Monday, May 20, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ബ്രിട്ടീഷ് സാമ്രാജ്യം

ബ്രിട്ടീഷ് സാമ്രാജ്യം

കെ എസ്‌ രഞ്‌ജിത്ത്‌

ഭൂവിസ്തൃതിയിലും ജനസംഖ്യയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോളം വിപുലമായ മറ്റൊരു ഭരണകൂടം മാനവചരിത്രത്തിൽ ഇന്നുവരെ രൂപപ്പെട്ടിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ രണ്ടാം ലോകയുദ്ധം വരെയുള്ള കാലഘട്ടത്തിൽ പടർന്നു പന്തലിച്ചു കിടന്നിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം മാനവചരിത്രത്തിൽ ചെലുത്തിയ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാധീനം സമാനതകളില്ലാത്തതാണ്. ഭൂവിസ്തൃതിയിൽ ലോകത്തിന്റെ 0.2 ശതമാനം മാത്രവും ആഗോള ജനസംഖ്യയിൽ കേവലം 2 ശതമാനവും വരുന്ന ബ്രിട്ടൻ അടക്കി ഭരിച്ചിരുന്നത് ലോകത്തിലെ അഞ്ചിലൊന്ന് ഭൂപ്രദേശത്തെയാണ്. യൂറോപ്പിലെ മറ്റ് കൊളോണിയൽ രാഷ്ട്രങ്ങളായ ഫ്രാൻസും, സ്പെയിനും, പോർച്ചുഗലുമൊക്കെ ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനപദങ്ങളുടെ മേൽ ദീർഘകാലം ആധിപത്യം പുലർത്തിയിട്ടുണ്ടെങ്കിലും ആധുനിക മനുഷ്യന്റെ ഭാഷയെയും വേഷത്തെയും വരെ മാറ്റിമറിക്കുന്ന വിധത്തിൽ നിർണായകമായ സ്വാധീനമാണ് ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യത്വം ചെലുത്തിയിരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്വഭാവമെന്തായിരുന്നു? ഇത്തരമൊരു ഭരണക്രമത്തെ സൃഷ്ടിച്ചതിനു പിന്നിൽ ഏത്‌ ഭൗതിക ശക്തികളാണ് പ്രവർത്തിച്ചത്?

മംഗോളിയൻ സാമ്രാജ്യം, റഷ്യൻ സാമ്രാജ്യം, ക്വിങ് സാമ്രാജ്യം തുടങ്ങി വിപുലമായ പുരാതന സാമ്രാജ്യങ്ങളൊക്കെ ചേർന്നുകിടക്കുന്ന ഭൂപ്രദേശങ്ങൾ ആയിരുന്നുവെങ്കിൽ ബ്രിട്ടീഷ് സാമ്രാജ്യം അതിൽ നിന്നും വ്യത്യസ്തമായിരുന്നു .ലോകം മുഴുവൻ ചിതറിക്കിടന്നിരുന്ന, ബ്രിട്ടീഷ് രാജഭരണക്രമത്തിനു കീഴ്പെട്ടുനിൽക്കുന്ന കോളനി രാജ്യങ്ങളൊക്കെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭാഗമായി കരുതപ്പെടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരന്നുകിടക്കുന്ന ദേശങ്ങളെയൊക്കെ ഒരു ഭരണക്രമത്തിനു കീഴിൽ കൊണ്ടുവരുവാൻ സാധിച്ചതിനു പിന്നിൽ 19‐ാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ ഉദയം ചെയ്ത സാങ്കേതിക വിദ്യകൾക്ക് നിർണായക പങ്കുണ്ട്. നിരന്തരം പുതിയ കമ്പോളങ്ങൾ തേടുന്ന മൂലധനത്തിന്റെ ഒടുങ്ങാത്ത ലാഭേച്ഛകൾക്കും ഈ സാമ്രാജ്യത്വ സൃഷ്ടിയിൽ നിർണായക പങ്കുണ്ട് . ആവിയന്ത്രങ്ങളെ ആസ്പദമാക്കിയ ഗതാഗത സംവിധാനങ്ങളുടെ കടന്നുവരവിന് കേന്ദ്രീകൃതമായ ഭരണകൂടങ്ങളുടെ രൂപീകരണത്തിൽ നിർണായക പങ്കുണ്ട്. ബ്രിട്ടനുള്ളിൽ തന്നെ ഒറ്റപ്പെട്ടു കിടന്നിരുന്ന വ്യത്യസ്ത ഭരണ പ്രദേശങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ റയിൽവേലൈനുകളുടെ ശൃംഖലകൾക്ക് നിർണായക പങ്കുണ്ട്. കോളനി രാജ്യങ്ങളിൽ നിന്നും പ്രാഥമിക വിഭവങ്ങൾ കടത്തിക്കൊണ്ടുപോരുന്നതിനും പട്ടാളത്തിന് വേഗത്തിൽ ഒരു പ്രദേശത്തുനിന്നും വേറൊരിടത്ത് എത്തിച്ചേരാനും റെയിൽവേ നെറ്റ്‌വർക്കുകളുടെ വ്യാപനം അനിവാര്യമായിരുന്നു . കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ രൂപപ്പെട്ട റെയിൽ ശൃംഖല ഇതിന്റെ നല്ല ഉദാഹരണമാണ്.

മഹാസമുദ്രങ്ങൾ താണ്ടാനുതകുന്ന സുരക്ഷിതമായ ആവി ക്കപ്പലുകൾ സാമ്രാജ്യ വ്യാപനത്തിന് സഹായിച്ച മറ്റൊരു സുപ്രധാന ഘടകമാണ്. സന്ദേശങ്ങൾ അതിവേഗം എത്തിക്കാനുതകുന്ന ടെലിഗ്രാഫിന്റെ ആവിർഭാവവും മറ്റൊരു നിർണായക ഘടകമാണ്. പുതിയ ഊർജോല്പാദന സമ്പ്രദായങ്ങളും ഇരുമ്പിന്റെയും ഉരുക്കിന്റെയും കടന്നുവരവും സാമ്രാജ്യ വ്യാപനത്തിനാവശ്യമായ സാങ്കേതികവിദ്യകൾ പ്രദാനംചെയ്തു. ഗതാഗത സംവിധാനങ്ങൾ കൂടുതൽ വേഗമുള്ളതും ചെലവ് കുറഞ്ഞതുമായി മാറി .ഒരു ആവിക്കപ്പൽ അറ്റ്ലാന്റിക് സമുദ്രം ആദ്യമായി കടക്കുന്നത് 1833 ലാണ്. 1800 ൽ അറ്റ്ലാന്റിക് സമുദ്രം കടക്കാൻ രണ്ടു മാസം വേണ്ടിയിരുന്നുവെങ്കിൽ 1850ൽ അത് ആറ് ആഴ്ചകളും 1914ൽ ഒരാഴ്ചയുമായി കുറഞ്ഞു. ഇത് സമുദ്രാന്തര വാണിജ്യത്തിന് അടിത്തറയിട്ടു. പുതിയ കമ്പോളങ്ങൾ തേടിയുള്ള സാമ്രാജ്യത്വ മൂലധനത്തിന്റെ പ്രയാണങ്ങൾ ഇത് സാധ്യമാക്കി. സൂയസ് കനാലിന്റെ നിർമാണം പൂർത്തിയായതോടെ ലണ്ടനിൽ നിന്നും ബോംബയിലേക്കുള്ള ദൂരം 7000 കിലോമീറ്ററും സിംഗപ്പൂരിലേക്കുള്ളത് 5000 കിലോമീറ്ററും കുറഞ്ഞു. വീണ്ടും ഇന്ധനം നിറയ്ക്കാതെ ഈയൊരു യാത്ര അതിനു മുൻപ് സാധ്യമായിരുന്നില്ല.

ദൂരങ്ങളെ ചുരുക്കുന്നതിൽ വാർത്താ വിനിമയ സംവിധാനങ്ങളിലുണ്ടായ വിപ്ലവവും നിർണായക പങ്കുവഹിച്ചു. 1938ലാണ് സാമുവേൽ മോഴ്സ് ടെലിഗ്രാഫ് കണ്ടുപിടിക്കുന്നത്. ഇംഗ്ലീഷ് ചാനലിന് കുറുകെ 1851 ലും അറ്റ്ലാന്റിക്കിനു കുറുകെ 1866 ലും സമുദ്രത്തിനടിയിലൂടെയുള്ള കേബിളുകൾ സ്ഥാപിച്ചു. 1902 ഓടെ എല്ലാ ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിൽ കേബിൾ ശൃംഖലകൾ നിലവിൽ വന്നു. 1805 ൽ ബ്രിട്ടീഷ് നാവികരും ഫ്രഞ്ച് സ്പാനിഷ് സഖ്യ കക്ഷികളും തമ്മിൽ ട്രാഫൽഗറിൽ നടന്ന യുദ്ധത്തിന്റെ വിജയ വാർത്ത ലണ്ടനിലെത്താൻ 17 ദിവസങ്ങൾ വേണ്ടിവന്നിരുന്നു 1875 ൽ കൊൽക്കത്തയിൽ നിന്നുമുള്ള വാർത്ത മിനിറ്റുകൾക്കുള്ളിൽ ലണ്ടനിൽ എത്തുന്ന സ്ഥിതിയായി. 1857 ലെ നാവിക കലാപത്തെത്തുടർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പട്ടാളമാണ് ഇന്ത്യയിൽ ടെലിഗ്രാഫ് അടിയന്തരമായി സ്ഥാപിക്കുന്നത്. ഇംഗ്ലണ്ട് കേന്ദ്രമാക്കി മാധ്യമ സ്ഥാപനങ്ങൾ ഉയർന്നുവരുന്നതും ഇതേ തുടർന്നാണ് . 1922 ൽ ബി ബി സി നിലവിൽ വന്നു.

ഇത്തരത്തിലുള്ള മാറ്റങ്ങളെത്തുടർന്ന് ഒരു സാമ്രാജ്യത്വ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളും നടന്നു. 1884ൽ ഓസ്ട്രേലിയ , ന്യൂസിലാൻഡ്, കാനഡ, ബാർബഡോസ്, ബ്രിട്ടീഷ് ഗയാന എന്നിവയെ ‘ചേർത്ത് Imperial Federation League സ്ഥാപിച്ചു. സാമ്രാജ്യത്വത്തെ സ്ഥാപനവൽക്കരിക്കാനും, പട്ടാളത്തെ ഉപയോഗപ്പെടുത്തി അധികാരം ഉറപ്പിക്കാനും വാണിജ്യം വിപുലീകരിക്കാനും ആണ് ഇതുവഴി ലക്ഷ്യമിട്ടത്. എന്നാൽ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴ്പ്പെടാൻ മറ്റു രാജ്യങ്ങൾക്ക് സമ്മതമായിരുന്നില്ല .ഈ നീക്കത്തിനെതിരായ പ്രക്ഷോഭങ്ങൾ 1837ൽ കാനഡയിൽ നടന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം ആഗ്രഹിച്ചതുപോലെ ഒരു സ്വതന്ത്ര വ്യാപാര മേഖലയുടെ രൂപീകരണവും സാധ്യമായില്ല. മാത്രമല്ല ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് കാനഡ ഉയർന്ന താരിഫുകൾ ഏർപ്പെടുത്തി. പ്രൊട്ടക്ഷനിസത്തിന്റെ യുഗത്തിന് അത് യഥാർത്ഥത്തിൽ തുടക്കമിട്ടു.

കൊളോണിയൽ ജനതകളെ തങ്ങളുടെ വരുതിക്ക് നിർത്താൻ ആയുധബലത്തെ മാത്രമല്ല ബ്രിട്ടീഷ് സാമ്രാജ്യത്വം ആശ്രയിച്ചത്. വെള്ളക്കാരന്റെ അപ്രമാദിത്വം (Whiteman’s supremacy) അടിവരയിട്ടുറപ്പിക്കാൻ സാംസ്കാരിക ആധിപത്യവും അനിവാര്യമാണ് എന്ന തിരിച്ചറിവ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് നല്ലതുപോലെ ഉണ്ടായിരുന്നു. ക്രിസ്ത്യൻ മതവും വെള്ളക്കാരനുതകുന്ന വിദ്യാഭ്യാസ സംവിധാനങ്ങളും കോളനിരാജ്യങ്ങളിലേക്ക് അവർ കയറ്റുമതി ചെയ്തു. ക്രിസ്തീയ മതസ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പൊതുവിൽ ക്ഷയിച്ചുതുടങ്ങിയിരുന്നെങ്കിലും സാമൂഹിക ജീവിതത്തിലും മാനുഷിക ബന്ധങ്ങളിലും മതത്തിന് നല്ല സ്വാധീനമുണ്ടായിരുന്നു. എല്ലാ പഠനസമ്പ്രദായത്തിലും ബൈബിളിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. സാമ്രാജ്യത്വ വ്യാപനത്തിന് പള്ളിക്കും പട്ടക്കാരനും വലിയ പ്രാധാന്യം നൽകപ്പെട്ടു .കൊളോണിയൽ ഗവർണർമാരിൽ മൂന്നിലൊന്നും ആംഗ്ലിക്കൻ പുരോഹിതരുടെ പിന്തുടർച്ചക്കാരായിരുന്നു. യൂറോപ്യനിതര ലോകത്തെ മാറ്റിമറിക്കാനുള്ള ദൗത്യം ക്രിസ്ത്യൻ മിഷനറിമാർ ഏറ്റെടുത്തു. Church Mission Society (CMS), London Missionary Society (LMS) എന്നിവയൊക്കെ കോളനി രാജ്യങ്ങളിൽ സജീവമായി. LMS ആഫ്രിക്കയിൽ സജീവമായപ്പോൾ CMS ഇന്ത്യയിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. എന്നാൽ സമത്വമെന്ന ക്രിസ്തീയ ആശയത്തെ മുറുകെപ്പിടിച്ചതിന്റെ പേരിൽ പലയിടത്തും മിഷനറിമാരും കൊളോണിയൽ ഭരണകൂടവും തമ്മിലുള്ള സംഘർഷങ്ങളും ഉണ്ടായി. ഡെമെറാരയിലെയും ജമൈക്കയിലെയും അടിമ കലാപങ്ങളിൽ ഇത് പ്രകടമായി. 1900ൽ ലോകത്താകമാനം ഏതാണ്ട് ൧൦൦൦൦ മിഷനറിമാർ പ്രവർത്തിച്ചിരുന്നു . വ്യാപാരവും നാഗരികതയും ക്രിസ്തീയ മതവും ഒരേ നുകത്തിൽ കെട്ടേണ്ടവയാണ് എന്ന വിശ്വാസമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം പൊതുവെ വെച്ചുപുലർത്തിയിരുന്നത്.

ഇതിനു സമാന്തരമായിട്ടാണ് വിദ്യാഭ്യാസമേഖലയെയും സാമ്രാജ്യത്വം കണ്ടിരുന്നത്. ശാസ്ത്ര സാങ്കേതിക വിപ്ലവങ്ങളുടെ നാട് എന്ന നിലയിൽ ആധുനിക ജ്ഞാനസമ്പ്രദായത്തിൽ തങ്ങൾക്കുള്ള മേൽകൈ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് നന്നായി അറിയാമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സുവർണകാലഘട്ടത്തിലാണ് ശാസ്ത്ര സാങ്കേതിക വിപ്ലവങ്ങളും അരങ്ങേറുന്നത്. ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണുന്നതിന്റെ പ്രയോജനങ്ങൾ അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനാൽ, ആധുനിക വിദ്യാഭ്യാസം കൊളോണിയൽ രാജ്യങ്ങളിൽ ‘പ്രോത്സാഹിപ്പിക്കുക’ എന്നത്‌ അവരുടെ നയമായി മാറി. കോളനി രാജ്യങ്ങളിൽ ഭരണം നടത്താൻ, തങ്ങൾക്കാവശ്യമായ ഗുമസ്തന്മാരെ സൃഷ്ടിക്കാൻ അത് അവർക്ക് അനിവാര്യമായിരുന്നു. വ്യക്തിയുടെ വികാസമായിരുന്നില്ല ഭരണകൂടത്തിന്റെ ഇംഗിതങ്ങൾ ആയിരുന്നു ലക്ഷ്യം. ചെടികളുടെയും മൃഗങ്ങളുടെയും വർഗീകരണവും ശാസ്ത്രീയ പഠനവും ലോക വ്യാപകമായി നടപ്പിലാക്കപ്പെട്ടു. ഹോർത്തൂസ് മലബാറിക്കസ് ഉദാഹരണം, എല്ലാ ശാസ്ത്ര ശാഖകളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങൾ ബോധപൂർവ്വമോ അല്ലാതെയോ തിരുകിക്കയറ്റപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പ്രത്യക്ഷത്തിൽ പടിയിറങ്ങിപ്പോയി എങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വവും അതിന്റെ കോളോണിയൽ അവശേഷിപ്പുകളും ഇന്നും പഴയ കോളനി രാജ്യങ്ങളിൽ പല രൂപത്തിൽ തുടരുന്നുണ്ട്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + 3 =

Most Popular