Thursday, November 21, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബീഹാർ: കേ‌‌ന്ദ്രമന്ത്രിക്കെതിരെ ഗ്രാമീണരുടെ രോഷപ്രകടനം

ബീഹാർ: കേ‌‌ന്ദ്രമന്ത്രിക്കെതിരെ ഗ്രാമീണരുടെ രോഷപ്രകടനം

നിരഞ്ജനദാസ്‌

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി ജനങ്ങളെ സമീപിക്കുമ്പോൾ പലയിടത്തും കടുത്ത പ്രതിഷേധമാണ്‌ നേരിടുന്നത്‌. ബിഹാറിലെ ബെഗുസാരയിൽ ഗ്രാമവാസികളിൽനിന്ന്‌ കടുത്ത പ്രതിഷേധമാണ്‌ കേന്ദ്രമന്ത്രി ഗിരിരാജ്‌ സിങ്ങിനും കൂട്ടർക്കും നേരിടേണ്ടിവന്നത്‌. ഒടുവിൽ പ്രചരണം പാതിവഴിക്ക്‌ അവസാനിപ്പിച്ച്‌ പിന്തിരിയേണ്ടിവന്നു. ബെഗുസാരയിൽ മാത്രമല്ല നിരവധി പാർലമെന്റ്‌ മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾക്കെതിരെ സമാനമായ പ്രതിഷേധം നടന്നു. മോദി സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുവെന്നതിന്റെ സൂചനയാണിത്‌.

ബെഗുസരായ്‌ മണ്ഡലത്തിൽനിന്നും വീണ്ടും ജനവിധി തേടുന്ന നിലവിലെ ബിജെപി എംപിയായ ഗിരിരാജ്‌ സിങ്ങിനുനേരെ അവിടത്തെ ഗ്രാമവാസികൾ ‘‘വാപസ്‌ ജാവോ’’ (തിരികെ പോകുക) എന്ന മുദ്രാവാക്യമുയർത്തി കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ജനരോഷം ഭയന്ന്‌ സിങ്ങ്‌ തന്റെ പ്രചാരണ റൂട്ട്‌ മാറ്റാൻ നിർബന്ധിതനായി. പിന്നീട്‌ സിങ്ങും സംഘവും ഗ്രാമത്തിൽ പ്രവേശിച്ചില്ല. 2019ലെ തിരഞ്ഞെടുപ്പിൽ ജയിച്ചതിനുശേഷം സിങ്ങ്‌ ഒരിക്കൽപോലും തന്നെ ജയിപ്പിച്ച ജനങ്ങളെ കണ്ടിട്ടില്ല. വികസനവാഗ്‌ദാനങ്ങൾ വീൺവാക്കായി. പ്രദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥ അത്‌ വിളിച്ചോതുന്നു. സിങ്ങ്‌ വോട്ടുചോദിച്ചു വരുമെന്നറിയാവുന്ന പ്രദേശവാസികൾ കാത്തിരിക്കുകയായിരുന്നു, പ്രതിഷേധക്കൊടി ഉയർത്താൻ. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളല്ല തിരഞ്ഞെടുപ്പ്‌ പ്രചരണത്തിൽ ബിജെപി നേതാക്കൾ ഉയർത്തുന്നത്‌. പകരം രാമക്ഷേത്രനിർമാണം, ഹിന്ദു‐മുസ്ലിം ധ്രുവീകരണം, ലൗജിഹാദ്‌ എന്നിവയാണ്‌ അവരുടെ പ്രചാരണവിഷയങ്ങൾ. തങ്ങൾക്കതൊന്നുമല്ല വേണ്ടതെന്ന്‌ ഗ്രാമവാസികൾ ഒന്നടങ്കം പറയുന്നു.

ജനങ്ങൾക്കു നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാതെയാണ്‌ ബിജെപി വോട്ടുതേടുന്നത്‌. ദർഭംഗയിൽ നിന്നുള്ള എംപി ഗോപാൽ ജി താക്കൂറും സമാനമായ പ്രതിഷേധം ജനങ്ങളിൽനിന്നും ഏറ്റുവാങ്ങുകയുണ്ടായി. രണ്ടാഴ്‌ചയ്‌ക്കിടെ നിരവധി സ്ഥലങ്ങളിൽ താക്കൂറിന്‌ പാതിവഴിക്ക്‌ തന്റെ പ്രസംഗവും പ്രചരണവും അവസാനിപ്പിക്കേണ്ടതായി വന്നു. ബിജെപിയുടെ ജഗനാബാദിൽ നിന്നുള്ള എംപി ചന്ദേശ്വർ പ്രസാദിന്‌ പ്രചാരണത്തിനിടെ യുവാക്കളുടെ പ്രതിഷേധം നേരിടേണ്ടിവന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ, മോദിയുടെ തൊഴിൽ വാഗ്‌ദാനത്തെ ചോദ്യം ചെയ്‌തായിരുന്നു അവരുടെ പ്രതിഷേധം.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയലഹരിയിൽനിന്നും മുക്തമാകാത്ത ബിജെപി ഇനിയും ജനങ്ങൾ തങ്ങളെ അനായാസം ജയിപ്പിക്കുമെന്ന വ്യാമോഹത്തോടെയാണ്‌ ജനങ്ങളെ സമീപിക്കുന്നത്‌. എന്നാൽ ജനങ്ങൾക്ക്‌ ബിജെപിയോടുള്ള സമീപനം മറിച്ചാണെന്നതിന്റെ തെിവാണ്‌ വോട്ടഭ്യർഥിച്ചെത്തുന്ന, ജനവഞ്ചകരായ സ്ഥാനാർഥികളോടുള്ള ഗ്രാമവാസികളുടെ പ്രതിഷേധങ്ങൾ വിളിച്ചോതുന്നത്‌. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular