ലോകത്തിലെ അപകടകാരിയായ, അതിവിശാലമായ മരുപ്രദേശമാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. ലിബിയയുടെ തെക്കെയറ്റത്തുള്ള സബഹ് എന്ന ചെറുപട്ടണത്തിലൂടെയാണ് പ്രധാനമായും സഹാറ കടന്ന് മെഡിറ്ററേനിയൻ കടൽവഴി യൂറോപ്പിലേക്ക് കുടിയേറുന്നവർ കടന്നുപോകുന്നത്. അറബി ഭാഷയിൽ സബഹ് എന്നാൽ ‘‘പ്രഭാതം’’ അഥവാ ‘‘വാഗ്‌ദാനം’’ എന്നാണർഥം. മരുഭൂമിയിലൂടെ അസഹനീയമായ ചൂട് സഹിച്ച് ദീർഘദൂരം താണ്ടി കടന്നുവരുന്ന യാത്രികരെ സംബന്ധിച്ച് സബഹിൽ എത്തുന്നതോടെ പുലർകാലത്തിന്റെ അനുഭവമായിരിക്കും പ്രദാനം ചെയ്യുന്നത്. അന്യനാടുകളിൽ, പ്രത്യേകിച്ചും യൂറോപ്പിലേക്ക് കുടിയേറാനായി പോകുന്നവരെ സംബന്ധിച്ചിടത്തോളം മുന്നിൽ വലിയൊരു വാഗ്‌ദാനമാണുള്ളത്. ആ പ്രതീക്ഷയിലാണ് ആളുകൾ മരുഭൂമിയിലെ ദുരിതങ്ങൾ താണ്ടി സബഹിലെത്തുന്നത്. അവിടെനിന്ന് മെഡിറ്ററേനിയൻ കടന്ന് ഏതെങ്കിലുമൊരു യൂറോപ്യൻ രാജ്യത്തെത്തിയാൽ രക്ഷയായി എന്ന പ്രതീക്ഷയിലാണ് അവർ നാടും വിടും ഉപേക്ഷിച്ച് ദുരിതങ്ങൾ സഹിച്ച് യാത്രചെയ്യുന്നത്.
ഈ കഠിനമായ യാത്രയ്‌ക്കിടയിൽ ലക്ഷ്യത്തിലെത്താതെ ഒട്ടേറെപ്പേർ വഴിയിൽ മരിച്ചുവീഴുന്നുണ്ട്. ഐക്യരാഷ്‌ട്രസഭയുടെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ (ഐഒഎം) കുടിയേറ്റക്കാർ ഇങ്ങനെ മരണപ്പെട്ടതിന്റെ ഡാറ്റ സമാഹരിച്ചിട്ടുണ്ട്. ഐഒഎമ്മിന്റെ മിസിങ് മൈഗ്രന്റ്‌സ് പ്രൊജക്ട് ഈവർഷം ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്തുവർഷത്തിനിടയിൽ സ്‌ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ നാടുവിട്ടുള്ള യാത്രയ്‌ക്കിടയിൽ വഴിമധ്യേ 64,371 പേർ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ പകുതിയോളംപേരുജെ ജീവൻ പൊലിഞ്ഞത് മെഡിറ്ററേനിയൻ കടലിലാണ്. 2014 മുതൽ ഓരോവർഷവും ശരാശരി 4000 ആളുകൾ വീതം മരണപ്പെടുന്നുണ്ട്. എന്നാൽ 2023ൽ ഇങ്ങനെ മരണപ്പെട്ടവരുടെ എണ്ണം 8000 ആയി കുത്തനെ ഉയർന്നു.
ആക്രമണങ്ങളോ ആഭ്യന്തര യുദ്ധങ്ങളോ നടക്കുന്ന സംഘർഷമേഖലകളിൽനിന്ന് സുരക്ഷ തേടി നാടുവിടുന്നവരിൽ മൂന്നിലൊന്ന് കുടിയേറ്റക്കാരുടെ ലക്ഷ്യസ്ഥാനത്ത് എത്താതെ പാതിവഴിയിൽ മരണപ്പെടുകയാണ്. എന്നാൽ ഈ സംഖ്യ കൃത്യമല്ലെന്നും ഇതിലുമെത്രയോ അധികമാണ് ഇങ്ങനെ അപ്രത്യക്ഷരാകുന്നവരുടെ എണ്ണമെന്നും അന്താരാഷ്‌ട്ര ഏജൻസി പ്രസ്‌താവിക്കുന്നു. ചില വിദഗ്‌ധർ കണക്കാക്കുന്നത്, മെഡിറ്ററേനിയൻ കടലിൽ ജീവൻ നഷ്ടപ്പെടുന്നവരെരൊൾ അധികംആളുകൾക്ക് സഹാറ മരുഭൂമിയൽ ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നാണ്.
അഭയാർഥികൾ മാത്രമല്ല, അൽഖ്വായ്‌ദ പോലെയുള്ള ഭീകരസംഘങ്ങളും മയക്കുമരുന്ന് കള്ളക്കടത്തുകാരുമെല്ലാം സഹാറയിലെ മരണച്ചുഴികൾ താണ്ടി യാത്ര ചെയ്യുന്നുണ്ട്. 2011ൽ ലിബിയയെ നാറ്റോ സേന ആക്രമിച്ച് ആ രാജ്യത്തെ അരാജകത്വത്തിലാക്കിയശേഷം മാലി പോലെയുള്ള രാജ്യങ്ങളിൽനിന്ന് വലിയതോതിൽ അൽഖ്വയ്‌ദ സംഘങ്ങൾ ലിബിയയിൽ താവളമടിക്കാനായി എത്തിയതായും റിപ്പോർട്ടുകളുണ്ട്.
കുടിയേറ്റക്കാർ മെഡിറ്ററേനിയനിൽ എത്താതെ സഹാറയിൽ തടയുന്നതിനുള്ള പദ്ധതികൾ യൂറോപ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് ഫ്രാൻസ് നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ബർക്കിനൊഫാസൊ, ചാഡ്, മാലി, മൗറിത്താനിയ, നൈജർ എന്നീ സഹാറ മേഖലയിലെ അഞ്ച് രാജ്യങ്ങളെ ചേർത്ത് ജി5 സഹേൽ എന്നൊരു കൂട്ടായ്‌മയ്‌ക്ക് 2014ൽ രൂപം നൽകി. ഫ്രാൻസിന്റെ സമ്മർദത്തെത്തുടർന്ന് നൈജർ 2015ൽ ആ രാജ്യത്തിലൂടെ കുടിയേറ്റക്കാർ കടന്നുപോകുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന നിയമനിർമാണം നടത്തി. ഇങ്ങനെ കുടിയേറ്റക്കാർ കടന്നുപോകുന്നത് തടയുന്നതിന്റെ ഭാഗമായി നിരീക്ഷണ സംവിധാനങ്ങൾ (സർവെയ്‌ലൻസ്) ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ സാന്പത്തികസഹായം നൽകിത്തുടങ്ങി. എന്നാൽ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് യൂറോപ്പിൽ നിയമവിരുദ്ധമാണ്. 2016ൽ അമേരിക്ക നൈജറിലെ അഗാഡെസിൽ കുടിയെറ്റവിരുദ്ധ പരിപാടിയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ താവളം നിർമിച്ചു.
എന്നാൽ കഴിഞ്ഞ ഏതാനും കാലമായി സാമ്രജ്യത്വശക്തികളുടെ ഈ നീക്കങ്ങളെല്ലാം സഹേൽ രാജ്യങ്ങളിൽ ഉണ്ടായ രാഷ്‌ട്രീയ മാറ്റങ്ങളെ തുടർന്ന് പൊളിഞ്ഞുപോവുകയാണുണ്ടായത്. 2021ൽ ഗ്വിനിയയിലും മാലിയിലും 2022ൽ ബർക്കിനൊഫാസൊയിലും 2023ൽ നൈജറിലും സാമ്രാജ്യത്വവിരുദ്ധ ഭരണസംവിധാനങ്ങൾ നിലവിൽ വന്നതോടെ ജി5 സഹേൽ തന്നെ പിരിച്ചുവിടപ്പെട്ടു. നൈജർ ഗവൺമെന്റ് കുടിയേറ്റക്കാർക്കെതിരായ നിയമവും റദ്ദുചെയ്‌തു. ഫ്രാൻസിന്റെയും അമേരിക്കയുടെയും സൈനിക താവളങ്ങൾ മാറ്റാനും നീക്കമാരംഭിച്ചു. യഥാർഥത്തിൽ സാമ്രാജ്യത്വശക്തികളുടെ ഇടപെടലുകൾ മൂലമുണ്ടാകുന്ന കലാപങ്ങളും ആഭ്യന്തരയുദ്ധങ്ങളും പുറമെ തൊഴിലില്ലായ്‌മയും ദാരിദ്ര്യവുമെല്ലാമാണ് വൻതോതിൽ അഭയാർഥികളും കുടിയേറ്റക്കാരും ഉണ്ടാകുന്നതിന്റെ കാരാണം. ♦