Saturday, May 4, 2024

ad

Homeസിനിമകാതൽ the core: അവനവനിലേക്ക്‌ മടങ്ങിയെത്തുന്ന രതിയുടെ ഉടൽസഞ്ചാരങ്ങൾ

കാതൽ the core: അവനവനിലേക്ക്‌ മടങ്ങിയെത്തുന്ന രതിയുടെ ഉടൽസഞ്ചാരങ്ങൾ

രാധാകൃഷ്‌ണൻ ചെറുവല്ലി

മ്മൂട്ടി കമ്പനി നിർമിച്ച്‌ ജിയോ ബേബി സംവിധാനം ചെയ്‌ത കാതൽ the core, പല സവിശേഷതകൾ മുന്നോട്ടുവയ്‌ക്കുന്ന സിനിമയാണ്‌. നാം നാളിതുവരെ ഒളിച്ചുവച്ചിരുന്നതിനെ തുറസ്സാക്കാൻ ഏതു ഘടകമാണ്‌ ഒരു കലാകാരനുള്ളിൽ പ്രവർത്തിക്കുന്നത്‌? ജീവശാസ്‌ത്രത്തിലും മനഃശാസ്‌ത്രത്തിലും ജീവിതവീക്ഷണങ്ങളിലും അത്ഭുതകരമായ മാറ്റങ്ങളാണ്‌ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകൾ കൊണ്ടുവന്നത്‌. സ്വാഭാവികമായ ആനന്ദാനുഭൂതികളെ മാനിക്കാനും അംഗീകരിക്കാനും വിവിധ മനുഷ്യസമൂഹങ്ങൾ തയ്യാറാകാൻ തുടങ്ങുന്നു എന്നത്‌ ആഹ്ലാദകരമാണ്‌.

ഇക്കാര്യത്തെപ്പറ്റി മിഷേൽ ഫൂക്കോ (Michel Foucault 1926‐1984) ചിക്കാഗോ ജേണൽസിനു നൽകിയ ഒരു അഭിമുഖത്തിൽ ഇങ്ങനെ ഇങ്ങനെ പറയുന്നു (July 1978): ചില പ്രത്യേകതരം സദാചാര സങ്കൽപങ്ങൾ, നിയമങ്ങൾ, നിയമപരമായ തീർപ്പുകൾ എന്നിവയ്‌ക്കെതിരെ പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ നടന്ന പോരാട്ടങ്ങളിലൂടെയാണ്‌ സ്വവർഗാനുരാഗികൾ എന്ന വിഭാഗം തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ തുടങ്ങുന്നത്‌. 1870കളിൽ നടന്ന സംവാദങ്ങളും അതിനെത്തുടർന്നുണ്ടായ തിരിച്ചറിവുകളും പരസ്‌പരബന്ധിതമായ പ്രതിഭാസങ്ങളിലേക്ക്‌ വിരൽ ചൂണ്ടി. ‘സ്വവർഗാനുരാഗം’ എന്ന ആശയം തന്നെ മനുഷ്യരെ കൽത്തുറുങ്കുകളിൽ അടയ്‌ക്കാൻ പര്യാപ്‌തമായ ഒന്നായി നിലനിന്നിരുന്നത്‌ നമുക്ക്‌ ചരിത്രത്തിൽ കാണാം. ആന്ദ്രേ ഴിദ്‌, ഓസ്‌കാർ വൈൽഡ്‌, മാഗ്നസ്‌ ഹിർഷ്‌ഫെൽഡ്‌ തുടങ്ങിയവർ ഇതിനെതിരെ സ്വാഭാവികമായും പടപൊരുതി.

ഓസ്‌കാർ വൈൽഡ്‌ സ്വവർഗാനുരാഗക്കുറ്റം ആരോപിക്കപ്പെട്ട്‌ ലണ്ടനിലെ റീഡിംഗ്‌ ജയിലിൽ അടയ്‌ക്കപ്പെട്ടപ്പോൾ എഴുതിയ ജയിൽ കുറിപ്പുകൾ‐ De Profundis‐ ആഴത്തിൽ നിന്നുള്ള നിലവിളി‐ ആ കാലത്തെ സദാചാരസങ്കൽപങ്ങളെ വെളിപ്പെടുത്തുന്നുണ്ട്‌.

ഇന്ന്‌ ഇന്ത്യയിൽ സ്വവർഗാനുരാഗം ഒരു കുറ്റമല്ല. 2018 സെപ്‌തംബർ 6ന്‌ സുപ്രിം കോടതി അതിന്റെ ചരിത്രപ്രധാനമായ വിധിപ്രഖ്യാപനത്തിലൂടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്‌ഷൻ 377 വകുപ്പ്‌ റദ്ദാക്കി. അതോടെ സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതായി.

ഈ പശ്ചാത്തലത്തിലാണ്‌ നാം സ്വവർഗാനുരാഗത്തിന്റെ ചലച്ചിത്രഭാഷ്യങ്ങളെ സമീപിക്കുന്നത്‌. ഭിന്ന ലൈംഗികാഭിമുഖ്യമുള്ളവരെ അധിക്ഷേപപദങ്ങൾ കൊണ്ട്‌ ചെരുപ്പുമാലയിടുകയും ഒറ്റപ്പെടുത്തലിന്റെ ആഴക്കിണറിലേക്ക്‌ എറിയുകയും ചെയ്‌തിരുന്ന കേരളസമൂഹം യാഥാർഥ്യത്തിലേക്ക്‌ മിഴിതുറക്കുകയാണ്‌. മതം അടിച്ചേൽപ്പിക്കുന്ന വിലക്കുകൾ, അകറ്റിനിർത്തൽ, അധിക്ഷേപം, എന്നീ ഘട്ടങ്ങൾ പിന്നീട്ട്‌ LGBTQIA-‐ Lesbian, gay, bisexual, queer, intersex‐ സമൂഹം സാമൂഹ്യ അംഗീകാരത്തിലേക്ക്‌ കടക്കുകയാണ്‌. രണ്ടു പെൺകുട്ടികൾ (2018), അർധനാരി (2012), മുംബൈ പൊലീസ്‌ (2013), മൈ ലൈഫ്‌ പാർട്ട്‌ണർ (2014), മൂത്തോൻ (2019), സഞ്ചാരം (2004), ഭീഷ്‌മപർവം (2022), തിര (2013), ബി 32 മുതൽ 44 വരെ (2023) എന്നീ മലയാളം ചലച്ചിത്രങ്ങൾ പല കോണുകളിൽനിന്നും ഈ വിഷയത്തെ സമീപിച്ചിരുന്നു. ദേശാടനക്കിളികൾ കരയാറില്ല എന്ന പത്മരാജൻ ചിത്രം വളരെ ഒതുക്കിയാണ്‌ ഈ വിഷയം അവതരിപ്പിച്ചതെങ്കിൽ വളരെ തുറന്ന സമീപനമാണ്‌ എം ബി പത്മകുമാർ സംവിധാനം ചെയ്‌ത മൈ ലൈഫ്‌ പാർട്ട്‌ണർ സ്വീകരിച്ചത്‌. ധീരമായ ആ സമീപനത്തിന്‌ പുരസ്‌കാരങ്ങൾ കൈവന്നുവെങ്കിലും തിയേറ്റർ വിജയമുണ്ടായില്ല. പൈങ്കിളിവൽക്കരിച്ച്‌, LGBTQIA സമൂഹത്തിന്റെ അതിസങ്കീർണമായ പ്രശ്‌നത്തെ പരിഹാസ്യമാക്കുകയാണ്‌ ഈ സിനിമകളിൽ ഏറെയും ചെയ്‌തിട്ടുള്ളത്‌.

‘മൈ ലൈഫ്‌ പാർട്ട്‌ണറി’ൽ നിന്നും രണ്ടു ചുവട്‌ താഴെയാണ്‌ ഈ പ്രശ്‌നത്തിൽ ജിയോ ബേബിയുടെ കാതൽ the core നിൽക്കുന്നത്‌. എന്നാൽ കൂടുതൽ പ്രേക്ഷകരിലേക്ക്‌ ഈ വിഷയം എത്തിക്കാനായത്‌ കാതലിന്റെ വിജയം തന്നെയാണ്‌. പൊതുമണ്ഡലത്തിന്റെയും പൊതുബോധത്തിന്റെയും നിർമിതിയിൽ മുഖ്യധാരയുടെ പങ്ക്‌ വലുതാകയാൽ മമ്മൂട്ടി കന്പനിയും ജിയോ ബേബിയും കാണിച്ച ധീരത കുറച്ചുകാണേണ്ടതില്ല.

സഹകരണ ബാങ്ക്‌ മാനേജരായി വിരമിച്ചയാളും പൊതു സ്വീകാര്യനുമാണ്‌ മാത്യു ദേവസ്സി. അതുകൊണ്ടാവാം അയാളെ പഞ്ചായത്ത്‌ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയാകക്കാൻ ഇടതുപക്ഷം തീരുമാനിച്ചത്‌. അരസമ്മതം നൽകി മുന്നോട്ടുപോകുമ്പോഴാണ്‌ മാത്യുവിന്റെ ഭാര്യ ഓമന വിവാഹമോചന കേസ്‌ ഫയൽ ചെയ്യുന്നത്‌. കാരണം അയാൾ സ്വവർഗാനുരാഗിയാണ്‌ (Gay). ജീവിതത്തിൽ മൂന്നോ നാലോ പ്രാവശ്യം മാത്രമേ അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളൂ. ഭാര്യയ്‌ക്കുള്ള conjugal right (വിവാഹസംബന്ധിയായ അവകാശങ്ങൾ) സംരക്ഷിക്കപ്പെടാത്ത സാഹചര്യത്തിൽ വിവാഹമോചനം അനുവദനീയമാണ്‌. എന്തുകൊണ്ട്‌ ഇരുപതുവർഷമെടുത്തു എന്ന കോടതിയുടെ ചോദ്യത്തിന്‌, സ്വവർഗാനുരാഗം കുറ്റകരമല്ലാതാക്കിയ സാഹചര്യത്തിലാണെന്ന്‌ ഓമനയുടെ മറുപടി. മുന്പായിരുന്നെങ്കിൽ മാത്യു ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ശിക്ഷിക്കപ്പെടുമായിരുന്നു.

ഈ വിവാഹമോചന കേസിന്റെ പരിണാമവും മാത്യുവിന്റെ രാഷ്‌ട്രീയവും സമൂഹത്തിന്‌ ഇതിനോടുള്ള സമീപനവുമാണ്‌ ഈ സിനിമയുടെ കാതൽ. ഒരു മുഖ്യധാരാ ഇടതുപക്ഷ രാഷ്‌ട്രീയ പാർട്ടി ഈ പ്രശ്‌നത്തെ എങ്ങനെയാണ്‌ സമീപിക്കുന്നത്‌ എന്നതും സവിശേഷ ശ്രദ്ധയർഹിക്കുന്നു. മാത്യുിന്റെ സ്ഥാനാർഥിത്വം തള്ളിക്കളയുകയല്ല, അതുതന്നെ മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കുകയാണ്‌ ഇടതുപക്ഷം. ഇടതുപക്ഷ പാർട്ടികളുടെ കമ്മിറ്റികൾ ചർച്ചചെയ്‌ത്‌ തീരുമാനത്തിൽ എത്തുന്നത്‌ എപ്രകാരമാണെന്ന്‌ യാഥാർഥ്യബോധത്തോടെ ചിത്രീകരിച്ചിരിക്കുന്നു.

മാത്യു‐ഓമന ദന്പതികളുടെ കുടുംബജീവിതത്തിൽ വലിയ പ്രശ്‌നങ്ങളില്ല, എങ്കിലും ‘എന്തോ ഒന്നിന്റെ’ കുറവുണ്ട്‌. ഈ എന്തോ ഒന്നിന്റെ കുറവ്‌ നമ്മുടെ പല കുടുംബങ്ങളെയും മ്ലാനമാക്കുന്നുണ്ട്‌. ഒരാളിന്റെ ലൈംഗിക അഭിരുചിയോ ആഭിമുഖ്യങ്ങളോ വിവാഹബന്ധങ്ങളിലേക്ക്‌ കടക്കുന്നതിനു മുന്പ്‌ ചർച്ചചെയ്യാറില്ല. മാത്യുവിന്റെ കുടുംബം മ്ലാനമാകാൻ കാരണം പ്രേക്ഷകർ അറിയുന്നത്‌ വിവാഹമോചന കേസോടുകൂടിയാണ്‌.

പ്രശ്‌നം കോടതിക്കു വെളിയിൽ തീർപ്പാക്കാനുള്ള ശ്രമങ്ങൾ ഇരു കുടുംബങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്‌. എന്നാൽ ഓമനയുടെ ഉറച്ച നിലപാടിൽ എല്ലാ നീക്കങ്ങളും പൊളിയുന്നു. വളരെ യാഥാർഥ്യബോധത്തോടെയാണ്‌ ജിയോ ബേബി മാത്യു‐ഓമന ദന്പതികളെ സൃഷ്ടിച്ചിരിക്കുന്നത്‌. കാര്യങ്ങൾ തുറന്നുപറയാനാവാത്തതിന്റെ വിങ്ങൽ ഇരുവരിലും കാണാം. വീട്ടുപണികൾ കഴിഞ്ഞ്‌ കിടക്കയിൽ ഒരുവശം ചരിഞ്ഞ്‌ ഭർത്താവിനെതിരെയാണ്‌ ഓമന കിടക്കുന്നത്‌. മാത്യുവും അപ്രകാരംതന്നെ. എത്ര കനം തൂങ്ങുന്ന നിമിഷങ്ങളാണ്‌ ചെറിയ ചെറിയ ദൃശ്യങ്ങളിലൂടെ ജിയോ ബേബി നമുക്ക്‌ കാട്ടിത്തരുന്നത്‌.

മാത്യു ദേവസ്സി എന്ന കഥാപാത്രത്തെ വിശകലനം ചെയ്യുമ്പോൾ അയാൾ ഒരു ‘ലക്ഷണമൊത്ത’ ആൺ കഥാപാത്രമാണ്‌. എന്നാൽ ആന്തരികമായി അയാൾ സംഘർഷത്തിലാണ്‌. തന്നെ ഞെരുക്കുന്ന സാമൂഹ്യനിർമിതികൾ മറികടക്കാനുള്ള ശേഷി അയാൾ കാട്ടുന്നുമില്ല. അയാളുടെ സ്വവർഗാനുരാഗം അറിയാവുന്ന പലരുമുണ്ട്‌. ഫൂക്കോ നിരീക്ഷിച്ചിട്ടുള്ളതുപോലെ സ്വവർഗാനുരാഗം, സ്വയംഭോഗം, മറ്റു ഭിന്ന ലൈംഗികാമുഖ്യങ്ങൾ എന്നിവ മനുഷ്യർക്ക്‌ അറിയാവുന്നതും എന്നാൽ ജീവിത തുറസ്സുകളിലേക്ക്‌ ആനയിക്കാത്തതുമാണ്‌. ഇത്തരം ഒളിച്ചുപിടിക്കലുകൾ വ്യക്തിത്വങ്ങളുടെ ശിഥിലീകരണത്തിലേക്ക്‌ നയിക്കും. മാത്യുവിന്‌ ഓമനയോടു തുറന്നു പറയണമെന്നുണ്ട്‌. എന്നാൽ അയാളതു ഭയക്കുന്നു. സമൂഹത്തിന്‌ തന്നോടുള്ള ബഹുമാനം തകർന്നുപോകുമോയെന്ന്‌ ഉത്‌കണ്‌ഠപ്പെടുന്നു. മാത്യുവിന്റെ പപ്പയ്‌ക്ക്‌ തന്റെ മകൻ സ്വവർഗാനുരാഗിയാണെന്നറിയാമായിരുന്നു. എന്നാൽ വിവാഹനന്തരം അതു മാറിക്കോളും എന്നാണയാൾ കരുതുന്നത്‌.

മാത്യുവിന്‌ തങ്കനോടുള്ള (തിരിച്ചും) ആഭിമുഖ്യം വളരെ നിശബ്ദമായാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. വെട്ടിത്തുറന്നു പറയാൻ നമ്മുടെ സമൂഹത്തിനുള്ള അതേ സങ്കോചം തന്നെയാണ്‌ ജിയോ ബേബിക്കും. ഒരു രംഗത്തു മാത്രമാണ്‌ മാത്യുവും തങ്കനും പരസ്‌പരം അടുത്തുവരുന്നത്‌. എന്നാൽ അവരുടെ മുഖഭാവങ്ങൾ അത്‌ പ്രകടിപ്പിക്കുന്നുണ്ട്‌. ഇത്തരത്തിൽ ഒതുക്കിപ്പറയാൻ കാരണം കമ്പോളക്കണ്ണു തന്നെയാണ്‌. മമ്മൂട്ടിയെന്ന ആണധികാരബിംബത്തെ പൊളിക്കാനല്ല അതിനനുരോധമായി കഥാഗതി നിർണയിക്കാനാണ്‌ സംവിധായകൻ ശ്രമിക്കുന്നത്‌. ‘കുടുംബപ്രേക്ഷകർ’ എന്ന നിർമിതിയെ സംവിധായകൻ ഭയപ്പെടുന്നു. മമ്മൂട്ടിയുടെ താരപ്രഭയ്‌ക്കു കീഴിൽ മാത്യുവിനെ പതുക്കിവെക്കാൻ കഴിഞ്ഞു. പ്രേക്ഷകർ മമ്മൂട്ടിയെന്ന താരത്തിന്‌ ഉടവുതട്ടില്ലെന്ന്‌ മുൻവിധിയുള്ളവരാണ്‌. മാത്യുവിനുള്ള ലൈംഗിക ആഭിമുഖ്യം ഏതെങ്കിലും വിധത്തിൽ അയാളുടെ വ്യക്തിത്വത്തെ ബാധിക്കേണ്ടതുണ്ടോ? തീർച്ചയായും ഇല്ല. എന്നാൽ അടഞ്ഞ സമൂഹങ്ങളിൽ ‘പതുക്കിവയ്‌ക്ക’ലുകളാണ്‌, സാംസ്‌കാരിക നിർമിതികൾക്കു ചുവട്ടിൽ ഓഛാനിച്ചു നിൽക്കലാണ്‌ സാമൂഹ്യ അംഗീകാരമുള്ള പ്രവൃത്തി. സ്വവർഗാനുരാഗിയായ ഒരുവനെ അങ്ങനെ തന്നെ ദൃശ്യപ്പെടുത്താൻ ജിയോ ബേബി കാട്ടിയ മടിയാണ്‌ ഈ സിനിമയെ ദുർബലമാക്കിയതും കമ്പോള വിജയത്തിലേക്ക്‌ നയിച്ചതും.

ഓമനയെന്ന കഥാപാത്രം സൗമ്യദീപ്‌തവും ശക്തവുമാണ്‌. ജ്യോതിക എന്ന അതുല്യ നടിക്ക്‌ ആ കഥാപാത്രമായി ഉയിരെടുക്കാൻ ഏറെനേരം വേണ്ടിവന്നതുമില്ല. അവർ ഒരു എഴുത്തുകാരിയാണെന്നതിന്‌ സൂചനകളുണ്ട്‌. അതിനാൽതന്നെ മാത്യുവിന്റെ സ്വവർഗാനുരാഗ താൽപര്യം ആദ്യംതന്നെ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും അവൾ എന്തുകൊണ്ട്‌ കുടുംബം എന്ന ചട്ടക്കൂട്‌ ഉപേക്ഷിച്ച്‌ പുറത്തുവന്നില്ല? അവിടെയാണ്‌ സമൂഹത്തിൽ ദൃഢമായിത്തുടരുന്ന മതാത്മകത പ്രശ്‌നവൽക്കരിക്കപ്പെടേണ്ടത്‌. പാർട്ടണറോടുള്ള പരിഗണന അവരിൽ മുറ്റിനിന്നു. എന്നാൽ തന്റെ സ്വത്വാവിഷ്‌കാരത്തിലേക്ക്‌ അവർക്കൊരിക്കൽ വികസിക്കുകതന്നെ വേണം. അവിടെയാണവരുടെ ‘കേസ്‌’ ശക്തമാകുന്നത്‌.

ഈ സിനിമയിൽ പ്രത്യക്ഷമാകുന്ന യുവതലമുറ കുറെക്കൂടി ‘ബോൾഡാണ്‌’. ലൈംഗികതാൽപര്യങ്ങളിലെ വൈവിധ്യത്തെ അവർ അത്ഭുതത്തോടെ കാണുന്നില്ല. സമൂഹത്തിന്റെ ആദ്യ അധിക്ഷേപങ്ങൾ അംഗീകാരമായി മാറ്റാൻ കഴിഞ്ഞത്‌ രാഷ്‌ട്രീയ നിലപാടുകളിൽ ഉറച്ചുനിന്നതിനാലാണ്‌. അയാളെ ഇടതുപക്ഷ ‘സ്വതന്ത്രനാക്കിയ’ രചയിതാക്കൾ നൽകുന്ന സൂചന അർഥവത്താണ്‌. മുഖ്യധാരാ ഇടതുപക്ഷത്തിനാണ്‌ ഇക്കാര്യത്തിൽ ധീരമായ ചുവടുവെക്കാൻ കഴിയുക.

കാട്‌ എന്ന ആവിഷ്‌കാരം സാധ്യമാകുന്നത്‌ ഓരോ മരവും ശക്തമായി സ്വതന്ത്രമായി വളരുമ്പോഴാണ്‌. ഓരോ മനുഷ്യന്റെയും ലൈംഗികതൃഷ്‌ണകളും ജീവിത കാമനകളും സ്വന്തം ഇച്ഛാനുസരണവും മറ്റൊരാളിന്റെ ആഭിമുഖ്യത്തെയോ ഇച്ഛയെയോ തകിടംമറിക്കാതെ മുന്നോട്ടു കൊണ്ടുപോകാനാകുമ്പോഴാണ്‌ ജീവിതം കൂടുതൽ ജനാധിപത്യപരമാവുന്നത്‌. മനുഷ്യർ ഒളിച്ചുപിടിക്കുന്ന കാര്യങ്ങൾ പൊതുവ്യവഹാരമണ്ഡലത്തിലേക്ക്‌ ആനയിക്കുക എന്നത്‌ അത്യന്തം പുരോഗമനപരവും വിപ്ലവകരവുമാണ്‌. ജപ്പാൻ ഉൾപ്പെടെയുള്ള വികസിതസമൂഹങ്ങൾ ഒരു നൂറ്റാണ്ടിനു മുമ്പേ കൈവരിച്ച ബോധ്യങ്ങളിലക്ക്‌ നാം മെല്ലെ മെല്ലെ ചുവടുവെയ്‌ക്കുകയാണ്‌. ലൈംഗികമായതെല്ലാം പാശ്ചാത്യസംസ്‌കാരത്തിന്റെ ജീർണതയായും നാം വളരെ ഉയരത്തിലുള്ള സാംസ്‌കാരികമൂല്യങ്ങളുള്ളവരാണെന്ന കാപട്യവും നാം കൈയൊഴിയേണ്ട കാലമായി. ലോകം ഒരു ഗ്രാമമായി ചുരുങ്ങുന്ന ഇക്കാലത്ത്‌ നമുക്ക്‌ നമ്മുടെ ഉള്ളിലെ ഇടുങ്ങിയ ഇടവഴികളിലേക്ക്‌ കാറ്റും വെളിച്ചവും കടത്തിവിടാം. ആ അർഥത്തിലേക്ക്‌ തുറന്ന ഒരു വാതിലാണ്‌ കാതൽ. സമൂഹത്തിലേക്കെന്നപോലെ അവനവന്റെ ഉടലിലേക്കും ഉടലിന്റെ രാഷ്‌ട്രീയത്തിലേക്കും മനുഷ്യന്‌ സഞ്ചരിക്കാനാവണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular