സമൂഹത്തിൽ വിജ്ഞാനവിപ്ലവത്തിന്റെ അനന്തവിശാലമായ കാഴ്‌ചകളൊരുക്കിക്കൊണ്ടാണ് സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കുന്നത്. ജനാധിപത്യത്തിന്റെയും ലിംഗസമത്വത്തിന്റെയും പാരിസ്ഥിതിക ജാഗ്രതയുടെയും കാലത്ത് ദരിദ്രപക്ഷത്തും, കീഴാളപക്ഷത്തും നിൽക്കുന്ന പുതിയൊരു വിമോചനക്രമത്തെ സ്വപ്‌നം കാണുന്നത് സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ കരുത്തിൽനിന്നാണ്. പ്രകൃതിയെയും മനുഷ്യനെയും അറിയുകയും സർഗാത്മകമായ ചിന്താധാരകളോട് ചേർന്നു നിൽക്കുകയുമാണ് പുരോഗമനപ്രസ്ഥാനങ്ങളും കൂട്ടായ്‌മകളും. മറ്റൊരർഥത്തിൽ ഭൗതിക യാഥാർഥ്യങ്ങൾ ദർശിക്കാനുള്ള വഴിതുറക്കൽ കൂടിയാകുന്നു സാംസ്‌കാരിക സംഘടനകൾ. വിവിധ തലങ്ങളിലുള്ള അറിവുകൾ സമഞ്ജസമായി സമ്മേളിക്കുന്നതിലൂടെ ശരിയായ അവബോധത്തിലേക്ക് സാമാന്യജനങ്ങളെ നയിക്കാൻ സഹായിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒപ്പം ഉയർന്ന മാനവികതാ ബോധത്തിലേക്ക് നമ്മെ നയിക്കുന്നു എന്നതും പ്രധാനമാണ്.
സാമൂഹികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ മാനങ്ങളുള്ള സാംസ്‌കാരിക ഇടങ്ങൾ വികസിപ്പിക്കുന്നതിൽ വിദേശരാജ്യങ്ങളിലെ മലയാളികൾ താൽപര്യമെടുക്കുന്നുണ്ട്. പൗരാവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തേണ്ട ഒരു കാലത്തിലൂടെ നമ്മുടെ രാജ്യം കടന്നുപോകുമ്പോൾ മതേതരത്വത്തിനും ജനാധിപത്യത്തിനും മാനവികതയ്‌ക്കും വേണ്ടി പോരാടുന്ന മലയാളികളോട് ചേർന്നുനിൽക്കുകയും സാംസ്‌കാരിക പ്രതിരോധത്തിന്റെ സർഗാത്മകവഴികളിൽ സഞ്ചരിക്കുകയും ചെയ്യുന്ന അഭിമാനവും ആഹ്ലാദവും പകരുന്ന കാഴ്‌ചകളും നമുക്കു മുന്നിലുണ്ട്. ഏതു രാജ്യമെടുത്താലും മലയാളികൾ ഇത്തരം പ്രവർത്തനങ്ങളിലും സർഗാത്മകമായ കൂട്ടായ്‌മകളിലും സജീവമാകുന്നുണ്ട്. അവയിലൊന്നാണ് റാസൽ ഖൈമയിലെ ചേതന സംഘടിപ്പിച്ച ചിത്രകലാ ക്ലാസും പ്രദർശനവും. മറ്റൊന്ന് ദുബായിലെ ഓർമയുടെ പ്രവേശനോത്സവവും സാംസ്‌കാരിക സംഗമവും. റാസൽ ഖൈമയിലെ ചേതന സംഘടിപ്പിച്ച ചിത്രകലാ ക്യാന്പിനെക്കുറിച്ചും ചിത്രപ്രദർശനത്തെക്കുറിച്ചുമാണ് ഇവിടെ പരാമർശം.
ചേതന സാംസ്‌കാരികരംഗത്ത് സജീവമായി ക്രിയാത്മകമായി പ്രവർത്തിക്കുന്നു. എഴുത്തുകാരും, ചിത്രകാരരും മറ്റ് കലാകാരുമടങ്ങുന്ന കൂട്ടായ്‌മയുടെ പിൻബലത്തോടെയാണ് ബാലവേദി, വനിതാവേദി, ജീവകാരുണ്യ പ്രവർത്തനങ്ങളിലൊക്കെ ചേതന ശ്രദ്ധേയമാകുന്നത്. ചിത്ര‐ശിൽപകലയുമായി ബന്ധപ്പെട്ട ക്ലാസും ശിൽപശാലയും ഇക്കഴിഞ്ഞ ഏപ്രിൽ 19ന് സംഘടിപ്പിച്ചു. ചിത്രകാരനായ ബിജു കൊട്ടിലയും ഈ ലേഖകനോടൊപ്പം ശിൽപശാലയിൽ പങ്കുചേർന്നു. ചിത്രകലയിൽ താൽപര്യമുള്ള കുട്ടികളടക്കം നൂറോളം പേർ ക്യാന്പിൽ പങ്കെടുത്ത് ചിത്രം വരച്ചു. ചിത്രകലയുടെ പ്രാഥമിക ഘടകങ്ങളെക്കുറിച്ചും ഒബ്‌ജക്ടുകളുടെ നിർമിതികളിലെ ജ്യാമിതീയ വശങ്ങളടക്കമുള്ള സാധ്യതകളെക്കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. കുട്ടികൾ ചിത്രം വരയ്‌ക്കുമ്പോൾ ശ്രദ്ധിേക്കണ്ട പ്രധാന കാര്യങ്ങളും ഇവിടെ പഠനവിധേയമാക്കി. രൂപങ്ങളെ രേഖകളിലേക്കാവാഹിക്കുമ്പോൾ വേണ്ട നിരീക്ഷണപാടവമടക്കം കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയുണ്ടായി‐ ഉദാഹരണങ്ങൾ സഹിതം. ക്ലാസ് അവസാനിക്കുമ്പോൾ രൂപങ്ങളെ എങ്ങനെ രേഖകളാക്കി മാറ്റാമെന്ന ധാരണയുണ്ടായതായി കുട്ടികൾ പറഞ്ഞു.
സർഗാത്മകമായി ചിന്തിക്കാനും സ്വപ്‌നം കാണാനും ഏകാഗ്രത ലഭിക്കാനും പഠനം പ്രസാദാത്മകമാക്കാനും കലയുടെ വഴികൾ കുട്ടികൾക്ക് അനിവാര്യമാകേണ്ട കാലഘട്ടമാണിതെന്നും സർഗാത്മകമായ മനസ്സിലൂടെ മാത്രമേ ഉയർന്ന മാനവികതാബോധം വളർത്തിയെടുക്കാനാവുകയുള്ളൂവെന്നുമുള്ള യാഥാർഥ്യം കുറേയെങ്കിലും ഈ ക്യാന്പിൽ അനുഭവവേദ്യമാക്കാനായിയെന്ന് ബാലവേദി കൺവീനർ ആഷ്യ റേച്ചൽ പറഞ്ഞു. രക്ഷാകർത്താക്കളും ചേതന പ്രവർത്തകരുമടക്കം നൂറോളം പേർ തുടർ പരിപാടിയിലും പങ്കെടുത്തു. ഷിഫ്‌ന അടക്കമുള്ള കുട്ടികൾ ചിത്രകലാ പ്രദർശനത്തിനുശേഷം കലാപരിപാടികളിൽ പങ്കാളികളായി.
ഗ്രാന്റ് ഹോട്ടലിൽ ചേതന സംഘടിപ്പിച്ച ചിത്രപ്രദർശനം കാണാനും കുട്ടികളും രക്ഷകർത്താക്കളുമടങ്ങുന്ന വലിയൊരു ആസ്വാദകസദസ്സ് ഉണ്ടായിരുന്നു. 10 ഡ്രോയിങ്ങുകളും 10 പെയിന്റിങ്ങുകളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. റാസൽ ഖൈമയിലെ വിവിധ പ്രദേശങ്ങളിലായി എട്ട് ബാലവേദി യൂണിറ്റുകളിലും ചിത്ര ശിൽപകലയുമായി ബന്ധപ്പെട്ട തുടർപരിപാടികൾ രൂപകൽപന ചെയ്‌തുവരുന്നതായി ഭാരവാഹികൾ പറഞ്ഞു. ചേതന രക്ഷാധികാരി മോഹനൻപിള്ള, പ്രസിഡന്റ് സബീന റസൽ, സെക്രട്ടറി പ്രസൂൺ, ഷാജി കായക്കൊടി, പ്രസാദ്, അഖില സന്തോഷ് എന്നിവരാണ് ചിത്രകലാ ക്യാന്പിന് നേതൃത്വം നൽകിയത്.
ചിത്രകലാരംഗത്തെ പ്രവർത്തനങ്ങൾപോലെ നാടക‐കായിക രംഗങ്ങളിലും ചേതന സജീവമാണ്. മികച്ച നാടകത്തിനുള്ള ഭരത് മുരളി അവാർഡ് കഴിഞ്ഞവർഷം ചേതനയ്‌ക്ക് ലഭിച്ചു. പ്രളയം/കൊറോണ കാലങ്ങളിലും ഇക്കഴിഞ്ഞ ഏപ്രിലിലെ യുഎഇ മഴക്കെടുതിയിലും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ചേതന നിരവധിപേർക്ക് (കേരളത്തിലുൾപ്പെടെ) കൈത്താങ്ങാവുകയുണ്ടായി.
ചേതനയുടെ അടുത്ത പരിപാടി മെയ് നാലിന് നടക്കുന്ന വനിതാദിനമാണ്. ‘മാതൃകം’ എന്ന് പേരിട്ട കൂട്ടായ്‌മയുടെ ഉദ്‌ഘാടനം ഇന്ത്യൻ അസാേസിയേഷൻ ഹാളിൽ നോളഡ്‌ജ് എക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല നിർവഹിക്കുകയാണ്. അങ്ങനെ ചേതന കലയും കരുത്തുമായി മുന്നോട്ടുപോകുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ. ♦