Sunday, May 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാളിൽ ഉരുളക്കിഴങ്ങ്‌ കർഷകർ കടക്കെണിയിൽ

പശ്ചിമബംഗാളിൽ ഉരുളക്കിഴങ്ങ്‌ കർഷകർ കടക്കെണിയിൽ

കെ ആർ മായ

രു പതിറ്റാണ്ടിനുമുമ്പുവരെ പ്രതാപത്തിലായിരുന്ന പശ്ചിമബംഗാളിലെ ഇരുളക്കിഴങ്ങു കർഷകർ ഇന്ന്‌ നിത്യവൃത്തിക്കായി ഉഴലുകയാണ്‌. ഒരുകാലത്ത്‌ ബംഗാളിലെ കാർഷികോൽപാദനത്തിൽ നിർണായകമായ പങ്കുവഹിച്ചവരായിരുന്നു ഉരുളക്കിഴങ്ങ്‌ കർഷകർ. എന്നാൽ തൃണമൂൽ സർക്കാരിന്റെ നിസ്സംഗതയും കാലാവസ്ഥാ വ്യതിയാനവും താഴ്‌ന്ന വിലയും മൂലം കടക്കെണിയിലായ കർഷകർ വട്ടിപ്പലിശക്കാരെയും ഇടനിലക്കാരെയും പൂർണമായും ആശ്രയിക്കാൻ നിർബന്ധിതമായിരിക്കുകയാണ്‌. ഇടനിലക്കാരുടെ വരവിനായി കാത്തിരിക്കുന്ന കർഷകരുടെ നിര ഇന്ന്‌ നിത്യകാഴ്‌ചയാണ്‌.

ഈവർഷം കർഷകർ നേരിടുന്ന ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്‌. ഉരുളക്കിഴങ്ങ്‌ സംഭരിക്കാനും അവ എത്തിക്കാനും ശീതീകരിച്ച്‌ സൂക്ഷിക്കാനും വേണ്ട സാമ്പത്തികസ്ഥിതി കർഷകർക്കില്ല. അതുകൊണ്ടുതന്നെ കഠിനാധ്വാനം ചെയ്‌ത്‌ വിളയിച്ചെടുത്ത ഉരുളക്കിഴങ്ങ്‌ തുച്ഛവിലയ്‌ക്ക്‌ ഇടനിലക്കാർക്ക്‌ വിൽക്കാൻ ഇവർ നിർബന്ധിതമായിരിക്കുന്നു. ബംഗാളിൽ ഒരുകാലത്ത്‌ കർഷകർക്ക്‌ എല്ലാ പിന്തുണയും നൽകിയിരുന്ന സഹകരണസംഘങ്ങൾ ഇന്ന്‌ പൂർണമായും പ്രവർത്തനരഹിതമാണ്‌. സഹകരണസംഘങ്ങളിൽ നിന്ന്‌ വിളവായ്‌പ ലഭിക്കാത്തതിനാൽ കർഷകർ ഇടനിലക്കാരെയും പ്രാദേശിക പണമിടപാടുകാരെയും ആശ്രയിക്കുകയാണ്‌. ഇത്രയും കാലം ഇങ്ങനെ പിടിച്ചുനിന്ന അവർ കടക്കെണിയിൽ പതിച്ചത്‌ കൃഷിതന്നെ ഉപേക്ഷിക്കാൻ ഇപ്പോൾ അവരെ നിർബന്ധിതമാക്കിയിരിക്കുന്നു. കാലാവസ്ഥ സ്ഥിതി കൂടുതൽ ദുരിതത്തിലാക്കി. നടീലിന്റെ പ്രാരംഭഘട്ടത്തിലുണ്ടായ കാലവർഷം കർഷകർക്ക്‌ കാര്യമായ ബുദ്ധിമുട്ട്‌ സൃഷ്ടിച്ചു. വിത്തുകളും വളങ്ങളും കരിഞ്ചന്തയിൽനിന്ന്‌ കൂടിയ വിലയ്‌ക്ക്‌ വാങ്ങാൻ നിർബന്ധിതമായി. കഴിഞ്ഞവർഷം ഖാരിഫ്‌ സീസണിൽ വളംവില കുതിച്ചുയർന്നു. പ്രാദേശിക സഹകരണസംഘങ്ങൾ വളം നൽകുന്നത്‌ നിർത്തി. ഇതും കരിഞ്ചന്തയിൽനിന്ന്‌ അമിതവിലയ്‌ക്ക്‌ കർഷകർ വളം വാങ്ങേണ്ട സ്ഥിതി സംജാതമാക്കി. രാസവളത്തിന്റെ വില ചാക്കിന്‌ 1800 രൂപയായിരുന്നത്‌ കരിഞ്ചന്തയിൽ 5000 രൂപയ്‌ക്കാണ്‌ വിറ്റത്‌. സർക്കാർ പ്രഖ്യാപിച്ച വിള ഇൻഷുറൻസ്‌ പ്രഹസനമായി. കർഷകർ ആയിരക്കണക്കിന്‌ രൂപയാണ്‌ വിള ഇൻഷുറൻസിനായി നൽകിയത്‌. എന്നാൽ ഒരു കമ്പനിയും ഇൻഷുറൻസിനായി കർഷകരെ സമീപിച്ചില്ല. അങ്ങനെ കർഷകരുടെ ആ പ്രതീക്ഷയും അറ്റു.

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ തന്നെയാണ്‌ മമതയ്‌ക്ക്‌ കീഴിൽ തൃണമൂൽ കോൺഗ്രസും തുടരുന്നത്‌. മോദി സർക്കാർ കൊണ്ടുവന്ന മൂന്ന്‌ കാർഷിക നിയമങ്ങൾക്കെതിരായി കർഷകർ നടത്തിയ പോരാട്ടം രാജ്യത്തിന്റെ ചരിത്രമായി മാറിയത്‌ നാം കണ്ടതാണ്‌. കർഷകരെ വീണ്ടും പ്രക്ഷോഭത്തിലേക്കു തള്ളിവിടാതിരിക്കാൻ കർഷകവിരുദ്ധ നിലപാടുകളും നയങ്ങളും മമത സർക്കാർ ഉപേക്ഷിക്കണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × two =

Most Popular