Thursday, November 21, 2024

ad

Homeരാജ്യങ്ങളിലൂടെകോംഗോ ജനതയ്‌ക്കുവേണ്ടി ഒരാഴ്‌ച

കോംഗോ ജനതയ്‌ക്കുവേണ്ടി ഒരാഴ്‌ച

ആര്യ ജിനദേവൻ

മേരിക്കയുടെയും മറ്റ്‌ സാമ്രാജ്യത്വരാജ്യങ്ങളുടെയും ലാഭക്കൊതിയും അത്യാർത്തിയും മൂലം ദശകങ്ങളായി ദുരിതമനുഭവിക്കുന്ന കോംഗോ ജനതയുടെ ചെറുത്തുനിൽപ്‌ പോരാട്ടത്തിലേക്ക്‌ ആഗോളശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി ഒക്ടോബർ 13 മുതൽ 19 വരെയുള്ള ഒരാഴ്‌ച ലോകത്താകമാനം വിവിധങ്ങളായ പരിപാടികളാണ്‌ നടന്നത്‌. ‘‘ബ്രേക്കിംഗ്‌ ദി സൈലൻസ്‌: കോംഗോ വീക്ക്‌’’ എന്ന പേരിൽ 2008 മുതൽ എല്ലാവർഷവും ഒക്ടോബർ മൂന്നാം ആഴ്‌ച ഇത്തരത്തിൽ ആചരിക്കാറുള്ളത്‌. കോംഗോയിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെ ആഗോള പൊതുസദസ്സിലെത്തിക്കുന്നതിനുവേണ്ടിയും കഴിഞ്ഞ 10 മുതൽ 12 വർഷത്തിനിടയ്‌ക്ക്‌ കോംഗോയിൽ കൊല്ലപ്പെട്ട 54 ലക്ഷത്തിലധികം വരുന്ന മനുഷ്യരുടെ സ്‌മരണാർഥവുമാണ്‌ ഇങ്ങനെ നടത്തുന്നത്‌. ഇത്തവണയും പ്രഭാഷണങ്ങൾ, സംഗീതസദസ്സുകൾ, സിനിമാപ്രദർശനങ്ങൾ, ഡോക്യുമെന്ററി പ്രദർശനങ്ങൾ, റാലികൾ, പ്രക്ഷോഭങ്ങൾ തുടങ്ങി സർഗാത്മകവും സമരോന്മുഖവുമായ പരിപാടികൾ നടത്തിക്കൊണ്ട്‌ ലോകത്താകെ വിവിധ നഗരങ്ങളിൽ ‘കോംഗോ ആഴ്‌ച’ ആചരിച്ചു.

പുറമേനിന്ന്‌ നമ്മൾ കാണുന്നതിലുമൊക്കെ ഭീകരമാണ്‌ കോംഗോയിലെ ജനങ്ങൾ നേരിടുന്ന കടന്നാക്രമണങ്ങളും അത്‌ സൃഷ്ടിക്കുന്ന ദുരിതങ്ങളും. 1996നും 2008നുമിടയ്‌ക്ക്‌ ശരാശരി 1500 ജീവനുകളാണ്‌ അവിടെ ദിവസവും പൊലിഞ്ഞുകൊണ്ടിരിക്കുന്നത്‌. അത്‌ ഒന്നുകിൽ കലാപത്തിൽനിന്നോ അല്ലെങ്കിൽ പട്ടിണിയിൽനിന്നോ അതുമല്ലെങ്കിൽ സംഘർഷത്തിന്റെ ഭാഗമായുണ്ടാകുന്ന രോഗങ്ങളിൽനിന്നോ ആയിരിക്കും. ഈ രാജ്യത്തെ വിപുലമായ ധാതുസന്പത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ വേണ്ടി വിവിധ വിഭാഗങ്ങൾ നടത്തുന്ന യുദ്ധസമാനമായ സംഘർഷത്തിൽ കോംഗോയിലെ ആയിരക്കണക്കിന്‌ സ്‌ത്രീകളാണ്‌ പീഡനത്തിനിരയാക്കപ്പെട്ടത്‌.

ആഫ്രിക്കയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഏതാണ്ട്‌ ഒന്പത്‌ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന കോംഗോയുടെ മണ്ണിലടങ്ങിയിരിക്കുന്ന ധാതുസന്പത്ത്‌ വിലപിടിപ്പുള്ളതും അളവറ്റതുമാണ്‌; ഫലത്തിൽ, അതുതന്നെയാണ്‌ ആ രാജ്യത്തിന്റെ ശാപമായി മാറിയതും. 1996ലും 1998ലും അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെ റുവാണ്ടയും ഉഗാണ്ടയും കോംഗോയെ ആക്രമിച്ചത്‌ ഈ ധാതുസന്പത്ത്‌ കൈക്കലാക്കാനായിരുന്നു. പിന്നീട്‌ 2002ൽ ഈ രാജ്യങ്ങൾ അവയുടെ സൈന്യത്തെ പിൻവലിച്ചുവെങ്കിലും അവയുടെ മിലിഷ്യകൾ കോംഗോയുടെ മണ്ണിൽ സംഘർഷം തുടർന്നു. 2009ലെ സമാധാന കരാർ കാര്യമായ മാറ്റമൊന്നും ഇതിൽ വരുത്തിയില്ല. അടുത്തകാലത്ത്‌ കോംഗോയുടെ തന്ത്രപ്രധാനമായ പ്രദേശങ്ങൾ, അതായത്‌ റുവാണ്ടയും ഉഗാണ്ടയുമായി അതിർത്തി പങ്കിടുന്ന, ധാതുസന്പന്നമായ പ്രദേശങ്ങൾ പിടിച്ചെടുത്തു. ലോകത്താകമാനം എയ്‌റോസ്‌പേസ്‌, ഇലക്‌ട്രോണിക്‌സ്‌, ഓട്ടോമൊബൈൽ, സൈനിക വ്യവസായങ്ങൾ എന്നീ രംഗത്ത്‌ ഉപയോഗിക്കുന്ന വിലപിടിപ്പുള്ളതും അത്യന്താപേക്ഷിതവുമായ ധാതുക്കളുടെ വലിയ കലവറയാണ്‌ ആ മണ്ണിലുള്ളത്‌. അതുകൊണ്ടുതന്നെയാണ്‌ സാമ്രാജ്യത്വത്തിന്റെ കഴുകൻ കണ്ണുകൾ കോംഗോയെ ലക്ഷ്യമിടുന്നതും.

അത്തരത്തിൽ കോംഗോയിലെ മണ്ണിലുള്ള വിലപ്പെട്ട ഒരു ധാതുവാണ്‌ കോൾട്ടൻ. വേർതിരിച്ചെടുത്ത്‌ കപ്പാസിറ്ററുകളായി മാറ്റപ്പെടുന്ന കോൾട്ടൻ നോക്കിയ, മോട്ടോറോള, കോപാക്‌, അൽക്കടെൽ, ഡെൽ, എറിക്‌സൺ, സോണി തുടങ്ങി വിവിധ കന്പനികൾക്കാണ്‌ വിൽക്കുന്നത്‌. സെൽഫോണുകൾ, ക്യാമറ, ലാപ്‌ടോപ്പ്‌, ജെറ്റ്‌ എഞ്ചിനുകൾ, റോക്കറ്റുകൾ, ജിപിഎസ്‌‐എബിഎസ്‌ സംവിധാനങ്ങൾ തുടങ്ങി വിവിധ ഉപകരണങ്ങളുടെ പ്രവർത്തനത്തിന്‌ കോൾട്ടൻ ഉപയോഗിക്കുന്നു. വിദേശശക്തികളുടെ സഹായത്തോടെ മിലിഷ്യകൾ ഖനനം ചെയ്‌തെടുക്കുന്ന കോൾട്ടൻ, ബഹുരാഷ്‌ട്ര കോർപറേഷനുകൾ വാങ്ങുന്നതാണ്‌ ‘‘കോംഗോയിലെ സംഘർഷത്തിന്റെ എഞ്ചിൻ’’ എന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ പഠനങ്ങളിൽ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്‌. ഈ കന്പനികളിൽ ഒരു ഡസന്റെ പകുതിയിലധികവും അമേരിക്കൻ കന്പനികളുമാണ്‌.

കോംഗോയുടെ മണ്ണിലുള്ള മറ്റൊരു പ്രധാന ധാതുസന്പത്ത്‌ കോബാൾട്ട്‌ ആണ്‌. സെൽഫോണുകളുടെയും വൈദ്യുത കാറുകളുടെയും റീചാർജു ചെയ്യാനാകുന്ന ബാറ്ററികളിൽ ഉപയോഗിക്കുന്ന ധാതുവാണ്‌ കൊബാൾട്ട്‌. ലോകത്താകെ ഇന്നു നടക്കുന്ന കോബാൾട്ട്‌ വിതരണത്തിന്റെ 60 ശതമാനവും കോംഗോയിൽനിന്നാണ്‌. ഓട്ടോമോട്ടീവ്‌ ഭീമന്മാരായ ടൊയോട്ട, ജനറൽ മോട്ടോഴ്‌സ്‌, ഫോർഡ്‌, വോൾട്‌സ്‌ വാഗൺ, ബിഎംഡബ്ല്യു എന്നിവയിൽ തുടങ്ങി വൈദ്യുതോപകരണങ്ങളായ സാംസങ്‌, ഡെൽ, ആപ്പിൾ എന്നിവയുടെ സെൽഫോണുകളിലും കന്പ്യൂട്ടറുകളിലും കോബാൾട്ട്‌ അവശ്യോപാധിയാണ്‌. അത്‌ വിതരണം ചെയ്യുന്നത്‌ കോംഗോയിൽനിന്നുമാണുതാനും.

കോംഗോയുടെ മണ്ണിൽ ഗണ്യമായ തോതിൽ കണ്ടെത്തിയിട്ടുള്ള മറ്റു പ്രധാന ധാതുക്കൾ കോപ്പർ, സിങ്ക്‌, സ്വർണം, ഡയമണ്ട്‌, വെള്ളി. മഗ്‌നീഷ്യം, ജെർമേനിയം, യൂറേനിയം, പെട്രോളിയം എന്നിവയാണ്‌. ഈ ധാതുക്കൾ ഉപയോഗിച്ച്‌ ആപ്പിൾ പോലെയുള്ള ബഹുരാഷ്‌ട്ര കോർപറേഷനുകൾ ലക്ഷം കോടി ഡോളറുകൾ കൊയ്യുന്നു; അപ്പോഴും കോംഗോയിലെ ജനങ്ങൾ ജീവിക്കുന്നത്‌ ഒരുദിവസം 2.15 ഡോളറിൽ താഴെ രൂപയ്‌ക്കാണ്‌. ഇത്തരം ആശയങ്ങളുയർത്തിപ്പിടിച്ചുകൊണ്ട്‌ കോംഗോ ജനതയ്‌ക്ക്‌ നീതിയും സമാധാനവും ഉറപ്പുവരുത്തണമെന്ന്‌ ആഹ്വാനംചെയ്‌തുകൊണ്ട്‌ പെൻസൽവാനിയ, സ്റ്റാൻഫോഡ്‌ സർവകലാശാലകളിലും ബ്രിട്ടൻ തുടങ്ങി 75 ഓളം രാജ്യങ്ങളിലെ വിവിധ ക്യാന്പസുകളിലും സാമൂഹികരംഗങ്ങളിലും സിനിമാ പ്രദർശനവും ബോധവൽക്കരണ ക്ലാസുകളുമൊക്കെ നടന്നു. ഇനിയെങ്കിലും സാമ്രാജ്യത്വം അതിന്റെ കഴുകൻകണ്ണുകൾ കോംഗോയിൽനിന്നും മാറ്റണമെന്നും ലോകത്തെ ഇടതുപക്ഷ പുരോഗമന വിഭാഗങ്ങൾ ആവശ്യപ്പെട്ടു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 − two =

Most Popular