Sunday, May 19, 2024

ad

Homeചിത്രകലകലയുടെ സൗന്ദര്യശാസ്‌ത്ര ചിന്തകൾ

കലയുടെ സൗന്ദര്യശാസ്‌ത്ര ചിന്തകൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ല എന്ന വാക്കിനെക്കുറിച്ചുള്ള നിർവചനങ്ങൾ ഏറെയാണ്‌. പാശ്ചാത്യവും പൗരസ്‌ത്യവും നമ്മുടെ നാടിന്റെ സംസ്‌കാരവുമായി ചേർത്തുവായിക്കാവുന്ന ലളിതമായ ഉത്തരം ഇതാണ്‌‐ ‘മനസ്സിന്റെ ആവിഷ്‌കാരമാണ്‌ കല’. മനസ്സിന്റെ ചൈതന്യമാണ്‌ കലയെന്നും, വിചാരവികാരങ്ങളുടെ പ്രകടനമാണ്‌ കലയെന്നുമുള്ള അനുബന്ധങ്ങളുമുണ്ട്‌. അൽപം വിശദമാക്കിയാൽ, നാം കാണുന്ന വസ്‌തുവിനെ ആന്തരിക പ്രേരണയിലൂടെയും ബുദ്ധിയിലൂടെയും വികാസപരിണാമങ്ങൾ നടത്തി ക്രിയാത്മകമായി അവതരിപ്പിക്കുമ്പോഴാണ്‌ കല പൂർണത നേടുന്നത്‌. കാഴ്‌ചയുടെ ദർശനപൂർണയ്‌ക്ക്‌ പ്രാധാന്യമുള്ളത്‌ ചിത്ര‐ശിൽപകലകൾക്കാണ്‌. ത്രിമാനതകൊണ്ട്‌ ശിൽപവും ത്രിമാന പ്രതീതികൊണ്ട്‌ ചിത്രവും കലയുശട സൗന്ദര്യശാസ്‌ത്ര ചിന്തകളിൽ ഇഴചേർന്നു നിൽക്കുന്നു.

അതിപുരാതന കാലംമുതൽ സുകുമാരകല എന്ന നിലയിൽ ചിത്രകല സമൂഹത്തെ ആനന്ദിപ്പിച്ചിരുന്നു. മനുഷ്യന്റെ ഏറ്റവും സൂക്ഷ്‌മവും സുന്ദരവുമായ ഇന്ദ്രിയം കണ്ണുകളാണ്‌. കണ്ണുകളെ ആകർഷിക്കുന്ന നിറവും രേഖകളും വീക്ഷണവും ആവിഷ്‌കാരവുമാണ്‌ ചിത്രകലയുടെ ഘടകങ്ങൾ‐ ഒപ്പം രേഖ, രൂപം, വർണം എന്നീ അടിസ്ഥാനങ്ങളോടെ. നിറങ്ങൾ സ്‌പഷ്‌ടതയിലേക്കും വൈവിധ്യത്തിലേക്കും സൗന്ദര്യത്തിലേക്കും മനസ്സിനെ നയിക്കുന്നു. രേഖകൾ വസ്‌തുവിന്റെ ഘടനയെയും ആവിഷ്‌കാരം പൂർണതയെയും പ്രകടമാക്കുന്നു. പ്രകാശത്തിന്റെയും നിഴലിന്റെയും ക്രമീകരണത്തിലൂടെ ചിത്രകാരർ വസ്‌തുവിന്റെ ഘലടനയെയും ആവിഷ്‌കാരം രൂപബോധത്തെയും വ്യക്തമാക്കിത്തരുന്നു. ഒരു ശിൽപിക്ക്‌ പ്രകാശത്തിനും നിഴലിനും മീതെ സന്പൂർണ വ്യാപ്‌തിയിലേക്ക്‌ യാതൊരു നിയന്ത്രണവുമില്ലാതെ കടന്നുചെല്ലാം. എന്നാൽ ചിത്രകാരനാകട്ടെ ഇവയെ നിയന്ത്രണവിധേയമായി ഉപയോഗിക്കേണ്ടിയിരിക്കുന്നു. ശിൽപി ഖനത്വമുള്ള വസ്‌തുവിന്റെ നിർമിതിക്ക്‌ പരിശ്രമിക്കുമ്പോൾ ചിത്രകാരൻ ഏറെ എളുപ്പത്തിൽ ഖനത്വം എന്ന തോന്നൽ ചിത്രത്തിലൂടെ വെളിവാക്കുന്നു. പ്രകൃതിയുടെ എല്ലാ ദൃശ്യവിതാനങ്ങളെയും അതിരില്ലാത്ത അകലങ്ങളെയും ദൃശ്യവൽക്കരിക്കാനാകുന്നു. വസ്‌തുക്കളുടെ ആകൃതി, നിറം, പ്രതലവൈവിധ്യം എന്നിവയിലൂടെ ചിത്രകാരൻ നിറങ്ങളുടെ മാസ്‌മരികതയിലേക്കും ചിത്രതലത്തിലൂടെ ശക്തമായ രൂപനിർമിതികളിലേക്കും കടന്നുചെല്ലുമ്പോൾ തന്നെ വൈവിധ്യമാർന്നതും വ്യക്തവുമായ ഇംപ്രഷൻസ്‌ ഉണ്ടാക്കാൻ ശിൽപകലയ്‌ക്ക്‌ കഴിയുന്നു. വരയ്‌ക്കുന്ന വസ്‌തുവിന്റെ അതേപടിയുള്ള രൂപത്തിനപ്പുറം മനസ്സിലുള്ള ഭാവനയ്‌ക്ക്‌ കൂടിയാണ്‌ ഈന്നൽ നൽകുന്നത്‌.

ഈ ചിത്രകാരരുടെ രചനാസങ്കേതങ്ങളും രീതികളും കൂടി ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്‌. മധ്യകാല വിദേശ‐സ്വദേശി ചിത്രകാരർ വിശാലവും ഉജ്വലവുമായ ഭൂഭാഗദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിൽ മികവു കാട്ടി. രേഖാരൂപപരമായ വീക്ഷണത്തിലൂടെയും വെളിച്ചത്തിന്റെയും നിഴലിന്റെയും വിദഗ്‌ധ ഉപയോഗത്തിലൂടെയും നിറങ്ങളുടെ ശ്രദ്ധാപൂർവമായ പ്രയോഗത്തിലൂടെയും ചിത്രകലയെ ആധുനിക കാഴ്‌ചപ്പാടുകളിലേക്ക്‌ ഉയർത്തുവാനായി. നിഴലിന്റെയും വെളിച്ചത്തിന്റെയും സൗന്ദര്യരൂപങ്ങൾ വിശ്വോത്തര ചിത്രകാരരടക്കം നമുക്കു കാണിച്ചുതന്നു.

നിറങ്ങളുടെ വൈവിധ്യമാർന്ന ടോണുകളിലൂടെ സൂക്ഷ്‌മമായ സൂചനകളിലേക്കും വിശാലമായ വീക്ഷണത്തിലേക്കും നമ്മെ എത്തിക്കുന്നു. ചിത്രകാരൻ വസ്‌തുവിനെ നോക്കിക്കാണുന്നതിലൂടെ കലാകാരന്റെ വീക്ഷണത്തിലൂടെയും വസ്‌തുവിന്റെ സ്വഭാവത്തിലൂടെയും ചിത്രത്തിന്‌ തെളിമയും ഉൾക്കരുത്തും പകരുകയും ചിത്രരചനാശൈലിയിൽ വ്യത്യാസം വരുത്തകയും ചെയ്യുന്നു. ചിത്രകാരന്റെ ഏകോപനവും സൃഷ്ടിപരവും പ്രബോധനപരവുമായ കൂടിച്ചേരലുകളിലൂടെ ക്രിയാത്മകമായ രൂപനിർമിതി കൈവരുകയും ചെയ്യുന്നു. അത്യന്താധുനിക ചിത്രകാരൻ കാന്റിൻസ്‌കിയുടെ വാക്കുകൾ ഇങ്ങനെ‐ ഒരു നല്ല ചിത്രമെന്നാൽ വസ്‌തുവോ വിഷയമോ അതിന്റെ ആന്തരികമായ മൂല്യത്തെ നഷ്ടപ്പെടുത്താതെ ചിത്രത്തിലാക്കുകയാണ്‌ വേണ്ടതെന്ന്‌ പറയുന്നു. ചിത്രം ചിത്രകാരന്റെ ഭാവനയിൽനിന്നും ബുദ്ധിയിൽനിന്നുമാണ്‌ ഉദയം ചെയ്യേണ്ടതെന്നും കലയുടെ യഥാർഥ മൂല്യം അവയുളവാക്കുന്ന വികാരങ്ങളിൽനിന്നുമാണ്‌ ഉദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വെളിപ്പെടുത്തലുകളും ഉദാരവൽക്കരണവുമാണ്‌ കലയെന്നും ഇവർ സമർഥിച്ചു. ഇംപ്രഷണിസം, ക്യൂബിസം, ഫ്യൂച്ചറിസം എന്നീ കലാപ്രസ്ഥാനങ്ങളിൽ പുരാതന അസംസ്‌കൃത കലയുടെ പൂർണമായ ഘടന കാണാവുന്നതാണ്‌. മാറിവരുന്ന അനുഭവത്തിനും അറിവിനും ആപേക്ഷികമായി കല, അതിന്റെ നിലപാടുകൾ വ്യത്യാസപ്പെടുത്തിക്കൊണ്ടിരിക്കും. ശൈലിയും പ്രത്യയശാസ്‌ത്രങ്ങളും വന്നുംപോയുമിരിക്കും (ലോകകലയിലുണ്ടായിട്ടുള്ള പ്രസ്ഥാനങ്ങൾ പരിശോധിക്കുമ്പോഴത്‌ മനസ്സിലാക്കാനാവും). വസ്‌തുക്കൾ പുനഃക്രമീകരണത്തിന്‌ വിധേയമാക്കപ്പെടുമ്പോൾ പുതിയ അർഥതലങ്ങളും രൂപപ്പെടുന്നു. ഇവിടെ കലാകാരും സമൂഹവും തമ്മിലുള്ള പരസ്‌പരപൂരകത്വം കൊണ്ട്‌ സംഭവിക്കുന്നതാണത്‌. കലയിലൂടെ സമൂഹത്തെയും കാലത്തെയും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും എല്ലാ കലാപ്രസ്ഥാനങ്ങളിലുമെന്നും നമുക്കറിയാം.

ഭാരതീയകല നമ്മുടെ സാംസ്‌കാരിക പാരന്പര്യവുമായി ഇഴചേർന്നുകൊണ്ട്‌ തികച്ചും മാതൃകാപരമായ രൂപങ്ങളെ ഭാവനാരൂപങ്ങളിൽനിന്ന്‌ വേർതിരിക്കുവാനും തിരിച്ചറിയുവാനും പ്രാപ്‌തരാക്കി. ചിത്രകാരൻ തന്റെ ഉൾക്കാഴ്‌ചയെ ആവാഹിച്ചുകൊണ്ട്‌ ആത്മവിവേചനത്തോടെ രൂപങ്ങൾ ചിത്രതലത്തിൽ ആവിഷ്‌കരിക്കണമെന്നും നമ്മുടെ സംസ്‌കാരം ഉയർത്തിപ്പിടിക്കണമെന്നും അവർ വാദിച്ചു.

ഒഴുക്കാർന്ന രേഖകളുടെ വിന്യാസവും കലാകാരന്റെ രചനാവൈഭവവും ചേരുന്ന ലളിത രൂപവർണങ്ങളാണ്‌ അവിടെ ദൃശ്യമായത്‌. ഗ്രാമീണകലകളിലെ ഗ്രാമഭാഷയും ശൈലിയും ലാളിത്യത്തോടെ അവതരിപ്പക്കപ്പെട്ടു. ജാമിനി റോയ്‌, നന്ദലാൽ ബോസ്‌, അബനീന്ദ്രനാഥ ടാഗോർ തുടങ്ങിയ പേരുകൾ എടുത്തുപറയേണ്ടതാണ്‌. ഭാരതീയ ഭാവത്തിന്റെയും രചനാ സമ്പ്രദായത്തിന്റെയും പാരന്പര്യത്തിൽനിന്ന്‌ അടയാളപ്പെടുത്തപ്പെട്ട ചിത്രങ്ങളായിരുന്നു അവരുടേത്‌. ഈയൊരു ഘട്ടത്തിൽ ഉയർന്നുവന്ന വിശ്വോത്തര ചിത്രകാരനായ രാജാരവിവർമ ചിത്രങ്ങളെ ദേശീയബോധത്തെ മറന്നുകൊണ്ട്‌ എണ്ണച്ചായാ രചനകളിലൂടെ പാശ്ചാത്യ രചനാശൈലി സ്വീകരിച്ചു എന്ന കാരണത്താൽ ഒരുവിഭാഗം കലാനിരൂപകർ അദ്ദേഹത്തെ തള്ളിപ്പറഞ്ഞതും ചരിത്രവസ്‌തുതയാണ്‌. എങ്കിലും രവിവർമ ചിത്രങ്ങൾ എക്കാലവും നമുക്കഭിമാനവും പിൽക്കാല ചിത്രശിൽപകാരർക്ക്‌ എന്നും ഊർജവും പകർന്നുകൊണ്ടേയിരിക്കുന്നു. ആവേശം ജനിപ്പിക്കുന്ന നമ്മുടെ സാംസ്‌കാരിക പൈതൃകത്തോടൊപ്പം സാങ്കേതികവിദ്യയുടെ പുത്തൻ കാഴ്‌ചപ്പാടുകൾ പിൻബലമേകുന്ന കലയുടെ പുതിയ കാഴ്‌ചകളിലേക്കാണ്‌ നാമിപ്പോൾ കൺതുറക്കുന്നത്‌‐ കലയുടെ പുത്തൻ സൗന്ദര്യശാസ്‌ത്ര ചിന്തകൾ അടുത്തറിയാൻ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 5 =

Most Popular