കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാരിന് കനത്ത തിരിച്ചടി. പ്രധാനമന്ത്രി ജ്യോർജിയ മെലോണിയുടെ സർക്കാർ കഴിഞ്ഞയാഴ്‌ച 12 കുടിയേറ്റക്കാരെ ബാൾക്കൻ രാജ്യമായ അൽബേനിയയിലേക്ക് കടൽ കടത്തിവിട്ട നടപടി റദ്ദുചെയ്‌ത് അവരെയെല്ലാം തിരികെ ഇറ്റലിയിൽ തന്നെ കൊണ്ടുവരണമെന്ന് റോമിലെ കോടതി ഉത്തരവിട്ടു. ജനങ്ങളിൽ ഫാസിസ്റ്റ് സർക്കാരിനെതിരെ ഉരുണ്ടുകൂടുന്ന പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് കോടതിയുടെ വിധി. മജിസ്‌ട്രേട്ടുമാർ രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് മെലോണി സർക്കാർ പ്രതികരിച്ചത്. കോടതിവിധി മറികടക്കാനുള്ള വഴിയെന്തെന്നും അവർ ആലോചിക്കുന്നു.
മെലോണിയുടെ രാഷ്‌ട്രീയ പരിപാടിയുടെ കേന്ദ്രബിന്ദു കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികൾ കൈക്കൊള്ളലാണ്. ദശലക്ഷക്കണക്കിന് യൂറോ അതിനായി ചെലവഴിക്കാനും അവർക്ക് യാതൊരു മടിയുമില്ല. 16 കുടിയേറ്റക്കാർ മാത്രമുള്ള അൽബേനിയയിൽ ഡിറ്റെൻഷൻ സെന്ററുകൾ നടത്തുന്നതിനു 2 ലക്ഷത്തിലധികം യൂറോ ഇറ്റലി ചെലവിടണം. എന്നാൽ കഴിഞ്ഞയാഴ്‌ചത്തെ കോടതി തീരുമാനം ഈ ഫാസിസ്റ്റ് സമീപനത്തിനുള്ള തിരിച്ചടിയായി.
എന്നാൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന മജിസ്‌ട്രേട്ടുമാർ യൂറോപ്യൻ യൂണിയന്റെ നിയമോപദേശപ്രകാരമാണ് തീരുമാനമെടുക്കുന്നത്. മെലോണി സർക്കാരിന്റെ തീരുമാനങ്ങൾ യൂറോപ്യൻ യൂണിയൻ നയത്തിനുപോലും നിരക്കാത്തതാണെന്നാണ് ഇത് കാണിക്കുന്നത്. മനുഷ്യാവകാശസംഘടനകൾ കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. l