Friday, November 22, 2024

ad

Homeഇവർ നയിച്ചവർഎം സത്യനേശൻ: കർഷകപ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവ്‌

എം സത്യനേശൻ: കർഷകപ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

തിരുവനന്തപുരം ജില്ലയിൽ പൊതുവെയും നെയ്യാറ്റിൻകര താലൂക്കിൽ പ്രത്യേകിച്ചും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ എം സത്യനേശൻ. 1960ൽ എ കെ ജി നയിച്ച കർഷകജാഥയിൽ തിരുവനന്തപുരം ജില്ലയെ പ്രതിനീധികരിച്ച്‌ ജാഥയിൽ പങ്കെടുത്തത്‌ സത്യനേശനായിരുന്നു. കാണിപ്പറ്റ്‌ കർഷകസമരം ഉൾപ്പെടെ നെയ്യാറ്റിൻകര താലൂക്കിലെ ഒട്ടനവധി കർഷക പ്രക്ഷോഭങ്ങൾക്ക്‌ അദ്ദേഹം നേതൃത്വം നൽകി.

1934 സെപ്‌തംബർ 9ന്‌ നെയ്യാറ്റിൻകരയിലെ ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ച സത്യനേശൻ വിദ്യാർഥി‐യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നേതൃത്വത്തിലെത്തിയത്‌. സൗമ്യപ്രകൃതിയായ അദ്ദേഹം ‘ജന്റിൽമാൻ കമ്യൂണിസ്റ്റ്‌’ ആയാണ്‌ പരക്കെ അറിയപ്പെട്ടത്‌.

നാഗർകോവിലിലെ വിദ്യാഭ്യാസകാലത്താണ്‌ സത്യനേശൻ എസ്‌എഫിന്റെ സജീവ പ്രവർത്തകനായി മാറിയത്‌. കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളായ ജി എസ്‌ മണി (വലിയ മണി), ഡി മണി (കൊച്ചുമണി), ഐ സ്റ്റുവർട്ട്‌, പി ഫക്കീർഖാൻ, അവണാകുഴി സദാശിവൻ തുടങ്ങി നേതാക്കളുമായുള്ള നിരന്തരബന്ധം സത്യനേശനെ അടിയുറച്ച കമ്യൂണിസ്റ്റാക്കി.

മണ്ണന്തല കരുണാകരൻ

നാഗർകോവിൽ സൗത്ത്‌ ട്രാവൻകൂർ ഹിന്ദു കോളേജിലെ പഠനകാലത്ത്‌ എസ്‌എഫിന്റെ സജീവപ്രവർത്തകനായി മാറിയ എം സത്യനേശൻ കോളേജ്‌ മാനേജ്‌മെന്റിന്റെ അനീതിക്കെതിരെ വിദ്യാർഥികളെ അണിനിരത്തി സമരംചെയ്‌തു. അതോടൊപ്പം സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെ പ്രക്ഷോഭങ്ങളിൽ നിരന്തരം പങ്കെടുത്തു. അതോടെ അധികൃതർ സത്യനേശനെ കോളേജിൽനിന്ന്‌ പുറത്താക്കി. തുടർന്ന്‌ തിരുവനന്തപുരത്താണ്‌ അദ്ദേഹം പഠനം തുടർന്നത്‌. 1940കളുടെ ആരംഭത്തോടെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രൂപീകരണത്തിന്‌ തിരുവനന്തപുരം വേദിയായി. ഉള്ളൂർ ഗോപി, മണ്ണന്തല കരുണാകരൻ, കാട്ടായിക്കോണം വി ശ്രീധർ, പി ഫക്കീർഖാൻ തുടങ്ങിയവരായിരുന്നു

പി ഫക്കീർഖാൻ

അംഗങ്ങൾ.

കോളേജ്‌ വിദ്യാഭ്യാസത്തോടെ എന്നെന്നേക്കുമായി വിടപറഞ്ഞ സത്യനേശൻ യുവജനങ്ങളെയും കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാൻ രാപകൽ ഭേദമില്ലാതെ അധ്വാനിച്ചു. കാണിപ്പറ്റ്‌ കർഷകസമരത്തിൽ പങ്കെടുത്ത്‌ പലതവണ അറസറ്റ്‌ വരിക്കുകയും ജയിലിൽ പോവുകയും ചെയ്‌തു. നെയ്യാറ്റിൻകര പ്രദേശത്ത്‌ കുടിയൊഴിപ്പിക്കലിനെതിരെ നടന്ന നിരവധി പ്രക്ഷോഭങ്ങൾ,

കാട്ടായിക്കോണം വി ശ്രീധർ

അന്യായമായ പിരിവിനെതിരെ കർഷകരുടെ നേതൃതത്തിൽ പല ഭാഗങ്ങളിൽ നടന്ന ചന്ത സമരങ്ങൾ, അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ നടന്ന നിരവധി സമരങ്ങൾ എന്നിവയിലെല്ലാം എം സത്യനേശൻ നേതൃത്വപരമായ പങ്കുവഹിച്ചു.

1940കളിലും 1950കളിലുമായി നെയ്യാറ്റിൻകര താലൂക്കിലെ മലയോരമേഖലകളിലും പഴയ തിരുവിതാംകൂറിന്റെ ഭാഗമായ ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായ വിളവംകോട്‌ താലൂക്കിലുമായി ഉയർന്നുവന്ന കാണിപ്പറ്റ്‌ കർഷകസമരം കൃഷിക്കാരെ ഒഴിപ്പിക്കൽ ഭീഷണിയിൽനിന്നും വിമുക്തരാക്കി എന്നു മാത്രമല്ല കർഷകരുടെ കൈവശ ഭൂമിക്ക്‌ പട്ടയം നേടിക്കൊടുക്കാനും സാധിച്ചു. ‘‘ഈ മണ്ണിൽ ഞങ്ങളുറച്ചു നിൽക്കും’’ എന്നതായിരുന്നു കർഷകർ ഉയർത്തിയ മുദ്രാവാക്യം. ഈ പ്രക്ഷോഭത്തിന്റെ ഫലമായി അമ്പൂരി, വെള്ളറട, കള്ളിക്കാട്‌ തുടങ്ങിയ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മലയോരമേഖലയിലെ നിരവധി കുടുംബങ്ങൾക്ക്‌ പട്ടയം ലഭിക്കാൻ ഈ സമരങ്ങൾ ഇടയാക്കി. സമരക്കാരെ സഹായിക്കാൻ സമരസഹായസമിതി പല ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. അവയ്‌ക്ക്‌ നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ സത്യനേശനുമുണ്ട്‌.

കോരണംകോട്‌ കർഷകത്തൊഴിലാളി സമരം
കർഷകത്തൊഴിലാളികളെ മനുഷ്യരായിപ്പോലും അംഗീകരിക്കാൻ സവർണ ജന്മിമാർ തയ്യാറല്ലായിരുന്നു. വീടിന്റെ മുറ്റത്തിനു വെളിയിൽ കുഴികുത്തി പാളയിലാണ്‌ കഞ്ഞി വിളമ്പിയിരുന്നത്‌. പകലന്തിയോളം പാവപ്പെട്ട കർഷകത്തൊഴിലാളികൾ അധ്വാനിക്കുന്നതിന്റെ മഹാഭൂരിപക്ഷം പങ്കും അനുഭവിച്ച ജന്മിമാർക്ക്‌ അവരോട്‌ അയിത്തമായിരുന്നു. തൊടാനോ തീണ്ടാനോ പാടില്ലാത്ത അകലത്തിലാണ്‌ ഭക്ഷണം കർഷകത്തൊഴിലാളികൾക്ക്‌ നൽകപ്പെട്ടത്‌.

ഇതിനെതിരെ കമ്യൂണിസ്റ്റ്‌ പാർട്ടിയും കർഷകസംഘവും കർഷകത്തൊഴിലാളി യൂണിയനും അതിശക്തമായ പ്രചാരണ‐പ്രക്ഷോഭ പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തത്‌. അയിത്തത്തിനെതിരെ പാർട്ടിയുടെ നേതൃത്വത്തിൽ അതിശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. അതോടൊപ്പം കർഷകത്തൊഴിലാളികളെ അവകാശബോധമുള്ളവവരാക്കിത്തീർക്കുന്നതിനും പാർട്ടി പ്രവർത്തകർ അഹോരാത്രം പ്രയത്‌നിച്ചു.

അയിത്തം അവസാനിപ്പിക്കുക, കർഷകത്തൊഴിലാളികൾക്ക്‌ ഭക്ഷണം വീട്ടിനുള്ളിൽ വെച്ചു നൽകുക, നിലവിലുള്ള കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കോരണംകോട്‌ കർഷകത്തൊഴിലാളി സമരം ഐതിഹാസികമായ ഒന്നായിരുന്നു. സാമൂഹ്യവിപ്ലവത്തിന്റെ ചരിത്രത്തിൽ ഈ സമരം അവിസ്‌മരണീയമായ അധ്യായം രചിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ പാട്ടകൃഷിക്കാർ ഉണ്ടായിരുന്നത്‌ നെയ്യാറ്റിൻകര താലൂക്കിലാണ്‌. വിവിധ സമരങ്ങളിലൂടെയും വിവിധ കാലങ്ങളിൽ സർക്കാർ പുറമ്പോക്ക്‌ ഭൂമി കൈവശം വെച്ചിരുന്ന കൃഷിക്കാർക്ക്‌ കമ്യൂണിസ്റ്റ്‌‐എൽഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ പട്ടയം ലഭിച്ചു. പതിറ്റാണ്ടുകളായി പല സമയങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളും നടത്തിയ പ്രക്ഷോഭങ്ങൾക്ക്‌ നിർണായക പങ്കാണ്‌ അതു നേടിയെടുക്കുന്നതിൽ ഉണ്ടായിരുന്നത്‌. ഈ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ എന്നും സത്യനേശനുണ്ടായിരുന്നു.

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജില്ലയിലെ പ്രമുഖ നേതാവായി ഉയർന്ന സത്യനേശൻ പാർട്ടിയുടെ താലൂക്ക്‌ കൗൺസിൽ അംഗമായിരുന്നു. 1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ച്‌ അദ്ദേഹം നിന്നു. നെയ്യാറ്റിൻകര താലൂക്ക്‌ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം പാർട്ടിക്ക്‌ താലൂക്കിലൊട്ടാകെ വേരോട്ടുമുണ്ടാക്കുന്നതിൽ നിർണായകമായ പങ്കാണ്‌ വഹിച്ചത്‌. ഒട്ടനവധി കർഷകസമരങ്ങൾക്കാണ്‌ ഈ കാലയളവിൽ നെയ്യാറ്റിൻകര താലൂക്ക്‌ സാക്ഷ്യംവഹിച്ചത്‌.

എം സത്യനേശൻ നെയ്യാറ്റിൻകര താലൂക്ക്‌ സെക്രട്ടറിയായിരുക്കുമ്പോഴാണ്‌ അവിടെ പാർട്ടിക്ക് സ്വന്തമായി ആസ്ഥാനമന്ദിരം (സി എച്ച്‌ മന്ദിരം) നിർമിക്കപ്പെട്ടത്‌.

1963 മുതൽ 16 വർഷകക്കാലം അദ്ദേഹം കൊല്ലയിൽ പഞ്ചായത്ത്‌ പ്രസിഡന്റായി പ്രവർത്തിച്ചു. നിരവധി വികസനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ ഈ കാലയളവിൽ അദ്ദേഹത്തിന്‌ സാധിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം തിരുവനന്തപുരത്തേക്ക്‌ മാറ്റി. 1975ലെ അടിയന്തരാവസ്ഥക്കാലത്ത്‌ ഒളിവിലും തെളിവിലുമായി അദ്ദേഹം പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. അന്നത്തെ ജില്ലാ സെക്രട്ടറി കാട്ടായിക്കോണം വി ശ്രീധർ അറസ്റ്റ്‌ ചെയ്യപ്പെട്ടതിനെത്തുടർന്ന്‌ ആക്ടിംഗ്‌ സെക്രട്ടറിയായി പ്രവർത്തിച്ചത്‌ സത്യനേശനാണ്‌. പാർട്ടിയുടെ പ്രവർത്തനങ്ങൾ പരമാവധി പരസ്യമായി തന്നെ സംഘടിപ്പിക്കുക, പൊലീസിന്റെ ഭീഷണികൾക്കെതിരെ പ്രവർത്തകർക്ക്‌ ധൈര്യവും ആത്മവിശ്വാസവും പകരുക, ഒളിവിൽ കഴിയുന്ന നേതാക്കൾക്കും പ്രവർത്തകർക്കും സുരക്ഷിതങ്ങളായ ഒളിത്താവളങ്ങൾ ഒരുക്കുക, അവരെ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ സുരക്ഷിതരായി എത്തിക്കുക, പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പരമാവധി സംഘടിപ്പിച്ച്‌ രാഷ്‌ട്രീയ വിദ്യാഭ്യാസം നൽകുക തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങളാണ്‌ അദ്ദേഹം ഏറ്റെടുത്തു നടപ്പാക്കിയത്‌.

1970ൽ പാറശ്ശാലയിൽനിന്ന്‌ അദ്ദേഹം നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1979ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 1987ൽ നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം ഇതേ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. നിയമസഭാംഗമായിരുന്ന കാലയളവിൽ പല ജനകീയപ്രശ്‌നങ്ങളും ഗവൺമെന്റിെന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അവയ്‌ക്ക്‌ പരിഹാരം കാണുന്നതിനും അദ്ദേഹത്തിന്‌ സാധിച്ചു. പാറശ്ശാലയുടെ വികസനത്തിൽ ഗണ്യമായ സംഭാവന ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു.

1970കളിലെ മിച്ചഭൂമിസമരം എല്ലാ ജില്ലകളിലേക്കും സിപിഐ എമ്മും കർഷകസംഘവും വ്യാപിപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ കൽക്കുളം മിച്ചഭൂമിയിൽ സമരഭടന്മാർ പ്രവേശിച്ചത്‌ സത്യനേശന്റെ നേതൃത്വത്തിലായിരുന്നു.
1989 മുതൽ 2004 വരെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന എം സത്യനേശൻ ഒന്നര പതിറ്റാണ്ടുകാലം തലസ്ഥാനജില്ലയിലെ പാർട്ടിയുടെ അമരക്കാരനായിരുന്നു. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകം പണികഴിപ്പിക്കപ്പെട്ടത്‌ ഈ കാലയളവിലാണ്‌. അച്ചടക്ക നടപടിയെത്തുടർന്ന്‌ അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പാർട്ടിയെടുത്ത അച്ചടക്ക നടപടിയെ കമ്യൂണിസ്റ്റുകാരന്റെ സഹജമായ അച്ചടക്കബോധത്തോടെയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.
2009 ഒക്ടോബർ 20ന്‌ എം സത്യനേശൻ അന്തരിച്ചു.

കടപ്പാട്‌: സിപിഐ എം കൊല്ലയിൽ ലോക്കൽ കമ്മിറ്റി പ്രസിദ്ധീകരിച്ച സഖാവ്‌ എം സത്യനേശൻ സ്‌മരണിക

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × two =

Most Popular