Saturday, November 23, 2024

ad

Homeരാജ്യങ്ങളിലൂടെഅർജന്റീനയിൽ വലതുപക്ഷ സർക്കാരിനെതിരെ വിദ്യാർഥിപ്രക്ഷോഭം

അർജന്റീനയിൽ വലതുപക്ഷ സർക്കാരിനെതിരെ വിദ്യാർഥിപ്രക്ഷോഭം

ടിനു ജോർജ്‌

‘‘രാജ്യം വിൽപനയ്‌ക്കുള്ളതല്ല’’ ഏപ്രിൽ 23ന്‌ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണോസ്‌ അയേഴ്‌സിലെ പ്ലാസ ഡി മേയൊയിൽ ഉയർന്ന മുദ്രാവാക്യങ്ങളിലൊന്നാണ്‌. 2023 ഡിസംബറിൽ തീവ്രവലതുപക്ഷക്കാരനായ ഹാവിയർ മിലെയ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്‌ ആ രാജ്യം നേരിടുന്ന അവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ്‌ ആ മുദ്രാവാക്യം. അധികാരത്തിലെത്തി ഒരുമാസം തികയുന്നതിനു മുന്പുതന്നെ മിലെയ്‌ തന്റെ ജനവിരുദ്ധ അജൻഡ പുറത്തെടുത്തു. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രതിഷേധം വിളിച്ചുവരുത്തുന്നതായിരുന്നു മിലെയ്‌യുടെ നടപടികൾ. തൊഴിലാളികൾ ജനുവരിയിൽ തന്നെ പ്രതിഷേധവുമായി തെരുവിലിറങ്ങി. മെയ്‌ 9ന്‌ വീണ്ടും പണിമുടക്കിന്‌ തയ്യാറെടുക്കുന്നു.

ഏപ്രിൽ 23ന്‌ സർവകലാശാലാ വിദ്യാർഥികളുടെ പടുകൂറ്റൻ റാലിയാണ്‌ പ്ലാസ ഡി മേയൊയിൽ നടന്നത്‌. അർജന്റൈൻ യൂണിവേഴ്‌സിറ്റി ഫെഡറേഷന്റെ (എഫ്‌യുഎ) പ്രസിഡന്റ്‌ പീറ ഫെർണാണ്ടസ്‌ ഡി പിക്കോളിനി പ്രകടനത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്‌ത്‌ പറഞ്ഞത്‌, ‘‘നമ്മുടെ സ്വപ്‌നങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ല. നമ്മുടെ ഭാവി ആർക്കുമുന്നിലും അടിയറവെക്കാനും തയ്യാറല്ല’’.

സർവകലാശാലകൾക്കായി പണം ചെലവഴിക്കുന്നതിനു തന്നെ പ്രസിഡന്റ്‌ മിലെയ്‌ എതിരാണ്‌. സർവകലാശാലകൾ സോഷ്യലിസത്തിന്റെ പഠനകേന്ദ്രങ്ങളാണെന്ന്‌ പറയുന്ന മിലെയ്‌ സർവകലാശാലാ വിദ്യാർഥികളും അധ്യാപകരും മാറ്റങ്ങൾക്കും രാജ്യപുരോഗതിക്കും എതിരെന്ന അഭിപ്രായക്കാരനുമാണ്‌. 2024ലേക്കുള്ള ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റ്‌ വകയിരുത്തൽ 2023ലെ നിലയിൽ തന്നെയാണ്‌ അനുവദിച്ചത്‌. ഇതിനിടയ്‌ക്കുണ്ടായ ഭീമമായ നാണയപ്പെരുപ്പം കണക്കിലെടുക്കാത്തതുകൊണ്ട്‌ യഥാർഥത്തിൽ ബജറ്റ്‌ വകയിരുത്തൽ 20 ശതമാനം കുറവാണ്‌. അതായത്‌ 2023ന്റെ നിലയിൽ ചെലവഴിക്കാൻ കഴിയുമായിരുന്നതിന്റെ 80 ശതമാനത്തിൽ ചെലവുകൾ ഒതുക്കണമെന്നർഥം. ഇത്‌ അർജന്റീനയിലെ പൊതുസർവകലാശാലകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌; ഇവയിൽ പഠിക്കുന്ന 25 ലക്ഷം വിദ്യാർഥികളെയും ഈ പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നു. സർവകലാശാലകളിലെ ലബോറട്ടറികളിൽ ആവശ്യമായ ഉപകരണങ്ങളോ രാസപദാർഥങ്ങളോ വാങ്ങാൻപോലും പണമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. വിദ്യാർഥികളുടെ സ്‌കോളർഷിപ്പുകൾ പലതും വെട്ടിക്കുറയ്‌ക്കുകയാണ്‌. നാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി കൗൺസിൽ തന്നെ ഇപ്പോൾ ബജറ്റിൽ വകയിരുത്തുന്ന തുക തീരെ അപര്യാപ്‌തമാണെന്ന്‌ അഭിപ്രായപ്പെടുന്നു.

ഈ പശ്ചാത്തലത്തിലാണ്‌ ഏപ്രിൽ 23ന്‌ പ്ലാസ ഡി മേയെയിൽ ലക്ഷക്കണക്കിന്‌ വിദ്യാർഥികൾ റാലി നടത്തിയത്‌. ട്രേഡ്‌ യൂണിയനുകളുടെയും ഇടതുപക്ഷ പാർട്ടികളുടെയും പിന്തുണയും ഈ വിദ്യാർഥി പ്രക്ഷോഭത്തിനുണ്ടായിരുന്നു. 1980കളിലെ സൈനികവാഴ്‌ചക്കാലത്ത്‌ 30,000ത്തോളം ആളുകൾ തടവിലാക്കപ്പെടുകയും അപ്രത്യക്ഷരാക്കപ്പെടുകയും ചെയ്‌തതിന്റെ ഓർമ പുതുക്കുന്നതിന്റെയും സത്യം കണ്ടെത്താൻ വേണ്ട നീക്കങ്ങളുടെയും സ്‌മാരകം കൂടിയാണ്‌ വിദ്യാർഥികൾ റാലി നടത്തിയ പ്ലാസ ഡി മേയൊ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + thirteen =

Most Popular