Monday, September 9, 2024

ad

Homeരാജ്യങ്ങളിലൂടെസുഡാൻ ആഭ്യന്തരയുദ്ധം ഒരുവർഷം പിന്നിടുമ്പോൾ

സുഡാൻ ആഭ്യന്തരയുദ്ധം ഒരുവർഷം പിന്നിടുമ്പോൾ

ആര്യ ജിനദേവൻ

സുഡാനിൽ സൈന്യം തന്നെ പരസ്‌പരം ഏറ്റുമുട്ടുന്ന രണ്ട്‌ സംഘങ്ങളായി തിരിഞ്ഞ്‌, ആഭ്യന്തരയുദ്ധം ആരംഭിച്ചിട്ട്‌ ഒരുവർഷം കഴിഞ്ഞിരിക്കുന്നു. യുദ്ധംമൂലം നരകയാതന അനുഭവിക്കുന്ന ജനങ്ങൾ ഇപ്പോൾ പകർച്ചവ്യാധികളുടെ പിടിയിലും അകപ്പെട്ടിരിക്കുന്നു. ഏറ്റവുമൊടുവിൽ ഡെങ്കു ബാധിച്ചിരിക്കുന്നതായാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. 2024 ഏപ്രിൽ 18ന്‌ 9000 കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌. സുഡാൻ ആരോഗ്യമന്ത്രാലയം പ്രസ്‌താവിച്ചത്‌ ഡെങ്കു വ്യാപനം തടയുന്നതിന്‌ ഊർജിത നടപടികൾ കൈക്കൊള്ളുമെന്നാണ്‌. എന്നാൽ അതെത്രത്തോളം നടക്കുമെന്നതിന്‌ ഒരുറപ്പുമില്ല. ആഭ്യന്തരയുദ്ധംമൂലം മിക്കവാറും എല്ലാ ആരോഗ്യസംവിധാനങ്ങളും തകർക്കപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല, ശുചീകരണത്തിനുള്ള സംവിധാനങ്ങളും ഇല്ലാതായിരിക്കുന്നു.

ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടു പ്രകാരം സുഡാനിൽ എത്തിച്ചേരാൻ പ്രയാസമുള്ള മേഖലകളിലെ 70 ശതമാനത്തിലേറെ ആരോഗ്യകേന്ദ്രങ്ങളും പ്രവർത്തനക്ഷമമല്ലാതായിരിക്കുന്നു. തന്മൂലം വലിയൊരു വിഭാഗം ജനങ്ങൾക്കും ചികിത്സ തന്നെ ലഭിക്കാത്ത അവസ്ഥയിലാണ്‌. ഡോക്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്‌ 20 ശതമാനത്തിനും 30 ശതമാനത്തിനുമിടയ്‌ക്ക്‌ ആരോഗ്യസ്ഥാപനങ്ങൾ മാത്രമേ ഭാഗികമായെങ്കിലും സുഡാനിൽ ഇന്ന്‌ പ്രവർത്തിക്കുന്നുള്ളൂവെന്നാണ്‌. അറുപതിലധികം ആക്രമണങ്ങൾ ആശുപത്രികൾക്കും മറ്റ്‌ ആരോഗ്യസംവിധാനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുണ്ടായി എന്നാണ്‌ ഔദ്യോഗിക കണക്ക്‌. എന്നാൽ യാഥാർഥത്തിൽ ഇതിനെക്കാളേറെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ടുതന്നെ പകർച്ചവ്യാധികളിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കാൻ മാത്രമല്ല, രോഗചികിത്സപോലും കിട്ടാത്ത അവസ്ഥയിലാണ്‌ ഇന്ന്‌ സുഡാൻ.

ചികിത്സാ ഉപകരണങ്ങൾ പലതും ലഭ്യമല്ലാത്ത അവസ്ഥയും സുഡാനിൽ ആഭ്യന്തരയുദ്ധം മൂലം സംജാതമായിട്ടുണ്ട്‌. തലസ്ഥാനമായ ഖാർത്തൂമിലെ ആരോഗ്യപ്രവർത്തകർ തന്നെ മരുന്നും ചികിത്സാ ഉപകരണങ്ങളും ലഭ്യമല്ലാത്തതിനെക്കുറിച്ച്‌ അപകടസൂചന നൽകിയിട്ടുണ്ട്‌. ഉടൻ ഐക്യരാഷ്‌ട്രസഭ ഇടപെട്ട്‌ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ സുഡാനിൽ വലിയ മനുഷ്യദുരന്തമുണ്ടാകുമെന്ന്‌ പറയുന്നത്‌ ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ തെദ്രോസ്‌ ഘബ്രിയേസസാണ്‌.

ഡെങ്കു മാത്രമല്ല മലന്പനിയും കോളറയും ഉൾപ്പെടെയുള്ള വിവിധ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ ചികിത്സിക്കാനുള്ള മരുന്നുകൾ ഒന്നുംതന്നെ ലഭ്യമാകുന്നില്ല. പ്രതിരോധമരുന്നുകളും കിട്ടാനില്ല. മറ്റൊരു പ്രശ്‌നം ഗർഭാവസ്ഥയിലും പ്രസവത്തിലും ശരിയായ ചികിത്സ കിട്ടാതെ സ്‌ത്രീകൾ മരണപ്പെടുന്ന അവസ്ഥയാണ്‌. അതുപോലെതന്നെ ഹൃദ്‌രോഗം, ഡയബറ്റീസ്‌ തുടങ്ങിയ പല രോഗങ്ങൾമൂലം ഗുരുതരാവസ്ഥയിലായവരും ചികിത്സ കിട്ടാതെ മരിക്കുന്നു. ആഭ്യന്തരയുദ്ധം അവസാനിക്കാതെ ഈ ദുരനുഭവങ്ങൾക്ക്‌ അറുതിയാവില്ല. സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാൻ രണ്ട്‌ സൈനികവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ അന്താരാഷ്‌ട്രസമൂഹം അടിയന്തരമായി ഇടപെടണമെന്നാണ്‌ സുഡാൻ ജനത നിരന്തരം ആവശ്യപ്പെടുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + eleven =

Most Popular