Saturday, July 27, 2024

ad

Homeസിനിമകാഴ്‌ചയുടെ പുതുആഖ്യാനം

കാഴ്‌ചയുടെ പുതുആഖ്യാനം

കെ എ നിധിൻ നാഥ്‌

സ്‌ക്രീനിൽ നടക്കുന്ന രണ്ടര മണിക്കൂർ നീളുന്ന ആഘോഷത്തിന്റെ ഭാഗമായി ആർത്തുല്ലസിക്കുന്ന പ്രേക്ഷകർ. ഇതിലൂടെ സ്‌ക്രീനും പ്രേക്ഷകനും തമ്മിലുള്ള വിടവിനെ ഇല്ലാതാക്കുന്ന സിനിമാറ്റിക്ക്‌ അനുഭൂതിയാണ്‌ ജിത്തു മാധവന്റെ ഫഹദ്‌ ഫാസിൽ ചിത്രം ആവേശം. കത്തിക്കയറുന്ന കമ്പക്കെട്ടിന്റെ താളത്തിൽ ഫഹദ്‌ നിറഞ്ഞാടുന്ന കാഴ്‌ച. സ്‌ക്രീനിൽ ആവേശത്തിന്റെ എൻഡ്‌ ക്രെഡ്‌റ്റ്‌സ്‌ തെളിയുമ്പോഴും തിയറ്റർ ഒരു ആഘോഷവേളയുടെ മൂഡിലാണ്‌. അതു വിട്ട്‌ പുറത്തുവന്നാൽ എന്താണ്‌ ഫഹദ്‌ ഫാസിൽ ഇനി പുതിയതായി ചെയ്യുക എന്ന്‌ പ്രേക്ഷകരെ കൊണ്ട്‌ ചിന്തിപ്പിക്കുന്ന പ്രകടനം. ആ പ്രകടത്തിനെ പിൻപറ്റി കയ്യടക്കത്തോടെ ഒരുക്കിയ പടമാണ്‌ ആവേശം. മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ ഒന്ന്‌ കൂടി റീഡിസൈൻ ചെയ്യുന്നുണ്ട്‌ ആവേശം. സംഭാഷണ കേന്ദ്രീകൃതമായി ചുരുങ്ങി പോകുന്ന നമ്മുടെ മാസ്‌ ശ്രേണി സിനിമയെ കാഴ്‌ചയുടെയും ശബ്ദത്തിന്റേതുമാണ്‌ സിനിമയെന്ന്‌ ഓർമപ്പെടുത്തുന്നുണ്ട്‌ ജിത്തു മാധവൻ. അതേസമയം വളരെ ചെറിയ സംഭാഷങ്ങളിൽ ഊന്നി, റീൽസിന്റെയും ചെറുവീഡിയോയുടെയും കാലത്തെ സോഷ്യൽ മീഡിയ ഭാഷയാണ്‌ പടത്തിന്റേത്‌. പുതിയ കാലത്തിന്റെ ഭാഷയും അതിൽ ഊന്നിയുള്ള കഥപറച്ചിലും. അങ്ങനെ അടിമുടി പുതിയ കാലത്തിന്റെ പടമാണ്‌ ആവേശം.

ജിത്തു മാധവൻ

രംഗ എന്ന ഗാങ്‌സ്റ്ററായുള്ള ഫഹദിന്റെ പ്രകടനം ഒരു അസാധ്യ കാഴ്‌ചയാണ്‌. അഭിനയമെന്നത്‌ ആയാസകരമായ ഒരു കാര്യമാണ്‌ എന്ന്‌ പ്രേക്ഷകനെ തോന്നിപ്പിക്കുന്ന തലത്തിലുള്ള പ്രകടനം. ‘എന്റെ സിനിമകൾ വിജയിപ്പിക്കാനും ആരാധിക്കാനും ഫാൻസ് അസോസിയേഷനുകളുടെ ആവശ്യമില്ല. താരപദവി എന്നെ ഭ്രമിപ്പിക്കുന്നില്ല. നല്ല നടനാകുക എന്നത് തന്നെയാണ് ലക്ഷ്യം.’ കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഫഹദ്‌ ഇങ്ങനെ പറഞ്ഞതിന് പൂർണത നൽകുന്ന പ്രകടനം. തന്നിലെ നടനിൽ ഫഹദിനു ആത്മവിശ്വാസത്തിന്‌ കൂടിയാണ്‌ പ്രേക്ഷകർ കയ്യടിക്കുന്നത്‌. ‘റീ ഇൻട്രോഡ്യൂസിങ്‌ ഫഫാ’ എന്ന്‌ പറഞ്ഞാണ്‌ ഫഹദിനെ സിനിമയിൽ അവതരിപ്പിക്കുന്നത്‌. സിനിമയിൽ തിളങ്ങി നിൽക്കുന്ന ഫഹദിനെ എന്തിനാണിപ്പോൾ ‘റീ ഇൻട്രോഡ്യൂസ്‌’ ചെയ്യുന്നത്‌ എന്ന തോന്നലിനോട്‌ സ്വാഗിലും കാഴ്‌ചയിലും വസ്‌ത്രധാരണത്തിലും ശരീരഭാഷയിലുമെല്ലാം പുതിയൊരു ആളായാണ്‌ രംഗയിലൂടെ ഫഹദ്‌ മറുപടി പറയുന്നത്‌. ‘എടാ മോനെ’ എന്ന കന്നടിക മലയാളത്തിൽ മാത്രം ഒതുങ്ങാതെ വിരലനക്കവും നോട്ടവും ഡാൻസും ഹൈവോൾട്ടേജ്‌ അടിയുമെല്ലാമായി ഫാഫയുടെ അഴിഞ്ഞാട്ടം. ഇതൊരു ആവേശത്തിന്റെ മാത്രം കാര്യമാണ്‌. എന്നാൽ ഫഹദിന്റെ സിനിമ ശൈലിയുടെ തുടർച്ചയാണ്‌ യഥാർഥത്തിൽ ആവേശം. കൃത്യമായ ഇടവേകളിൽ ഫഹദ്‌ ഫാസിൽ സിനിമകളിൽ ഇത്തരത്തിലുള്ള ഒരു സ്വയം നവീകരണം ഉണ്ടാകാറുണ്ട്‌.

ഫഹദിന്റെ സിനിമയിലേക്കുള്ള രണ്ടാം വരവ്‌ മലയാള സിനിമയിൽ നവ തരംഗത്തിന്‌ തുടക്കമിട്ട്‌ കാലത്താണ്‌. താരകേന്ദ്രീകൃതമായി നിന്നിരുന്ന സിനിമയെ അതിന്റെ ഘടനയെയും ശൈലിയെയും പുതുക്കി പണിയാൻ തുടങ്ങിയ ഘട്ടം കൂടിയായിരുന്നു അത്‌. ഈ അവസരത്തിൽ തന്റെ സിനിമ തെരഞ്ഞെടുപ്പുകളിലൂടെ ഹീറോവൽകരണത്തിൽ നിന്ന്‌ അകലം പാലിച്ച്‌ സ്വയം ഒരു സിനിമാ ഭൂമിക സൃഷ്ടിച്ചെടുത്തു. കൃത്യമായ ഇടവേളകളിൽ ഫഹദ്‌ സ്വയം പുതുക്കി. ഇതിന്റെ തുടർച്ചയായി ഭാഗമാകുന്ന സിനിമകളുടെ സ്വഭാവത്തിലും ആഖ്യാനത്തിലും കഥാപാത്രത്തിന്റെ ഘടനയിലും രീതികളിലും മാറ്റമുണ്ടായി. ഒരർഥത്തിൽ ഓരോ ഘട്ടത്തിലും ഫഹദ്‌ സ്വയം ‘റീ ഇൻട്രോഡ്യൂസ്‌’ ചെയ്യുകയായിരുന്നു. ഈ ശ്രമം ഇപ്പോൾ ആവേശത്തിൽ എത്തി നിൽക്കുകയാണ്‌.

സുശീൻ ശ്യാം

നാകയൻ എന്ന മലയാളത്തിന്റെ ചട്ടക്കൂടിനെ ഫഹദ്‌ പുനർനിർമിച്ചിട്ടുണ്ട്‌. സമീർ താഹിർ ഒരുക്കിയ ‘ചാപ്പാകുരിശി’ലെ അർജുൻ സാമുവലിൽ നിന്നാണ്‌ തുടക്കം. നായകൻ എന്ന നന്മ ലോകത്തിനപ്പുറം ഗ്രേഷേഡുള്ള കഥാപാത്രമായിരുന്നു അർജുൻ. സിനിമ അതിന്റെ പരിചരണത്തിൽ മലയാളത്തിന്‌ ഒരു പുതിയ കാഴ്‌ചയും സമ്മാനിച്ചു. രാജീവ്‌ രവി ആദ്യമായി സംവിധാനം ചെയ്‌ത ‘അന്നയും റസൂലും’ കഥാഘടനയിലും ആഖ്യാനത്തിലും മലയാളം കണ്ട്‌ പരിചയിച്ച പ്രണയ സിനിമകളുടെ വാർപ്പ്‌ മാതൃകയെ ഉടച്ചുവാർത്തു. വലിയ ചർച്ചയായ ഫഹദിന്റെ കണ്ണുകളിലൂടെയുള്ള അഭിനയശൈലിയുടെ തുടക്കം അന്നയും റസൂലിലൂടെയായിരുന്നു. ആമേൻ (ലിജോ ജോസ്‌ പെല്ലിശേരി), ആർട്ടിസ്റ്റ്‌ (ശ്യാമ പ്രസാദ്‌), നോർത്ത്‌ 24 കാതം (അനിൽ രാധാകൃഷ്ണ മേനോൻ) തുടങ്ങിയ സിനിമകളിലെ ഫഹദ്‌ കഥാപാത്രങ്ങൾ പുതിയ രീതികളും തലങ്ങളും സാധ്യമാക്കി. അഞ്ജലി മേനോൻ ഒരുക്കിയ ‘ബാംഗ്ലൂർ ഡെയ്‌സ്‌’ ഫീൽ ഗുഡ്‌ സിനിമകളുടെ നടപ്പ്‌ രീതി മാറ്റി. അമൽ നീരദിന്റെ ‘ഇയോബിന്റെ പുസ്‌തകം’ ഫഹദിന്റെ മാസ്‌ സിനിമയിലേക്കുള്ള കടന്ന്‌ വരവായിരുന്നു.

ദിലീഷ്‌ പോത്തൻ ഒരുക്കിയ ‘മഹേഷിന്റെ പ്രതികാരം’ റിയലിസ്റ്റ്‌ സിനിമാ തരംഗത്തിന്‌ മലയാളത്തിൽ കരുത്ത്‌ പകർന്നു. മഹേഷ്‌ ഭാവന എന്ന ഫഹദ്‌ കഥാപാത്രം മിനിമലിസ്റ്റിക്കായ കഥാപാത്ര സമീപനത്തിന്റെ മാതൃകയായി തന്നെ ഉയർന്നു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലെ പ്രസാദ്‌ അഭിനയ സാധ്യതയുടെ പുതിയ അനുഭവതലം സൃഷ്ടിച്ചു. പൊലീസുകാരനോട്‌ ‘കളിക്കാനല്ല സാർ, ഈ പ്രായത്തിൽ നല്ല വിശപ്പാ’എന്ന്‌ പറയുന്ന സംഭാഷത്തിലടക്കമുള്ള സൂക്ഷ്‌മതലം ഫഹദിലെ അഭിനേതാവിന്റെ നേർസാക്ഷ്യമായിരുന്നു. ‘കുംബളങ്ങി നെെറ്റ്‌സി’ലെ ഷമ്മി നായക–- പ്രതിനായക വേർതിരിവിന്റെ വിടവ്‌ കുറച്ചു. ‘ട്രാൻസി’ലെ വിജു പ്രസാദ്‌ / ജോഷ്വാ കാൾട്ടൺ അതുവരെ കണ്ട ഫഹദിൽ നിന്ന്‌ വ്യത്യസ്ഥമായിരുന്നു. കഥാപാത്ര തെരഞ്ഞെടുപ്പിൽ പുതിയ പടിയായിരുന്നു ഇത്‌. കോവിഡിൽ ലോകം നിശ്ചലമായപ്പോൾ അടഞ്ഞ ഭൂമികയിൽ നിന്ന്‌ സിനിമ ഒരുക്കാമെന്ന സാധ്യത തുറന്നിടുകയായിരുന്നു ‘സി യു സൂൺ’. മഹേഷ്‌ നാരായണൻ ഒരുക്കിയ ചിത്രത്തിന്‌ നിർമാതാവിന്റെ റോളും ഫഹദ്‌ ഏറ്റെടുത്തു. പ്രതിസന്ധിയിലായ തൊഴിൽ മേഖലയെകൂടി ചേർത്തുപിടിക്കുന്നതായിരുന്നു ചിത്രം. ഇത്തരത്തിൽ കാലനുസൃതമായി ഫഹദ്‌ നടത്തുന്ന സിനിമ ഇടപെടലാണ്‌ ആവേശത്തിൽ എത്തിനിൽക്കുന്നത്‌. ഇത്‌ ഇനിയും തുടരുക തന്നെ ചെയ്യും.

രോമാഞ്ചത്തിൽ നിന്ന്‌ ആവേശത്തിലെത്തുമ്പോൾ മലയാള സിനിമയിലെ പുതിയ തലമുറ മേക്കേഴ്‌സിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന പേരുകളിൽ ഒന്നായി ജിത്തു മാധവൻ മാറുന്നുണ്ട്‌. കഥപറച്ചിലിന്റെയും ആഖ്യാനഭാഷയുടെയും സൗന്ദര്യത്തിൽ പ്രേക്ഷകനെ പിടിച്ചിടുന്നുണ്ട്‌. ഇതിലെന്ത്‌ കഥയെന്ന്‌ തോന്നുന്നിടത്ത്‌ കടന്ന്‌ വരുന്ന രംഗങ്ങൾ, അതിനെ കഥാപരിസരത്തോട്‌ വിളക്കി ചേർക്കുന്ന കഥപറച്ചിലിന്റെ മുറുക്കം. ഇത്തരത്തിൽ പല ഭാഗങ്ങളായി നിൽക്കുന്ന രംഗങ്ങളെ രസചരട്‌ മുറിയാതെ മുറുക്കി അവതരിപ്പിക്കുന്ന സംവിധായകന്റെ ക്രാഫ്‌റ്റ്‌മാൻഷിപ്പാണ്‌ ആവേശത്തിന്റെ ബലം. രംഗയെ കൂടാതെ അമ്പാൻ (സജിൻ ഗോപു), അജു (ഹിപ്‌സ്റ്റർ), മിഥുൻ ജയ് ശങ്കർ (ബിബി), റോഷൻ ഷാനവാസ് (ശാന്തൻ), മിഥുട്ടി (കുട്ടി) എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളായത്‌. സമീർ താഹിർ ഛായാഗ്രഹണവും വിവേക് ​​ഹർഷർ എഡിറ്റിങ്ങും നിർവഹിച്ചു. സുശീൻ ശ്യാമിന്റെ സംഗീതമാണ്‌ എടുത്തുപറയേണ്ടത്‌. സിനിമ ആവശ്യപ്പെടുന്ന ഹൈവോൾട്ടേജ്‌ ഊർജം നിലനിർത്തുന്ന പാട്ടുകളും പശ്ചാത്തല സംഗീതവുമാണ്‌.

തന്റെ ഭ്രാന്തമായ തീരുമാനങ്ങളും അവയുടെ സെലിബ്രേഷനും നിറയുന്ന സാമ്രാജ്യം. ഇതാണ്‌ രംഗ എന്ന ഗുണ്ട.വളരെ വയലന്റായ ഒരാൾ. എന്നാൽ സ്‌നേഹിക്കപ്പെടാൻ കൊതിക്കുന്ന, ലോല ഹൃദയനായ ഒരാൾ. ട്രാജിക്കുമായ ഒരു ഭൂതകാലമുള്ള കുറച്ചധികം എക്‌സെൻട്രിക്കുമായൊരു ഗാങ്സ്റ്റർ. ഇങ്ങനെയൊരു പാത്രസൃഷ്ടിയാണ്‌ ആവേശത്തിനെ വ്യത്യസ്‌തമാക്കുന്നത്‌. നീ ഹാപ്പിയാണോ മോനെ എന്ന് ബിബിന്റ അമ്മ ചോദിക്കുമ്പോൾ രംഗയുടെ ഉള്ളം പിടക്കുന്നുണ്ട്‌. ഒപ്പമുള്ളവരെയെല്ലാം നഷ്ടമാകുമ്പോൾ തിരിച്ചൊരു നിൽപ്പുണ്ട്‌. പണ്ട്‌ കുടുംബം പോയപ്പോൾ നിന്ന അതേ നിൽപ്പ്‌. അന്തിമ വിജയം നേടുന്ന നായകഗുണ്ടകളെ സൃഷ്ടിക്കുന്ന ഇടത്തിലാണ്‌ രംഗയും ഉടലെടുക്കുന്നത്‌. എന്നാൽ വിജയാരവത്തിന്‌ പകരം തന്റെ നൈരാശ്യത്തിലാണ്‌ രംഗ എന്ന ‘അതി’മാനുഷികൻ പിറവിയെടുക്കുന്നത്‌. ഈ അവതാരപിറവി ഒരു തിരുത്താണ്‌.

മലയാള സിനിമയുടെ താര സംസ്‌കാരത്തിന്‌ പ്രതിസംസ്‌കാരം സൃഷ്ടിക്കുകയെന്നത്‌ മാത്രമാണ്‌ അത്തരം സിനിമകൾ ഉൽപ്പാദിപ്പിക്കുന്ന മനുഷ്യ വിരുദ്ധ ആഘോഷങ്ങളെ ഇല്ലാതാക്കാനുള്ള പോം വഴി. വരിക്കാശ്ശേരി മനയും തമ്പ്രാൻ കൾച്ചറും മലബാറിന്റെയും പൊന്നാന്നിയുടെയും കാഴ്‌ച ശീലം കൊണ്ട്‌ മറികടക്കാൻ കഴിയുമെന്ന്‌ തെളിയിച്ച സിനിമയായിരുന്നു ഖാലിദ്‌ റഹ്മാൻ ഒരുക്കിയ ടോവിനോ ചിത്രം തല്ലുമാല. മനയും ആഢ്യത്വവും വിട്ട്‌ സിനിമ പുതിയ ഇടം നേടിയത്‌ കൊച്ചിയിലായിരുന്നു. ആ മാറ്റത്തിന്റെ അടുത്ത പടിയാണ്‌ അതിനപ്പുറമുള്ള ഓരോ ഭൂമികയുടെയും പ്രാദേശികതയിലേക്ക്‌ സിനിമ ഇറങ്ങി ചെല്ലുന്നത്‌. പടം ഇന്റർനാഷ്‌ണലാവുകയെന്നാൽ ബജറ്റിനും താരനിരയ്‌ക്കും അപ്പുറം ഉള്ളടക്കത്തിലും അതിന്റെ പ്രൊഡക്ട്‌ ഡിസൈനിലുമാണെന്ന്‌ കോവിഡ്‌ കാലത്തെ മലയാള സിനിമ തെളിയിച്ചിരുന്നു. അതിന്റെ ഒരു വിപുലീകരണം വലിയ ക്യാൻവാസ്‌ സിനിമകൾക്ക്‌ സാധ്യമാകുമെന്നതിന്റെ സാക്ഷ്യമാണ്‌ ആവേശം.

2015ലാണ്‌ ഡബിൾ ബാരൽ ഇറങ്ങിയത്‌. സിനിമയുടെ അവതരണം മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത ശൈലിയായിരുന്നു. ഒരു കോമിക്‌ കഥയ്‌ക്ക്‌ ഗാങ്‌സ്റ്റർ പശ്ചാത്തലം. അന്ന്‌ ആ സിനിമ അർഹിക്കുന്ന പരിഗണന കിട്ടിയില്ല, പക്ഷെ ആ ശൈലിയോട്‌ ചേർന്ന്‌ നിൽക്കുന്ന സിനിമകൾ പിന്നീട്‌ നന്നായി സ്വീകരിക്കപ്പെട്ടു. പ്രേക്ഷക ആസ്വാദനത്തിലുള്ള മാറ്റം കൂടിയാണ്‌ മലയാള സിനിമയുടെ വളർച്ചയെന്ന ഓർമപ്പെടുത്തൽ. എന്നാൽ, തിയറ്ററിനായി സിനിമ സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ ആളുകൾ വരൂ. അതിനായി പഴയ കാല ‘ശൈലി’ സിനിമകൾക്കായി ചിലഘട്ടത്തിൽ മുറവിളി ഉയരുന്നിരുന്നു. ആ ഘട്ടത്തിൽ തല്ലുമാലയെത്തി പുതിയ കാലത്തിന്റെ സാധ്യത ഓർമപ്പെടുത്തി. ആ ഓർമപ്പെടുത്തൽ ഒന്നുകൂടി പുതുക്കുകയാണ്‌ ആവേശം. തിയറ്ററിലാണ്‌ സിനിമയുടെ ഉയിരെന്ന്‌ ഉറപ്പിക്കുന്നു ആവേശം. സിനിമയുടെ അവസാനം വരുന്ന പാട്ടിന്‌ നൃത്തം വെക്കുന്ന പ്രേക്ഷക കൂട്ടം ഇതിന്റെ നേർസാക്ഷ്യമാണ്‌. ഒരിക്കലും ഒടിടി കാഴ്‌ചയ്‌ക്ക്‌ പൂർണത സാധ്യമാക്കാത്ത തരത്തിൽ പടം ഡിസൈൻ ചെയ്യാമെന്നും അതിന്‌ ഹൗസ്‌ ഫുൾ ബോർഡുകൾ നിറയുന്ന തിയറ്ററുകൾ പ്രേക്ഷകർ സമ്മാനിക്കുമെന്നും കൂടി തെളിയിക്കുന്നുണ്ട്‌ ഫഹദ്‌ ഫാസിലും ആവേശവും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 3 =

Most Popular