Tuesday, January 28, 2025

ad

Homeഇവർ നയിച്ചവർകെ വി രാമകൃഷ്‌ണൻ: കർഷകപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവ്‌

കെ വി രാമകൃഷ്‌ണൻ: കർഷകപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

ർഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ്‌ പാർട്ടിയും സംഘടിപ്പിക്കുന്നതിനുവേണ്ടി സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച നേതാവാണ്‌ കെ വി രാമകൃഷ്‌ണൻ. കെ വി ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം പാലക്കാട്‌ ജില്ലയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം വളർത്തുന്നതിൽ നിർണായകമായ പങ്കാണ്‌ വഹിച്ചത്‌. സംസ്ഥാനത്തെ നിരവധി കർഷകപോരാട്ടങ്ങൾക്ക്‌ ധീരമായ നേതൃത്വമാണ്‌ അദ്ദേഹം നൽകിയത്‌. കർഷകരുടെ സവിശേഷമായ പ്രശ്‌നങ്ങൾ സൂക്ഷ്‌മമായി പഠിക്കുന്നതിൽ അദ്ദേഹം അസാധാരണമായ മികവാണ്‌ പുലർത്തിയതും. കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെടാനും അവയ്‌ക്ക്‌ തീർപ്പുണ്ടാക്കാനും കെ വി ആർ എന്നും ശ്രദ്ധിച്ചിരുന്നു.

പഴയ പാലക്കാട്‌ ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി താലൂക്കിലെ കുണ്ടുകുളങ്ങര വളപ്പിൽ രാമന്റെയും അമ്മുവിന്റെയും മകനായി 1950 ഏപ്രിൽ എട്ടിനാണ്‌ കെ വി രാമകൃഷ്‌ണൻ ജനിച്ചത്‌. അച്ഛനമ്മമാരുടെ പതിനൊന്നു മക്കളിൽ എട്ടാമനായിരുന്നു രാമകൃഷ്‌ണൻ. കുമരനല്ലൂർ ഗവൺമെന്റ്‌ ഹൈസ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. പഠിത്തത്തിൽ സമർത്ഥനായിരുന്നെങ്കിലും വീട്ടിലെ സാമ്പത്തികപ്രയാസങ്ങൾ മൂലം രാമകൃഷ്‌ണന്‌ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം പഠിത്തം മുന്നോട്ടു കൊണ്ടുപോകാനായില്ല. പഠനം ഉപേക്ഷിക്കേണ്ടിവന്നു.

തൃത്താലയിലെ കൃഷ്‌ണ പൊതുവാളിനു കീഴിൽ കുറേക്കാലം സംസ്‌കൃതം പഠിച്ചു. സൗജന്യമായിട്ടായിരുന്നു പൊതുവാൾ മാഷ്‌ പഠിപ്പിച്ചത്‌. ദേശാഭിമാനി ബാലതരംഗത്തിന്റെ സജീവ പ്രവർത്തകനായി അദ്ദേഹം വളരെ വേഗം മാറി. താമസിയാതെ ബാലതരംഗത്തിന്റെ ഉത്തരമേഖലാ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

വായനയോട്‌ എന്നും വല്ലാത്ത അഭിനിവേശമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. വായിക്കുന്ന പുസ്‌തകങ്ങളിൽ നിന്നും പത്രങ്ങളിൽനിന്നും ശ്രദ്ധേയമായ കാര്യങ്ങൾ കുറിപ്പായി തയ്യാറാക്കുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നു. ജനറൽ ബോഡികളിലും പൊതുയോഗങ്ങളിലുമെല്ലാം കാര്യങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്നതിന്‌ ഈ ശീലം വളരെയേറെ സഹായകമായിട്ടുണ്ട്‌. വായനയോടും പഠനത്തോടുമുള്ള അദ്ദേഹത്തിന്റെ താൽപര്യം, കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന അന്താരാഷ്‌ട്ര കരാറുുകളെയും കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങളെയും സമഗ്രമായി പഠിക്കാൻ അദ്ദേഹത്തിനു സഹായകമായി. പഠിക്കുന്ന കാര്യങ്ങൾ സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന്‌ അനായാസം സാധിച്ചിരുന്നു. വീട്ടിൽ വിപുലമായ ലൈബ്രറിയുണ്ടായിരുന്ന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വായനയും എഴുത്തും നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു.

1967ൽ കെ വി രാമകൃഷ്‌ണൻ സിപിഐ എം അംഗമായി. താമസിയാതെ കുരനല്ലൂർ ബ്രാഞ്ച്‌ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1969 മുതൽ അദ്ദേഹം പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓഫീസിൽ ഓഫീസ്‌ സെക്രട്ടറിയായി പ്രവർത്തിച്ചു. തൃത്താലയിലെ കപ്പൂർ ലോക്കൽ കമ്മിറ്റി അംഗമായും കെഎസ്‌കെടിയു തൃത്താല മണ്ഡലം സെക്രട്ടറിയായും ഈ കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചു.

1980കളുടെ ആരംഭത്തിൽ സിപിഐ എമ്മിന്റെ താലൂക്ക്‌ കമ്മിറ്റികൾ വിഭജിച്ച്‌ ഏരിയകമ്മിറ്റികളാക്കി. പുതിയതായി രൂപീകരിക്കപ്പെട്ട അട്ടപ്പാടി ഏരിയകമ്മിറ്റിയുടെ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്‌ കെ വി ആർ ആണ്‌. 1975 മുതൽ അട്ടപ്പാടി പ്രദേശത്ത്‌ പാർട്ടി പ്രവർത്തനം നടത്തിവന്ന അദ്ദേഹം ആദിവാസികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു. പലവിധ ചൂഷണങ്ങൾക്കും അന്ന്‌ അട്ടപ്പാടിയിലെ ആദിവാസികൾ വിധേയരാക്കപ്പെട്ടു. ആദിവാസികളെ സംഘടിപ്പിക്കുന്നതിനും അവരെ അവകാശബോധമുള്ളവരാക്കുന്നതിനും അദ്ദേഹത്തിന്‌ അനായാസം സാധിച്ചു.

തമിഴ്‌നാട്‌ നരസാപുരത്തെ ജന്മിയായിരുന്ന ആറുച്ചാമി കൗണ്ടറിൽനിന്നും കെ വി ആറിന്റെ നേതൃത്വത്തിൽ 105 ഏക്കർ കൃഷിഭൂമി വീണ്ടെടുത്ത്‌ കർഷകർക്ക്‌ നൽകിയെന്ന്‌ ഷോളയൂർ വെച്ചപ്പാതി ഊരിലെ പണ്ടാരി രങ്കൻ മൂപ്പൻ അനുസ്‌മരിക്കുകയുണ്ടായി. നൂറ്‌ കുടുംബങ്ങൾ പത്ത്‌ ചാക്ക്‌ ചോളം വീതം ജന്മിക്ക്‌ പാട്ടമായി നൽകേണ്ടിയിരുന്ന കാലത്ത്‌ കെ വി ആറിന്റെ നേതൃത്വത്തിൽ ഒരിക്കൽ പാട്ടം തടയുകയും ചാക്ക്‌ വീണ്ടെടുത്ത്‌ കർഷകർക്ക്‌ നൽകുകയും ചെയ്‌തതായി മൂപ്പൻ ഓർമിക്കുന്നു. നാൽപത്‌ കർഷക കുടുംബങ്ങൾക്ക്‌ ഭൂമി തിരിച്ചുപിടിച്ച്‌ കെ വി ആറും മറ്റു സഖാക്കളും നൽകിയതായും മൂപ്പൻ അനുസ്‌മരിക്കുന്നു.

കെ വി ആർ അട്ടപ്പാടി ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഒന്പത്‌ പാർട്ടി അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുവർഷത്തിനുള്ളിൽ 9 ബ്രാഞ്ചുകൾ അദ്ദേഹത്തിെന്റെ കഠിനാധ്വാന ഫലമായി പാർട്ടിക്കുണ്ടായി. വീണ്ടും ഒരുവർഷം കൂടി പിന്നിട്ടപ്പോൾ 249 അംഗങ്ങൾ പാർട്ടിക്കുണ്ടായി. ആദിവാസി ഊരുകളിലെല്ലാം പാർട്ടി അംഗങ്ങളുണ്ടായി. കർഷകസംഘം ഏരിയ പ്രസിഡന്റായും ഈ കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായും തോട്ടം തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. സിപിഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പല കാലയളവുകളിലായി മലന്പുഴ, പുതുശ്ശേരി, ചിറ്റൂർ, പാലക്കാട്‌ എന്നീ ഏരിയകമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌.

1991ൽ പുതുതായി രൂപീകരിക്കപ്പെട്ട ജില്ലാ കൗൺസിലിലേക്ക്‌ കണ്ണാടി ഡിവിഷനിൽനിന്ന്‌ വൻ ഭൂരപിക്ഷത്തോടെയാണ്‌ കെ വി ആർ തിരഞ്ഞെടുക്കപ്പെട്ടത്‌ . എ കെ ബാലൻ ചെയർമാനായിരുന്ന ജില്ലാ കൗൺസിലിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്‌ കെ വി ആർ ആണ്‌. എസ്‌എസ്‌എൽസി പരീക്ഷയിൽ പാലക്കാട്‌ ജില്ലയിൽ നിന്ന്‌ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാൻ അദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തി. റഷീദ്‌ കണിച്ചേരി ചെയർമനായി ഒരു ഉപദേശക കമ്മിറ്റി രൂപീകരിച്ചത്‌ അതിന്റെ ഭാഗമായായിരുന്നു. കണിച്ചേരി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ മൂന്നായി തിരിച്ച്‌ ട്യൂഷൻ നൽകാൻ കെ വി ആർ മുൻകൈയെടുത്തു. ജില്ലാ കൗൺസിലിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കവെ, യുഡിഎഫ്‌ സർക്കാർ ജില്ലാ കൗൺസിലുകൾ പിരിച്ചുവിട്ടു എന്നത്‌ ചരിത്രം.

1995ൽ ആണല്ലോ ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നത്‌. പ്രഥമ ജില്ലാ പഞ്ചായത്തിലേക്ക്‌ അനങ്ങനടി ഡിവിഷനിൽനിന്നാണ്‌ കെ വി ആർ വിജയിച്ചത്‌. കെ വി രാമകൃഷ്ണൻ ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മീൻവല്ലം ഹൈഡഡ്രോളിക്‌ പ്രോജക്ടിന്‌ തുടക്കം കുറിച്ചത്‌ കെ വി ആറിന്റെ ഉത്സാഹത്തിലായിരുന്നു.

2000ൽ കെ വി രാമകൃഷ്‌ണൻ പാലക്കാട്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മീൻവല്ലം പദ്ധതി പൂർത്തീകരിക്കാനാണ്‌ അദ്ദേഹം പ്രഥമ പരിഗണന നൽകിയത്‌. കെഎഫ്‌സിയിൽനിന്ന്‌ വായ്‌പയെടുത്ത്‌ പദ്ധതി പൂർത്തിയാക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. ജില്ലാ ആശുപത്രിയിൽ കാത്ത്‌ ലാബും ട്രോമാ കെയറും സ്ഥാപിക്കാൻ കഴിഞ്ഞത്‌ കെ വി ആറിന്റെ ഉത്സാഹത്തിലാണ്‌. കാർഷികമേഖലയെ സന്പുഷ്ടമാക്കാനുള്ള നിരവധി പദ്ധതികൾ ഈ കാലയളവിൽ അദ്ദേഹം ആവിഷ്‌കരിച്ച്‌ നടപ്പാക്കി.

2010ൽ കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറിയായി കെ വി രാമകൃഷ്‌ണൻ തിരഞ്ഞെടുക്കപ്പെട്ടു. 2021 വരെ ആ സ്ഥാനത്ത്‌ അദ്ദേഹം തുടർന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ വർക്കിങ്‌ കമ്മിറ്റി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഒരു പതിറ്റാണ്ടിലേറെക്കാലം കർഷകസംഘത്തിെന്റെ സംസ്ഥാനത്തെ അമരക്കാരനായി അദ്ദേഹം പ്രവർത്തിച്ചു. ഇ പി ജയരാജൻ, എം എം മണി, കോലിയക്കോട്‌ കൃഷ്‌ണൻനായർ എന്നിവരായിരുന്നു ഈ കാലയളവിൽ സംസഥാന പ്രസിഡന്റുമാരായി പ്രവർത്തിച്ചത്‌.

മികച്ച സഹകാരികൂടിയായിരുന്ന കെ വി ആർ 2007ൽ പാലക്കാട്‌ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌.

സംയുക്ത കർഷകസമിതിയുടെ കൺവീനർകൂടിയായിരുന്നു കെ വി രാമകൃഷ്‌ ണൻ. നെൽകർഷകർ, നാളികേര കർഷകർ, റബ്ബർ കർഷകർ, ഏലം‐കാപ്പി കർഷകർ എന്നിവരുടെയെല്ലാം പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അവയ്‌ക്ക്‌ പരിഹാരമാർഗങ്ങൾ തേടുന്നതിനും എന്നും ഉത്സാഹത്തോടെ പ്രവർത്തിച്ചു. കർഷകരും വന്യമൃഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ഇന്ന്‌ വളരെ സജീവമായിരിക്കുകയാണല്ലോ. ഒരു പതിറ്റാണ്ടിനു മുന്പുതന്നെ ഈ പ്രശ്‌നങ്ങൾ ചർച്ചയ്‌ക്ക്‌ വിധേയമാക്കിയ നേതാവാണ്‌ കെ വി ആർ.

2016 മുതൽ എൽഡിഎഫ്‌ സർക്കാരിന്‌ മൂന്നുലക്ഷത്തിലധികം പട്ടയം വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്‌. കൈവശാവകാശ ഭൂമിക്ക്‌ പട്ടയം ലഭിക്കാതെ വലഞ്ഞ കർഷകരുടെ പ്രശ്‌നങ്ങൾ കാലാകാലങ്ങളായി സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കെ വി ആർ ജാഗ്രതയോടെ പ്രവർത്തിച്ചിരുന്നു. അതിന്റെ കൂടി ഫലമായാണ്‌ ലക്ഷക്കണക്കിന്‌ കുടുംബങ്ങൾ ഇന്ന്‌ ഭൂമിയുടെ ഉടമകളായി മാറിയത്‌.

2011ൽ ആണ്‌ കർഷകനാദം മാസിക ആരംഭിച്ചത്‌. അന്നുമുതൽ ഒരു വ്യാഴവട്ടക്കാലം അതിന്റെ മാനേജരായി പ്രവർത്തിച്ചത്‌ കെ വി ആർ ആണ്‌. കർഷകനാദത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്താനും മാസിക കൃത്യമായി വരിക്കാർക്കെത്തിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ച കെ വി രാമകൃഷ്‌ണൻ സൗമ്യമായ പെരുമാറ്റവും ലളിതമായ ജീവിതരീതികൊണ്ടും എല്ലാവരുടെയും ആദരവ്‌ നേടിയ നേതാവാണ്‌. കമ്യൂണിസ്റ്റുകാർക്കു മാത്രമല്ല പൊതുപ്രവർത്തകർക്കും ബഹുജനങ്ങൾക്കും മാതൃകയായിരുന്നു കെ വി ആർ.
2024 ഏപ്രിൽ 13ന്‌ കെ വി ആർ അന്തരിച്ചു.

റിട്ടയേർഡ്‌ നേഴ്‌സിങ്ങ്‌ സൂപ്രണ്ട്‌ എം കെ ചന്ദ്രികാദേവിയാണ്‌ ജീവിതപങ്കാളി. കെ വി രാഘിൻ, കെ വി രഥിൻ എന്നിവരാണ്‌ മക്കൾ.

കടപ്പാട്‌: കർഷകനാദം 2024 മെയ്‌ ലക്കം

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 11 =

Most Popular