നമ്മുടെ ജനാധിപത്യഘടനയെ വളഞ്ഞിട്ടാക്രമിക്കുമ്പോൾ, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനാധിപത്യതത്വങ്ങൾ നിഷ്‌കരുണം ആക്രമിക്കപ്പെടുമ്പോൾ എസ്‌എഫ്‌ഐ, വിദ്യാർഥി പ്രവർത്തനത്തോടുള്ള അതിന്റെ അചഞ്ചലമായ പ്രതിബദ്ധത ഒരിക്കൽകൂടി പ്രകടമാക്കിയിരിക്കുകയാണ്. ആസാമിലെ പ്രശസ്‌തമായ ബറുവ കോളേജ് തിരഞ്ഞെുപ്പിൽ 50 വർഷത്തെ തിളക്കമാർന്ന പ്രവർത്തനപാരമ്പര്യമുള്ള ഇടത് വിദ്യാർഥിസംഘടനയായ എസ്‌എഫ്‌ഐ ശ്രദ്ധേയമായ വിജയം നേടിയിരിക്കുകയാണ്. ഈ വിജയം പെട്ടെന്നുണ്ടായ ഒന്നല്ല. ആസാമിൽ വർധിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റേതായ ഒരു രാഷ്‌ട്രീയ കാലാവസ്ഥയിൽ പുരോഗമനശബ്ദത്തിന്റെ പുനരുജ്ജീവനത്തെ പ്രതിനിധാനം ചെയ്യുന്ന വിദ്യാർഥി രാഷ്‌ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷംകൂടിയാണിത്.
ഈയിടെ നടന്ന വിദ്യാർഥി തിരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയുടെ പിന്തുണയോടെ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, മ്യൂസിക് ആന്റ് ഫൈൻ ആർട്‌സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് അലോക് നാരയും തൻവി ദേക്കയും തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തെ വിദ്യാർഥി തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ മറ്റൊരുദാഹരണം മാത്രമായി കാണാനാവില്ല. മറിച്ച്, ഇത് വിശാലമായ ഒന്നിനെ അടയാളപ്പെടുത്തുന്നു‐ വലതുപക്ഷ ആശയങ്ങൾ സ്ഥായിയായി നിലകൊള്ളുന്ന ഒരു പശ്ചാത്തലത്തിൽ പുരോഗമന വിദ്യാർഥിരാഷ്‌ട്രീയത്തെ പുനരുജ്ജീവിപ്പിക്കലാണത്. 1973ൽ ആസാമിൽ നടന്ന എസ്‌എഫ്‌ഐയുടെ ആദ്യ സംസ്ഥാന സമ്മേളനവേദി എന്ന നിലയിൽ ബറുവ കോളേജിന് എസ്‌എഫ്‌ഐയുമായുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധം ഈ വിജയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സാമൂഹികനീതി, തുല്യത, ജനാധിപത്യം എന്നിവയ്‌ക്കായുള്ള നീണ്ട പോരാട്ടത്തിന്റെ തുടർച്ചയുടെ പ്രതീകമായി, എസ്‌എഫ്‌ഐയുടെ ആദർശങ്ങളുടെ പുനരുജ്ജീവനത്തിന്റെ വേദിയായി, അരനൂറ്റാണ്ടിനുശേഷം വീണ്ടും മാറിയിരിക്കുകയാണ്. 1970ൽ സ്ഥാപിതമായ എസ്‌എഫ്‌ഐക്ക് ഇന്ത്യയിൽ പ്രത്യേകിച്ച് ആസാം പോലെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദീർഘവും ബഹുതലത്തിലുള്ളതുമായ ചരിത്രമുണ്ട്. ഇന്തോ‐ചൈന യുദ്ധത്തിന്റെ അനന്തരഫലങ്ങൾ മുതൽ അന്നത്തെ സാമൂഹ്യാവസ്ഥയെ വെല്ലുവിളിക്കാൻ ശ്രമിച്ച റാഡിക്കൽ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ഉയർന്നുവരവുവരെയുള്ള സുപ്രധാനമായ സാമൂഹ്യ‐രാഷട്രീയ മാറ്റങ്ങൾ രാജ്യത്തെ പിടിമുറുക്കുന്ന കാലഘട്ടത്തിലാണ് എസ്‌എഫ്‌ഐ രൂപീകരിക്കപ്പെടുന്നത്. ആസാമിന്റെ അനന്യമായ, ജനസംഖ്യാശാസ്‌ത്രപരവും രാഷ്‌ട്രീയപരവുമായ ഭൂപ്രകൃതി ഇടതുപക്ഷ ആശയങ്ങളുടെ ഫലഭൂയിഷ്ടമായ മണ്ണായി മാറി. മതനിരപേക്ഷത, ജനാധിപത്യം, എല്ലാവർക്കും തുല്യ അവകാശങ്ങൾ എന്നിവ അടിസ്ഥാനമൂല്യങ്ങളായിട്ടുള്ള എസ്‌എഫ്‌ഐ വിദ്യാർഥി ജനതയ്‌ക്കിടയിൽ അനുരണനങ്ങൾ സൃഷ്ടിച്ചു.
ആസാമിലെ വിദ്യാർഥിരാഷ്‌ട്രീയത്തെ രൂപപ്പെടുത്തുന്നതിൽ പതിറ്റാണ്ടുകളായി എസ്‌എഫ്‌ഐ നിർണായക പങ്കുവഹിക്കുന്നു ്ട്. 1973ൽ ബറുവ കോളേജിൽ നടന്ന സംഘടനയുടെ ആദ്യ സംസ്ഥാന സമ്മേളനം അതിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തി. അത്, വർഷങ്ങളായി വംശീയകലാപങ്ങളിലും സാമൂഹിക‐സാമ്പത്തിക അസമത്വങ്ങളിലും ആണ്ടുകിടന്ന ഒരു പ്രദേശത്തെ സംബന്ധിച്ചിടത്തോളം ധീരമായ ഒരു പ്രഖ്യാപനം കൂടിയായിരുന്നു. സമ്മേളനത്തിന്റെ വിജയം ബറുവ കോളേജിനെ ഇടതുപക്ഷ ആദർശങ്ങളുടെയും പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെയും നെടുങ്കോട്ടയാക്കി മാറ്റി. എന്നിരുന്നാലും വലതുപക്ഷ രാഷ്‌ട്രീയശക്തികളുടെ ഉയർച്ചയും വർധിതമായിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ധ്രുവീകരണവും കോളേജിൽ എസ്‌എഫ്‌ഐയുടെ സ്വാധീനത്തിൽ ക്രമേണ ഇടിവിനു കാരണമായി. ഇത്തരമൊരു സാഹചര്യത്തിൽ എസ്‌എഫ്‌ഐക്ക് ഇപ്പോഴുണ്ടായ വിജയത്തിന് വലിയ പ്രാധാന്യമുണ്ട്. വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കും പിന്നീടുണ്ടായ നിഷ്‌ക്രിയത്വത്തിനും ശേഷം വിദ്യാർഥി രാഷ്‌ട്രീയരംഗത്ത് എസ്‌എഫ്‌ഐ ശക്തമായ ശബ്ദമായി വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്. അലോക് നാരയുടെയും തൻവി ദേക്കയുടെയും തിരഞ്ഞെടുപ്പ് വിജയം എസ്‌എഫ്‌ഐയുടെ എക്കാലത്തെയും പ്രസക്തിയും മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക‐രാഷ്‌ട്രീയ ഭൂമികയുമായി പൊരുത്തപ്പെടാനുള്ള അതിന്റെ കഴിവിന്റെ തെളിവാണ്.
ബറുവ കോളേജിൽ എസ്‌എഫ്‌ഐ നേടിയ വിജയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ആസാമിലെയും രാജ്യത്തിന്റെ തന്നെ വിപുലമായ സാമൂഹിക‐രാഷ്‌ട്രീയ കാലാവസ്ഥയേയും മനസ്സിലാക്കുകയെന്നത് പ്രധാനമാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ ആസാമും വലതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ വർധിതമായിക്കൊണ്ടിരിക്കുന്ന ആധിപത്യത്തിന് സാക്ഷ്യം വഹിച്ചു. പ്രത്യേകിച്ച് ബിജെപിയുടെ നേതൃത്വത്തിൽ ജനങ്ങളെ വംശീയവും മതപരവുമായി ധ്രുവീകരിക്കുന്നതിന് ഇടയാക്കിയ ദേശീയ പൗരത്വ രജിസ്റ്റർ (NRC), പൗരത്വ ഭേദഗതി നിയമം (CAA) എന്നിവപോലെയുള്ള വിഘടനനയങ്ങളുടെയും അതുമായി ബന്ധപ്പെട്ട നടപടികളുടെയും ഒരു പരമ്പരയ്‌ക്കുതന്നെ സംസ്ഥാനം സാക്ഷ്യം വഹിക്കുകയുണ്ടായി.
ഇത്തരമൊരു സാഹചര്യത്തിൽ എസ്‌എഫ്‌ഐയെപ്പോലുള്ള പുരോഗമനസംഘടനകൾ കനത്ത വെല്ലുവിളി അഭിമുഖീകരിക്കുകയാണ്. വിയോജിക്കുന്നതിനും സംവാദത്തിനുമുള്ള ഇടം ചുരുങ്ങിയിരിക്കുന്നു; നിലവിലെ ഈ സാഹചര്യത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും പാർശ്വവൽക്കരിക്കപ്പെടുകയോ അപകീർത്തിപ്പെടുത്തുകയോ ആണ്. ചരിത്രപരമായി, വിയോജിപ്പുകളുടെയും വിപ്ലവാശയങ്ങളുടെയും വിളഭൂമിയായ വിദ്യാർഥി രാഷ്‌ട്രീയം അതിനോട് എക്കാലവും ആഭിമുഖ്യം പുലർത്തിയിരുന്നു. വിദ്യാർഥി തിരഞ്ഞെടുപ്പുകളെയും വിദ്യാർഥി മുന്നേറ്റങ്ങളെയും അടിച്ചമർത്തുകയും എതിർശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്‌ത നിരവധി സംഭവങ്ങൾ രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണകൂടത്തെ ഉപയോഗിച്ച് കാമ്പസ് രാഷ്‌ട്രീയത്തിൽ ഇടപെട്ടുകൊണ്ട് ജനാധിപത്യതത്വങ്ങളെ ഉന്മൂലനം ചെയ്യുന്നത് ആശങ്കാജനകാം വിധം വർധിച്ചുവരികയാണ്.
ബറുവ കോളേജിലെ എസ്‌എഫ്‌ഐയുടെ വിജയം കൂടുതൽ പ്രാധാന്യമർഹിക്കുന്നത്, ഈയൊരു പശ്ചാത്തലത്തിലാണ്. ഇത് കേവലമൊരു തിരഞ്ഞെടുപ്പ് വിജയത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്. ജനാധിപത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരായ വലിയ തിരിച്ചടികൂടിയാണ്. വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികൾക്കിടയിലും മാറ്റത്തിന്റെ ശക്തിയായി മാറാൻ അവർക്കു കഴിയുമെന്ന വിശ്വാസത്തിന്റെ സ്ഥിരീകരണമാണിത്. ഈ വിജയം രാജ്യമൊട്ടുക്കുള്ള വിദ്യാർഥികൾക്കും വിദ്യാർഥി പ്രവർത്തകർക്കും ശക്തമായ ഒരു സന്ദേശമാണ് നൽകുന്നത്‐ പുരോഗമന രാഷ്‌ട്രീയം ഇപ്പോഴും സജീവമായിത്തന്നെയുണ്ട്; ഏത് പ്രതികൂല സാഹചര്യത്തിലും അതിന് ശക്തി പ്രാപിക്കാൻ കഴിയുമെന്ന സന്ദേശം.
ഏറെക്കാലങ്ങളായി വിദ്യാർഥി പ്രവർത്തനം ഇന്ത്യൻ രാഷ്‌ട്രീയത്തിലെ നിർണായക ഘടകമാണ്. സ്വാതന്ത്ര്യസമരകാലം മുതൽ ഇന്നുവരെ, രാജ്യത്തെ പ്രധാനപ്പെട്ട രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ തന്നെയാണ് വിദ്യാർഥികൾ. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും ഭരണകൂടനയങ്ങളെ സ്വാധീനിക്കുന്നതിലും അധികാരത്തിലിരിക്കുന്നവരക്കൊണ്ട് സമാധാനം പറയിക്കുന്നതിലുമുള്ള വിദ്യാർഥികളുടെ പങ്കിനെ കുറച്ചുകാണാനാവില്ല. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി എന്നിവയ്‌ക്ക് ഊന്നൽ നൽകുന്ന എസ്‌എഫ്‌ഐ ഈ ആശയങ്ങളെ എല്ലായിപ്പോഴും വിജയപഥത്തിലെത്തിക്കുകയും ചെയ്‌തിട്ടുണ്ട്.
എന്നിരുന്നാലും ഈയടുത്ത വർഷങ്ങളിലായി വിദ്യാർഥി രാഷ്‌ട്രീയത്തിന്റെ ഭൂമികയിൽ മാറ്റമുണ്ടായിട്ടുണ്ട്. വലതുപക്ഷ വിദ്യാർഥി സംഘടനകളുടെ ഉയർന്നുവരവ്, പ്രത്യേകിച്ച് രാഷ്‌ട്രീയ സ്വയംസേവക് സംഘുമായി (ആർഎസ്‌എസ്) അഫിലിയേറ്റ് ചെയ്‌തിട്ടുള്ള അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) വിദ്യാർഥി തിരഞ്ഞെടുപ്പിന്റെ ചലനാത്മകതയെയാകെ മാറ്റിമറിച്ചു. പകരം ദേശീയത, മതപരമായ സ്വത്വം, യാഥാസ്ഥിതിക മൂല്യങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയുടെയും ആർഎസ്‌എസിന്റെയും പ്രത്യയശാസ്‌ത്ര ചട്ടക്കൂടുമായി ചേർന്ന് വിദ്യാർഥി രാഷ്‌ട്രീയത്തെ അണിനിരത്താൻ ശ്രമിച്ചു. ഈയൊരു സാഹചര്യത്തിൽ എസ്‌എഫ്‌ഐയെപ്പോലുള്ള ഇടതുപക്ഷ സംഘടനകൾക്ക് കടുത്ത എതിർപ്പ് നേരിടേണ്ടതായി വന്നു. അതോടൊപ്പം, ആധിപത്യം പുലർത്തിയിരുന്ന രാഷ്‌ട്രീയ ആഖ്യാനങ്ങളുമായി ഒറ്റയ്‌ക്ക് പൊരുതേണ്ടിയും വന്നു.
ഇത്തരം വെല്ലുവിളികളെല്ലാമുണ്ടായിട്ടും വിദ്യാർഥി രാഷ്ട്രീയത്തിൽ എസ്‌എഫ്‌ഐ ഇപ്പോഴും നിർണായക ശക്തിയായി തുടരുന്നു. ബറുവ കോളേജിലെ വിജയം വിദ്യാർഥി പ്രവർത്തനത്തിന്റെ പ്രാധാന്യത്തിന്റെയും സ്വേച്ഛാധിപത്യത്തിനും ജനാധിപത്യമൂല്യങ്ങളുടെ ശോഷണത്തിനുമെതിരായ പോരാട്ടത്തിൽ അതിന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നതിന്റെയും ഓർമപ്പെടുത്തലാണ്. എസ്‌എഫ്‌ഐ എല്ലായിപ്പോഴും നിലകൊള്ളുന്ന തുല്യത, നീതി, മതനിരപേക്ഷത എന്നീ മൂല്യങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിലുള്ള പ്രസക്തിയുടെ ഓർമപ്പെടുത്തൽ കൂടിയാണത്.
ബറുവ കോളേജിലെ വിജയം ആഘോഷത്തിനുള്ള ഒരു കാരണമായിരിക്കെത്തന്നെ ഒരുകൂട്ടം വെല്ലുവിളികളും അത് നൽകുന്നുണ്ട്. ആസാമിലെ രാഷ്‌ട്രീയ കാലാവസ്ഥ കലുഷിതമായി തുടരുകയാണ്. വലതുപക്ഷശക്തികൾ അവർക്കു നേരിട്ട തോൽവിയെ നിസ്സാരമായെടുക്കില്ല. ഈ വിജയം താൽക്കാലികമല്ല, മറിച്ച് വിദ്യാർഥി രാഷ്‌ട്രീയത്തിലെ ജനാധിപത്യ ഇടങ്ങൾ വീണ്ടെടുക്കുന്നതിനായുള്ള മുന്നേറ്റത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ സംഘടിപ്പിക്കലും അണിനിരത്തലും വിദ്യാർഥി സമൂഹവുമായുള്ള നിരന്തര ഇടപെടലും എസ്‌എഫ്‌ഐ ഇനിയും തുടരേണ്ടതാവശ്യമാണ്.
അതേസമയത്തുതന്നെ ഈ വിജയം രാജ്യത്താകമാനമുള്ള മറ്റുവിദ്യാർഥി പ്രവർത്തകർക്കും പ്രചോദനമേകാനുള്ള അവസരവും എസ്‌എഫ്‌ഐ സമ്മാനിച്ചിരിക്കുകയാണ്. ഭിന്നാഭിപ്രായങ്ങളെ പലപ്പോഴും അടിച്ചമർത്തൽകൊണ്ട് നേരിടുന്ന ഈ കാലഘട്ടത്തിൽ ബറുവ കോളേജിലെ വിജയം പ്രതീക്ഷയുടെ വഴിവിളക്കാണ്. ഇത് കാണിക്കുന്നത്, ഏറ്റവും വെല്ലുവിളി നേരിടുന്ന കാലത്തും സാഹചര്യത്തിനൊത്ത് ഉയർന്നാൽ നിലവിലെ അവസ്ഥയെ ചെറുക്കാനും കൂടുതൽ നീതിക്കായും ജനാധിപത്യസമൂഹത്തിനായും പൊരുതാൻ സാധിക്കുമെന്നാണ്. l