Sunday, May 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെമുഖ്‌താർ അൻസാരിയുടെ മരണവും യുപിയിലെ ക്രിമിനൽ രാഷ്‌ട്രീയവും

മുഖ്‌താർ അൻസാരിയുടെ മരണവും യുപിയിലെ ക്രിമിനൽ രാഷ്‌ട്രീയവും

നിരഞ്‌ജനദാസ്‌

യുപി രാഷ്‌ട്രീയത്തിന്റെ അവിഭാജ്യഘടകമാണ്‌ ക്രിമിനൽ വാഴ്‌ചയെന്നത്‌ കുപ്രസിദ്ധമാണ്‌. യുപിയിലെ മൗവിൽനിന്നുള്ള എംഎൽഎ മുഖ്‌താറ അൻസാരിയുടെ ദുരൂഹമരണം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌. അധികാരം പിടിച്ചെടുക്കാൻ ജനാധിപത്യക്രമത്തിനുമപ്പുറം ക്രിമിനലിസത്തെയും സ്വത്വവാദത്തെയും ഉപയോഗിക്കുന്നത്‌ ഹിന്ദി ഹൃദയഭൂമിയിലെ രാഷ്‌ട്രീയത്തിൽ പൊതുവൽക്കരിക്കപ്പെട്ടിട്ടുള്ളതാണ്‌. അതിനെ എതിർക്കുന്ന മറ്റൊരു പ്രത്യയശാസ്‌ത്രവും വളർന്നുവരാനുള്ള സാധ്യതതന്നെ ഈ പേശീബല രാഷ്‌ട്രീയം ഇല്ലാതാക്കും, പ്രത്യേകിച്ചും ഭരിക്കുന്നത്‌ ബിജെപിയാണെങ്കിൽ. മറ്റു പാർട്ടികൾ അധികാരത്തിൽ വരുന്നതിനെയും അഥവാ അവയിലേതെങ്കിലും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ ഉന്മൂലനം ചെയ്യാൻ നിയമം കയ്യിലെടുക്കും; അധികാരത്തെ ദുർവിനിയോഗം ചെയ്യും. ക്രമസമാധാനം പാടെ ഇല്ലാതാകും. ആദിത്യനാഥ്‌ മുഖ്യമന്ത്രിയായശേഷം ക്രിമിനൽ രാഷ്‌ട്രീയവാഴ്‌ച അതിന്റെ എല്ലാ ദഷ്‌ട്രകളും പുറത്തെടുത്തിരിക്കുകയാണ്‌. അത്‌ പശുവിന്റെ പേരിലും ദളിതരോടുള്ള തൊട്ടുകൂടായ്‌മയുടെ പേരിലും മാത്രമല്ല അപരരാഷ്‌ട്രീയത്തോടും അപരമതങ്ങളോടും നിഷ്‌ഠുരമാംവിധം പ്രകടമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

എന്നാൽ സവർണജാതി അധികാരത്തിനെതിരെ സ്വത്വാധിഷ്‌ഠിതമായി രൂപംകൊണ്ട എസ്‌പി, ബിഎസ്‌പി എന്നീ പാർട്ടികളിലുള്ളവരും ഈ ക്രിമിനൽ രാഷ്‌ട്രീയത്തിൽനിന്നു പുറത്തുകടന്നിട്ടില്ല. അഥവാ അതിനെ പിൻപറ്റുന്നു എന്നതിന്റെ ഉദാഹരണമാണ്‌ മുക്‌താർ അൻസാരിയെപ്പോലുള്ള ഗുണ്ടാത്തലവൻമാരുടെ വളർച്ചയും നിലനിൽപും. ആർഎസ്‌എസ്‌‐ബിജെപിക്കെതിരെ വെല്ലുവിളി ഉയർത്തുന്നതിനു പകരം അതേ ക്രിമിനൽ രാഷ്‌ട്രീയസ്വഭാവം ഇവർ പുറത്തെടുക്കുന്നതായാണ്‌ കാണുന്നത്‌. അഞ്ചുതവണ മൗവിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട അൻസാരിയെ ഇല്ലാതാക്കാൻ അദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലത്തെ ബിജെപി ഉപയോഗിച്ചു. അൻസാരി ജയിലിൽ കഴിയവെ അസുഖബാധിതനാവുകയും ആശുപത്രിയിൽവെച്ച്‌ മരണപ്പെടുകയും ചെയ്‌തു. എന്നാൽ അൻസാരിയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നുണ്ട്‌. ജയിൽ ഭക്ഷണം കഴിച്ചശേഷമാണ്‌ അദ്ദേഹത്തിന്‌ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന്‌ മരണം സംഭവിക്കുകയും ചെയ്‌തതെന്നാണ്‌ ബന്ധുക്കൾ പറയുന്നത്‌. എന്തായാലും തങ്ങളുടെ ശത്രുപക്ഷത്ത്‌ നിൽക്കുന്ന, അഞ്ചുതവണ ബിഎസ്‌പിയുടെ എംഎൽഎയായ അൻസാരിയെ രാഷ്‌ട്രീയമായി ഇല്ലാതാക്കുകയെന്നത്‌ യുപിയിലെ ബിജെപിയുടെ ആവശ്യം കൂടിയായിരുന്നു.

യുപി ഭരിക്കുന്നത്‌ രാഷ്‌ട്രീയമല്ല ക്രിമിനലിസമാണ്‌. ഇതിൽനിന്നും ബിജെപിയിതര പാർട്ടികൾ‐ എസ്‌പിയും ബിഎസ്‌പിയും‐ പുറത്തുവന്നെങ്കിൽ മാത്രമേ ബിജെപി ഉയർത്തുന്ന ഭീഷണിയിൽനിന്നും പുറത്തുകടക്കാനാവൂ. അതിനാദ്യം വേണ്ടത്‌ എസ്‌പിയും ബിഎസ്‌പിയും സ്വത്വവാദം ഉപേക്ഷിച്ച് യഥാർഥ രാഷ്‌ട്രീയശക്തിയായി മാറുകയെന്നതാണ്‌. അങ്ങനെയെങ്കിൽമ്രാത്രമേ ബിജെപിയുടെ ക്രിമിനൽ രാഷ്‌ട്രീയത്തിന്‌ ബദലാവാൻ കഴിയുകയുള്ളൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × two =

Most Popular