പ്രകൃതിയുടെ സൗന്ദര്യശാസ്ത്ര ചിന്തകൾക്ക് മനുഷ്യരുമായി ഇഴ ചേർത്തുകൊണ്ട് കഥപറയുകയും ഇതിഹാസ കൃതികളെ സാമാന്യ മനുഷ്യരിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്ത വിഖ്യാത ചിത്രകാരൻ എ രാമചന്ദ്രൻ ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിന് കലാലോകത്തോട് വിടപറഞ്ഞിരിക്കുന്നു. പൂക്കളും ചെടികളും തുമ്പികളും ഗ്രാമീണ സുന്ദരികളും പുഴയും മരങ്ങളും ആകാശവും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ചേർന്ന വർണ്ണവിസ്മയം ആയിരുന്നു അദ്ദേഹത്തിന്റെ ചിത്രതലങ്ങൾ. ഈ നിറപ്പകിട്ടിലേക്ക് എത്തുന്നതിനു മുൻപുള്ള ചിത്രങ്ങൾ, ശാന്തിനികേതൻ എനിക്ക് ദിനങ്ങളെയും ചുറ്റുമുള്ള കാഴ്ചകളെയും പൊള്ളുന്ന ജനജീവിതത്തിന്റെ നൊമ്പരങ്ങളുമായിരുന്നു അടയാളപ്പെടുത്തിയിരുന്നത്. മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചകളിൽനിന്ന് രൂപപ്പെട്ട ചിത്രങ്ങൾ ആയിരുന്നു അവ. ഇംപ്രഷൻ ലിസ്റ്റ് കലാപ്രസ്ഥാനങ്ങളിലൂന്നിനിന്ന ആദ്യകാല ചിത്രങ്ങൾ ആയിരുന്നു അവ. തലയില്ലാതെ പോരാടുന്ന മനുഷ്യർ, സംഘർഷാത്മക ദൃശ്യങ്ങൾ, ശിരസ്സില്ലാത്ത മനുഷ്യരും, പക്ഷിമൃഗാദികളും പ്രകൃതിയുടെ നൊമ്പരവുമൊക്കെ നിത്യജീവിതാനുഭവങ്ങളിൽ നിന്ന് രൂപപ്പെടുന്നവയാണ്. ഇന്ത്യയിലെ പ്രക്ഷുബ്ധമായ കാലാവസ്ഥ അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ കാണാം. എ രാമചന്ദ്രന്റെ തന്നെ വാക്കുകൾ നോക്കൂ. “കൽക്കത്ത സിയാൽദ റെയിൽവേ സ്റ്റേഷനിൽ ഞാൻ വണ്ടി ഇറങ്ങി. ആയിരക്കണക്കിന് അഭയാർത്ഥികൾ നിറഞ്ഞ ആ പ്ലാറ്റ്ഫോമിന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽപ്പുണ്ട്. അച്ഛനമ്മമാരും കുട്ടികളും ചട്ടികളും കലങ്ങളും അലഞ്ഞുതിരിയുന്ന നായ്ക്കളും എല്ലാംകൂടി ഒരു കൊച്ചുമുറി പങ്കിട്ടിരുന്നു. ആറടി വീതിയും ആറടി നീളവും ഉള്ള ഈ ഒരു പരിമിതമായ സ്ഥലപരിമിതിക്കുള്ളിലാണ് ജനന മരണ ചാക്രികതകൾ അടക്കമുള്ള ജീവിതത്തിന്റെ എല്ലാ മഹാനാടകങ്ങളും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. കേരളീയൻ എന്ന നിലയ്ക്ക് ജീവിതക്ലേശത്തെയും ദാരിദ്ര്യത്തെയുംപറ്റിയുള്ള എന്റെ സങ്കല്പങ്ങൾ തുലോം വിഭിന്നമായിരുന്നു എന്നതു കൊണ്ടാവാം, അവയുമായുള്ള എന്റെ ആദ്യത്തെ കൂടിക്കാഴ്ച തികച്ചും സ്തോഭജനകമായിരുന്നു. എന്റെ നാട്ടിലെ യാചകർ പോലും ഇവരെക്കാൾ എത്രയോ ഭേദം’. ഇത്തരം കൊൽക്കത്ത കാഴ്ചകളുടെ ആവിഷ്കാരങ്ങൾ ആയിരുന്നു അക്കാല ചിത്രങ്ങൾ.
ശാന്തതയും സൗമ്യതയും ദർശിക്കാനാവാതെ പോയ കാലത്തെയാണ് തന്റെ ചിത്രങ്ങളിൽ രാമചന്ദ്രൻ വരച്ചിട്ടത്. ഇന്ത്യയുടെ ആത്മാവ് തേടുന്ന വർണ്ണ സഞ്ചാരമായിരുന്നു അത്.
നിറപ്പകിട്ട് നഷ്ടമായ ഇരുണ്ട ജീവിതചിത്രത്തിൽ നിന്നും ഭാരതീയ ജീവിതത്തിന്റെ ശക്തിയും സൗന്ദര്യവും കണ്ടെത്താൻ രാമചന്ദ്രന് വഴികാട്ടിയായത് ഗുരുവായ രാംകിങ്കറായിരുന്നു. മറ്റ് ഗുരുക്കന്മാരായ വിനോദ് ബിഹാരി മുഖർജിയും അവരുടെ രചനകളും രാമചന്ദ്രനെ ജീവിതത്തിന്റെ ലാവണ്യ ദർശനങ്ങളിലേക്കാണ് നയിച്ചത്, 1961ൽ ശാന്തിനികേതനിൽ എ രാമചന്ദ്രൻ കലാപഠനം പൂർത്തിയാക്കിയ കാലമായിരുന്നു അത്. ആദിവാസികളുടെയും ഗ്രാമീണരുടെയും ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ പ്രതിഫലനങ്ങൾ ആയിരുന്നു നിരവധിയായ ജീവിതത്തെ തൊട്ടറിയുന്ന ചിത്രങ്ങൾ. ഉദാഹരണമായി കാളീപൂജ, നായിക, താമരക്കുളം തുടങ്ങിയ പരമ്പര ചിത്രങ്ങളെയൊക്കെ നമുക്ക് കാണാനാവും . ഇന്ത്യൻ ആദിവാസി ഗോത്രമേഖലകളിലൊക്കെ രാമചന്ദ്രൻ യാത്ര ചെയ്തിട്ടുണ്ട് തന്റെ ചിത്രങ്ങൾക്ക് അത്തരം യാത്രകളും കാഴ്ചകളും പിൻബലമായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കാറുണ്ട്.
ചലനാത്മകമായ ശ്രീകൃഷ്ണ രൂപങ്ങൾ അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയാണ് പ്രത്യേകിച്ച് രേഖാചിത്രങ്ങളിൽ. ചലനത്തെ രേഖകളിലൂടെ രൂപത്തിലേക്ക് ആവാഹിക്കുന്ന ദൃശ്യപ്പൊലിമ മനോഹരമായ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതുപോലെ പ്രാധാന്യമർഹിക്കുന്നവയാണ് അദ്ദേഹത്തിന്റെ ചിത്രതലങ്ങളിലെ വൃക്ഷരൂപങ്ങൾ. വൃക്ഷരൂപങ്ങളും അനുബന്ധ സസ്യജാലങ്ങളും ചേരുന്ന ദൃശ്യങ്ങൾ പാരിസ്ഥിതികാവബോധത്തെ മുൻനിർത്തിയുള്ള സന്ദേശമായും നമുക്ക് കാണാം.
എ രാമചന്ദ്രന്റെ കലാജീവിതത്തിലെ സർഗാത്മക വിസ്ഫോടനമായിരുന്നു യയാതി പരമ്പര. ഇതിഹാസ കഥാ മുഹൂർത്തങ്ങളെ സാധാരണ ജനജീവിതവുമായി ഇണക്കിച്ചേർത്ത് ആവാഹിച്ചവതരിപ്പിക്കുകയായിരുന്നു യയാതിയിലൂടെ.
സ്വപ്നാത്മകമായ ചിത്രതലങ്ങളിൽ ഗോത്രസംസ്കൃതിയുടെ വർണരാശികളും പ്രകൃതിദൃശ്യങ്ങളും സവിശേഷ ചൈതന്യം പ്രദാനം ചെയ്യുന്നവയായിരുന്നു. മനുഷ്യത്വമാണ്, ഉയർന്ന മാനവികത ബോധമാണ് ഇതിലേക്ക് എന്നെ നയിച്ചത് എന്ന് അദ്ദേഹം പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ യയാതിയും കഥാപാത്രങ്ങളും രാജസ്ഥാനിലെ ഗൗഡിയ, ലോഹാർ നാടോടി മനുഷ്യ ജീവിതത്തിലൂടെയാണ് ആവിഷ്കരിച്ചിട്ടുള്ളത്. സ്വപ്നസദൃശ്യമായ രൂപങ്ങളുടെ ബൃഹത് ആവിഷ്കാരമായും യയാതിയെ നമുക്കു കാണാം. വിഷയനിബദ്ധമായ രൂപങ്ങളുടെ ക്രമീകരണങ്ങൾ, പശ്ചാത്തല അവതരണങ്ങൾ, പുഴയും ആകാശവുമൊക്കെ ചേരുന്ന രൂപമാതൃകകൾ, ഇവയുടെയെല്ലാം വർണ്ണസങ്കലനം സമകാലീന കലയിൽ ശ്രദ്ധേയ സാന്നിധ്യമാവുകയായിരുന്നു.
1935ൽ തിരുവനന്തപുരം ആറ്റിങ്ങലിൽ ജനിച്ച രാമചന്ദ്രൻ 1957ൽ മലയാള സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയശേഷം ശാന്തിനികേതനിൽ ചിത്രകലാ പഠനത്തിന് ചേർന്നു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ദീർഘകാലം അധ്യാപകനായ ശേഷമാണ് 1992ൽ വിരമിക്കുന്നത്. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലടക്കം പുരസ്കാരങ്ങൾ നേടിയിട്ടുള്ള എ രാമചന്ദ്രന് 2005ൽ രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചു. കേരളത്തിലെ ഉയർന്ന ബഹുമതിയായ രാജാ രവിവർമ്മ പുരസ്കാരവും അദ്ദേഹത്തിന് നൽകിയിരുന്നു. ചിത്രരചന പോലെ ശിൽപ്പകലയിലും എ രാമചന്ദ്രൻ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ സ്മാരകം ശ്രീ പെരുമ്പത്തൂരിൽ 2003ൽ ശ്രദ്ധേയമായ കലാവിഷ്കാരമായി അദ്ദേഹം തയാറാക്കി. 125 അടി നീളവും 20 അടി ഉയരവുമുള്ള കരിങ്കൽ ഭിത്തികളിലാണ് ഇന്ത്യയുടെ വികാസ പരിണാമഘട്ടങ്ങളുടെ സൂചനകളായ റിലീഫ് ശില്പങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. ശില്പ രചനയിൽ പ്രകൃതിയെയും പ്രകൃതിവസ്തുക്കളെയും ശില്പഭാഗമാക്കുന്ന സൗന്ദര്യശാസ്ത്രം മറ്റു കലാവിഷ്കാരങ്ങളിലെപ്പോ ഇവിടെയും കാണാം.
കേരളത്തിന്റെ കലാ പാരമ്പര്യത്തെയും ചുവർ ചിത്രങ്ങളെയും കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള രാമചന്ദ്രന് സ്വന്തം നാട്ടിൽ സ്ഥിരമായി ചിത്രങ്ങൾ പ്രദർശിപ്പിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഈ വിവരം മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയുമായി അദ്ദേഹം പങ്കുവയ്ക്കുകയും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രേഖാമൂലമുള്ള കത്ത് അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരും സാംസ്കാരിക വകുപ്പും അക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വേർപാട് ഉണ്ടാകുന്നത്. ചിത്രകാരൻ, ശില്പി, സംഗീതജ്ഞൻ, എഴുത്തുകാരൻ എന്നീ നിലകളിലും എ രാമചന്ദ്രൻ ശ്രദ്ധേയനായിരുന്നു. തീക്ഷ്‌ണമായ നിരീക്ഷണങ്ങളുടെയും കാഴ്ചകളുടെയും ചിന്തകളുടെയും കൂടിച്ചേരലാകുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കലാവിഷ്കാരങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ അർത്ഥപൂർണ്ണമായ രചനകൾ എക്കാലവും പഠനാർഹമാകുമെന്നതിൽ സംശയമില്ല. എ രാമചന്ദ്രന്റെ വർണ്ണാഭമായ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലി അർപ്പിക്കുന്നു. ♦