Monday, May 6, 2024

ad

Homeപുസ്തകംവി എസിന്റെ ‘ഒരു സമര നൂറ്റാണ്ട്'

വി എസിന്റെ ‘ഒരു സമര നൂറ്റാണ്ട്’

ആർ എൽ ജീവൻലാൽ

നമനസ്സിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമരനായകനാണ് വി എസ് അച്യുതാനന്ദൻ. സർവ്വം പോരാളിയായ ഒരു മനുഷ്യൻ. മലയാളികളെ സംബന്ധിച്ചിടത്തോളം വി എസ് എന്നത് ഒരു പേരല്ല, ആശയമാണ്. നൂറുവർഷങ്ങൾ പിന്നിടുന്ന ആ മഹനീയ ജീവിതത്തിന് ചിന്ത പബ്ലിഷേഴ്സ് അർപ്പിച്ച ആദരമാണ് ‘ഒരു സമരനൂറ്റാണ്ട്’ എന്ന പുസ്തകം. കെ വി സുധാകരനാണ് വി എസിന്റെ ജീവിതത്തെ വരച്ചിട്ടത്. ഏറ്റവും മനോഹരമായി എഴുത്തുകാരൻ ആ കർത്തവ്യം നിർവഹിച്ചിട്ടുണ്ട്. ദുരിതബാല്യത്തിൽ തുടങ്ങി, സമരയൗവനത്തെ അടയാളപ്പെടുത്തിക്കൊണ്ട് കുട്ടനാടിന്റെ വീരഗാഥ രചിച്ച നൂറ്റാണ്ടിന്റെ സമരഭരിതമായ ജീവിതത്തെ ആവേശപൂർവ്വമാണ് എഴുത്തുകാരൻ അടയാളപ്പെടുത്തിയിട്ടുള്ളത്.

ചെത്ത് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കയർ ഫാക്ടറി തൊഴിലാളികൾ, കൊപ്രാ- മിൽ തൊഴിലാളികൾ തുടങ്ങി ദുരിത ജീവിതത്തിന്റെ രുചിയറിഞ്ഞ ഒരു വിഭാഗത്തിന്റെ നരകവഴികളിലേക്കായിരുന്നു അച്യുതാനന്ദൻ പിച്ചവെച്ചിറങ്ങിയത്. ജൗളിക്കടയിലെ സഹായി ആയിട്ടായിരുന്നു വി എസ് തന്റെ ജീവിതം തുടങ്ങിയത്. ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളിയായി ചേർന്നതോടെയാണ് കയർ ഫാക്ടറിയിലെ തൊഴിലാളികളുടെ ദുരിതജീവിതം മനസ്സിലാക്കാൻ വിഎസിന് കഴിഞ്ഞത്. പി കൃഷ്ണപിള്ളയുടെ ആലപ്പുഴയിലേക്കുള്ള വരവും ട്രേഡ് യൂണിയൻ സംഘാടനത്തിനായി കൃഷ്ണപിള്ളയുമായി നടത്തിയ കൂടിക്കാഴ്ചകളുമാണ് കുട്ടനാടിന്റെ വീരഗാഥ രചിക്കാൻ വിഎസിന് ഊർജ്ജമായത്. ആലിശ്ശേരിയിലെ പൊതുസമ്മേളനത്തിൽ ദിവാനെതിരെ കലാപാഹ്വാനം നടത്തി എന്ന കേസിൽ പൊലീസിൽ നിന്ന് വി എസിന് നേരിടേണ്ടിവന്ന ക്രൂരമായ മർദ്ദനത്തിന്റെ നേർചിത്രം ഈ പുസ്തകത്തിലുൾച്ചേർന്നിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ട അതിഭീകര നിമിഷങ്ങളിലൂടെയാണ് വി എസ് കടന്നുപോയത്. ഇത്തരം അനുഭവങ്ങളേകിയ കരുത്താണ് 1967 മാർച്ച് 26ന് നിയമസഭയിൽ വി എസിന്റെ കന്നിപ്രസംഗം ഉജ്ജ്വലമാകാൻ കാരണമായത്. കർഷകത്തൊഴിലാളികളുടെ ശ്രേയസ്സിനു വേണ്ടിയാണ് വി എസ് ശബ്ദമുയർത്തിക്കൊണ്ടേയിരുന്നത്. 1974ലെ കർഷകത്തൊഴിലാളി നിയമം, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ചെത്തുതൊഴിലാളി ക്ഷേമനിധി ആക്ട് 1969 എന്നിവയെല്ലാം നിലവിൽ വന്നത് സന്ധിയില്ലാതെ നടത്തിയ പോരാട്ടങ്ങളുടെയും കൂടിയാലോചനകളുടെയും ഒക്കെ ഫലമായാണ്. 1980 മുതൽ 92 വരെയുള്ള കാലത്താണ് വി എസ് സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചത്. എൽഡിഎഫ് ഗവൺമെന്റിന് 1981 ഒക്ടോബറിൽ അധികാരത്തിൽ നിന്നും പോകേണ്ടി വന്ന രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായ സാഹചര്യത്തിലും കോൺഗ്രസിലെ എ ഗ്രൂപ്പും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും പിന്തുണ പിൻവലിച്ച് യുഡിഎഫിലേക്ക് തിരിച്ചുപോയ സമയത്തും വി എസ് സ്വീകരിച്ച ഉത്തരവാദിത്വപരമായ നിലപാട് കൃത്യമായും വ്യക്തമായും ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം’ എന്ന ടി എസ് തിരുമുമ്പിന്റെ കവിത കേൾക്കുമ്പോഴൊക്കെ വി എസിനെയാണ് ഓർമ്മ വരിക. എൽഡിഎഫ് ഗവൺമെന്റ് ഗവർണർ ആർ എൽ ഭാട്ടിയക്ക് മുമ്പാകെ അധികാരം ഏൽക്കുന്ന സമയത്ത് അദ്ദേഹം നടത്തിയ സത്യപ്രതിജ്ഞ പ്രായാധിക്യത്തെ ആക്ഷേപിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു. 2006ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടുകൂടി അശരണരായ വിഭാഗത്തിന് ആശ്വാസം നൽകിയ നടപടികളെക്കുറിച്ചാണ്‌ ‘മുഖ്യമന്ത്രിപദം നൽകിയ അവസരങ്ങൾ’ എന്ന അധ്യായത്തിൽ. കൂടാതെ കേരളത്തിന് പുതിയൊരു മുഖച്ഛായ നൽകിയ വികസനപ്രവർത്തനങ്ങളെക്കുറിച്ചും ഈ അധ്യായത്തിൽ വ്യക്തമാക്കുന്നുണ്ട്.

‘പെമ്പിളൈ ഒരുമൈ’ സമരത്തിന് വി എസിന്റെ സാന്നിധ്യം തൊഴിലാളികൾക്കേകിയ കരുത്ത് ചെറുതൊന്നുമായിരുന്നില്ല. സമരം പെട്ടെന്ന് അവസാനിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാരിനെ പ്രേരിപ്പിച്ച ഘടകവും വിഎസിന്റെ നിശ്ചയദാർഢ്യം തന്നെയായിരുന്നു. ഭരണത്തിൽനിന്ന് ഭരണപരിഷ്കാരത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന വി എസ് പ്രധാനമായും ലക്ഷ്യം വെച്ചത് സ്ത്രീകൾ, കുട്ടികൾ, പൗരന്മാർ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിങ്ങനെ സമൂഹത്തിന്റെ കരുതലും സംരക്ഷണവും ആവശ്യമുള്ള വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായിരുന്നു. അതിന്റെ ഭാഗമായി സർക്കാരിന് സമർപ്പിച്ച 13 റിപ്പോർട്ടുകളെ കുറിച്ചും അതിലെ മനുഷ്യപക്ഷ കാഴ്ചപ്പാടുകളെ കുറിച്ചും കെ വി സുധാകരൻ വിശദമായി പഠിച്ച് അപഗ്രഥിച്ചിട്ടുണ്ട്. വേലിക്കകത്ത് വീട്ടിൽ സമരഭരിതമായ ഓർമ്മകളുടെ വീണ്ടെടുപ്പിന്റെ ഇടവേളകളിലാണ് വി എസ് അച്യുതാനന്ദനിപ്പോൾ. ‘കൊടിയ ദുഷ്‌പ്രഭുത്വത്തിനു മുന്നിൽ തലകുനിക്കാത്ത’ വി എസ്സിന്റെ ജീവിതകഥ കേരളചരിത്രത്തിലെ ഏറ്റവും നിർണായകമായ ഏടുകൾ കൂടിയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 15 =

Most Popular