Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെതെലങ്കാന തെരഞ്ഞെടുപ്പ്: ബി ആർ എസ്സിനെ അട്ടിമറിച്ച് കോൺഗ്രസ്സ് സഖ്യത്തിന്റെ വിജയം

തെലങ്കാന തെരഞ്ഞെടുപ്പ്: ബി ആർ എസ്സിനെ അട്ടിമറിച്ച് കോൺഗ്രസ്സ് സഖ്യത്തിന്റെ വിജയം

സഹാന പ്രദീപ്‌

ബിആർഎസ്സിന്റെ (ഭാരത് രാഷ്ട്ര സമിതി) ഹാട്രിക് ഭരണ പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് ഡിസംബർ 3നു നടന്ന വോട്ട് എണ്ണലിൽ കോൺഗ്രസ്സ് സഖ്യം തെലങ്കാനയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്. ഇതോടെ തുടർച്ചയായി മൂന്നുതവണ ഭരണകൂടത്തെ നയിക്കുന്ന തെന്നിന്ത്യയിലെ ഏക മുഖ്യമന്ത്രി എന്ന സ്വപ്നപദവി കെ സി ആറിന് അപ്രാപ്യമായി. അങ്ങേയറ്റം ഉദ്വേഗ – ജനകമായിരുന്നു 2023 തെലങ്കാന നിയമസഭാ ഇലക്ഷൻ. തുടർഭരണത്തിനായി കോപ്പുകൂട്ടിയ ബിആർഎസ് കർണാടക ആവർത്തിക്കാൻ കളത്തിലിറങ്ങിയ കോൺഗ്രസ്സ്, നിലയുറപ്പിക്കാൻ ശ്രമം നടത്തിയ ബിജെപി എന്നീ പാർട്ടികളുടെ ത്രികോണ മത്സരം വലിയ ജിജ്ഞാസ ഉണർത്തിയിരുന്നു. ഇടതു പാർട്ടികളുടെയും തെലങ്കാന ജനസമിതിയുടെയും നിലപാടുകളും തിരഞ്ഞെടുപ്പിൽ നിർണായകമായിരുന്നു. ബിആർഎസ് തന്നെ തിരികെ വരുമെന്ന പൊതുപ്രതീക്ഷയെ പാടെ തെറ്റിച്ചുകൊണ്ട് വമ്പിച്ച വിജയമാണ് കോൺഗ്രസ്സ് മുന്നണിക്ക് തെലങ്കാനയിൽ ലഭിച്ചിരിക്കുന്നത്.

ബിആർഎസ്സിനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. തെലങ്കാന രൂപീകരണം മുതൽ ഭരണം കയ്യാളുകയും തെലങ്കാന രാഷ്ട്രസമിതിയിൽ നിന്നും ഭാരത് രാഷ്ട്രസമിതിയായി പരിണമിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുക്കം കൂട്ടുകയും ചെയ്യുന്നതിനിടെയുള്ള പരാജയം ബിആർഎസ്സിനെ തീർച്ചയായും അസ്വസ്ഥമാക്കും. തെലങ്കാന ജനത അനുഭവിക്കുന്ന ഭരണവിവേചനത്തിനു പരിഹാരം അവർക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കുക മാത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കലാകുന്തളം ചന്ദ്രശേഖര റാവു എന്ന കെസിആർ 2001ൽ ടിഡിപിയിൽ (തെലുങ്കുദേശം പാർട്ടി) നിന്നും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തുനിന്നും രാജിവെക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം തെലങ്കാന രാഷ്ട്രസമിതിക്ക് രൂപംനൽകി. 2004ൽ, തെലങ്കാനയെ പ്രത്യേക സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ചേർന്ന് പൊതു തിരഞ്ഞെടുപ്പ് നേരിട്ടു. കെസിആർ എംപിയും ലേബർ ആൻഡ് എംപ്ലോയമെന്റ്‌ വകുപ്പിന്റെ യൂണിയൻ ക്യാബിനറ്റ് മന്ത്രിയുമായി. എന്നാൽ, തെലങ്കാന രൂപീകരണത്തിന് വേണ്ടത പരിഗണന യൂണിയൻ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാഞ്ഞതിൽ പ്രതിഷേധിച്ച് 2006ൽ ടിആർഎസ്‌ യുപിഎ ഗവൺമെന്റിനുള്ള പിന്തുണ പിൻവലിച്ച് പുറത്തുവരികയും കെസിആർ എംപി സ്ഥാനം സ്ഥാനം രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയും രണ്ട് ലക്ഷത്തോളം ഭൂരിപക്ഷത്തോടെ ടിആർഎസ്സിന്റെ സ്വതന്ത്രശക്തി തെളിയിക്കുകയും ചെയ്തു. തുടർന്ന് സ്വതന്ത്ര തെലങ്കാനക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. ആ പ്രക്ഷോഭത്തിൽ കെസിആർ വീണ്ടും എംപി സ്ഥാനം രാജിവെക്കുകയും വീണ്ടും തിരഞ്ഞെടുപ്പ് നേരിടുകയും ചെയ്തു. 2009‐08, തെലങ്കാന രൂപീകരണത്തിനായുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതുവരെ വരെ സന്ധിയില്ലാത്ത നിരാഹാരം പ്രഖ്യാപിച്ചു. ഉപവാസത്തിന്റെ പതിനൊന്നാംനാൾ കേന്ദ്രം സ്വതന്ത്ര തെലങ്കാന രൂപീകരണത്തിന് സമ്മതം പ്രഖ്യാപിച്ചു. അങ്ങനെ ഒരു ദശാബ്ദത്തോളം നീണ്ട തെലങ്കാന രൂപീകരണത്തിനായുള്ള പോരാട്ടം അവസാനിക്കുകയും ടിഡിസിനോടൊപ്പം പ്രതിപക്ഷ മുന്നണിയിൽ ചേർന്ന് ടിആർഎസ്സ് സ്വതന്ത്ര തെലങ്കാനയുടെ ആദ്യ അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. കെ സി ആർ ഉപവാസം കിടന്നു നേടിയെടുത്തതാണ് തെലങ്കാന എന്ന പ്രചാരണത്തിന് സംസ്ഥാനത്ത് വലിയ വൈകാരിക മാനങ്ങളുണ്ടാവുകയും 2014 ജൂൺ 2ന്‌ തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി കെ സി ആർ ചുമതലയേൽക്കുകയും ചെയ്തു. ആ അപ്രമാദിത്യത്തിനാണ് ഒരു ദശകത്തിനുശേഷം വിരാമമായിരിക്കുന്നത്. രണ്ടാം ഭരണ കാലയളവിൽ അളവില്ലാത്ത അഴിമതി ആരോപണങ്ങളും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ടി ആർ എസ് ഗവൺമെന്റിനുമേൽ കരിനിഴൽ വീഴ്ത്തി. എന്നിട്ടും വിജയപ്രതീക്ഷയിൽ തന്നെയാണ് ടിആർഎസ് പോരിനിറങ്ങിയത്. കൂർമതയുള്ളൊരു പ്രതിപക്ഷം തെലങ്കാനയിൽ അവസാനഘട്ടംവരെ ഉരുവായി വന്നിരുന്നില്ല എന്നത് ടി ആർ എസ്സിന് ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ ജനഹിതം ഇത്തവണ ടിആർഎസിനെയും കെ സി ആറിനെയും തുണച്ചില്ല. കാമറെഡ്ഡിയിലും സിറ്റിങ് സീറ്റ് ആയ ഗജ്വാളിലും മത്സരിച്ച കെ സി ആറിന് വലിയ അപമാനമാണ് തിരഞ്ഞെടുപ്പ് ഫലം നൽകിയത്‌. കാമറെഡ്ഡിയിൽ ബിജെപിയുടെ കട്ടിപ്പള്ളി വെങ്കട രാമ റെഡിയോട് 6741 വോട്ടുകൾക്കാണ് കെ സി ആർ പരാജയപ്പെട്ടത്.

തിരഞ്ഞെടുപ്പിന് ആറു മാസം മുന്നേ തെലങ്കാനയിൽ മൃതസമാനമായിരുന്നു കോൺഗ്രസ്സ്. കർണാടകയിലെ വിജയമാണ് കോൺഗ്രസ്സിനെ പ്രതീക്ഷാഭരിതരാക്കിയത്. എന്നാൽ ബിആർഎസ്സിന്റെ അഴിമതിയെയോ കുടുംബവാഴ്ചയെയോ ഏതെങ്കിലും രീതിയിൽ രാഷ്ട്രീയമായി വെല്ലുവിളിക്കാനോ ബി ആർ എസ്സിന്റെയും ബി ജെ പിയുടെയും ജാതി-മത രാഷ്ട്രീയ സമവാക്യങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ ബദലാവാനോ കോൺഗ്രസ്സിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിൽ സംഖ്യാപരമായി വിജയികളാണെങ്കിലും രാഷ്ട്രീയമായി ഒട്ടും ആശാസ്യമായ നിലയല്ല കോൺഗ്രസ്സിന്റേത്. ദേശീയതലത്തിൽ INDIA മുന്നണി ഉണ്ടാക്കി ബി ജെ പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ കരുത്തുറ്റ മുന്നണി രൂപീകരിച്ചെങ്കിലും സാമാന്യമായ മുന്നണി മര്യാദ പോലും പാലിക്കാതെയാണ് തെലങ്കാനയിൽ കോൺഗ്രസ്സ് തിരഞ്ഞെടുപ്പിലേക്കിറങ്ങിയത്. അവസാനഘട്ടം മുന്നണിയിലുണ്ടായിരുന്ന പാർട്ടികളെ ഇരുട്ടിൽ നിർത്തുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൃഹത്തായ പ്രതിപക്ഷ ഐക്യം ആഗ്രഹിച്ച പുരോഗമന പാർട്ടികളെ തീർത്തും നിരാശരാക്കുകയും ചെയ്തു. 2018ൽ മുന്നണിയുടെ ഭാഗമായിരുന്ന തെലങ്കാന ജനസമിതി അന്ന് 6 സീറ്റിലും സിപിഐ 3 സീറ്റിലുമാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ സിപിഐക്ക് ഒരു സീറ്റ് മാത്രമാണ് നൽകിയത്. ടിജെഎസ്സിനെ ഒരു സീറ്റും നൽകാതെ വെറും ഐക്യദാർഢ്യത്തിലൊതുക്കുകയാണ് കോൺഗ്രസ്സ് ചെയ്തത്. സാമാന്യ മര്യാദകൾ പാലിക്കാത്ത മുന്നണി സംവിധാനത്തിന്റെ ഭാഗമാകാൻ തയ്യാറാകാതെ സിപിഐ എം ഒറ്റക്കാണ് തെരഞ്ഞെടുപ്പ് നേരിട്ടത്. തെലങ്കാനയിൽ വിജയിച്ചെങ്കിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും ദയനീയമായി പരാജയപ്പെട്ട കോൺഗ്രസ്സിന് ദേശീയതലത്തിൽ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായ രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് ദിവസം ഗോപൂജ നടത്തിയതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ കോൺഗ്രസ്സ് തെലങ്കാനയിൽ മതേതര രാഷ്ട്രീയമാണോ പിന്തുടരുക എന്ന ചോദ്യമുയർത്തുണ്ട്.

ബിജെപിയുടെ വോട്ടു ശതമാനത്തിലുണ്ടായ വർധനവും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 2018ൽ വെറും ഒരു സീറ്റിൽ മാത്രമായിരുന്ന ബിജെപി ഇത്തവണ 8 സീറ്റുകളിലാണ് വിജയിച്ചിരിക്കുന്നത്. ഏതാണ്ട് 7%ത്തോളം വോട്ടു വർധനവുണ്ടാക്കാൻ ബിജെ പിക്ക് കഴിഞ്ഞിട്ടുണ്ട്. അഴിമതിയാരോപണങ്ങളിലും സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട വിമർശനങ്ങളിലും അടിമുടി മുങ്ങിനിൽക്കുകയാണ് തെലങ്കാനയിലെ ഭരണം. കോൺഗ്രസ്സ് എങ്ങനെയാണ് ഈ ആശങ്കകൾക്കതീതമായൊരു ഭരണം കാഴ്ചവെക്കാൻ പോകുന്നത് എന്നത് കൗതുകമുണർത്തുന്ന ചോദ്യമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വെറുംവാക്കുകളായി അവശേഷിക്കുമോ അതോ യാഥാർഥ്യമായി പരിണമിക്കുമോ എന്ന് വരുംദിവസങ്ങളിൽ തെലങ്കാനയിൽ കോൺഗ്രസ്സ് സ്ഥാനാരോഹണത്തിനൊരുങ്ങുമ്പോൾ ദേശീയതലത്തിൽ INDIA സഖ്യത്തിന്റെ യോഗം വിവിധ പാർട്ടികളുടെ അസൗകര്യം മൂലം മാറ്റി വെച്ചിരിക്കുന്നു എന്ന വാർത്തയാണ് അറിയാൻ കഴിയുന്നത്. കോൺഗ്രസ്സിന്റെ ദുരാഗ്രഹബുദ്ധി ദേശീയ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുകയാണെങ്കിൽ അത് അങ്ങേയറ്റം അപലപനീയമായൊരു രാഷ്ട്രീയ മനോഭാവമായിരിക്കും. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ രൂപത്തിലേക്ക് കടന്നുതുടങ്ങിയിരിക്കെ അതിശക്തമായൊരു പ്രതിരോധം തീർക്കുന്നതിൽ നിന്നും വിള്ളൽ വരുത്തുന്നതിലേക്ക് കോൺഗ്രസ് രാഷ്‌ട്രീയം പരിണമിച്ചാൽ രാജ്യത്തിന്റെ മതേതരത്വത്തെയും ജാനാധിപത്യ സംവിധാനത്തെയും വഞ്ചിച്ചതിന്റെ ഉത്തരവാദിത്വം എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുമേൽ കരിനിഴൽ പരത്തും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − two =

Most Popular