Sunday, May 19, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്തൊഴിൽരഹിത സാമ്പത്തികവളർച്ച

തൊഴിൽരഹിത സാമ്പത്തികവളർച്ച

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 37

ഴുപതുകളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 33.5 ശതമാനമെന്ന നിരക്കിലായിരുന്നു. അതേ കാലയളവിൽ തൊഴിലിലുണ്ടായ വർദ്ധന 3 ശതമാനവും. എന്നാൽ കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാനിരക്ക് 58 ശതമാനത്തിനിടയിലായിരുന്നുവെങ്കിൽ ഇതേ കാലയളവിൽ തൊഴിലിലുണ്ടായ വളർച്ച ഒരു ശതമാനത്തിനു താഴെ മാത്രമായിരുന്നു. സമ്പദ്ശാസ്ത്രത്തിന്റെ സാങ്കേതികഭാഷയിൽ പറഞ്ഞാൽ Employment elasticity ഏതാണ്ട് ഒന്നിനടുത്തുനിന്ന് അതിന്റെ പത്തിലൊന്നായി (0.1) കുറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം, 7 ശതമാനം നിരക്കിൽ സാമ്പത്തിക വളർച്ചയുണ്ടായിക്കൊണ്ടിരിക്കുമ്പോഴും തൊഴിൽ വളർച്ച 0.6 ശതമാനം മാത്രമാണ്. അതായത് Employment elasticity 0.1ൽ നിന്നും വീണ്ടും കുറയുന്നു എന്നർത്ഥം. ഈ പ്രതിഭാസം ഇന്ത്യയിലെ മാത്രം സവിശേഷതയാണോ?

1993ലെ മാനവ വികസന റിപ്പോർട്ട് ഒരു കാര്യം ചൂണ്ടിക്കാട്ടി ലോകത്തിലെ പല പ്രദേശങ്ങളിലും തൊഴിൽരഹിതവളർച്ച (Jobless growth) എന്ന പുതിയൊരു പ്രതിഭാസം അരങ്ങേറുന്നു. ഉല്പാദന വർധന ഉണ്ടാകുമ്പോഴും മൊത്തം തൊഴിൽ വർധന പുറകോട്ടു പോകുന്നു . വ്യാവസായികമായി ഉയർന്ന രാജ്യങ്ങളിലടക്കം ഈ പ്രതിഭാസം അരങ്ങേറുന്നു. 1973‐87 കാലയളവിൽ താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക വളർച്ച വികസിത രാജ്യങ്ങളിലുണ്ടായി. പക്ഷേ ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽവർധനയിൽ കാര്യമായ ഇടിവുണ്ടായി. ഘടനാപരമായ സാമ്പത്തിക പരിഷ്കാരങ്ങൾ ആദ്യം അരങ്ങേറിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മൊത്തം ആഭ്യന്തരോത്പാദനത്തിൽ (GDP) കൂലിയുടെ തോത് ഇടിയുന്ന പ്രവണത 1980കൾ മുതൽക്കേ ദൃശ്യമായിരുന്നു.

തൊഴിലില്ലായ്മ ചർച്ചയ്ക്ക് വരുന്ന സന്ദർഭങ്ങളിലൊക്കെ അതിനു പരിഹാരമായി മുഖ്യധാരയിലെ സാമ്പത്തികവിദഗ്‌ദർ ചൂണ്ടിക്കാണിക്കുന്ന പോംവഴി കൂടുതൽ സാമ്പത്തികവളർച്ച എന്നതാണ്. സാമ്പത്തിക വളർച്ചയ്ക്കൊപ്പം ആവശ്യമായ തൊഴിലുകളും സൃഷ്ടിക്കപ്പെടും എന്നാണ് വാദം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ സഞ്ജീവ് സന്യാൽ ഇത് സംബന്ധിച്ച ഒരു ചോദ്യത്തിനോട് പ്രതികരിച്ചതും ഇത്തരത്തിൽ തന്നെയായിരുന്നു. തൊഴിൽരഹിതവളർച്ച എന്നൊരു പ്രതിഭാസം ഇന്ത്യയിലില്ല എന്നാണ് സന്യാൽ പറഞ്ഞത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8 ശതമാനം നിരക്കിൽ വളരുകയാണ്, തൊഴിലില്ലായ്മ പ്രശ്നം അതുവഴി സ്വാഭാവികമായും പരിഹരിക്കപ്പെടും എന്ന മുഖ്യധാരാ സാമ്പത്തിക സിദ്ധാന്തം അതേപടി ആവർത്തിക്കുകയാണ് സന്യാൽ ചെയ്തത്. ഇത് യാഥാർഥ്യത്തിൽ നിന്നും എത്രകണ്ട് അകലെയാണെന്ന് മുകളിൽ സൂചിപ്പിച്ച കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഇന്ത്യയിൽ പ്രതിവർഷം 18 വയസ്സ് പൂർത്തിയാകുന്നവരുടെ എണ്ണം 18 ദശലക്ഷമാണ്. കാർഷികമേഖലയിൽ പണിയെടുക്കുന്ന 10 കോടി ജനങ്ങൾ ഈ മേഖലയിൽ ഇതിനകം തന്നെ അധികപ്പറ്റാണ് എന്നാണ് കണക്ക്. പുതുതായി തൊഴിൽ തേടിയെത്തുന്നവരെ അല്പം പോലും ഉൾക്കൊള്ളാൻ ഇന്ത്യൻ കാർഷികമേഖലയ്ക്ക് കഴിയില്ല എന്നിരിക്കെ പ്രതിവർഷം 20 ലക്ഷം തൊഴിലുകളെങ്കിലും പുതുതായി കണ്ടെത്തിക്കൊണ്ടേയിരിക്കണം. ഇത്തരമൊരു സാഹചര്യം കണ്ടുകൊണ്ടാണ് പ്രതിവർഷം 2 കോടി തൊഴിലുകൾ സൃഷ്ടിക്കുമെന്ന വലിയ അവകാശവാദം മോദി ഉയർത്തിയത്. എന്നാൽ തൊഴിലില്ലായ്മ സ്വതന്ത്രഇന്ത്യയുടെ 45 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി എന്നതാണ് യാഥാർഥ്യം. 2016‐-17ൽ 41.27 കോടി ആൾക്കാർ വിവിധ മേഖലകളിലായി തൊഴിലെടുത്തുകൊണ്ടിരുന്ന സ്ഥാനത്ത് 2022‐-23ൽ പണിയെടുക്കുന്നവർ 40.57 കോടി മാത്രമാണ്. അതായത് 70 ലക്ഷം തൊഴിലുകളുടെ നഷ്ടം! അതേസമയം ഇന്ത്യ കൈവരിച്ചിരിക്കുന്ന 8 ശതമാനം വളർച്ചാനിരക്കിനെക്കുറിച്ചും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി വളർന്നിരിക്കുന്നുവെന്നുമുള്ള അവകാശവാദം ഉച്ചത്തിൽ പ്രചരിപ്പിക്കുകയാണ് കേന്ദ്ര ഭരണകൂടം.

തൊഴിലില്ലായ്മ സംബന്ധിച്ച കൂടുതൽ സ്ഥിതിവിവരകണക്കുകളിലേക്ക് കടക്കാതെ തൊഴിൽരഹിത സാമ്പത്തികവളർച്ച എന്ന പ്രതിഭാസത്തെ കൂടുതൽ മനസിലാക്കാൻ ശ്രമിക്കാം. ആഭ്യന്തരോത്പാദനം വർധിച്ചാൽ പോലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയില്ല എന്ന് ഇന്ത്യൻ യാഥാർഥ്യം കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്. അപ്പോൾ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും തമ്മിലുള്ളത് എന്തുതരത്തിലുള്ള ബന്ധമാണ്?

സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങൾ, സാങ്കേതികവളർച്ചയെ ആസ്പദമാക്കിയ ഉല്പാദന സമ്പ്രദായങ്ങളിലേക്കുള്ള മാറ്റം, മൂലധനപ്രധാനമായ ഉല്പാദന സമ്പ്രദായങ്ങൾ സ്വീകരിക്കൽ എന്നിങ്ങനെ പല കാരണങ്ങളും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാൻ പറ്റും. ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂന്നിയ സർവീസ് മേഖലയുടെ വളർച്ചയാണ് കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകം കണ്ടുകൊണ്ടിരിക്കുന്നത്. 2022ലെ സ്ഥിതിവിവരകണക്കുകൾ പ്രകാരം ഇന്ത്യയിലെ ആഭ്യന്തരോത്പാദനത്തിലെ 48.44 ശതമാനവും സേവനമേഖലയുടേതാണ്. കാർഷിക മേഖലയുടേത് കേവലം 16.73 ശതമാനവും വ്യവസായികമേഖലയുടേത് 25.66 ശതമാനവും. 80കളുടെ തുടക്കത്തിൽ കാർഷികമേഖലയുടെ സംഭാവന 38 ശതമാനമായിരുന്നു എന്നുകൂടിയോർക്കണം. ആഭ്യന്തരോത്പാദനത്തിൽ കാർഷികമേഖലയുടെ സംഭാവനയുടെ ഇടിവ് എല്ലാ സമ്പദ്‌വ്യവസ്ഥയുടെയും പൊതുവായ സവിശേഷതയാണ്. പക്ഷേ തൊഴിൽദാതാവെന്ന നിലയിൽ കാർഷിക മേഖലയേക്കാൾ ഏറെ പിന്നിലാണ് സർവീസ് മേഖല. മാത്രവുമല്ല, കുറഞ്ഞ സ്കില്ലുകൾ മാത്രം ആവശ്യമായ കാർഷികമേഖലയിലെ തൊഴിലിന്റെ സ്ഥാനത്ത് സർവീസ് മേഖലയിലെ ജോലികൾ ഉയർന്ന സ്കില്ലുകൾ ആവശ്യപ്പെടുകയും ചെയ്യുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ വളർച്ച സർവീസ് മേഖലയിലെ പരിമിതമായ തൊഴിലുകളെക്കൂടി കുറയ്ക്കുന്ന രീതിയിലാണ് മുന്നേറുന്നത്. നിർമിതബുദ്ധി ഭരിക്കുന്ന ഭാവിയിൽ ഈ പ്രക്രിയ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
ഒരു രാജ്യത്ത് നിലനിൽക്കുന്ന സവിശേഷമായ സാമൂഹിക ബന്ധങ്ങളാണ് തൊഴിലില്ലായ്മയുടെ മൂലകാരണം. സാമ്പത്തിക വളർച്ച കൈവരിക്കുമ്പോഴും തൊഴിലില്ലായ്മ രൂക്ഷമാകാൻ കാരണവും ഇതാണ്. സാമ്പത്തികവളർച്ചയ്ക്ക് വേഗം കൂടുമ്പോൾ തൊഴിലില്ലായ്മ നിരക്കിലെ വർധനയ്ക്ക് ചെറിയ ഇടിവ് സംഭവിക്കാമെങ്കിലും അടിസ്ഥാനപരമായ കാരണങ്ങൾ നിലനിൽക്കുന്നിടത്തോളം തൊഴിലില്ലായ്മ വർധിച്ചുകൊണ്ടേയിരിക്കും. നിയോ ലിബറൽ കാലഘട്ടം ഈ പ്രതിഭാസത്തെ കൂടുതൽ വ്യക്തമാക്കിത്തരുന്നുണ്ട്.

ഇത് സംബന്ധിച്ച് പ്രഭാത് പട്നായക് മുന്നോട്ടു വെയ്ക്കുന്ന ഒരു സിദ്ധാന്തം ശ്രദ്ധേയമാണ്. ചെറുകിട ഉല്പാദനമേഖലയെയും ചെറുകിട ഉല്പാദകരെയും കർഷകരെയും നിയോലിബറൽ നയങ്ങൾ വളരെ ഗുരുതരമായി ബാധിക്കും. കാർഷികമേഖലയ്ക്ക് പ്രാമുഖ്യമുള്ള ഒരു സമ്പദ്‌വ്യവസ്ഥയിൽ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയെ ഇത് പ്രതികൂലമായി ബാധിക്കും. പ്രതിശീർഷ ഭക്ഷ്യോത്പന്ന ലഭ്യത ഇടിയും. സമ്പന്ന വർഗതാല്പര്യങ്ങൾക്കനുസൃതമായി, ലഭ്യമായ ഭക്ഷ്യധാന്യങ്ങളിൽ തന്നെ നല്ല പങ്ക്, സംസ്കരിക്കപ്പെടുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെയും, വളർത്തുമൃഗങ്ങളുടെ ഭക്ഷ്യോൽപ്പന്നങ്ങൾ നിർമിക്കുന്നതിലേക്കും നീക്കപ്പെടും. ഭക്ഷ്യോൽപ്പന്നങ്ങളുടെ ദൗർലഭ്യം വിലക്കയറ്റത്തിലേക്ക് നീങ്ങാതെ നിയന്ത്രിച്ചു നിർത്തേണ്ടതുണ്ട്.

ധനമൂലധനത്തിന്റെ ഏറ്റവും വലിയ ആശങ്ക വിലക്കയറ്റമാണ് (inflation). വിലക്കയറ്റത്തെ പിടിച്ചുനിർത്തണമെങ്കിൽ തൊഴിലെടുക്കുന്ന വിഭാഗങ്ങൾക്കിടയിൽ നിന്നുമുയരുന്ന ഭക്ഷ്യധാന്യങ്ങളുടെ ഡിമാൻഡ്‌ നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനായി ഒന്നുകിൽ തൊഴിലുകളുടെ ലഭ്യത കുറയ്ക്കുകയോ വേതനം ഇടിക്കുകയോ വേണം. അതല്ലെങ്കിൽ ഇത് രണ്ടും ഒരേസമയം പ്രവർത്തികമാക്കണം. നിയോലിബറൽ കാലഘട്ടത്തിൽ ഉല്പാദനക്ഷമതയിൽ ഗണ്യമായ വർദ്ധന കൈവന്നിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. അതിനാൽ ഉത്പാദനം വർധിക്കുമ്പോഴും തൊഴിൽ നിരക്കിൽ വർധനയുണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ വിലക്കയറ്റത്തെ തടഞ്ഞുനിർത്തണമെങ്കിൽ രണ്ടിൽ ഏതെങ്കിലുമൊരു പോംവഴി സ്വീകരിക്കുകയേ നിർവാഹമുള്ളൂ. അതിനാൽ നിയോലിബറൽ കാലഘട്ടത്തിലെ തൊഴിൽരഹിത വളർച്ച കേവലമൊരു ആകസ്മികതയല്ല, അതിന്റെ സ്വാഭാവികമായ അനിവാര്യതയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 3 =

Most Popular