1975 ജൂൺ മാസം മുതൽ ഇന്ത്യയിൽ അരങ്ങേറിയ അടിയന്ത രാവസ്ഥയും അമിതാധികാരവാഴ്ചയും എത്ര ഭയാനകമായിരുന്നുവെ ന്ന് അക്കാലത്ത് അത് അനുഭവിച്ചറിഞ്ഞവർക്ക് മാത്രമേ മനസ്സിലാകൂ. ഭരണകൂടത്തിന്റെ മർദനോപകരണമാണ് പൊലീസും സൈ ന്യവുമെല്ലാം എന്ന് ഇത്രയേറെ വെളിവായ മറ്റൊരു സന്ദർഭം സ്വതന്ത്ര ഭാരതത്തിലില്ല. അന്ന് കോളേജ് വിദ്യാർത്ഥിയായിരുന്ന ഞാൻ, പഠിച്ചിരുന്ന കോളേജിൽ നടമാടിയ ജനാധിപത്യധ്വംസനങ്ങളെ ഇന്നും ഭയപ്പാടോടെയാണ് ഓർക്കുന്നത്. രാഷ്ട്രീയ എതിരാളികൾക്ക് മാത്രമല്ല അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്റെ സ്വന്തം ഗ്രൂപ്പായ ഐ ഗ്രൂപ്പിനു പുറത്തുള്ള കോൺഗ്രസുകാർക്കുപോലും കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതിന് ഉദാഹരണമാണ് മഞ്ചേരി എൻഎസ്എസ് കോളേജിലെ അന്നത്തെ കെഎസ്‌യുവിന്റെ സമുന്നത നേതാക്കളായിരുന്ന എം ബി ജോൺസൺ, ഇദ്ദേഹം പിൽക്കാലത്ത് കെഎസ്‌യു സ്ഥാനാർത്ഥിയായി മത്സരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി വരെ ആയ ആളാണ്. അച്യുതാനന്ദൻ തുടങ്ങി നാലുപേരെ അറസ്റ്റു ചെയ്ത് 14 ദിവസം തുറുങ്കിലടച്ചത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ ക്ലാസ് പ്രാതിനിധ്യാടിസ്ഥാനത്തിലാക്കി കലാലയ ജനാധിപത്യത്തിന്റെ ഓജസ്സ് കളഞ്ഞത് അക്കാലത്താണ്. ക്ലാസ് പ്രതിനിധികളിൽ ജയിക്കാനാവശ്യമായ ഭൂരിപക്ഷം ഇല്ലെന്ന് കണ്ടപ്പോൾ പ്രതിപക്ഷത്ത് നിന്ന് ജയിച്ച ഒരു വിദ്യാർത്ഥിയെ വീട്ടിൽ നിന്നിറങ്ങുമ്പോൾ പൊലീസ് ജീപ്പിൽ കയറ്റി തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നാടുചുറ്റിയതും അങ്ങനെ കെ എസ്‌യുവിനെ ജയിപ്പിച്ചതും എന്റെ കലാലയ ജീവിതത്തിൽ ഞാൻ നേരിൽ കണ്ട കാഴ്ചയാണ്.
ഏറ്റവും കൊടിയ മർദനങ്ങളാണ് അടിയന്തരാവസ്ഥക്കെതിരെ ധീരമായി പോരാടിയ എസ്എഫ്ഐക്ക് നേരിടേണ്ടിവന്നത്. എസ്എഫ്ഐക്കാരനായതുകൊണ്ടു മാത്രം തുറുങ്കിലടയ്ക്കപ്പെട്ട് പീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ച പെരിന്തൽമണ്ണ ഹൈസ്കൂളിൽ എന്റെ സഹപാഠി കൂടിയായിരുന്ന എൻ മുഹമ്മദ് മുസ്‌തഫയുടെ സ്‌മരണ അതുകൊണ്ടുതന്നെ പ്രഥമഗണനീയമായി മനസ്സിലേക്ക് കടന്നുവരികയാണ്.
ദേശീയ മുസ്ലിങ്ങളിൽ പ്രധാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പെരിന്തൽമണ്ണ താലൂക്കിലെ സമുന്നതനുമായിരുന്ന നെച്ചിയിൽ മൊയ്‌തീൻകുട്ടി അടക്കമുള്ളവർ അടങ്ങുന്ന പെരിന്തൽമണ്ണയിൽ പ്രശസ്‌ത കച്ചവട കുടുംബമായ നെച്ചിയിൽ കുടുംബാംഗമായിരുന്ന കുഞ്ഞിമുഹമ്മദിന്റെയും കദിജയുടെയും മകനായിരുന്നു മുസ്തഫ. പഠിക്കാൻ നല്ല സമർത്ഥനായിരുന്നു. വളരെ പരിമിതമായവർ മാത്രം എസ്എസ്എൽസി പരീക്ഷ എന്ന കടമ്പ കടക്കുന്ന അക്കാലത്ത് ആദ്യതവണ തന്നെ പാസായാണ് മണ്ണാർക്കാട് എംഇഎസ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നത്. കോളേജിലെ സുഹൃത്തുക്കളുടെ സ്വാധീനത്തിൽ എസ്എഫ്ഐയിൽ ആകൃഷ്ടനായ മുസ്തഫ സജീവ എസ്എഫ്ഐ പ്രവർത്തകനാവുകയായിരുന്നു.
1976 ജൂലൈ മാസത്തിൽ അടിയന്തരാവസ്ഥ പത്തിവിടർത്തിയാടുന്ന നാളുകളിൽ കോളേജ് കാന്റീനീൽ നൽകുന്ന ഭക്ഷണത്തിന്റെ നിലവാരക്കുറവ് പരിഹരിക്കാനാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ആരംഭിച്ച ഒരു സാധാരണ പ്രക്ഷോഭം പ്രിൻസിപ്പാളിന്റെ കടുംപിടുത്തത്തിന് മുന്നിൽ പഠിപ്പുമുടക്കു സമരമായി മാറുകയായിരുന്നു. പഠിപ്പുമുടക്കിയ എസ്.എഫ്.ഐ വിദ്യാർത്ഥികളെ നേരിടാൻ വലിയ പൊലീസ് സന്നാഹം തന്നെ കോളേജിൽ നിലയുറപ്പിച്ചു.
പെരിന്തൽമണ്ണക്കാരനും എസ്എഫ്ഐയുടെ സജീവപ്രവർത്തകനും സഹപാഠിയുമായ എൻ കെ ഹനീഫയോടും പെരിന്തൽമണ്ണക്കാരൻ തന്നെയായ മറ്റൊരു സഹപാഠി കെ അയ്യൂബിനുമൊപ്പം ബസ് കിട്ടാൻ ഒരൽപം വൈകിയതു കൊണ്ട് പത്തരമണിയോടെയാണ് രണ്ടാംവർഷ പ്രീഡിഗ്രി വിദ്യാർഥിയായ മുസ്തഫ അന്ന് കോളേജിലെത്തിയത്. കോളേജിൽ കയറുന്നതിന് മുമ്പ് സ്ഥിരമായി ചോറ്റുപാത്രം കൊണ്ടുവെക്കാനായി പോവുന്ന റോഡിന് വശത്തുള്ള ആശാന്റെ ചായക്കടയിലേക്ക് മൂന്നുപേരും കയറി. അവിടെ നിന്നിരുന്ന പൊലീസുകാർ മുസ്തഫയോടും കൂട്ട രോടും പെട്ടെന്ന് കോളേജിലേക്ക് പോകുവാൻ ആജ്ഞാപിച്ചു. കോളേജിലേക്ക് കയറുവാനൊരുങ്ങവേ മറ്റൊരു സംഘം പൊലീസുകാർ ഓടി വന്ന് മുസ്തഫയെയും ഹനീഫയെയും പിടിച്ചുവലിച്ച് സൈഡിൽ നിറുത്തിയിട്ടിരുന്ന പൊലീസ് വാനിലേക്ക് ബലമായി കയറ്റുകയായിരുന്നു. വാനിൽ പത്തിലേറെ വിദ്യാർത്ഥികളെ വേറെയും പിടിച്ചുവെച്ചിരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് പെരിന്തൽമണ്ണ സബ് ജയിലിൽ കൊണ്ടുവന്ന് അടച്ചു. വീട്ടുകാർ ജാമ്യത്തിനായി പരമാവധി ശ്രമിച്ചെങ്കിലും അടിയന്തരാവസ്ഥക്കാലമായതിനാലും കടുത്ത വകുപ്പുകൾ ചേർത്ത് കേസ് ചാർജ് ചെയ്തതിനാലും റിമാന്റ് വീണ്ടും നീട്ടുകയും 21 ദിവസം ജയിലിൽതന്നെ കിടക്കേണ്ടിവരികയും ചെയ്‌തു.
കർക്കടക മാസത്തിലെ കോരിച്ചൊരിയുന്ന മഴക്കാലത്ത് ജയിലിലെ തണുത്ത നിലത്ത് വെറും പേപ്പർ വിരിച്ചായിരുന്നു വിദ്യാർഥികളെ കിടത്തിയിരുന്നത്. പൊതുവെ ആരോഗ്യം കുറഞ്ഞ മുസ്‌തഫയ്‌ക്ക് ജയിലിൽ വെച്ച് കടുത്ത പനിയുണ്ടായെങ്കിലും അധികാരികൾ ഗൗനിച്ചില്ല. 21 ദിവസത്തിന് ശേഷം പുറത്തിറങ്ങിയ മുസ്‌തഫ ജയിലിലെ മാനസികവും ശാരീരികവുമായ പീഡനങ്ങളാൽ അവശനായിരുന്നു.
ജയിൽമോചിതനായ ശേഷം കോളേജിലേക്ക് പോവുമ്പോൾ നീഫയോട് തന്റെ കാലുകളിലെ കടുത്ത വേദന മുസ്തഫ പറഞ്ഞി രുന്നതായി ഹനീഫ് ഓർക്കുന്നു. കോളേജിൽ എത്തി ഗേറ്റ് കടക്കു ന്നതിന് മുമ്പ് കാലുകൾ തളർന്ന മുസ്തഫ ചാലിലേക്ക് വീണ കാര്യവും ഹനീഫ് ഓർക്കുന്നുണ്ട്. വീട്ടിൽ തിരിച്ചെത്തി രാത്രി ടോയ്ലറ്റി ലേക്ക് പോയ മുസ്തഫ അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു വശം പാടെ തളർന്നു പോയിരുന്ന മുസ്തഫയെ, അന്ന് ലഭ്യമായിരുന്ന എല്ലാ ചികിത്സകളും നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല. 1976 ആഗസ്റ്റ് 15ന് രാജ്യം അടിയന്തരാവസ്ഥയുടെ കൈകളാൽ കൂച്ചുവി ലങ്ങിടപ്പെട്ട്, 29 വർഷം മുമ്പ് നേടിയ സ്വാതന്ത്ര്യത്തിന്റെ അർത്ഥം ന ഷ്‌ടപ്പെട്ട് മരവിച്ചു നിൽക്കുന്ന സാതന്ത്ര്യദിനനാളിൽ തന്നെ സ. മുസ്‌തഫ ഈ ലോകത്തോട് വിടപറഞ്ഞു.
മുസ്തഫയുടെ ഓർമ്മ പുതുക്കുവാനായി മൂത്ത സഹോദരന്റെ വീട്ടിൽച്ചെന്ന് തിരിച്ചുപോരുമ്പോൾ, അകാലത്തിൽ പൊലിഞ്ഞു പോയ തങ്ങളുടെ പ്രിയ സഹോദരന്റെ വിങ്ങുന്ന ഓർമ്മകളുമായി നിൽക്കുന്ന സഹോദരന്മാരും ഓർമ്മയുടെ തെളിമ നഷ്ടപ്പെട്ട 94 കഴിഞ്ഞ വൃദ്ധയായ മാതാവും, അന്തരീക്ഷത്തിൽ നിലനിൽക്കുന്ന വീണ്ടുമൊരു അമിതാധികാര വാഴ്ചയുടെ ഭീഷണിയും മനസ്സിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. ♦