Friday, December 13, 2024

ad

Homeസംസ്ഥാനങ്ങളിലൂടെനവംബർ 26ന്‌ കർഷകരുടെ പ്രക്ഷോഭം

നവംബർ 26ന്‌ കർഷകരുടെ പ്രക്ഷോഭം

കെ ആർ മായ

രേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മൂന്ന്‌ കാർഷികനിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തിയ ഒരുവർഷം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിച്ചത്‌ ആ മൂന്ന്‌ കാർഷികനിയമങ്ങളും പിൻവലിപ്പിച്ചുകൊണ്ടായിരുന്നു. ചരിത്രം സൃഷ്ടിച്ച ആ കർഷകസമരം നാലുവർഷം പിന്നിടുമ്പോൾ അതേ ആവശ്യങ്ങൾ ഉന്നയിച്ച്‌ കർഷകർ വീണ്ടും തെരുവിലിറങ്ങേണ്ട സാഹചര്യമാണുള്ളത്‌. കർഷകസമരത്തിന്‌ നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയുടെയും ട്രേഡ്‌ യൂണിയനുകളുടെയും നേതൃത്വത്തിൽ നവംബർ 26ന്‌ രാജ്യവ്യാപക പ്രതിഷേധത്തിന്‌ ആഹ്വാനം നൽകിയിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായി രാജ്യത്തെ 500 ജില്ലാ ആസ്ഥാനങ്ങളിൽ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും.

ചരിത്രം സൃഷ്ടിച്ച കർഷകസമരത്തിന്റെ നാലാംവർഷം കർഷകരെ വീണ്ടുമൊരു പ്രക്ഷോഭത്തിലേക്ക്‌ നയിക്കുന്നതും അതേ കാരണങ്ങൾ തന്നെയാണെന്നത്‌ മോദി ഗവൺമെന്റിന്‌ കർഷകരോടുള്ള ശത്രുതാമനോഭാവത്തെയാണ്‌ കാണിക്കുന്നത്‌ മിനിമം താങ്ങുവില (C2+50) നടപ്പാക്കുക, വൈദ്യുതി ഭേദഗതി നിയമത്തിലെ കർഷകരെ ബാധിക്കുന്ന വ്യവസ്ഥകൾ എടുത്തുകളയുക എന്നീ ആവശ്യങ്ങളിന്മേൽ നടപടി സ്വീകരിക്കുമെന്ന്‌ മോദി ഗവൺമെന്റ്‌ കർഷകർക്ക്‌ വാഗ്‌ദാനം നൽകിയിരുന്നതാണ്‌. എന്നാൽ ഇപ്പോഴും താങ്ങുവില കണക്കാക്കുന്നതിന്‌ തെറ്റായ മാനദണ്ഡം തന്നെയാണ്‌ അവലംബിക്കുന്നത്‌. 2024ലെ ഖാരിഫ്‌ സീസണിൽ പ്രഖ്യാപിച്ച താങ്ങുവില കണക്കിലെടുക്കുമ്പോൾ നെല്ലിന്‌ ക്വിന്റലിന്‌ 704 രൂപ നഷ്ടം വന്നതായി കർഷകസംഘടനകൾ വിലയിരുത്തുകയുണ്ടായി. ചോളത്തിന്‌ ക്വിന്റലിന്‌ 1,066 രൂപ നഷ്ടം വന്നതായും വിലയിരുത്തപ്പെട്ടു. മാത്രവുമല്ല, ഡിജിറ്റൽ അഗ്രികൾച്ചർ മിഷനിലൂടെ കൃഷിക്കും കർഷകസമൂഹത്തിനുമെതിരായ പുതിയ ആക്രമണമാണ്‌ മോദി സർക്കാർ അഴിച്ചുവിട്ടിരിക്കുന്നത്‌; ബഹുരാഷ്‌ട്ര കുത്തകകളുടെ താൽപര്യമനുസരിച്ച്‌ കൃഷിരീതി അപ്പാടെ മാറ്റി കൃഷിയെയും കർഷകരെയും കൂടുതൽ സങ്കീർണതകളിലേക്ക്‌ തള്ളിവിടുകയാണ്‌.

ഈ വിഷയങ്ങളെല്ലാം ഉന്നയിച്ചാണ്‌ കർഷകസംഘടനകൾ കിസാൻ സംയുക്ത മോർച്ച (എസ്‌കെഎം)യുടെ നേതൃത്വത്തിൽ നവംബർ 26ന്‌ രാജ്യവ്യാപക പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്‌. ഇതിനു മുന്നോടിയായി നവംബർ 7 മുതൽ 25 വരെ 50000 ഗ്രാമങ്ങളിൽ പ്രചരണം നടത്തും. അധ്വാനിക്കുന്ന വിഭാഗങ്ങൾക്കിടയിൽ വിശാലാടിസ്ഥാനത്തിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും അതിലൂടെ ശക്തമായൊരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും എസ്‌കെഎം തീരുമാനിച്ചിരിക്കുകയാണ്‌.

നവംബർ 26ന്റെ പ്രക്ഷോഭംകൊണ്ടും മോദി സർക്കാർ അനുകൂല നിലപാട്‌ കൈക്കൊള്ളുന്നില്ലെങ്കിൽ, കർഷകരുടെ പ്രശ്‌നങ്ങളിൽ അലംഭാവം തുടരുകയാണെങ്കിൽ 2025 പകുതിയോടെ ഡൽഹിയിൽ വമ്പിച്ച പ്രക്ഷോഭം (ഡൽഹി ചലോ) ആരംഭിക്കേണ്ടതായി വരുമെന്ന്‌ എസ്‌കെഎം മുന്നറിയിപ്പ്‌ നൽകിയിരിക്കുകയാണ്‌. നവംബർ 26ന്റെ രാജ്യവ്യാപക പ്രക്ഷോഭം അതിനുള്ള സൂചനയാണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − three =

Most Popular