരുവരുടെയും വീടുകളിൽ ഏതിലെങ്കിലും ഒന്നിൽ രാത്രി ചെലവിടും. ഒരുമിച്ച്‌ അത്താഴം കഴിച്ച്‌ ഒരു കിടക്കയിൽ കിടന്നുറങ്ങും. പരസ്‌പരം കെട്ടിപ്പിടിച്ചു കിടക്കും. കൈകൾ കോർത്തു നടക്കും. ഇരുവരിൽ ആരുടെയെങ്കിലും അമ്മ അവരുടെ അമ്മ തന്നെയാണ്‌. രണ്ട്‌ ആൺകുട്ടികൾക്കൊപ്പം റെമിയുടെ അമ്മ കെട്ടിമറിയുന്ന രംഗം ഇവരുടെ ബന്ധത്തിന്‌ ഇരു കുടുംബങ്ങളും നൽകുന്ന അംഗീകാരത്തിന്‌ തെളിവാണ്‌. ലിയോയുടെ ജ്യേഷ്‌ഠനെ കണ്ടാൽ റെമിയുടെ സഹോദരൻ എന്നേ പറയാനാവൂ. അത്രമേൽ അടുപ്പമുണ്ടവർക്ക്‌.

സൈക്കിളിലാണ്‌ അവർ സ്‌കൂളിലേക്ക്‌ പോകുന്നത്. പ്രൈമറി സ്‌കൂളിൽ ലിയോയും റെമിയും കണ്ട ലോകമല്ല സെക്കന്ററി സ്‌കൂളിൽ. ബൽജിയൻ യാഥാസ്ഥിതിക സമൂഹം വാർത്തെടുത്ത കുട്ടികളാണവർ. ഒരുമിച്ച്‌ കൈകോർത്തു നടക്കുന്ന കൗമാരക്കാരായ ആൺകുട്ടികൾ നമ്മുടെ രാജ്യത്ത്‌ അസ്വാഭാവികമായ കാഴ്‌ചയല്ല. തികച്ചും സ്വാഭാവികവുമാണ്‌. ആൺ‐പെൺ ബന്ധങ്ങൾ തുറസ്സല്ലാത്ത സമൂഹങ്ങളിൽ ബാല്യകൗമാരങ്ങൾ സ്വലിംഗാധിഷ്‌ഠിതമായിരിക്കും. വികസിത സമൂഹങ്ങൾ ആൺ‐പെൺ സൗഹൃദങ്ങളെ സാധാരണമായി വീക്ഷിക്കുമ്പോൾ ആൺ‐ആൺ സൗഹൃദങ്ങളെയും പെൺ‐പെൺ സൗഹൃദങ്ങളെയും ഭയത്തോടെയാണ്‌ കാണുന്നത്‌. ഇത്‌ സമൂഹനിർമിതമാണ്‌. Homophobia എന്നാണാ മനോഭാവത്തെ ശാസ്‌ത്രീയമായി അടയാളപ്പെടുത്തുക. വ്ളാംസ്‌ ബെലാങ്‌ (Vlaams Belang) എന്ന വംശീയ വിഘടനവാദ രാഷ്‌ട്രീയ പാർട്ടി 2024 ആദ്യം നടന്ന ബൽജിയം തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി ലോകത്തെ ഞെട്ടിച്ചിരുന്നു. കടുത്ത യാഥാസ്ഥിതിക സമൂഹമായി ബൽജിയം തുടരുന്നതിന്റെ സാമൂഹ്യ പ്രത്യാഘാതമാണ്‌ കുട്ടികൾക്കിടയിൽ സ്വവർഗരതിയോടും‐ലെസ്‌ബിയൻ, ഗേ‐ഉഭയ ലൈംഗികതയോടും സൃഷ്ടിക്കപ്പെട്ടിട്ടുള്ള പുച്ഛം, മുൻവിധി, മാറ്റിനിർത്തൽ, വെറുപ്പ്‌ എന്നിവ. ഇത്തരം പ്രവണതകൾ നിലനിൽക്കുന്ന സെക്കന്ററി സ്‌കൂളിലേക്കാണ്‌ ‘ഗ്രാമീണ നിഷ്‌കളങ്കതയുമായി’ ലിയോയും സൈക്കിൾ ചവിട്ടി എത്തിച്ചേരുന്നത്‌.

എപ്പോഴും കൈകൾ കോർത്തു നടക്കുന്ന, ഒരേ ബഞ്ചിൽ ഇരിക്കുന്ന, പരസ്‌പരം ആരാധനയോടെ നോക്കുന്ന ലിയോയോടും റെമിയോടും സഹപാഠികൾ ‘‘Are you together?’’ എന്നു ചോദിക്കുമ്പോൾ, അല്ലെങ്കിൽ ‘‘Are you close’’ എന്നു ചോദിക്കുമ്പോൾ അത്‌ എതിർലിംഗങ്ങൾ തമ്മിലുള്ള ലൈംഗികാകർഷണമാണ്‌ സ്വാഭാവികം (Heteronormality) എന്ന സങ്കൽപനത്തിന്‌ കടകവിരുദ്ധമാണോ നിങ്ങൾ എന്ന അർഥമാണ്‌ നിക്ഷിപ്‌തമാക്കുന്നത്‌. നിങ്ങൾ സ്വവർഗാനുരാഗികൾ ആണോ എന്ന ചോദ്യം റെമിയിയിൽ ഒരു വികാരവും സൃഷ്ടിക്കുന്നില്ല. അൽപം ലജ്ജാലുവും എടുത്തുചാട്ടമില്ലാത്തവനുമാണവൻ, എന്നാൽ ലിയോ തികച്ചും വിഭിന്നനാണ്‌. അവൻ പൗരുഷത്തിന്റെ വാർപ്പു മാതൃകകളെ സ്വയമറിയാതെ പിൻപറ്റാൻ ശ്രമിക്കുന്നവനാണ്‌.

വൈദ്യുഘാത സമാനമായ പ്രതികരണമാണ്‌ ഈ ചോദ്യങ്ങൾ ലിയോയിൽ സൃഷ്ടിക്കുന്നത്‌. അതോടെ അവൻ കോർത്തുപിടിച്ച റെമിയുടെ കൈകൾ വിടുന്നു. അടുത്തടുത്തിരുന്നവർ ക്ലാസിന്റെ ഇരുകോണുകളിലേക്ക്‌ മാറിയിരിക്കുന്നു. എന്തുകൊണ്ടാണ്‌ ലിയോ തന്നിൽനിന്നും മാറി നടക്കുന്നതെന്ന്‌ റെമിക്ക്‌ മനസ്സിലാകുന്നില്ല. സംഗീതോപകരണങ്ങൾ വായിക്കുന്ന റെമിയിൽ താൽപര്യമില്ലാതെ അകന്നുപോയ ലിയോ പൗരുഷപ്രകടനത്തിന്റെ പ്രതീകമായ ഐസ്‌ ഹോക്കി ടീമിൽ അംഗമാവുകയാണ്‌. മുഖാവരണങ്ങൾ കൊണ്ടു മറച്ച ഹോക്കി ടീം അംഗങ്ങളിൽ ലിയോയെ തിരഞ്ഞ്‌ ആരാധനയോടെ കന്പിവേലിയിൽ മുഖം ചേർത്തുനിൽക്കുന്ന റെമി ഈ സിനിമയിലെ ഏറ്റവും ദുരന്തപൂർണമായ കാഴ്‌ചയാണ്‌.

ലിയോയുടെ വീട്ടിൽ അന്തിയുറങ്ങുന്ന റെമി ഉറക്കത്തിനിടയിൽ ലിയോയെ കെട്ടിപ്പിടിക്കുമ്പോൾ അപ്രതീക്ഷിതമായാണ്‌ സംഭവിക്കുന്നത്‌. ലിയോ പേടിയോടെയും അറപ്പോടെയും റെമിയെ തൊഴിച്ച്‌ കട്ടിലിൽനിന്നും താഴെയിടുന്നു. ആദ്യം അന്പരന്നുപോയ റെമി സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതോടെ അവർ തമ്മിലുള്ള ബലപ്രയോഗം പാരമ്യത്തിലെത്തുന്നു. തലയിണയുമായി ലിയോ മാറിക്കിടക്കുന്നു.

ഈ രണ്ട്‌ കഥാപാത്രങ്ങളെയും സ്ഥലകാലങ്ങൾക്കുള്ളിൽ നിർമിച്ചെടുക്കാനാണ്‌ സംവിധായകൻ സിനിമയുടെ സിംഹഭാഗവും ഉപയോഗിച്ചിരിക്കുന്നത്‌. അങ്ങേയറ്റം കൈത്തഴക്കത്തോടെയാണ്‌ അത്‌ നിർവഹിക്കപ്പെട്ടതും. ഇരു കുടുംബങ്ങളും തമ്മിലെ ബന്ധദൃഢത നമുക്ക്‌ ഉള്ളിൽ പതിപ്പിക്കാൻ കഴിയുന്നു. ഈ കുട്ടികൾക്കിടയിലെ ‘നോർമൽ’ മറ്റു കുട്ടികൾക്കിടയിൽ ‘അബ്‌നോർമൽ’ ആകുന്നതെങ്ങനെ? ‘ജെൻഡർ’ എന്ന ബോധം സമൂഹം നിർമിച്ചെടുക്കുന്നതെങ്ങനെ. ആൺ പെൺ എന്ന ലളിത നിർണയമല്ല ‘ജെന്റർ’. മനുഷ്യരുടെ ലൈംഗികാഭിമുഖ്യങ്ങളെ ഒറ്റക്കുഴലിലൂടെ മാത്രം സമീപിക്കുന്ന യാഥാസ്ഥിതിക സമൂഹത്തിലെ ‘ജെൻഡർ’ നിർമിതി അങ്ങേയറ്റം സങ്കുചിതമായിരിക്കും എന്ന രാഷ്‌ട്രീയവായന അതിവിദഗ്‌ധമായി സംവിധായകൻ ഇതിലൂടെ നിർവഹിക്കുന്നു. കുട്ടികളുടെ ഓട്ടവും സൈക്കിൾ യാത്രകളും മത്സരസവാരികളും; അവർക്കൊപ്പം ക്യാമറയുമായി സഞ്ചരിച്ചാണ്‌ ഛായാഗ്രഹണം നിർഹിക്കപ്പെട്ടിട്ടുള്ളത്‌. നിരന്തരം ചലിക്കുന്ന ദൃശ്യങ്ങൾ പകരുന്ന കാഴ്‌ചയിലെ ചലനാത്മകത ആദ്യഭാഗത്ത്‌ ഉപേക്ഷിക്കുകയാണ്‌ സംവിധായകൻ.

സ്‌കൂളിൽനിന്നും പഠനയാത്ര പോകുന്ന സംഘത്തിൽ നാം റെമിയെ കാണുന്നില്ല. അവൻ സാധാരണ ഇരിക്കാറുള്ള ബസിന്റെ സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നു. കടൽത്തീരത്തെ സ്‌പെസിമിൻ ശേഖരണത്തിനിടയിൽ മ്ലാനമായ മുഖവുമായി നാം ലിയോയെ കാണുന്നു. ലിയോയെ കൂട്ടിപ്പോകാൻ അമ്മ എത്തുമ്പോൾ അവർ പറയുന്നു ഇനിയാെരിക്കലും റെമി വരില്ലെന്ന്‌.

എന്താണവന്‌ സംഭവിച്ചത്‌? അക്കാര്യം നിഗൂഢമായി നിലനിർത്തുകയാണ്‌ സംവിധായകൻ സിനിമയിലുടനീളം. മൗനിയും ഏകനുമായ ലിയോയുടെ ഏകാന്ത സഞ്ചാരങ്ങൾ ഈ ഘട്ടത്തിൽ ആരംഭിക്കുന്നു.

റെമിയുടെ വീടിരിക്കുന്ന ദിശയിലേക്ക്‌, പൂപ്പാടങ്ങൾക്ക്‌ നടുവിലൂടെ ലിയോ നടന്നുചെല്ലും. ദൂരെനിന്നും ആ വീടിന്റെ നിശബ്ദതയുടെ മുഴക്കത്തിനു ചെവികൊടുക്കും. റെമിയുടെ തിരോധാനത്തിന്‌ താനാണ്‌ കാരണക്കാരൻ എന്ന്‌ ലിയോ ഉള്ളിൽ കരുതുന്നു. ഒരുനാൾ അവൻ സാധാരണപോലെ റെമിയുടെ വീട്ടിലേക്ക്‌ കടന്നുചെല്ലുന്നു. റെമിയുടെ അമ്മ സോഫി അവനെ ഉള്ളിലേക്ക്‌ പ്രവേശിപ്പിച്ച്‌ കൂട്ടുകാരന്റെ മൂകമായ മുറിയിൽ കടത്തുന്നു. അവരുടെ സ്‌നേഹത്തിന്റെ അടയാളങ്ങളാണ്‌ എന്പാടും. ഫോട്ടോകൾ, സമ്മാനങ്ങൾ, സകലതും ഇരുവരുടെയും വിരൽസ്‌പർശമേറ്റവ. ഹൃദയത്തെ നുറുക്കിക്കളയുന്ന വിഷാദരാഗമാണ്‌ ട്രാക്കിൽ.

ഒരുദിവസം സ്‌കൂൾവിട്ട്‌ മടങ്ങുന്ന ലിയോയെ സോഫി സ്വന്തം കാറിൽ കയറ്റി. നിശബ്ദതയ്‌ക്ക്‌ അറുതിവരുത്തി സോഫി ചോദിച്ചു, കുഞ്ഞേ നിങ്ങൾക്കിരുവർക്കുമിടയിൽ എന്താണുണ്ടായതെന്ന്‌. ഏറെ മൗനത്തിനുശേഷം അവൻ പറഞ്ഞു. ഞാനവനെ ഉന്തി താഴെയിട്ടു. ഒരു നിമിഷം പതറിപ്പോയ സോഫി അവനെ ഒരു കാടിനരികിൽ ഇറക്കിവിട്ടു. അവൻ അപരിചിത സ്ഥലത്തിലൂടെ പതറി നടക്കുമ്പോൾ ചുള്ളികൾ ഒടിയുന്ന ശബ്ദം പിന്നിൽ കേട്ടു. അവൻ തിരിഞ്ഞുനോക്കുമ്പോൾ സോഫിയുണ്ട്‌ പിറകിൽ. ഭയപ്പെട്ടുപോയ അവൻ ഒരു ചുള്ളിക്കന്പ്‌ കൈയിലെടുത്തു. പ്രതിരോധത്തിനായി. ഹൃദയം ചുള്ളിക്കന്പുപോലെ നുറുങ്ങിപ്പോകുന്ന രംഗമാണത്‌. അവന്റെ ദുർബലമായ കൈയിൽ ഇരിക്കുന്ന ചുള്ളിക്കന്പിലേക്ക്‌ നോക്കി സോഫി ഞെട്ടലോടെ ഓടിച്ചെന്ന്‌ അവനെ കെട്ടിപ്പിടിക്കുന്നു. റെമിയില്ലാത്ത ഒരു അത്താഴവിരുന്നിന്‌ ഇരു കുടുംബങ്ങളും ഒത്തുചേരുന്ന വേളയിൽ റെമിയുടെ പിതാവ്‌ വിതുന്പിപ്പോകുന്നു.

റെമിയുടെ കുടുംബം പൂപ്പാടം വീട്ട്‌ അകലേക്കെവിടെയോ പോകുന്നത്‌, അകന്നകന്നുപോകുന്നതു നോക്കി ലിയോ നിൽക്കുന്നു. ബാല്യത്തിന്റെ നഷ്ടം അവൻ വരുംനാളുകളിൽ അറിയാൻ പോവുകയാവാം.

റെമിയുടെ തിരോധാനം എന്തുകൊണ്ടെന്ന്‌ സംവിധായകൻ വെളിപ്പെടുത്തുന്നില്ല. എന്നാൽ ക്രമേണ പ്രേക്ഷകർക്കു അതു വെളിപ്പെടുന്നു. അവിടെയാണ്‌ ലൂക്കാസ്‌ ധോണ്ട്‌ എന്ന സംവിധായകന്റെ പ്രാഗത്ഭ്യം വെളിപ്പെടുന്നത്‌. റെമി ജീവിതത്തിൽനിന്നും സ്വയം ഇറങ്ങിപ്പോവുകയായിരുന്നു.

യഥാർഥത്തിൽ സ്വവർഗാനുരാഗത്തിന്റെ പരാഗരേണുക്കൾ ഈ കുട്ടികളിൽ വീണിരുന്നോ? വളരുമ്പോൾ അത്‌ ഏതു രൂപം ആർജിക്കും? നമുക്ക്‌ ഇഷ്ടംപോലെ വ്യാഖ്യാനിക്കാം. ഓരോ സാംസ്‌കാരിക സവിശേഷതകളിൽനിന്നും പാഠം ചമയ്‌ക്കാം. എന്നാൽ കൗമാര സൗഹൃദങ്ങളുടെ ഉള്ളിൽ ഇഴപിരിച്ചെടുക്കാൻ അവർക്കുതന്നെ കഴിയാത്ത അദൃശ്യകാമനകളുണ്ട്‌. അതിലേക്കൊന്ന്‌ എത്തിനോക്കാനും മനുഷ്യനെ കൂടുതൽ ആഴത്തിലറിയാനും ഈ ചലച്ചിത്രം വഴിയൊരുക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − five =

Most Popular