Tuesday, November 5, 2024

ad

Homeകവര്‍സ്റ്റോറിവികസന വിരോധികൾ തോൽക്കണം; പാലക്കാടും മുന്നേറണം

വികസന വിരോധികൾ തോൽക്കണം; പാലക്കാടും മുന്നേറണം

പാലക്കാട് നിയമസഭ നിയോജക മണ്ഡലം ഉൾപ്പെടുന്ന പ്രദേശം കുറച്ചുകാലമായി കടുത്ത വികസന മുരടിപ്പാണ് നേരിടുന്നത്. മുനിസിപ്പാലിറ്റി, പിരായിരി, മാത്തൂർ, കണ്ണാടി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പാലക്കാട് അസംബ്ലി മണ്ഡലം. കൊടുമ്പ്, പറളി, മങ്കര എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ട പഴയ പാലക്കാട് മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മണ്ഡല പുനർ നിർണയത്തിനുശേഷം 2011 മുതൽ യുഡിഎ-ഫ് എംഎൽഎമാർ മാത്രമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചു വരുന്നത്. അന്നുമുതൽ പാലക്കാട് മണ്ഡലത്തിന്റെ വികസനവും മുരടിച്ചു. ശ്രദ്ധിക്കേണ്ട കാര്യം ഈ കാലയളവിലാണ് കേരളമാകെ പുരോഗതിയിലേക്കും, വികസനത്തിലേക്കും അഭൂതപൂർവ്വമായ മുന്നേറ്റം നടത്തിയത് എന്നതാണ്. നഗര ഭരണം ബിജെപിക്കാണ് ; മണ്ഡലത്തെ പ്രതിനിധീകരിച്ചത് യുഡിഫ് ആണ്; ഇത് മാത്രമാണ് പാലക്കാടിന്റെ വികസന മുരടിപ്പിനുള്ള ഏക കാരണം. പഴയ മലബാർ പ്രദേശത്തെ ഏറ്റവും പുരാതനമായ നഗരമാണ് പാലക്കാട്. എന്നാൽ ഇന്ന് സംസ്ഥാനത്തെ ഏറ്റവും അവശ സ്ഥിതിയിലുള്ള ജില്ലാ തലസ്ഥാനം പാലക്കാടാണ്. ജില്ലയിലെ മറ്റു നഗരങ്ങൾ വികസന രംഗത്ത് പാലക്കാടിനെയും പിന്തള്ളി മുന്നേറുന്നു. യുഡിഎ-ഫ് എംഎൽഎയുടെ പ്രാപ്തിക്കുറവും, ബിജെപി നേതൃത്വത്തിലുള്ള നഗരഭരണത്തിലെ അഴിമതിയും – കെടുകാര്യസ്ഥതയും മാത്രമാണ് ഈ മുരടിപ്പിന്റെ ഏക കാരണം.
ഒരുകാലത്ത് കേരളത്തിലെ ഏറ്റവും നല്ല ടൗൺ ഹാൾ പാലക്കാടായിരുന്നു. പാലക്കാട് കോട്ടമൈതാനത്തോട് ചേർന്നുള്ള ആ ടൗൺ ഹാളിനു തറക്കല്ലിട്ടത് അതിർത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഖാൻ അബ്ദുൾ ഗാഫർഖാൻ ആയിരുന്നു. എത്രയെത്ര ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതായിരുന്നു ആ ടൗൺ ഹാൾ! ഒരു മുന്നൊരുക്കവും, ആസൂത്രണവും ഇല്ലാതെ എംഎൽഎയും, നഗരഭരണക്കാരും ചേർന്ന് ഒരു ദിവസം അത് പൊളിച്ചു. പുതിയത് നിർമിക്കാൻ എന്നായിരുന്നു പ്രഖ്യാപനം. പൊളിച്ച ടൗൺ ഹാൾ ഒരു പുരാവസ്‌തുപോലുമല്ലാതെ കാടുമൂടിക്കിടക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്നത് മോയൻസ് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ്. കേരളത്തിലെ ഏതാണ്ടെല്ലാ സർക്കാർ സ്‌കൂളുകളും എൽഡിഎഫ് ഭരണത്തിൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി. ആ പദ്ധതിയിൽ ഈ സ്‌കൂളിനെ ഉൾപ്പെടുത്താൻ അന്ന് ഇവിടത്തെ എംഎൽഎ സമ്മതിച്ചില്ല. പകരം സ്വന്തം നിലയ്-ക്ക് വേറെ പദ്ധതി ആവിഷ്‌കരിക്കും എന്നായിരുന്നു വാഗ്‌ദാനം. ഫലമോ ? സ്‌കൂളിലെ എല്ലാ വ്യവസ്ഥകളും തെറ്റിച്ചു. ക്ലാസ് മുറികൾ വികൃതമാക്കി. എത്രയോ തവണ ഉന്നതതല ആലോചനകൾ നടത്തിയിട്ടും എംഎൽഎ ഉണ്ടാക്കിയ ഊരാക്കുടുക്ക് അഴിക്കാൻ ആവാതെ മോയൻ സ്‌കൂൾ ഇപ്പോഴും വീർപ്പുമുട്ടുകയാണ്. ഡിജിറ്റൽ ക്ലാസ് മുറികളാക്കി മോയൻ സ്‌കൂളിനെ ഇപ്പോഴും മാറ്റാൻ സാധിക്കാതെ വന്നത് യുഡിഎഫ് എംഎൽഎയുടെ വികൃത മനസ്സുകൊണ്ട് മാത്രമാണ്.

കേരളത്തിലെ ഏറ്റവും നല്ല ബസ്സ്‌ സ്റ്റാന്റുകളിൽ ഒന്ന് പഴയ പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ് ആയിരുന്നു. കാലപ്പഴക്കം കൊണ്ട് അത് പൊളിഞ്ഞു വീണു. ഇന്നാ ബസ്‌ സ്റ്റാൻഡിന്റെ സ്ഥിതി കാണണം. നാല് ഇരുമ്പ് തൂണുകളും മുകളിൽ ഒരു തകരഷീറ്റും വച്ച് ഒരു ഷെഡ്ഡ് ഉണ്ടാക്കിയിട്ടുണ്ട്. കന്നുകാലികൾ പോലും അങ്ങനത്തെ ഷെഡ്ഡിൽ കയറാൻ മടിക്കും. കോടികൾ മുടക്കി എംപി ഫണ്ട് കൊണ്ടാണത്രേ ഇതുണ്ടാക്കിയത്! നഗരസഭയും നിർമ്മിച്ചവരും ചേർന്ന് എത്ര മുക്കി എന്നാണെല്ലാവരും ചോദിക്കുന്നത്. പരിഷ്കൃത സമൂഹത്തിനിണങ്ങുന്ന ഒരു ബസ്‌ സ്റ്റാൻഡ് പോലും ഉണ്ടാക്കാൻ ഇവിടത്തെ ജനപ്രതിനിധിക്കും, നഗര ഭരണത്തിനും സാധിക്കുന്നില്ല.
കേരളത്തിന്റെ കായിക പ്രതിഭകളുടെ തലസ്ഥാനമായി പാലക്കാട് മാറിക്കഴിഞ്ഞു. എത്രയോ ദശാബ്ദങ്ങൾക്ക് മുൻപാണ് ഇന്ദിരാഗാന്ധിയുടെ നാമധേയത്തിൽ ഒരു മുനിസിപ്പൽ സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചത്. നാല്പത് വർഷം പിന്നിട്ടിട്ടും സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല. ഇപ്പോൾ ഉഴുതുമറിച്ച വയൽ പോലെയാണ് ആ സ്റ്റേഡിയം. കന്നു കാലികൾ പോലും അതിൽ കയറാറില്ല. അത് പരിഷ്‌കരിച്ചു മനോഹരമാക്കാൻ സർക്കാർ പല വട്ടം ചർച്ച നടത്തിയിട്ടും മുനിസിപ്പൽ ഭരണം പുറംതിരിഞ്ഞു നിൽക്കുകയാണ്.

ഒന്നാം പിണറായി സർക്കാരിൽ സാംസ്കാരിക വകുപ്പ് മന്ത്രി ആയിരുന്ന എ.കെ.ബാലൻ മുൻകൈ എടുത്താണ് വി ടി ഭട്ടതിരിപ്പാടിന്റെ സ്മാരകമായി ഒരു സാംസ്കാരിക സമുച്ചയം പാലക്കാട് നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. എന്നാൽ എത്രയോ ഭൂമി കൈവശം ഉണ്ടായിട്ടും ഈ സാംസ്കാരിക സമുച്ചയത്തിന് സ്ഥലം അനുവദിക്കാൻ ബിജെപി നഗര ഭരണം സമ്മതിച്ചില്ല. യുഡിഎഫ് എംഎൽഎയും അതിനു പാര വയ്ക്കാൻ അവരോടൊപ്പം ഉണ്ടായിരുന്നു. അവസാനം നഗരത്തിനു പുറത്ത് സർക്കാർ കൈവശത്തിലുള്ള സ്ഥലത്തേക്ക് ആ സാംസ്കാരിക സമുച്ചയം മാറ്റേണ്ടി വന്നു. നിർമാണം പൂർത്തിയാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ ആ സാംസ്കാരിക സമുച്ചയം ഉദ്ഘാടനത്തിനു തയ്യാറായിക്കഴിഞ്ഞു.

സംസ്ഥാനത്തിന്റെയും, ജില്ലയുടെയും പൊതു വികസനത്തോടൊപ്പം പാലക്കാട് നഗര പ്രദേശം മുന്നേറുന്നതിന് യുഡിഎഫ് എംഎൽഎയും ബിജെപി നഗര ഭരണവും എങ്ങനെ പ്രതികൂലമായി നിൽക്കുന്നു എന്നതിന്റെ ചില ഉദാഹരണങ്ങൾ ആണ് ഇവിടെ സൂചിപ്പിച്ചത്. അതിനാൽ പാലക്കാട്ടും വികസനം വരണം. അതിനു സർക്കാരിനോട് ചേർന്ന് നിൽക്കുന്നൊരു എംഎൽഎ ഉണ്ടാവണം. അതാണ് ഈ തിരഞ്ഞെടുപ്പിൽ സംഭവിക്കേണ്ടത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 4 =

Most Popular