Monday, October 14, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്നവഫാസിസത്തിന്റെ അർഥശാസ്‌ത്രം

നവഫാസിസത്തിന്റെ അർഥശാസ്‌ത്രം

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 38

ക്ഷേമരാഷ്ട്ര സങ്കല്പങ്ങളോട് വിടപറഞ്ഞ്‌ നിയോ ലിബറൽ കാലഘട്ടത്തിലേക്ക് ലോക രാഷ്ട്രങ്ങൾ ചുവടുകൾ വെയ്ക്കുന്നത് 1980കൾക്കു ശേഷമാണ്. തീവ്ര വലതുപക്ഷ സ്വഭാവമുള്ള നിയോ ഫാസിസ്റ്റുകൾ പശ്ചിമ യൂറോപ്പ്യൻ രാജ്യങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം വീണ്ടും വിളിച്ചറിയിക്കുന്നതും ഇതേ സമയത്താണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് അസഹിഷ്ണുതയുടെ രാഷ്ട്രീയവുമായി സംഘപരിവാർ വീണ്ടും കടന്നുവരുന്നതും ഇതേ കാലയളവിലാണ്. ആ രാഷ്ട്രീയ സാന്നിധ്യത്തിന് തീവ്രതയേകിക്കൊണ്ട് എൽ കെ അദ്വാനിയുടെ രഥയാത്ര ആരംഭിക്കുന്നത് 1990 സെപ്റ്റംബറിലാണ്. ഏതാണ്ട് ഒരേ കാലയളവിൽ ഈ പ്രതിഭാസങ്ങൾ അരങ്ങേറി എന്നത് കേവലമൊരു യാദൃച്ഛികതയാണോ? ചരിത്രവും വർത്തമാനവും നമ്മളോട് പറയുന്നത് അല്ല എന്നാണ്.

ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഫാസിസം, നവ ഫാസിസം, നവ നാസിസം എന്നീ പദങ്ങൾ കൊണ്ട് ഇന്നത്തെ കാലത്ത് നാം അർത്ഥമാക്കുന്നതെന്ത് എന്ന് ഒന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. ഹിറ്റ്ലർ നടത്തിയ ജൂതവേട്ടയാണ് ഫാസിസം എന്ന പദം നമ്മുടെ മനസ്സിലുണ്ടാക്കുന്ന പെട്ടെന്നുള്ള ചിത്രം. ഹിറ്റ്ലറുടെ ഫാസിസത്തെ അപനിർമിച്ചാൽ നമുക്ക് കണ്ടെത്താൻ കഴിയുക ഈ ഘടകങ്ങളാകും (1) ഒരു ദേശത്തിന്റെ യഥാർത്ഥ അവകാശികൾ ഒരു പ്രത്യേക വിഭാഗത്തിൽപെട്ടവരാണ് (2) അവർ മറ്റുള്ളവരെക്കാൾ മഹിമയുള്ളവരാണ് (3 ) മഹത്തായ ഒരു ഭൂതകാലം നമ്മുടെ രാജ്യത്തിന് ഒരു കാലത്തുണ്ടായിരുന്നു. അത് നഷ്ടപ്പെട്ടുപോയിരിക്കുന്നു. അതിനെ വീണ്ടെടുക്കണം (4) നമ്മുടെ നഷ്ടങ്ങൾക്ക് കാരണം ഇവിടെ കടന്നുകൂടിയ ഒരു പ്രത്യേക മത/വംശീയ വിഭാഗത്തിൽ പെട്ടവരാണ് . അവരെ ഉന്മൂലനം ചെയ്യുകയോ രണ്ടാംകിടക്കാരാക്കി മാറ്റുകയോ ചെയ്യണം. ദശലക്ഷക്കണക്കിന് ജൂതരുടെ ഉന്മൂലനത്തിലേക്കും രണ്ടാം ലോക യുദ്ധത്തിലേക്കും നയിച്ച ഹിറ്റ്‌ലറുടെ ഈ രാഷ്ട്രീയ ദർശനത്തിനു സമാനമായ ഒന്ന് ഇറ്റലിയിൽ മുസ്സോളിനിയും രൂപപ്പെടുത്തിയിരുന്നു. ലിബറലിസത്തിനും കമ്മ്യൂണിസത്തിനുമെതിരായ ഒരു രാഷ്ട്രീയ സൈദ്ധാന്തിക പദ്ധതിയായിത്തന്നെ ഫാസിസത്തെ മുസോളിനി അവതരിപ്പിച്ചു. ഒന്നാം ലോക യുദ്ധ പരാജയമേൽപ്പിച്ച മുറിവുകളിൽ നിന്നും ഇറ്റാലിയൻ ജനതയുടെ വംശീയ മഹിമയെ വീണ്ടെടുക്കാനാണ് മുസ്സോളിനി ശ്രമിച്ചത്. സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തെ വ്യക്തിയുടെ സ്വാതന്ത്ര്യങ്ങൾക്ക് മീതെ പ്രതിഷ്ഠിക്കാനുള്ള പദ്ധതിയായിരുന്നു മുസ്സോളിനിയുടെ ഫാസിസം. ഒന്നാം ലോക യുദ്ധാനന്തരം യൂറോപ്യൻ മണ്ണിൽ ശക്തിപ്രാപിച്ച കമ്മ്യൂണിസത്തോടുള്ള വിയോജിപ്പ് ഇവരുടെ രാഷ്ട്രീയ പദ്ധതികളുടെ മുഖ്യ ഘടകമായിരുന്നു. സോവിയറ്റ് യൂണിയന്റെ ആവിർഭാവത്തോടെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തങ്ങളുടെ രാജ്യത്തേക്കും കടന്നുവരുമോ എന്ന ഭയം ഗ്രസിച്ച ജർമനിയിലെയും ഇറ്റലിയിലെയും മുതലാളിത്ത ലോകം ഒന്നാകെ ഹിറ്റ്ലർക്കും മുസ്സോളിനിക്കും പിന്നിൽ അണിനിരന്നതും യാദൃച്ഛികമായിരുന്നില്ല. ഫാസിസ്റ്റ് സിദ്ധാന്തം എന്ന ലഘുലേഖയിൽ മുസ്സോളിനി പറയുന്നത് ഇപ്രകാരമാണ്. ‘‘ഫാസിസ്റ്റുകൾ സമാധാനകാംക്ഷികളല്ല. മനുഷ്യനെ ഊർജസ്വലനാക്കുന്നത് യുദ്ധമാണ്. അതിനാൽ സമാധാനം മുന്നോട്ടുവെയ്ക്കുന്ന ഒരു സൈദ്ധാന്തിക പദ്ധതിയുമായും ഒത്തുപോകാൻ ഫാസിസത്തിനാകില്ല. സാർവദേശീയമായ ഒരു പദ്ധതിയുമായും ഒത്തുപോകാൻ ഫാസിസത്തിനാകില്ല. ഭൗതിക നേട്ടങ്ങളെ ലക്ഷ്യമാക്കുന്ന ഒന്നുമായും അതിനു ചേർന്നുപോകാനാകില്ല. അതുകൊണ്ടുതന്നെ സാമ്പത്തികവാദപരമായ മാർക്സിയൻ സോഷ്യലിസത്തെ അത് ശക്തിയായി എതിർക്കുന്നു. രാഷ്ട്രീയ തുല്യത എന്നത് വെറും നുണയാണ്. അതുയർത്തിപ്പിടിക്കുന്ന ജനാധിപത്യത്തിൽ ഫാസിസ്റ്റുകൾ വിശ്വസിക്കുന്നില്ല. ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിലല്ല അത് ദേശത്തെ നിർവചിക്കുന്നത്. സാംസ്കാരികവും ധാർമികവുമായ ദേശ സങ്കല്പങ്ങളാണ് അതുയർത്തിപ്പിടിക്കുന്നത്’’.

മുസ്സോളിനിയുടെ ഫാസിസ്റ്റു പാർട്ടിയുടെ പിന്തുടർച്ചാവകാശികളാണ് ഇറ്റാലിയൻ സോഷ്യലിസ്റ്റ് മൂവ്മെന്റ് എന്ന നിയോ ഫാസിസ്റ്റു പ്രസ്ഥാനം. 1990ൽ അത് നാഷണൽ അലിയൻസ് എന്ന് പുനർനാമകരണം ചെയ്തു. 1950കളിൽ കമ്മ്യൂണിസത്തിനെതിരെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് ഗവണ്മെന്റിനെ പിന്തുണച്ച പ്രസ്ഥാനമാണിത്. സോഷ്യലിസ്റ്റ് പാർട്ടികൾക്കെതിരെ നിലകൊള്ളുക എന്ന രാഷ്ട്രീയ സമീപനമാണ് ഇവർ എല്ലായ്‌പോഴും കൈക്കൊണ്ടുപോന്നിരുന്നത്.

പശ്ചിമ യൂറോപ്പിലെ തീവ്ര വലതുപക്ഷ പാർട്ടികളെ രണ്ടു ഗണത്തിൽ പെടുത്താം. ഒന്ന്, കൃത്യമായ ഫാസിസ്റ്റു പരിപാടികൾ വെച്ചുപുലർത്തുന്ന നവ ഫാസിസ്റ്റ് പാർട്ടികൾ. രണ്ട്, ലിബറൽ ജനാധിപത്യമൂല്യങ്ങൾ പ്രത്യക്ഷത്തിൽ വെച്ചുപുലർത്തുന്ന, കമ്പോള താല്പര്യങ്ങൾ ശക്തമായി ഉയർത്തിപ്പിടിക്കുന്ന, തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾ. ഇവരെ നിയോ ഫാസിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും വേറിട്ടു കാണുക എളുപ്പമല്ല. സങ്കുചിത ദേശീയതയും വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ നിലപാടുകളും വർഗപരമായ അന്തരങ്ങളെ അതിലംഘിക്കുന്ന രീതിയിലുള്ള പോപ്പുലിസ്റ്റ്‌ നാട്യങ്ങളും ശക്തനായ ഭരണാധികാരിക്കായുള്ള മുറവിളികളുമെല്ലാം നവ ഫാസിസ്റ്റു പാർട്ടികളുടേതിന് ഏറെക്കുറെ സമാനമാണ്. ലിബറൽ ഡെമോക്രസിയെ ഉയർത്തിക്കാട്ടി സംസാരിക്കുന്നു എന്നതാണ് ഇവരെ നിയോ ഫാസിസ്റ്റു പാർട്ടികളിൽ നിന്നും വേറിട്ടു നിർത്തുന്ന പ്രധാന ഘടകം.

കുടിയേറ്റക്കാർക്കെതിരായ നീക്കങ്ങളിലാണ് തീവ്ര വലതുപക്ഷക്കാർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എല്ലാവർക്കും സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്ന രീതിയിലുള്ള നയങ്ങളെ ആക്രമിക്കലാണ് നിയോ ലിബറൽ സാമ്പത്തിക ആശയങ്ങളെ പിന്തുടരുന്ന ഇക്കൂട്ടരുടെ പ്രധാന പരിപാടികൾ. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് പ്രവേശിച്ച മിക്ക യൂറോപ്യൻ രാഷ്ട്രങ്ങളിലും അപരന്മാരുമായി വിഭവങ്ങൾ പങ്കുവെയ്ക്കുന്നതിലുള്ള എതിർപ്പാണ് നിയോ ഫാസിസ്റ്റുകളും തീവ്ര വലതുപക്ഷക്കാരും ഒരുപോലെ മുന്നോട്ടു വെയ്ക്കുന്നത്. ഈ അപരത്വത്തെ സൃഷ്ടിക്കാനായിട്ടാണ് കുടിയേറ്റക്കാർക്കു നേരെയുള്ള ഈ ആക്രോശങ്ങളത്രയും. സാമ്പത്തിക പ്രതിസന്ധികൾ വർഗപരമായ രാഷ്ട്രീയത്തിലേക്ക് തിരിയുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഈ സമീപനം സഹായിക്കുന്നുവെന്നതിനാൽ കോർപ്പറേറ്റ് ലോകത്തിനും ഇത് വളരെ സ്വീകാര്യമാണ്. നിയോ ലിബറൽ കാലയളവിൽ, പ്രത്യേകിച്ച് 90കൾക്ക് ശേഷം, ഇന്ത്യയിൽ വളർന്നുവന്ന വർഗീയ രാഷ്ട്രീയത്തിന്റെ വേരുകൾ കിടക്കുന്നതും ഇവിടെത്തന്നെയാണ്. ന്യൂനപക്ഷമായ ഒരു പൊതു ശത്രുവിനെ ചൂണ്ടിക്കാട്ടി ഭൂരിപക്ഷത്തെ ഒരു രാഷ്ട്രീയ കൊടിക്കൂറയ്ക്കു കീഴെ അണിനിരത്താമെന്നുള്ള രാഷ്ട്രീയ സാധ്യതയെയാണ് ഇത് തുറന്നുതരുന്നത്. ട്രംപും ബോൾസൊനാരോയും മോദിയുമെല്ലാം ഇതുവഴി രാഷ്ട്രീയ നേട്ടം കൊയ്തവരാണ്. നിയോ ലിബറലിസ്റ്റ് നയങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾ വർഗപരമായ വൈരുധ്യങ്ങളിലേക്കും അതുവഴി വർഗ രാഷ്ട്രീയത്തിലേക്കും വളരുന്നത് തടയാൻ വിഭാഗീയതയുടെ ഈ രാഷ്ട്രീയത്തിന് കഴിയുന്നുണ്ട്.

യൂറോപ്യൻ രാഷ്ട്രീയത്തിൽ വേരുകളുറപ്പിക്കാൻ നിയോ ഫാസിസ്റ്റ്, തീവ്ര വലതുപക്ഷ പാർട്ടികൾക്ക് സാധിക്കുന്നതെന്തുകൊണ്ടാണ്? സാമൂഹിക ക്ഷേമത്തിലൂന്നിയ മുതലാളിത്തം, ലിബറൽ ജനാധിപത്യം ഇവയ്ക്കൊക്കെ ശക്തമായ സാന്നിധ്യമുള്ള യൂറോപ്യൻ സമൂഹം ഇങ്ങിനെയൊരു രാഷ്ട്രീയ പരിണാമത്തിനു വിധേയമാകുന്നെതെന്തുകൊണ്ടാണ്?

കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കിടയിൽ രൂക്ഷമായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി പശ്ചിമ യൂറോപ്പിലെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങളെ അവതാളത്തിലാക്കിയിട്ടുണ്ട്. ചൈനയുടെയും മറ്റും സാമ്പത്തിക കുതിപ്പിനെ തുടർന്ന് ഉല്പാദനപ്രവർത്തനങ്ങളിൽ നഷ്ടപെട്ട മേൽകൈ തൊഴിൽമേഖലകളെയും കാര്യമായി തളർത്തി. വേതനനിരക്കുകളിലെ മരവിപ്പും രൂക്ഷമായ തൊഴിലില്ലായ്മയും ജനങ്ങൾക്കിടയിൽ അസംതൃപ്തി വർധിപ്പിച്ചു. പോസ്റ്റ് ഇൻഡസ്ട്രിയൽ സമൂഹത്തിൽ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിടിച്ചു നിൽക്കാൻ പാടുപെട്ടത് പുതിയ രാഷ്ട്രീയ സാധ്യതകൾക്ക് വഴിവെച്ചു. നിയോ ലിബറൽ നയങ്ങൾക്ക് കൈവന്ന അപ്രമാദിത്വം സാമ്പത്തികരംഗത്ത് തീവ്ര വലതുപക്ഷ നയങ്ങൾ നടപ്പിലാക്കുന്നതിലേക്കും അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആധിപത്യത്തിനും വഴിതെളിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളെ വംശീയതയുടെയും ദേശീയതയുടെയും പേരിൽ വഴിതിരിച്ചുവിടാൻ എളുപ്പമായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടർന്ന് ലോകവ്യാപകമായുണ്ടായ ക്ഷേമരാഷ്ട്ര സങ്കല്പങ്ങളുടെ തകർച്ചയുളവാക്കിയ രാഷ്ട്രീയ പരിണാമങ്ങൾ സങ്കീർണമാണ്. വലതുപക്ഷ രാഷ്ട്രീയത്തിന് അത് ഏറെ വളക്കൂറുള്ള മണ്ണൊരുക്കി.

മൂലധനത്തിന്റെ ഒഴുക്കിന് രാജ്യങ്ങളുടെ വാതായനങ്ങൾ മലർക്കെത്തുറന്നുകൊടുത്ത നിയോ ലിബറൽ കാലത്ത്, തൊഴിൽ ശക്തിയുടെ രാജ്യാന്തര ഒഴുക്ക് തടസ്സപ്പെടുകയാണുണ്ടായത്. കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർക്കശമാക്കപ്പെട്ടു. ഒട്ടുമിക്ക നിയോ ഫാസിസ്റ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ശക്തിസ്രോതസ്സുകളിലൊന്ന് കുടിയേറ്റക്കാർക്കെതിരായ നീക്കങ്ങളായിരുന്നു. 80കളുടെ മധ്യത്തോടെ ശക്തിപ്രാപിച്ച കുടിയേറ്റം യൂറോപ്യൻ ജനതയെ ക്സെനോഫോബിയയിലാഴ്ത്തി (Xenophobia).

പരസ്പര പൂരകമായി വർത്തിക്കുന്ന നിയോലിബറലിസവും നിയോ ഫാസിസവും തമ്മിലുള്ള ബന്ധത്തിന്റെ ഭാവിയെന്ത്? ഇതു സംബന്ധിച്ച് പ്രഭാത് പട്നായിക് നടത്തുന്ന പ്രധാന നിരീക്ഷണങ്ങൾ ഇതാണ്. അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാനേ അതാതു രാജ്യങ്ങളിലെ നിയോ ഫാസിസ്റ്റു പാർട്ടികൾക്കും അവർ നേതൃത്വം കൊടുക്കുന്ന ഭരണകൂടങ്ങൾക്കും കഴിയൂ. രൂക്ഷമായ തൊഴിലില്ലായ്മ പോലുള്ള പ്രതിസന്ധികളെ നേരിടാൻ തക്ക നയങ്ങൾ നടപ്പിലാക്കാൻ അതുകൊണ്ടുതന്നെ അവർ അപര്യാപ്തരാണ്. മഹാമാന്ദ്യത്തിന്റെ കാലത്ത് ഉദയം ചെയ്ത ക്ലാസ്സിക്കൽ ഫാസിസം ഇത്തരം പ്രതിസന്ധികളെ തരണം ചെയ്തത് ഡെഫിസിറ്റ് ഫൈനാൻസിങ്ങിലൂന്നിയ ആയുധനിർമാണത്തിലൂടെയും യുദ്ധപദ്ധതികളിലൂടെയുമായിരുന്നു. മഹാമാന്ദ്യത്തിൽ നിന്നും ആദ്യം പുറത്തുകടന്ന രാഷ്ട്രമായ ജപ്പാനും യൂറോപ്പിൽ മഹാമാന്ദ്യത്തിൽ നിന്നും ആദ്യം രക്ഷപ്പെട്ട നാസി ജർമ്മനിയും യുദ്ധാവശ്യങ്ങളെ മുൻനിർത്തിയ വ്യാപാരങ്ങളിലൂടെയാണ് അത് സാധിച്ചത്. അത്തരമൊരു പോംവഴി ഇന്നത്തെ നിയോ ഫാസിറ്റുകൾക്കു മുന്നിലില്ല. രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തണമെങ്കിൽ ഗവണ്മെന്റ് ചെലവുകൾ ഗണ്യമായി വർധിപ്പിക്കണം. നിയോ ലിബറൽ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് അത്തരമൊരു പ്രശ്നപരിഹാരം സാധ്യമല്ല. കോർപറേറ്റുകൾക്കുമേൽ അധികനികുതി ചുമത്തുക എന്ന പോംവഴിയും നിയോ ലിബറൽ നയങ്ങൾ പിന്തുടരുന്നവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. ഈ സാഹചര്യം മൂലം അധികാരത്തിനുമേലുള്ള നിയോ ഫാസിസ്റ്റുകളുടെ പിടി അയയും. നിലനിൽക്കുന്ന പരിമിതമായ ജനാധിപത്യ അവകാശങ്ങളുടെ മേൽ കൈവെക്കാതെ മുന്നോട്ടു പോവുക നിയോ ഫാസിസ്റ്റുകൾക്ക് ദുഷ്കരമാകും. അതല്ലെങ്കിൽ ജനങ്ങൾക്കിടയിൽ വംശീയമായ ഭിന്നിപ്പുകളുണ്ടാക്കി അതിൽ നിന്നും മുതലെടുത്ത് അധികാരം നിലനിർത്താനുള്ള വഴികൾ തേടേണ്ടിവരും. സമകാലിക ഇന്ത്യയിൽ സംഭവിക്കുന്നതും അതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + 19 =

Most Popular