Friday, May 17, 2024

ad

സഖാവ്

കെ ബാലകൃഷ്‌ണൻ

വിപ്ലവപ്പാതയിലെ ആദ്യപഥികർ- 21

കേരളത്തിന്റെ സഖാവായ പി.കൃഷ്ണപിള്ളയുടെ വിപ്ലവജീവിതത്തിൽ കണ്ണൂരിനും കോഴിക്കോടിനും ആലപ്പുഴയ്ക്കും സവിശേഷ പ്രാധാന്യമുണ്ട്. 1930ൽ ഉപ്പുസത്യാഗ്രഹജാഥയിലെ അംഗമായി കണ്ണൂരിലെത്തിയ കൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതം കരുപ്പിടിക്കപ്പെട്ടത് വടക്കേ മലബാറിലാണ്. ഉപ്പുസത്യാഗ്രഹജാഥയുമായി പയ്യന്നൂരിലെത്തിയശേഷം അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല; മുന്നോട്ടുമുന്നോട്ടുപോവുകയായിരുന്നു. പയ്യന്നൂരിൽ ഉപ്പുകുറുക്കിയശേഷം സമരം വടക്കോട്ടു വ്യാപിപ്പിക്കാൻ പ്രവർത്തകരെയുംകൂട്ടി കാഞ്ഞങ്ങാട്ടേക്ക് മാർച്ചിന് നേതൃത്വംനൽകിയത് കൃഷ്ണപിള്ളയാണ്. കേളപ്പനടക്കമുള്ളവരോടൊപ്പം അവിടെവെച്ച് അറസ്റ്റിലായി. അതിൽനിന്ന് മോചിതനായശേഷം കോഴിക്കോട്ട് നിയമലംഘനപ്രസ്ഥാനത്തിന്റെ നായകരിലൊരാളായി.

കോഴിക്കോട്ട് കടപ്പുറത്ത് നടന്ന സത്യാഗ്രഹത്തിൽ മുന്നിൽ കൊടിയുമായിനിന്നത് കൃഷ്ണപിള്ളയായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബടക്കമുള്ള നേതാക്കളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. മർദനമേറ്റ് കൃഷ്ണപിള്ള വീണെങ്കിലും ദേശീയപതാക കൈവിട്ടില്ല. പൊലീസിന്റെ ലാത്തികളും ബൂട്ടുകളും കൃഷ്ണപിള്ളയുടെ ശരീരത്തിൽ താണ്ഡവമാടി. ഒരിറ്റു കണ്ണീർ വീഴ്ത്താതെ, കരയാതെ കൊടിയുടെ മാനംകാത്തു കൃഷ്ണപിള്ള. ബീച്ചിൽനിന്ന് വലിച്ചിഴയ്ക്കുകയായിരുന്നു. ഒടുവിൽ എക്സിക്യൂട്ടീവ് മജിസ്്ട്രേറ്റായ സബ് കളക്ടർ എത്തി അറസ്റ്റ് പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് കൃഷ്ണപിള്ള വഴങ്ങിയത്. 1930 നവംബർ 11നാണ് ഈ സംഭവം നടന്നത്. കൃഷ്ണപിള്ളയെയും കെ.മാധവനാർ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മൊയാരം എന്നിവരെയെല്ലാം കണ്ണൂർ സെൻട്രൽ ജയിലിലാണടച്ചത്. ജയിലിൽ കടുത്ത പീഡനമാണനുഭവിച്ചത്. കോണകം മാത്രമുടുത്ത് ചകരിതല്ലലാണ് ജോലി. ഈ ഔദ്യോഗിക ജോലിക്കുപുറമെ കൃഷ്ണപിള്ള ജയിലിലെ തടവുകാർക്ക് ഹിന്ദി ക്ലാസ് നടത്തി, പ്രസംഗപരിശീലന ക്ലാസ് നടത്തി. കണ്ണൂർ ജയിലിൽ കഴിയുമ്പോഴാണ് കൃഷ്ണപിള്ളയടക്കമുള്ളവർ ഉത്തരേന്ത്യൻ വിപ്ലവകാരികളുമായി പരിചയത്തിലാകുന്നത്. സ്വാതന്ത്ര്യസമരത്തിന് സാമ്പത്തികമായ ഉള്ളടക്കവും വേണം, തൊഴിലാളികളെയും കർഷകരെയും സമരത്തിലേക്കാകർഷിക്കണം, സമത്വത്തിനായി പ്രവർത്തിക്കണം എന്നെല്ലാമുള്ള ആശയങ്ങൾ, തീവ്രവാദ ആശയങ്ങൾ. അങ്ങനെ കണ്ണൂരിലെ ജയിൽജീവിതം കൃഷ്ണപിള്ളയെയും മാറ്റിമറിക്കുകയായിരുന്നു.

വൈക്കം ക്ഷേത്രത്തിനടുത്ത് പറൂർ കുടുംബത്തിൽ മണ്ണാപ്പിള്ളി നാരായണൻനായരുടെയും പറൂർ കൊച്ചുപാർവതിയുടെയും മകനായി 1906‐ലാണ് കൃഷ്ണപിള്ളയുടെ ജനനം. 13‐ാം വയസ്സിൽ പിതാവും 14‐ാം വയസ്സിൽ മാതാവും മരിച്ചതോടെ ഏറെക്കുറെ അനാഥത്വത്തിലേക്കെടുത്തെറിയപ്പെട്ടു. അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ കൃഷ്ണപിള്ളയുടെ ജീവിതത്തിൽ പിന്നീട് അലച്ചിലായിരുന്നു. അല്പകാലം സ്വന്തമായി കാപ്പിക്കട നടത്തി. അത് നിന്നപ്പോൾ ആലപ്പുഴയിൽ കയർഫാക്ടറിയിൽ കുറേ നാൾ ജോലി. ഒന്നിലും ഉറച്ചുനിൽക്കാനാകാതെ 1922 അവസാനം വീട്ടിൽ തിരികെയെത്തുകയും തറവാട്ടുഭരണം കയ്യേൽക്കുകയുമാണ്. ഭക്ഷണംപോലും പ്രശ്നമായ സാഹചര്യത്തിൽ തറവാട്ടുകാരണവരായ കൃഷ്ണപിള്ള ഒരു ചായക്കടയിലും സൈക്കിൾ ഷാപ്പിലും ജോലിക്കുനിന്നു. ആ ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് ഹിന്ദി വിശാരദ് പഠിക്കാൻ ചേർന്നു. വൈക്കം സത്യാഗ്രഹത്തിന്റെ കാലമായിരുന്നു അത്. അവിടെ നടക്കുന്ന പ്രസംഗങ്ങൾ സാകൂതം കേൾക്കുന്നതിലൂടെയാണ് രാഷ്ട്രീയ‐സാമൂഹ്യകാര്യങ്ങളിൽ തല്പരനാകുന്നത്. സത്യാഗ്രഹത്തിൽ പങ്കെടുത്ത ഒരു കോൺഗ്രസ് പ്രവർത്തകനെ സമരത്തെ എതിർക്കുന്ന സവർണ ഗുണ്ടകൾ മർദിച്ചതിന് കൃഷ്ണപിള്ളയും കൂട്ടരും പ്രതികാരംചെയ്തു. പ്രത്യക്ഷമായ രാഷ്ട്രീയബന്ധത്തിന്റെ തുടക്കം അതത്രെ.

1927ൽ ഉത്തരേന്ത്യയിലേക്ക് നാടുവിട്ട കൃഷ്ണപിള്ള കുറേക്കാലം ഉത്തരേന്ത്യൻ ജീവിതം പഠിക്കാൻ അലഞ്ഞുതിരിയുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശിലെ അലഹബാദിൽ സാഹിത്യസമ്മേളൻ എന്ന സ്ഥാപനത്തിൽ ഹിന്ദി പഠിക്കാൻ ചേർന്നു. രണ്ടുവർഷത്തെ പഠനത്തിനുശേഷം സഹിത്യവിശാരദ് പരീക്ഷ പാസായി. തുടർന്ന് മദിരാശിയിൽ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുമായി ബന്ധപ്പെട്ടപ്പോൾ മാസത്തിൽ 30 രൂപ ശമ്പളത്തിൽ മുഴവൻസമയ ഹിന്ദി പ്രചാരക് ആയി നിയമനം ലഭിച്ചു. തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കേണ്ടത്. അന്നത്തെ നിലയിൽ മികച്ച ശംബളമായിരുന്നു 30 രൂപ. ഹിന്ദി പ്രചാരക് ആയി പ്രവർത്തിക്കുന്നതിനൊപ്പം ഹിന്ദിയിലെ രാഷ്ട്രീയ പുസ്തകങ്ങൾ വായിച്ച് തന്നിലെ വിപ്ലവകാരിയെ രൂപപ്പെടുത്തുകയായിരുന്നു കൃഷ്ണപിള്ള.

1930 ഏപ്രിലിൽ ഉപ്പുസത്യാഗ്രഹം നടത്താൻ കേളപ്പന്റെ നേതൃത്വത്തിൽ ആസൂത്രണം നടക്കുമ്പോൾ കൃഷ്ണപിള്ള അതിൽ അംഗമാകുന്നതിന് അപേക്ഷനൽകി. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ഉപ്പുസത്യാഗ്രഹ ജാഥയിൽ പങ്കെടുക്കാൻ പൊന്നറ ശ്രീധറിന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ് ആദ്യം അപേക്ഷനൽകിയത്. അതിനുളള മറുപടി വൈകിയപ്പോൾ നേരിട്ട് കോഴിക്കോട്ടെത്തി കേളപ്പനടക്കമുള്ള നേതാക്കളുമായി സംസാരിച്ചാണ് ജാഥാംഗമായത്. ജാഥയും സത്യാഗ്രഹവും കോഴിക്കോട്ട് കടപ്പുറത്തെ നിയമലംഘനത്തെ തുടർന്നുള്ള മർദനവും അറസ്റ്റുമെല്ലാം കഴിഞ്ഞ് കണ്ണൂർ ജയിലിൽ കഴിയുമ്പോഴാണ് വിപ്ലവരാഷ്ട്രീയത്തിൽ താല്പര്യമുണ്ടാകുന്നത്. ബംഗാളിലെ അനുശീലൻസമിതിയെന്ന തീവ്രവാദിസംഘടനയിൽ കൃഷ്ണപിള്ളയും കെ.പി.ഗോപാലനും വിഷ്ണുഭാരതീയനും കേരളീയനുമടക്കമുള്ളവർ ജയിലിൽവെച്ചുതന്നെ അംഗത്വമെടുത്തു. അതിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് പോസ്റ്ററൊട്ടിക്കുമ്പോൾ പൊലീസിന്റെ വലയിലകപ്പെട്ടെങ്കിലും കുതറി രക്ഷപ്പെടുകയായിരുന്നു കെ.പി.യും കൃഷ്ണപിള്ളയും.

നിയമലംഘനപ്രസ്ഥാനത്തിനുശേഷം ഗുരുവായൂർ സത്യാഗ്രഹത്തിലാണ് കേളപ്പനും എ.കെ.ജി.യും കൃഷ്ണപിള്ളയുമടക്കമുള്ള നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗുരുവായൂർസത്യാഗ്രഹം ഒരു മഹാപ്രസ്ഥാനമാക്കുന്നതിൽ കൃഷ്ണപിള്ള വലിയ പങ്കുവഹിച്ചു. ക്ഷേത്രസോപാനത്തിലെ മണിയടിക്കാൻ ബ്രാഹ്മണർക്കേ അവകാശമുള്ളൂവെന്നതാണ് ആചാരം. കൃഷ്ണപിള്ള സമരത്തിന്റെ ഭാഗമായി അങ്ങോട്ടു കടന്നുചെന്ന് ദീർഘനേരം മണിയടിച്ചു. ക്ഷേത്രത്തിലെ കാവൽക്കാർ തളരുവോളം കൃഷ്ണപിള്ളയെ തല്ലിക്കൊണ്ടിരുന്നു.

1931‐32 കാലത്താണ് കൃഷ്ണപിള്ള ട്രേഡ് യൂണിയൻ സംഘാടനം പ്രധാന കർത്തവ്യമായി ഏറ്റെടുക്കുന്നത്. കൃഷ്ണപിള്ള സെക്രട്ടറിയായി ആദ്യമായി ഒരു തൊഴിലാളിസംഘടനയുണ്ടാകുന്നത് കോഴിക്കോട്ടാണ്. നെയ്ത്ത് തൊഴിലാളി യൂണിയൻ. മഞ്ചുനാഥറാവു പ്രസിഡന്റും കൃഷ്ണപിള്ള സെക്രട്ടറിയും. തുടർന്ന് കോഴിക്കോട്ടെ കോട്ടൺമില്ലിലും ഓട്ടുകമ്പനികളിലുമെല്ലാം യൂണിയനുകൾ കെട്ടിപ്പടുക്കുന്നതിലും സമരങ്ങൾ വളർത്തുന്നതിലും മുഴുകി. പലതവണ ആവർത്തിക്കേണ്ടിവരുമെന്നതിനാൽ അതിന്റെ വിശദാംശങ്ങൾ ഇവിടെ ഒഴിവാക്കുന്നു. കണ്ണൂരിലാകട്ടെ ആറോൺമില്ലിലും കോമൺവെൽത്ത് കമ്പനിയിലുമെല്ലാം യൂണിയനുകൾ കെട്ടിപ്പടുക്കാൻ കൃഷ്ണപിള്ള ക്യാമ്പുചെയ്ത് പ്രവർത്തിച്ചു. ആയിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന ആറോൺ മില്ലിൽ ഒരു തൊഴിലാളിയെ ഉടമയുടെ സിൽബന്തിയായ ഉന്നതോദ്യോഗസ്ഥൻ തൊഴിച്ചതിനെ തുടർന്ന് തൊഴിലാളികൾ സ്വമേധയാ ജോലി ബഹിഷ്കരിച്ചപ്പോൾ കൃഷ്ണപിള്ള അവിടെ പ്രത്യക്ഷപ്പെട്ട് അവർക്ക് ചെങ്കൊടി നൽകിയത് അവിസ്മരണീയവും ആവേശകരവുമായ സംഭവമാണ്. പിന്നീടങ്ങോട്ട് ആറോൺ മില്ലിൽ നടന്ന സമരങ്ങളുടെയെല്ലാം ചുക്കാൻപിടിച്ചത് മറ്റാരുമല്ല. കോമൺവെൽത്ത് നെയ്്ത്ത് കമ്പനിയിലെയും തുടർന്ന് ആറോൺ മില്ലിലെയും തൊഴിലാളികളെ സംഘടിപ്പിച്ച് സമരസംഘടനയാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വില്യം സ്നെലക്സിനെ കൃഷ്ണപിള്ള പിടിച്ചപിടിയിൽ കാഡറാക്കി മാറ്റിയതെങ്ങനെയെന്നതു സംബന്ധിച്ച്‌ മല്ലിക എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന അഡ്വ. കെ.കെ.നായർ ഒരിക്കൽ ഈ ലേഖകനോട് പറഞ്ഞതിങ്ങനെ ‘‘കണ്ണൂർ കോമൺവെൽത്ത് ഫാക്‌ടറിയിലെ (തിരുവേപ്പതി മിൽ) ഉഗ്രൻ പോക്കിരിയായിരുന്നു സ്നെലക്സ്. ഒരു വൈകുന്നേരം സ്നെലകസ് കോട്ടമൈതാനത്തൂടെ ഏകനായി നടക്കുകയായിരുന്നു. ഖദർധാരിയായ കറുത്ത് കുറിയ ഒരു മനുഷ്യൻ വില്ലിയെ (വിളിപ്പേര്) പിന്തുടർന്നു. അതിൽ അയാൾ നീരസം പ്രകടിപ്പിച്ചു. ഖദർധാരി വേഗം നടന്ന് അടുത്തെത്തി വില്ലിയുടെ ചുമലിൽ തട്ടി. വില്ലി തിരിഞ്ഞുനോക്കി. അടിക്കാൻ ഓങ്ങുമ്പോഴേക്കും അപരിചിതന്റെ പുഞ്ചിരി. ആ ചിരിയിൽ മയങ്ങിപ്പോയി. പിന്നെ ആ മൈതാനത്തിരുന്ന് വൈകുവോളം ചർച്ച. പിറ്റേന്നുമുതൽ സ്നെലക്സ് പോക്കിരിയായല്ല, വിപ്ലവകാരിയായാണ് പ്രവർത്തിച്ചത്. കോമൺവെൽത്ത് മില്ലിൽ യൂണിയനുണ്ടാകുന്നത് അതിനു ശേഷമാണ്.

കണ്ണൂരിലെ ഏറ്റവും പ്രധാന തൊഴിലാളിസംഘടനയായ ടുബാക്കോ വർക്കേഴ്സ് യൂണിയന്റെ പ്രസിഡന്റായി കൃഷ്ണപിള്ള ചുമതലയേറ്റത് 1935ലാണ്. പ്രസിഡന്റായിരുന്ന പോത്തേരി മാധവൻ വക്കീൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നായിരുന്നു നേതൃമാറ്റം. കണ്ണൂരിൽ നെയ്ത്തുതൊഴിലാളി പ്രസ്ഥാനമുണ്ടാക്കുന്നതും കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്. ഇതേ സമയത്തുതന്നെ കൃഷ്ണപിള്ള ആലപ്പുഴയിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1938 മുതൽ ആലപ്പുഴയിലെ തൊഴിലാളിവർഗം സംഘടിച്ച് സമരശക്തിയായി മുന്നോട്ടുകുതിക്കാൻ തുടങ്ങിയത് കൃഷ്ണപിള്ളയുടെ ഉപദേശനിർദേശങ്ങളോടെയാണ്. അങ്ങനെ കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നി, അതേസമയം എല്ലാ ഭാഗങ്ങളിലേക്കും ദൃഷ്ടിപായിച്ച് കൃഷ്ണപിള്ള തൊഴിലാളിസംഘടനകളുണ്ടാക്കുകയും അതിനെ വിപ്ലവാത്മകമാക്കുകയുംചെയ്തു. അതതിടങ്ങളിൽനിന്ന് കാഡർമാരെ കണ്ടെത്തി കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിനുളള ഒരുക്കങ്ങളിൽ മുഴുകി.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കാര്യദർശിയായശേഷം കൃഷ്ണപിള്ള ഊന്നിയത് ബഹുജനപ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുന്നതിലാണ്. കേരളീയനെയും ഭാരതീയനെയും കെ.പി.ആറിനെയും കർഷകപ്രസ്ഥാനം സംഘടിപ്പിക്കാനും എൻ.സി.ശേഖറിനെയും കെ.പി.ഗോപാലനെയും തൊഴിലാളി പ്രസ്ഥാനം സംഘടിപ്പിക്കാനും നിയോഗിച്ചു. അധ്യാപകപ്രസ്ഥാനം സംഘടിപ്പിക്കാൻ ടി.സിയെയും.

കണ്ണൂരിലും കോഴിക്കോട്ടും ക്യാമ്പ്‌ ചെയ്തുകൊണ്ട് മലബാറിൽ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുന്നതിനിടയിൽ നാട്ടുരാജ്യങ്ങളായ കൊച്ചിയിലും തിരുവിതാംകൂറിലും സംഘടനയുണ്ടാക്കുന്നതിനും കൃഷ്ണപിള്ള നിരന്തരം യാത്രചെയ്തു. ദിവസേന പത്തും ഇരുപതും കിലോമീറ്റർ നടക്കുന്നത് കൃഷ്ണപിള്ളക്ക് പ്രയാസമുള്ള കാര്യമല്ല. എപ്പോഴും മുണ്ട് മാടിക്കെട്ടി കൈ പിന്നിൽ പിണച്ചാണ് നടത്തം. തിരുവനന്തപുരം മുതൽ കാസർകോട്ടുവരെ അദ്ദേഹത്തിന്റെ പാദങ്ങൾ പതിയാത്ത സ്ഥലമില്ലെന്നത് അതിശയോക്തിയല്ല. തിരുവിതാംകൂർ ലേബർ അസോസിയേഷൻ 1922ലാണ് രൂപംകൊണ്ടത്. ഈ സംഘടനയെ ഇടത്തോട്ടുനയിക്കുന്നതിലാണ് മുപ്പതുകളുടെ ആദ്യംമുതൽ കൃഷ്ണപിള്ള ശ്രദ്ധ കേന്ദ്രീകരിച്ചത്. 1933‐34ൽ ലേബർ അസോസിയേഷന്റെ പ്രസിഡന്റായി കേസരി ബാലകൃഷ്ണപിള്ളയെ നിയോഗിക്കാൻ ചരടുവലിച്ചത് കൃഷ്ണപിള്ളയാണ്. കൃഷ്ണപിള്ള കേസരിയോട് ആ ചുമതലയേറ്റെടുക്കാൻ നേരിട്ടുചെന്ന് അഭ്യർഥിക്കുകയുംചെയ്തു. എന്നാൽ ആരോഗ്യപ്രശ്നം കാരണം തനിക്ക് ആ ചുമതലയേറ്റെടുക്കാൻ നിർവാഹമില്ലെന്ന് കേസരി അറിയിക്കുകയായിരുന്നു. എന്നാലും യൂണിയന്റെ മാർഗദർശിയായി അദ്ദേഹം നിലകൊണ്ടു. ആയിരക്കണക്കിന് കയർതൊഴിലാളികളും മറ്റ് വ്യവസായങ്ങളിലെ തൊഴിലാളികളും അണിനിരന്ന തിരുവിതാംകൂർ ലേബർ അസോസിയേഷനെ രാഷ്ട്രീയവൽക്കരിക്കുകയെന്ന കർത്തവ്യമാണ് മുപ്പതുകളുടെ അവസാനം സഖാവ് നിർവഹിച്ചത്. കൂലി വെട്ടിക്കുറച്ചതിനെതിരെ സമരം നടത്തുന്നതിന് ആലപ്പുഴയിലെ തൊഴിലാളികളുടെ യോഗം 1938ൽ വിളിച്ചുചേർത്തത് സഖാവാണ്. ആ യോഗത്തിലാണ് 1938ലെ ഐതിഹാസികമായ പണിമുടക്ക്‌ തീരുമാനിക്കുന്നത്. 1938ലാണ് തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുള്ള പ്രക്ഷോഭം ആരംഭിക്കുന്നത്. വലതുപക്ഷ കോൺഗ്രസ്സുകാർ തൊഴിലാളി സമരത്തെ അവഗണിക്കുകയാണ് ചെയ്തത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ, ഉത്തരവാദഭരണ പ്രക്ഷോഭത്തിലും തൊഴിലാളിസമരത്തിലും അണിനിരന്ന ഇടതുപക്ഷ കാഡർമാരെ പ്രത്യേകമായി ചെന്നുകാണുകയും രൂപവൽക്കരിക്കാനിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ വിത്ത് വിതയ്ക്കുകയുമായിരുന്നു കൃഷ്‌ണപിള്ള. കെ.സി.ജോർജ്, എം.എൻ.ഗോവിന്ദൻനായർ, പി.ടി.പുന്നൂസ്, ടി.വി.തോമസ് തുടങ്ങിയ കാഡർമാരെ കണ്ടെത്തിയതിലൂടെയാണ് തിരുവിതാംകൂറിൽ പ്രസ്ഥാനത്തിന് അടിത്തറയുണ്ടാക്കിയത്. നിർണായകഘട്ടത്തിൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ വലതുപക്ഷനേതൃത്വം ഉത്തരവാദഭരണപ്രക്ഷോഭം നിർത്തിയപ്പോൾ റാഡിക്കൽ വിഭാഗത്തിന് ഉപദേശനിർദേശങ്ങൾ നൽകി യൂത്ത്‌ ലീഗ് സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്് സഖാവാണ്. മുപ്പതുകളുടെ ആദ്യം എൻ.സി.ശേഖറിന്റെയും മറ്റും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന യൂത്ത്‌ ലീഗിനെ വീണ്ടും കർമനിരതമാക്കുകയായിരുന്നു. മലബാറിൽ പ്രവർത്തിക്കുകയായിരുന്ന എൻ.സി ശേഖറിനെ സഖാവ് വീണ്ടും നാട്ടിലേക്കയയ്‌ക്കുകയും ചെയ്തു, ഈ പ്രവർത്തനത്തിന്.

1946‐ൽ മലബാറിലും 1948‐ൽ തിരുവിതാംകൂറിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണം നയിച്ചത് കൃഷ്ണപിള്ളയാണ്. എവിടെയും ജയിച്ചില്ലെങ്കിലും പാർട്ടിയുടെ സ്വാധീനം ശക്തമാണെന്ന് ആ തിരഞ്ഞെടുപ്പ് തെളിയിച്ചു.

കാഡർമാരെ കണ്ടെത്തുന്നതിനുള്ള സഖാവിന്റെ കഴിവ് എത്രയോ പുസ്തകങ്ങളിൽ വിവരിക്കപ്പെട്ടതാണ്. വിദ്യാർഥിരാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുകയായിരുന്ന കെ.ദാമോദരനെ കൂടുതൽ പഠിച്ച് സൈദ്ധാന്തികനാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷ്ണപിള്ളയാണ് കാശിയിലേക്ക് പഠിക്കാൻ അയച്ചത്. ആ മേഖലയിൽ പഠിക്കാൻപോയ തന്റെ അനുഭവവും അതിന് പ്രേരകമായി. മാതൃഭൂമി പത്രാധിപരായി പ്രവർത്തിക്കുമ്പോഴാണ് പി.നാരായണൻനായരെ കൃഷ്ണപിള്ള കമ്യൂണിസ്റ്റാക്കുകയെന്ന ലക്ഷ്യത്തോടെ സി.എസ്.പി.യുടെയും കർഷകപ്രസ്ഥാനത്തിന്റെയും കാഡറാക്കുന്നത്.

1937ൽ കോഴിക്കോട്ട് സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗമായ എസ്.വി.ഘാട്ടെയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കേരളത്തിലെ ആദ്യത്തെ അംഗീകൃത കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്നത്.കൃഷ്ണപിള്ളയും ഇ.എം.എസും എൻ.സി.ശേഖറും കെ.ദാമോദരനുമാണ് അംഗങ്ങൾ. സി.എസ്.പി സംസ്ഥാന സെക്രട്ടറിയായ കൃഷ്ണപിള്ളയാണ് ഗ്രൂപ്പിന്റെ സെക്രട്ടറി. പിന്നീട് രണ്ട് വർഷത്തിലേറെക്കാലം നടത്തിയ രഹസ്യപ്രവർത്തനത്തിലൂടെയാണ് ഓരോ പ്രദേശത്തും കമ്യൂണിസ്റ്റ് കാഡർമാരെ കണ്ടെത്തിയതും സി.എസ്.പിയെ കമ്യൂണിസ്റ്റുവൽക്കരിക്കുകയുംചെയ്തത്. 1939 ഡിസമ്പർ അവസാനം പിണറായി പാറപ്രത്തു ചേർന്ന യോഗത്തോടെ സി.എസ്.പി. നേതൃത്വം ഒന്നടങ്കം കമ്യൂണിസ്റ്റ് പാർട്ടിയായി മാറുന്നതിനുള്ള പ്രമേയം അംഗീകരിച്ചു. അതിനുമുമ്പ് ബക്കളത്തും തലശ്ശേരിയിലും ചേർന്ന സി.എസ്.പി.സമ്മേളനങ്ങളിൽ കമ്യൂണിസ്റ്റ് പാതയിലെത്തുന്നതിനുള്ള വ്യക്തമായ പ്രത്യയശാസ്ത്ര ചർച്ചകളാണ് നടന്നത്. പിണറായി സമ്മേളനത്തിന്റെ മുന്നോടിയായി മാർക്സിസം‐ലെനിനിസം എന്താണെന്ന് നേതാക്കളെ പഠിപ്പിക്കുന്നതിനുള്ള ക്യാമ്പുകൾ വിവിധ കേന്ദ്രങ്ങളിലായി നടന്നു. കെ.ദാമോദരനും സി. ഉണ്ണിരാജയും ഇ.എം.എസും കൃഷ്ണപിള്ളയുമാണ് ക്ലാസുകൾ നയിച്ചത്. 1940 ജനുവരി 26നാണ് പാർട്ടി രൂപീകരണം സംബന്ധിച്ച് പരസ്യപ്രഖ്യാപനമുണ്ടായത്, അതായത് അന്ന് കേരളത്തിലുടനീളം കമ്യൂണിസ്റ്റ് ചുവരെഴുത്തുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അതിനുമുമ്പ് ജനുവരി ആദ്യവാരം പറശ്ശിനിയിൽ ചേർന്ന യോഗത്തിൽവെച്ചാണ് കൃഷ്ണപിള്ളയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പാർട്ടി രൂപീകരണത്തെ തുടർന്ന് കൃഷ്ണപിള്ളയും ഇ.എം.എസ്. അടക്കമുള്ളവരും ഒളിവിൽപോയി. എന്നാൽ കെ.ദാമോദരനടക്കമുള്ളവർ സി.എസ്.പി.യുടെ ലേബലിൽത്തന്നെ പുറമേക്ക് പ്രവർത്തിച്ചു. പാർട്ടി ആദ്യമായി നടത്തിയ പ്രത്യക്ഷസമരമാണ് 1940 സെപ്തംബർ 15ന്റെ മർദനപ്രതിഷേധ‐വിലക്കയറ്റവിരുദ്ധ റാലി. മട്ടന്നൂരിലും തലശ്ശേരിയിലും മൊറാഴയിലുമടക്കം നിരവധി കേന്ദ്രങ്ങളിൽ നിരോധനം ലംഘിച്ച് ഉജ്ജ്വലസമരം നടന്നു. കൃഷ്ണപിള്ള മൊറാഴക്കടുത്ത് ഒളിവിൽകഴിഞ്ഞുകൊണ്ട് സമരത്തെ നയിച്ചു. മൊറാഴയിൽ രണ്ട് പൊലീസുകാരും മട്ടന്നൂരിൽ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. തലശ്ശേരിയിൽ സഖാക്കൾ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി. സെപ്തംബർ 15 സംഭവത്തെതുടർന്ന് നാടെങ്ങും പൊലീസ് ഭീകരവാഴ്ചയായി. കൃഷ്ണപിള്ള തന്റെ നാടായ വൈക്കത്തേക്ക് പോയി. 1940 ഡിസംബർ അവസാനം വൈക്കത്തുവെച്ച് സഖാവ് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ജയിലിലേക്കാണ് കൊണ്ടുപോയത്. അവിടെ ഭീകരമർദനവും ഭർത്സനങ്ങളുമായിരുന്നു നടമാടിയത്. കൃഷ്ണപിള്ള അതിനെ ചോദ്യംചെയ്തതോടെ മറ്റു തടവുകാരും ഉണർന്നു. അതോടെ കൃഷ്ണപിള്ളയെ കന്യാകുമാരി ജില്ലയിലെ എടയിലാക്കുടി ജയിലിലേക്ക് മാറ്റി.

എടയിലാക്കുടി ജയിലിൽവെച്ചാണ് വിവാഹത്തിലേക്ക് നയിച്ച പ്രണയത്തിന്റെ തുടക്കം. 1941 ഒക്ടോബറിലാണത്. ജയിലിലെ കാവൽക്കാരനായ അയ്യപ്പൻപിള്ളയെന്ന പൊലീസുകാരനോട് തടവുകാരനായ കൃഷ്ണപിള്ള ആവശ്യപ്പെടുന്നു, വായിക്കാൻ ഹിന്ദി പുസ്തകം വേണം. ശുചീന്ദ്രം ക്ഷേത്രത്തിലെ ജീവനക്കാരനായ പോറ്റിയുടെ മകളടക്കമുള്ള കുറെ പെൺകുട്ടികൾ ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ടിലേക്കുപോകുമ്പോൾ പൊലീസുകാരൻ അവരെ സമീപിച്ചു ‘‘വായിക്കാൻ ഹിന്ദി പുസ്തകം വേണം’’. ആർക്ക് എന്ന് ചോദിച്ചത് പോറ്റിയുടെ മകൾ തങ്കമ്മ. കോൺഗ്രസ്സുകാരനായ ഒരു തടവുകാരനാണെന്ന് മറുപടി. തങ്കമ്മ ഒരു പുസ്തകം നൽകി. ഈ പുസ്തക കൈമാറ്റം തുടർന്നുകൊണ്ടിരുന്നു, അതൊരു പ്രണയമായി വളരുകയായിരുന്നു. ആ പ്രണയത്തിലൂടെ കൃഷ്ണപിള്ളക്ക് ലക്ഷ്യം വേറെയുമുണ്ടായിരുന്നു. പുറത്തുള്ള സഖാക്കൾക്ക് വിവരം കൈമാറൽ, അവരിൽനിന്ന് വിവരശേഖരണം. അങ്ങനെ തങ്കമ്മ സ്വയറിയാതെ പാർട്ടിയുടെ പ്രവർത്തകയാവുകയായിരുന്നു. 1942 മാർച്ചിൽ കൃഷ്ണപിള്ളയ്ക്ക് ജയിലിൽനിന്ന് മോചനമായി. ജയിൽമുക്തനായ സഖാവ് നേരെ തങ്കമ്മയുടെ വീട്ടിലേക്കുപോയി. അടുത്തദിവസം തങ്കമ്മയെ രജിസ്റ്റർ വിവാഹംചെയ്ത് തിരുവനന്തപുരത്തേക്ക്. പൊന്നറ ശ്രീധറിന്റെ വീട്ടിൽ ഏതാനുംദിവസം, പിന്നെ എം.എൻ.ഗോവിന്ദൻനായരുടെ വീട്ടിൽ. പിന്നീട് ഏതാനുംദിവസം കെ.സി.ജോർജിന്റെ വീട്ടിൽ. ഈ ദിവസങ്ങളിലെല്ലാം കൃഷ്ണപിള്ള ആ മേഖലകളിലെ പാർട്ടിപ്രവർത്തകരുമായി സംസാരിച്ച് ഘടകങ്ങളുണ്ടാക്കുന്ന തിരക്കിലായിരുന്നു. പിന്നീട് കൃഷ്ണപിള്ള കണ്ണൂരിൽ കക്കാടിനടുത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. കണ്ണൂരിൽ താമസിക്കുമ്പോഴാണ് കൃഷ്ണപിള്ളയുടെ ഭാര്യ പ്രസവിച്ചത്. ഇരട്ടക്കുട്ടികളെ‐ ചാപിള്ളയായിരുന്നു.

1948 തുടക്കത്തിൽ കൃഷ്ണപിള്ള പൂർണമായും തിരുവിതാംകൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. താമസം ആലപ്പുഴയിൽ. മുപ്പതുകളുടെ അവസാനവും നാല്പതുകളുടെ ആദ്യവും ആലപ്പുഴയിലെ തൊഴിലാളികേന്ദ്രങ്ങളിലെത്തി, തൊഴിലാളികളുടെ കുടിലുകളിൽ താമസിച്ച് കെ.വി.പത്രോസും കെ.സി.ഗോവിന്ദനും സൈമണാശാനുമടക്കമുള്ള നൂറുനൂറു പ്രവർത്തകരെ കണ്ടെത്തി വളർത്തിയ നേതൃപ്രതിഭ. കയർതൊഴിലാളിയായ വി.എസ്. അച്യുതാനന്ദനെ മുഴവൻസമയ പ്രവർത്തകനാക്കി കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കുട്ടനാട്ടിലേക്കയച്ച സഖാവ്. സഖാവ് കൃഷ്ണപിള്ളയെ ഗൗരിയമ്മ സഖാവ് പി എന്നാണ് വിളിക്കുക. ഗൗരിയമ്മ ചേർത്തല കോടതിയിൽ പ്രാക്റ്റീസ് തുടങ്ങിയപ്പോൾ അവിടെ വാടകവീട്ടിലാണ് താമസമാക്കിയത്. ഗൗരിയമ്മയുടെ ജ്യേഷ്ഠൻ കെ.ആർ.സുകുമാരൻ പുന്നപ്ര വയലാർ സമരനായകരിലൊരാളായിരുന്നതിനാൽ പാർട്ടിക്കാർ ഗൗരിയമ്മയുടെ വീട്ടിൽ ആ സ്വാതന്ത്ര്യമെടുത്തു. സുകുമാരൻ എവിടെയാണെന്നാർക്കുമറിയില്ല.

താമസിക്കാൻ സ്ഥലം, ഭക്ഷണം, വണ്ടിക്കൂലി‐ ഇതെല്ലാം ഗൗരി നൽകണം. അങ്ങനെ അവർ ഒരുനാൾ കൃഷ്ണപിള്ളയെ അവിടെയെത്തിച്ചു. കൃഷ്ണപിള്ള വരുന്നുണ്ട്, സ്വീകരിക്കാൻ പോകണമെന്ന് ഗൗരിയോട് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. പോയി, പി വന്നു. വീട്ടുടമയായ ഗൗരിയോട് ചോദിക്കാതെ അവിടെ താമസവും തുടങ്ങി. എന്നുമാത്രമല്ല, ഏതാനും ദിവസം കഴിഞ്ഞപ്പോൾ ആ വീട്ടിൽ വീട്ടുടമ അറിയാതെ പാർട്ടിയുടെ തിരുവിതാംകൂർ കേന്ദ്രകമ്മിറ്റിയോഗം. ഇ.എം.എസും ടി.വി.തോമസും വർഗീസ് വൈദ്യനും പി.ടി.പുന്നൂസും മറ്റും മറ്റും. മുൻകൂട്ടി സമ്മതം വാങ്ങാതെ അറിയിക്കാതെ യോഗം. അവർക്ക് ഭക്ഷണവും ചായയും കൊടുക്കേണ്ട ചുമതലയും വീട്ടുടമയ്‌ക്ക്. ഏതാനും ദിവസം കഴിഞ്ഞപ്പോൾ കൃഷ്ണപിള്ള ഗൗരിയോട്‐ തങ്കമ്മ വൈക്കത്തുണ്ട്. ഇങ്ങോട്ട് കൂട്ടിയാലോ. അടുത്തദിവസം മുതൽ കൃഷ്ണപിള്ള‐തങ്കമ്മ ദമ്പതികളുടെ താമസം അവിടെയായി. തങ്കമ്മ മഹിളാപ്രവർത്തനത്തിന് പോകുമ്പോൾ ഗൗരിക്കും പോയേ പറ്റൂ എന്ന നിലവരുന്നു.

1948 ഫെബ്രുവരിയിൽ നടന്ന തിരുവിതാംകൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തല മണ്ഡലത്തിൽ സ്ഥാനാർഥിയായി ഗൗരിയെ മത്സരിപ്പിക്കുകയാണ്. കൃഷ്ണപിള്ള അക്കാര്യം പറഞ്ഞപ്പോൾ ഇടിവെട്ടേറ്റ പോലെയാണ് തോന്നിയതെന്ന് ഗൗരിയമ്മ അനുസ്മരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കൃഷ്ണപിള്ള. കമ്മിറ്റി ഓഫീസിലെ താമസക്കാരനായി കൃഷ്ണപിള്ള. പ്രധാന പ്രചാരകർ കൃഷ്ണപിള്ളയും തങ്കമ്മയും. ഗൗരിയമ്മ എവിടെ പ്രസംഗിക്കണമെന്നും എന്തു പ്രസംഗിക്കണമെന്നും പറയുന്നതും പരിശീലിപ്പിക്കുന്നതും സഖാവ് പി.

തിരുവിതാംകൂർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിനകമാണ് കൽക്കത്താ തീസീസിന്റെ പേരിലുള്ള നിരോധനം. കൃഷ്ണപിള്ള ആലപ്പുഴയിൽത്തന്നെ ഒളിവിൽ. 1948 ഓഗസ്റ്റ് രണ്ടാംവാരത്തിൽ സഖാവിന്റെ താമസം മുഹമ്മ കണ്ണർകാട്ടെ ചെല്ലിക്കണ്ടത്തുങ്കൽനാണപ്പന്റെ കുടിലിലാണ്. അവിടെവെച്ച് പാർട്ടിയുടെ സംസ്ഥാന നേതൃയോഗം ചേരാൻ തീരുമാനിച്ചതാണ്. യോഗത്തിലേക്കുള്ള കുറിപ്പുകൾ എഴുതിക്കൊണ്ടിരിക്കെയാണ് സഖാവിനെ പാമ്പ് കടിച്ചത്. വേദനകൊണ്ടുപുളയുമ്പോഴും പതറാതെ സഖാവ് എഴുതി‐ എന്റെ കണ്ണിൽ ഇരുൾ വ്യാപിച്ചുവരുന്നു. എന്റെ ശരീരമാകെ തളരുകയാണ്. എന്തു സംഭവിക്കുമെന്നെനിക്കറിയാം. സഖാക്കളേ മുന്നോട്ട്, ലാൽസലാം.

ആർക്കും എഴുതിപ്പൂർത്തിയാക്കാനാകാത്ത വിപ്ലവജീവിതമാണ് സഖാവ് കൃഷ്ണപിള്ളയുടേത്. ഒരർഥത്തിൽ ഈ പംക്തിയിലുള്ള എല്ലാവരുടെയും ജീവിതകഥാഖ്യാനത്തിൽ കൃഷ്ണപിള്ളയുടെ ഐതിഹാസികമായ ജീവിതം കടന്നുവരുമെന്നതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകുന്നില്ല.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + sixteen =

Most Popular