രാജസ്താനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മുസ്ലിങ്ങൾക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ മോദി നടത്തിയത് വോട്ടർമാരിൽ വർഗീയവിഭജനത്തിന്റെ വികാരമിളക്കിവിടുകയെന്നത് ലക്ഷ്യമിട്ടായിരുന്നു. 2002ൽ ഗുജറാത്തിൽ വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് വർഗീയകലാപത്തിന് ഇന്ധനമേകിയ നരേന്ദ്രമോദിയുടെ ആഹ്വാനങ്ങളും പ്രസംഗങ്ങളും ചരിത്രമാണ്. മോദി താൻ ഇപ്പോഴും ഗുജറാത്തിലെ മുഖ്യമന്ത്രിയാണെന്ന വിചാരത്തിലാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിപദവിയിരുന്നുകൊണ്ട് ആ പദവിക്കു ചേരാത്ത ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക് നിരക്കാത്ത പരാമർശമാണ് മോദി നടത്തിയത്. മുസ്ലിങ്ങൾക്കെതിരായി മോദി നടത്തിയ പ്രസംഗം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയെന്ന ആർഎസ്‌എസ് അജൻഡയാണിത്.
ബൻസ്വാരയിൽനിന്നുയർന്നത് മുരത്ത വർഗീയവാദിയുടെ ഭാഷണമാണ്. മുസ്ലിങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്നും പെറ്റുകൂട്ടുന്നവരുമാണെന്ന അധിക്ഷേപം ആർഎസ്‌എസിന്റെ നേതാക്കൾ നിരന്തരം ഉയർത്താറുണ്ട്. എന്നാൽ പ്രധാനമന്ത്രി അതേറ്റുപറയുന്നത് ഇന്ത്യയെന്ന ആശയത്തോടുള്ള വെല്ലുവിളിയാണ്. മോദിയുടെ ബൻസ്വാര പ്രസംഗത്തിനെതിരെ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നു. മോദിയുടെ പ്രകോപനപരമായ പ്രസംഗം നിഷ്‌ഠുരവും ഇലക്‌ഷൻ കമീഷന്റെ മൗനം അതിനേക്കാൾ നിഷ്‌ഠുരവുമാണെന്നാണ് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. മോദിയുടെ പ്രസംഗം പെരരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. വിദ്വേഷപ്രസംഗങ്ങൾ സംബന്ധിച്ച് സുപ്രീംകോടതി നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളുടെ നഗ്നമായ ലംഘനമാണ് അത്‐ അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ മുഖ്യമന്ത്രിയും കേരളസമൂഹവും ഒന്നടങ്കം മോദിയുടെ വർഗീയ പ്രസംഗത്തിനെതിരെ രംഗത്തുവന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയിൽ മുസ്ലിങ്ങൾ വഹിച്ച പങ്കിനെ, മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
മോദിയുടെ വിദ്വേഷപ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തു നടപടി സ്വീകരിച്ചു എന്നാവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവർത്തകൻ ഇലക്‌ഷൻ കമ്മീഷന് കത്ത് നൽകി. എന്നാൽ ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുലർത്തുന്ന മൗനം മോദിക്കു മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്നവരാണ് തങ്ങളെന്ന് ഒന്നുകൂടി തെളിയിക്കുന്നു. യോഗ്യതയില്ലാത്തവരെയും ഭരണപക്ഷക്കാരുടെ പിണിയാളുകളെയും തിരഞ്ഞെടുപ്പ് കമീഷണർമാരായി നിയമിച്ചാൽ അവർ എക്‌സിക്യുട്ടീവിന് കീഴ്‌പ്പെടുന്നു. അവരുടെ ഏറാൻമൂളികളാകും. അതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിസ്സംഗതയ്‌ക്ക് പിന്നിൽ. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഇനിയും ഉയർന്നുവരേണ്ടതുണ്ട്. 2002ൽ ഗുജറാത്ത് കലാപകാലത്ത് മോദി എടുത്തണിഞ്ഞ വിദ്വേഷപ്രചാരകന്റെ വേഷം 2024ലും കൂടുതൽ വർഗീയവിഷം വമിപ്പിച്ചുകൊണ്ട് ജനാധിപത്യത്തെയും ഇന്ത്യ എന്ന ആശയത്തെയും വെല്ലുവിളിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയിൽനിന്നും ഒരു സർസംഘചാലകനിലേക്ക് തരംതാഴുന്ന മോദിക്കും അതിനെ പിൻപറ്റുന്ന ബിജെപിക്കും ജനങ്ങൾ മറുപടി നൽകുകതന്നെ ചെയ്യും. ♦