Thursday, November 14, 2024

ad

Homeഇവർ നയിച്ചവർബി ടി രണദിവെ: ട്രേഡ്‌ യൂണിയൻ രംഗത്തെ ‌അതികായനായ നേതാവ്‌‐ 2

ബി ടി രണദിവെ: ട്രേഡ്‌ യൂണിയൻ രംഗത്തെ ‌അതികായനായ നേതാവ്‌‐ 2

ഗിരീഷ്‌ ചേനപ്പാടി

പൊളിറ്റ്‌ ബ്യൂറോയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതോടെ ബി ടി ആറിന്റെ പ്രവർത്തനമേഖല ഇന്ത്യയൊട്ടാകെ വ്യാപിച്ചു. ബ്രിട്ടീഷ്‌ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും അദ്ദേഹം പാർട്ടി കെട്ടിപ്പടുക്കാൻ ചുറുചുറുക്കോടെ പ്രവർത്തിച്ചു.

ബോംബെ നാവികസമരം
1946 ഫെബ്രുവരി 18നാണല്ലോ ബോംബെയിൽ ഐതിഹാസികമായ നാവികസമരം ആരംഭിച്ചത്‌. റോയൽ ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥരെ അവരുടെ സമ്മതംപോലും ചോദിക്കാതെ ബ്രിട്ടീഷ്‌ സർക്കാർ വിദേശരാജ്യങ്ങളിലേക്ക്‌ സ്ഥലംമാറ്റിയിരുന്നു. എന്നുമാത്രമല്ല കുടുംബത്തെ ഒപ്പം കൂടാനോ സമയാസമയങ്ങളിൽ നാവികർക്ക്‌ അവധി നൽകാനോ സർക്കാർ കൂട്ടാക്കിയില്ല. വർധിച്ചുവരുന്ന ജീവിതച്ചെലവിനനുസരിച്ച്‌ വേതനത്തിൽ വർധനവുവരുത്താനം സർക്കാർ തയ്യാറായില്ല. തീരെ നിലവാരമില്ലാത്ത മോശപ്പെട്ട ഭക്ഷണമാണ്‌ നാവികർക്ക്‌ അധികാരികൾ നൽകിയിരുന്നത്‌. തങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാൻ ബ്രിട്ടീഷ്‌ അധികാരികൾ തയ്യാറാകുന്നില്ല എന്നു ബോധ്യപ്പെട്ടതോടെ പണിമുടക്കുകയല്ലാതെ മറ്റു പോംവഴികൾ നാവികർക്കു മുന്പിലില്ലായിരുന്നു.

അങ്ങനെയാണ്‌ 1946 ഫെബ്രുവരി 18ന്‌ ബോംബെയിൽ നങ്കൂരമിട്ടിരുന്ന എച്ച്‌എംഐഎസ്‌ തൽവാർ എന്ന പടക്കപ്പലിലെ ജീവനക്കാർ പണിമുടക്കാരംഭിച്ചത്‌. സമരത്തിന്റെ ആദ്യദിവസം നാവികരും മറ്റു ജീവനക്കാരും ജോലിയിൽ പ്രവേശിക്കാതെ നിരാഹാരം അനുഷ്‌ഠിച്ചു. തൊട്ടടുത്ത ദിവസം നേവൽ സെൻട്രൽ സ്‌ട്രൈക്ക്‌ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

ഇന്ത്യക്കാരായ സൈനികർക്കും ബ്രിട്ടീഷ്‌ സൈനികർക്ക്‌ തുല്യമായ വേതനം നൽകുക, ഭക്ഷണയോഗ്യമല്ലാത്ത മോശപ്പെട്ട ഭക്ഷണത്തിനുപകരം നല്ല ഭക്ഷണം നൽകുക, കൃത്യമായ അവധി നാവികർക്കും ഇതര തൊഴിലാളികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സമരത്തിന്‌ വലിയ ജനപിന്തുണ ലഭിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടി ശക്തമായ പിന്തുണയാണ്‌ സമരത്തിന്‌ നൽകിയത്‌. സമരം വിജയിപ്പിക്കാൻ ബി ടി ആറിന്റെ നേതൃത്വത്തിൽ പാർട്ടി കേഡർമാർ അരയും തലയും മുറിക്കി രംഗത്തിറങ്ങി.

നാവികർ സ്വയം ഇന്ത്യൻ നാഷണൽ നേവി എന്ന്‌ സേനയ്‌ക്ക്‌ പേരു നൽകി. ബ്രിട്ടീഷ്‌ മേലുദ്യോഗസ്ഥരെ ഇടംകൈകൊണ്ടാണ്‌ സൈനികർ സല്യൂട്ട്‌ ചെയ്‌തത്‌. ബ്രിട്ടീഷ്‌ മേലധികാരികളുടെ ഉത്തരവ്‌ നാവികർ അനുസരിക്കാൻ കൂട്ടാക്കിയില്ല.

കറാച്ചി, കൽക്കട്ട, കൊച്ചി, വിശാഖപട്ടണം തുടങ്ങിയ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും സമരം വ്യാപിച്ചു. ബോംബെയിൽ ഒരുദിവസത്തെ ബന്ദ്‌ ആചരിക്കപ്പെട്ടു. രാഷ്‌ട്രീയവും മതവും നോക്കാതെ ഇന്ത്യൻ ജനത ഒന്നിച്ച സമരമായിരുന്നു അത്‌. കോൺഗ്രസും മുസ്ലിം ലീഗും സമരത്തിന്റെ ആദ്യഘട്ടത്തിൽ പിന്തുണ നൽകിയിരുന്നു. എന്നാൽ ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കൾ സമരത്തെ എതിർത്തത്‌ തിരിച്ചടിയായി. എന്നാൽ അരുണ ആസിഫ്‌ അലി മറ്റു കോൺഗ്രസ്‌ നേതാക്കളിൽനിന്ന്‌ വ്യത്യസ്‌തമായി പ്രക്ഷോഭകരെ പിന്തുണച്ചു.

78 കപ്പലുകളിലെ 20,000ൽ ഏറെ നാവികർ അണിനിരന്ന ആ സമരത്തിന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി ആദ്യന്തം കലവറയില്ലാത്ത പിന്തുണയാണ്‌ നൽകിയത്‌. സമരം വിജയിപ്പിക്കാൻ ബി ടി ആർ ശക്തമായ പിന്തുണയാണ്‌ നൽകിയത്‌.

സമരനേതാവായിരുന്ന എം എസ്‌ ഖാനും സർദാർ വല്ലഭായ്‌ പട്ടേലും തമ്മിൽ ചർച്ച നടത്തി. പ്രക്ഷോഭകാരികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ബ്രിട്ടീഷ്‌ സർക്കാരിൽ സമ്മർദം ചെലുത്താമെന്ന്‌ പട്ടേൽ ഉറപ്പ്‌ നൽകി. അതനുസരിച്ച്‌ സമരം പിൻവലിക്കപ്പെട്ടു.

സമരത്തിന്റെ ഭാഗമായി ഏഴുപേർ രക്തസാക്ഷികളായി. മുപ്പതിലേറെ പേർക്ക്‌ പരിക്കേറ്റു. അനേകം നാവികർ പിരിച്ചുവിടപ്പെട്ടു.

നാവികസമരത്തിൽ പങ്കെടുത്തരെ സ്വാതന്ത്ര്യസമര സേനാനികളായി 1973ൽ സർക്കാർ അംഗീകരിച്ചു.

1948ൽ കൽക്കത്തയിൽ ചേർന്ന രണ്ടാം പാർട്ടി കോൺഗ്രസ്‌ ബി ടി ആറിനെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ആ സമ്മേളനത്തിലാണ്‌ ബി ടി ആർ കമ്യൂണിസ്റ്റ്‌ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. പാർട്ടി കോൺഗ്രസ്‌ കൽക്കത്ത തീസിസ്‌ അംഗീകരിച്ചതോടെ കമ്യൂണിസ്റ്റ്‌ പാർട്ടിയെ സർക്കാർ നിരോധിച്ചു. ബി ടി ആർ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ഒളിവിൽ പോയി. പാർട്ടി നേതാക്കളും പ്രവർത്തകരും അനുഭാവികളുമൊക്കെ ക്രൂരമായ വേട്ടയാടലിന്‌ വിധേയരായി.

ഈ സമയത്താണ്‌ തെലങ്കാന സമരവും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായി മുന്നേറിയത്‌.

1950 വരെ അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ തുടർന്നു. അതിനുശേഷം ഏതാനും വർഷങ്ങൾ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽനിന്ന്‌ ബി ടി ആർ ഒഴിവാക്കപ്പെട്ടു. ഈ സമയത്ത്‌ വായനയ്‌ക്കും പഠനത്തിനുമാണ്‌ ബി ടി ആർ പ്രാധാന്യം നൽകിയത്‌.

1956ൽ പാലക്കാട്‌ നടന്ന നാലാം പാർട്ടി കോൺഗ്രസിൽ ബി ടി ആർ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബി ടി ആറിന്റെ സംഘടനാപാടവവും നേതൃശേഷിയും പാർട്ടിക്ക്‌ വീണ്ടും മുതൽക്കൂട്ടായി. അജയഘോഷ്‌ ആണ്‌ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്‌.

1958ൽ അമൃത്‌സറിൽ ചേർന്ന പാർട്ടി കോൺഗ്രസ്‌ ബി ടി ആറിനെ കേന്ദ്രകമ്മിറ്റി അംഗമായും പൊളിറ്റ്‌ ബ്യൂറോ അംഗമായും തിരഞ്ഞെടുത്തു. അജയഘോഷ്‌ പാർട്ടി ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

1961ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആറാം കോൺഗ്രസ്‌ വിജയവാഡയിൽ നടന്നപ്പോൾ പ്രത്യേക രേഖ അവതരിപ്പിച്ചുകൊണ്ട്‌ ബി ടി ആർ വീണ്ടും ശ്രദ്ധേയനായി.

ഇന്ത്യ‐ചൈന അതിർത്തിത്തർക്കം ചർച്ചകളിലൂടെ സമാധാനപൂർവം പരിഹരിക്കണമെന്ന ഉറച്ച നിലപാടായിരുന്നു ബി ടി ആറിനുണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെ അതിന്റെ പേരിൽ ആദ്യം അറസ്റ്റ്‌ ചെയ്യപ്പെട്ട കമ്യൂണിസ്റ്റ്‌ നേതാവ്‌ ബി ടി ആർ ആയിരുന്നു; ഗവൺമെന്റ്‌ ഏറ്റവും ഒടുവിൽ വിട്ടയച്ചതും അദ്ദേഹത്തെയാണ്‌.

ബി ടി ആർ ജയിലിൽ കഴിയുമ്പോഴാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി പിളരുന്നത്‌. അതുകൊണ്ട്‌ സിപിഐ എം രൂപീകരിക്കപ്പെട്ട ഏഴാം കോൺഗ്രസിൽ അദ്ദേഹത്തിന്‌ പങ്കെടുക്കാൻ കഴിഞ്ഞില്ല. ജയിലിൽ കിടന്നുകൊണ്ടാണ്‌ ബി ടി ആർ രണ്ടു പരിപാടികൾ‐ മാർക്‌സിസ്റ്റും റിവിഷനിസ്റ്റും എന്ന ലേഖനപരന്പര എഴുതിയത്‌. റിവിഷനിസ്റ്റ്‌ കാഴ്‌ചപ്പാടിനെ അതിനിശിതമായി വിമർശിക്കുന്നതായിരുന്നു ആ ലേഖന പരന്പര.

ഏഴാം കോൺഗ്രസിൽ ബി ടി ആറിന്‌ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സമ്ളേനം അദ്ദേഹത്തെ ആദ്യ കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ്‌ ബ്യൂറോയിലേക്കും തിരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹം സിപിഐ എമ്മിന്റെ നവരത്‌നങ്ങളിൽ ഒരാളായി മാറി. അതിശക്തമായ ആശയപോരാട്ടമാണ്‌ റിവിഷനിസ്റ്റുകൾക്കെതിരെ അദ്ദേഹം നടത്തിയത്‌.

ബി ടി ആർ ജയിൽമോചിതനായപ്പോഴേക്കും നക്‌സലിസത്തിന്റെ സ്വാധീനം സിപിഐ എമ്മിൽ തലപൊക്കിക്കഴിഞ്ഞിരുന്നു. ഇടതുപക്ഷ അതിസാഹസികതയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ ‘പീപ്പിൾസ്‌ ഡെമോക്രസി’യിൽ ഒരു ലേഖനപരന്പര ബി ടി ആർ എഴുതി. സിപിഐ എമ്മിന്റെ അണികൾക്ക്‌ ആശയവ്യക്തത വരുത്താൻ ആ ലേഖനപരന്പര വലിയതോതിൽ സഹായകമായി. പല ഭാഷകളിലേക്കും ആ ലേഖനപരന്പര പരിഭാഷപ്പെടുത്തപ്പെട്ടു. എതിരാളികളുടെ വാദമുഖങ്ങളെ നിഷ്‌പ്രഭമാക്കാനുള്ള അസാമാന്യമായ ശേഷി ബി ടി ആറിനുണ്ടായിരുന്നു.

രാജ്യത്തെ തന്നെ വളരെ പ്രഗത്ഭനായ ട്രേഡ്‌ യൂണിയൻ നേതാവായിരുന്നു ബി ടി ആർ എന്ന്‌ ആദ്യമേതന്നെ സൂചിപ്പിച്ചിരുന്നല്ലോ. അദ്ദേഹം നേതൃത്വം നൽകിയ തൊഴിലാളിസമരങ്ങൾ ഒട്ടനവധിയാണ്‌. ട്രേഡ്‌ യൂണിയൻ ഐക്യത്തിനുവേണ്ടി എന്നും വാദിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്‌ത നേതാവാണ്‌ അദ്ദേഹം. എഐടിയുസിയുടെ എണ്ണംപറഞ്ഞ നേതാക്കളിലൊരാളായിരുന്ന അദ്ദേഹം എഐടിയുസിയിൽ ട്രേഡ്‌ യൂണിയൻ ഐക്യത്തിനുവേണ്ടി ശക്തിയായി പോരാടിയിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടി 1964ൽ പിളർന്നേപ്പോഴും എഐടിയുസിയെ പിളർത്താൻ അദ്ദേഹം ഉൾപ്പെട്ട നേതാക്കൾ തയ്യാറായില്ല. എന്നാൽ ഡാങ്കെയും കൂട്ടരും അതിനു കടകവിരുദ്ധമായ സമീപനമാണ്‌ സ്വീകരിച്ചത്‌. സിപിഐ എമ്മിനോട്‌ ആഭിമുഖ്യം പുലർത്തുന്നവരെ എഐടിയുസിയിൽനിന്ന്‌ എങ്ങനെയും പുറത്താക്കുക എന്നതായിരുന്നു അവരുടെ നിലപാട്‌.

ഇതിനെത്തുടർന്നാണ്‌ 1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടത്‌. സിഐടിയുവിന്റെ സ്ഥാപക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബി ടി ആർ, മരണംവരെ ആ സ്ഥാനത്ത്‌ തുടർന്നു.

1968ൽ ബർദ്വാനിൽ ചേർന്ന പ്ലീനമാണ്‌ സിപിഐ എമ്മിന്റെ പ്രത്യയശാസ്‌ത്ര കാഴ്‌ചപ്പാടിന്‌ ദിശാബോധം നൽകിയത്‌. ആ കാഴ്‌ചപ്പാട്‌ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചവരിലൊരാൾ ബി ടി ആർ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഉടൻ ഒളിവിൽപോയ ബി ടി ആർ ഒളിവിലിരുന്ന്‌ പാർട്ടിയെയും ട്രേഡ്‌ യൂണിയനുകളെയും ധീരമായി നയിച്ചു.

സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ മുഖപത്രമായ പീപ്പിൾസ്‌ ഡെമോക്രസിയുടെയും സൈദ്ധാന്തിക ത്രൈമാസികയായ മാർക്‌സിസ്റ്റിന്റെയും പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌.

‘ഇന്ത്യയുടെ പഞ്ചവത്സരപദ്ധതി: അത്‌ വാഗ്‌ദാനം ചെയ്യുന്നതെന്ത്‌?’, ‘ഇന്ത്യൻ സന്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധി’ എന്നിവയാണ്‌ പ്രധാന കൃതികൾ.
1990 ഏപ്രിൽ 6ന്‌ ബി ടി ആർ അന്തരിച്ചു.

സിപിഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗവും സിഐടിയുവിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാളുമായിരുന്ന ബിമൽ രണദിവെയാണ്‌ ജീവിതപങ്കാളി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six − 4 =

Most Popular